Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202230Thursday

ലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്‌കാരങ്ങൾ വിവാദമാകുമ്പോൾ

ലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോപ്പ് ഫ്രാൻസിസ്; 2007-ൽ അയവു വരുത്തിയ നിയമമാണ് പുനഃസ്ഥാപിച്ചത്; തങ്ങൾക്ക് നേരെയുള്ള വിവേചനമെന്ന് പരമ്പരാഗത കത്തോലിക്കർ; മാർപ്പാപ്പയുടെ പുതിയ പരിഷ്‌കാരങ്ങൾ വിവാദമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

റോം: നേരത്തേ പോപ്പ് ബെനെഡിക്ട് പതിനാറാമാൻ അയവു വരുത്തിയ നിയമം പൊടിത്തട്ടിയെടുത്തിരിക്കുകയാണ് പോപ്പ് ഫ്രാൻസിസ്. ഇതനുസരിച്ച് പുരാതനമായ ലറ്റിൻ കുർബാനയ്ക്ക് ഇനിമേൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. പുരാതന പ്രാർത്ഥനാ ക്രമങ്ങൾക്ക് നേരെയുള്ള ആക്രമണമാണിതെന്നാണ് പാരമ്പര്യവാദികളുടെ പ്രതികരണം. ലാറ്റിൻ കുർബാനയ്ക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല അതിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് പോപ്പ് ഫ്രാൻസിസ്.

പുതുക്കിയ നിർദ്ദേശമനുസരിച്ച് ട്രിഡെന്റൈൻ മാസ്സ് എന്നുകൂടി അറിയപ്പെടുന്ന പുരാതന പ്രാർത്ഥനാക്രമം ആചരിക്കുവാൻ മെത്രാന്മാരുടെ അനുവാദം ആവശ്യമായി വരും. പുതിയതായി രംഗത്തെത്തുന്ന പുരോഹിതർക്ക്, വത്തിക്കാനുമായി ബന്ധപ്പെട്ടതിനുശേഷം മാത്രമായിരിക്കും മെത്രാന്മാർ ഇതിനുള്ള അനുവാദം നൽകുക. പോപ്പ് ബെനഡിക്ടിന്റെ തീരുമാനം സഭയിൽ വിഭജനം സൃഷ്ടിച്ചുവെന്നും 1960 കളിൽ നിലവിൽ വന്ന പുതിയ പ്രാർത്ഥനാക്രമങ്ങൾക്കും സഭാ നവീകരണ ചട്ടങ്ങൾക്കും എതിരാണെന്നും പോപ്പ് ഫ്രാൻസിസ് ചൂണ്ടിക്കാട്ടി. അതിനാലാണ് ബെനഡിക്ടിന്റെ നിർദ്ദേശം റദ്ദ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രത്തിൽ വെള്ളിയാഴ്‌ച്ച ഈ അറിയിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ഉടനടി ഇത് പ്രാബല്യത്തിൽ വരും. സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മാർപ്പാപ്പ തന്റെ മുൻഗാമിയുടെ ഉത്തരവ് അടിമുടി മാറ്റുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. പുതിയ നിർദ്ദേശമനുസരിച്ച് ഒരു പള്ളിയിൽ പ്രാദേശിക ഭാഷയിലുള്ള പ്രാർത്ഥനാക്രമം പാലിക്കണമോ എന്നത് ബിഷപ്പുമാർ തീരുമാനിക്കും. ലാറ്റിൻ കുർബാന വേണ്ടവർക്ക് മറ്റിടങ്ങൾ തേടി പോകേണ്ടി വരും. എന്നാൽ ഇവർക്കായി പുതിയ പാരിഷുകൾ നിർമ്മിക്കരുതെന്നും ഉത്തരവിലുണ്ട്.

അതിനുപുറമേ, പുതിയ ലാറ്റിൻ മാസ്സ് അനുകൂല ഗ്രൂപ്പുകൾ തങ്ങളുടെ അതിരൂപതയിൽ രൂപീകരിക്കാൻ ആർച്ചുബിധപ്പുമാർക്ക് അനുവാദം ഉണ്ടായിരിക്കില്ല. സഭയിലെ വിഭജനം നീക്കുവാനും ഐക്യം കൊണ്ടുവരുവാനും വേണ്ടിയാണ് ഈ കടുത്ത തീരുമാനമെന്ന് പോപ്പ് ഫ്രാൻസിസ് പറയുന്നു. പോപ്പ് ഫ്രാൻസിസിന്റെ പുരോഗമനാശയങ്ങൾക്ക് നേരെ എന്നും പുറം തിരിഞ്ഞുനിന്നിട്ടുള്ള പാരമ്പര്യവാദികൾ ഇവിടെയും എതിർപ്പുമായി എത്തിക്കഴിഞ്ഞു. തീർത്തും നിരാശജനകമായ തീരുമാനമാണെന്നും, ഇത് സഭയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമായിരുന്നു ലാറ്റിൻ മാസ്സ് അസ്സോസിയേഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ചെയർമാൻ ജോസഫ് ഷാ പ്രതികരിച്ചത്.

സഭാ നവീകരണങ്ങളിൽ പ്രതിഷേധിച്ച് വിട്ടുനിന്ന സൊസൈറ്റി ഓഫ് സെയിന്റ് പയസ്സിനെ തിരികെ കൊണ്ടുവരാനായിരുന്നു 2007-ൽ ബെനെഡെക്ട് മാർപ്പാപ്പ ഇത്തരത്തിലൊരു ഭേദഗതി വരുത്തിയത്. എന്നാൽ, സഭയിലെ ഐക്യം തകർക്കുന്ന ഒരു തീരുമാനമായി അതെന്നാണ് ഇപ്പോഴത്തെ മാർപ്പാപ്പ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP