Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അസലാമു അലൈക്കും എന്ന ആദ്യ വരിക്ക് ശേഷം പറഞ്ഞത് സമാധാനം നിങ്ങളോട് കൂടെ എന്ന്; ദൈവം സൃഷ്ടാവായതിനാൽ നമ്മൾ ഒരു കുടുംബമെന്ന് പറഞ്ഞ് സൗഹൃദം ഉറപ്പിച്ചു; പാപ്പയുടെ വാക്കുകൾ ആരവത്തോടെ ഏറ്റെടുത്ത് അബുദാബി സ്‌റ്റേഡിയം; യുഎഇയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പൊതുപരിപാടിയായി മാറി പോപ്പിന്റെ സന്ദർശനം; വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് 1.80ലക്ഷത്തോളം വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

മനാമ: ലോകത്തെ വലിയ രണ്ട് മതങ്ങൾ തമ്മിലുള്ള സഹകരണം, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവ ഊട്ടിയുറപ്പിച്ചd മാർപാപ്പയുടെ യുഎഇ സന്ദർശനത്തിന് സമാപനമായി. മേഖലയിലാകെ പുതിയ ഉണർവും അവേശവുമായെന്ന് പോപ്പിന്റെ വരവ് നൽകിയതെന്ന് യുഎഇ സർക്കാർ വിലയിരുത്തുന്നു. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഹൃദയം കവർന്നാണ് മാർപ്പപ്പയുടെ ദ്വിദിന യുഎഇ സന്ദർശനത്തിനു അവസനമായത്. യുഎഇയിലെ ആദ്യ പൊതു കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ച് ഫ്രാൻസിസ് മാർപാപ്പ ചരിത്രമെഴുതി. പേപ്പൽ പതാകകളുമായി കാത്തുനിന്ന 1.80 ലക്ഷം വിശ്വാസികൾക്കിടയിലേക്ക് പാപ്പാ മൊബീലിലാണു മാർപാപ്പ എത്തിയത്. ഇന്ത്യൻ സമയം രാവിലെ 11.30നു തുടങ്ങിയ കുർബാനയിൽ മലയാളം പ്രാർത്ഥനയും മുഴങ്ങി. മൂന്നുദിവസത്തെ സന്ദർശനത്തിനു ശേഷം മടങ്ങിയ മാർപാപ്പയെ യാത്രയയയ്ക്കാൻ, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കീഴ്‌വഴക്കങ്ങൾക്കപ്പുറമുള്ള ഊഷ്മളതയോടെയായിരുന്നു യാത്രയയപ്പും.

'അസ്ലാമു അലൈക്കും' എന്ന അഭിസംബോധനയോടെയാണ് മാർപാപ്പ യുഎയിലെ കുർബാനയിൽ പ്രസംഗം ആരംഭിച്ചത്. സമാധാനം നിങ്ങളോടു കൂടെ എന്നായിരുന്നു അടുത്ത വരി. സന്ദർശനം വിജയകരമാക്കുന്നതിന് പ്രയത്‌നിച്ച ഒരോരുത്തരോടും മാർപാപ്പ നന്ദി പറഞ്ഞു. 'സന്ദർശനത്തിന്റെ മുദ്ര ഒലിവിലയുമായി പറക്കുന്ന പ്രാവാണ്. അതൊരു പ്രതീകമാണ്. മനുഷ്യകുലത്തെ വലിയ പ്രളയത്തിൽ നിന്നു രക്ഷിക്കാൻ ദൈവം നോഹയുടെ പേടകം ഉപയോഗിച്ചതിന്റെ പ്രതീകം. സമാധാന സംരക്ഷണത്തിനായി നാമും ഇന്ന് ഒരു വീടായി സാഹോദര്യത്തിന്റെ പേടകത്തിൽ പ്രവേശിക്കുകയാണ്.' ദൈവം സൃഷ്ടാവായതിനാലാണ് ലോകം ഒരു കുടുംബമായിരിക്കുന്നത്. എല്ലാവർക്കുമായി അധിവസിക്കാനാണ് അദ്ദേഹം ഭൂമിയെ വീടായി നമുക്ക് തന്നിരിക്കുന്നത്. ഇവിടെ എല്ലാവരും സമന്മാരാണ്. അതാണ് സാഹോദര്യത്തിന്റെ അടിസ്ഥാനവും. ഒരാൾക്ക് മറ്റൊരാൾക്ക് അധീശത്വം ഉറപ്പിക്കാൻ അവകാശമില്ല. എല്ലാവരിലും അന്തർലീനമായിരിക്കുന്ന നന്മകളെ പരിപോഷിപ്പിക്കാതെ സൃഷ്ടാവിനെ ആദരിക്കാനാവില്ല. ദൈവത്തിനു മുന്നിൽ എല്ലാവരും ഒന്നുപോലെയാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചയാണ് വളർത്തേണ്ടത്-ഈ സന്ദേശമാണ് യുഎഇ സന്ദർശനത്തിലൂടെ പോപ്പ് ലോകത്തിന് പകർന്ന് നൽകിയതും.

ദൈവത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളെ അപലപിച്ച പോപ്പ് സായുധ ഏറ്റുമുട്ടലുകൾ ത്യജിക്കാൻ വലിയ മതങ്ങൾ കൂടുതൽ നിശ്ചയദാർഡ്യം കാണിക്കണമെന്ന് ആഹ്വനം ചെയ്തു. യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുർബാനയുടെ പ്രാർത്ഥനകൾ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ചൊവ്വാഴ്ച നടന്നു. അബുദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ യുഎഇ സമയം രാവിലെ 10.30നാണ് കുർബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികളാണ് യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങിൽ പങ്കെടുത്തത്. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ പങ്കെടുത്തു. 120 പേരടങ്ങുന്ന ഗായക സംഘമാണു പ്രാർത്ഥനാഗീതം ആലപിച്ചത്. കൈകൊണ്ടുനിർമ്മിച്ച പിയാനോ ഇതിനായി ഇംഗ്ലണ്ടിൽനിന്നാണ് കൊണ്ടുവന്നത്. തുടർന്ന് ഉച്ചക്ക് ഒന്നോടെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി.

ഈ ധന്യനിമിഷത്തിൽ ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അവസാനിപ്പിച്ച് പറഞ്ഞു. ഇവിടെ എത്തിച്ചേർന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ബിഷപ്പ് ഹിന്ദറിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. എന്റെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങൾക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. എല്ലാ മേജർ ആർച്ച് ബിഷപ്പുമാർക്കും ബിഷപ്പുമാർക്കും പുരോഹിതർക്കും ഇവിടെ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കാൻ നിങ്ങൾ മറക്കരുത്- പോപ്പ് ഫ്രാൻസിസ് പറഞ്ഞു.

അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വച്ചാണ് മാർപാപ്പ കുർബാന അർപ്പിച്ചത്. ദിവ്യബലിക്കു മുമ്പായി മൊബീൽ വാഹനത്തിൽ, മാർപാപ്പ സ്റ്റേഡിയത്തിലുള്ള ജനക്കൂട്ടത്തിന് ആശിർവാദം നൽകി. ഭൂരിപക്ഷം പേർക്കും തൊട്ടടുത്തു കാണാവുന്ന തരത്തിൽ സ്റ്റേഡിയത്തിനുള്ളിലൂടെ പ്രത്യേകം തയാറാക്കിയ പാതകളിലൂടെയാണ് മാർപാപ്പ വന്നത്. പത്തു ലക്ഷത്തോളം ആളുകൾ മാർപാപ്പയെ കാണാൻ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്ഥല പരിമിതി മൂലം 1,35,000 പേർക്കാണ് പാസ് നൽകിയത്. ദിവ്യബലി അർപ്പിച്ച സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലേക്കു വരുന്നതിനു മുമ്പായി അബുദാബി സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഫ്രാൻസിസ് മാർപാപ്പ സന്ദർശനം നടത്തുകയും ചെയ്തു. ആളുകൾക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്കെത്താൻ യുഎഇ സർക്കാർ നൂറുകണക്കിന് ബസുകൾ സൗജന്യമായി ഒരുക്കിയിരുന്നു.

ചരിത്രത്തിനൊപ്പം മലയാളികളും

ഫ്രാൻസിസ് മാർപാപ്പയെ കാണാനും അദ്ദേഹം മുഖ്യകാർമികത്വം വഹിക്കുന്ന കുർബാനയിൽ പങ്കെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 1.80 ലക്ഷം വിശ്വാസികൾ. ഇരട്ടിയിലേറെപ്പേർ കുർബാനയ്ക്കു സാക്ഷ്യം വഹിച്ചതു സ്റ്റേഡിയത്തിനു പുറത്തൊരുക്കിയ കൂറ്റൻ സ്‌ക്രീനിൽ. മാർപാപ്പ വേദിയിലേക്ക് എത്തിയതോടെ പേപ്പൽ പതാക വീശി ജനക്കൂട്ടം ഹർഷാരവം മുഴക്കി. വിശ്വാസികൾക്കിടയിലൂടെ കൈവീശി കടന്നുപോയ അദ്ദേഹത്തെ അടുത്തു കാണാനും തൊടാനും പലരും തിക്കിത്തിരക്കി. രക്ഷിതാക്കൾ എടുത്തുയർത്തിയ കുഞ്ഞുങ്ങളെ മാർപാപ്പ അനുഗ്രഹിച്ചു. ഇതിനിടെ, താൻ വരച്ച ചിത്രം സമ്മാനിക്കാൻ ബാരിക്കേഡുകൾ മറികടന്നു കൊച്ചുപെൺകുട്ടി ഓടിയെത്തി. സുരക്ഷാ ഭടന്മാർ അവളെ തടഞ്ഞെങ്കിലും പാപ്പാ മൊബീൽ നിർത്തി ചിത്രം വാങ്ങിയ മാർപാപ്പ, കൊച്ചു മിടുക്കിയെ അനുഗ്രഹിച്ചു.

യുഎഇയോടുള്ള ആദരസൂചകമായി കുർബാനയിലെ ആദ്യ വായന അറബിക്കിലായിരുന്നു. ഇംഗ്ലിഷിൽ കുർബാന അർപ്പിച്ച മാർപാപ്പ, ഇറ്റാലിയനിലാണു പ്രസംഗിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഗിരിപ്രഭാഷണമാണു വായിച്ചത്. അത് അധികരിച്ചായിരുന്നു പ്രസംഗവും. സെറിബ്രൽ പാൾസി ബാധിച്ച സ്റ്റീവ് ബൈജു ഫ്രാൻസിസ് മാർപാപ്പയെ കാണാനെത്തിയത് വീൽചെയറിലായിരുന്നു. 10 വയസ്സുകാരനെ മാർപാപ്പ തലോടി ആശ്വസിപ്പിച്ചു. പത്തനംതിട്ട സ്വദേശി ബൈജുവിന്റെയും ലിനുവിന്റെയും മകൻ സ്റ്റീവ്, കാഞ്ഞിരപ്പള്ളി സ്വദേശി ആന്റണി ജോസഫിന്റെയും ഏറ്റുമാനൂർ സ്വദേശി ഡെയ്‌സിയുടെയും മകൻ റയാൻ എന്നിവരുൾപ്പെടെ ഒട്ടേറെ രോഗികളാണ് അബുദാബി സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ മാർപാപ്പയെ കാണാനെത്തിയത്. എല്ലാവർക്കുമായി പ്രാർത്ഥിച്ച അദ്ദേഹം ജപമാലകൾ സമ്മാനിക്കുകയും ചെയ്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട 300 പേർക്കു പുറമെ 300 അൾത്താര ശുശ്രൂഷകരും ആഗോള കത്തോലിക്കാ സഭാധ്യക്ഷന്റെ അനുഗ്രഹം ഏറ്റുവാങ്ങി.

മാർപാപ്പ കുർബാനയർപ്പിച്ചപ്പോൾ സഹകാർമികരായത് കത്തോലിക്കാ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാരും ബിഷപ്പുമാരും ഉൾപ്പെടെ 200 സഹകാർമികർ. 120 പേരടങ്ങളുന്ന ഗായകസംഘത്തിലും മലയാളികളുണ്ടായിരുന്നു. മാർപാപ്പയുടെ ബലിയർപ്പണ വേദിയിൽ മലയാളത്തിൽ മധ്യസ്ഥ പ്രാർത്ഥന ചൊല്ലിയതു കോട്ടയം സ്വദേശി അഞ്ജു തോമസ് ആയിരുന്നു. അബുദാബി യൂണിവേഴ്‌സിറ്റിയിൽ ഇന്റീരിയർ ഡിസൈൻ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ്. അഞ്ചു ഭാഷകളിൽ നടന്ന പ്രാർത്ഥനയിൽ മലയാളം ഉൾപ്പെടുത്തിയത് കേരളത്തിന് അഭിമാനമായി. അബുദാബിയിൽ വ്യവസായി ആയ കോട്ടയം ഇരവുചിറ മരിയ സദനത്തിൽ തോമസ് കുട്ടിയുടെയും മേരിക്കുട്ടിയുടെയും മകളാണ് അഞ്ജു.

എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ

യുഎഇയുടെ ഔപചാരിക ക്ഷണം സ്വീകരിച്ച് അറബ് ലോകത്ത് ആദ്യമായെത്തിയ മാർപാപ്പയ്ക്ക് രാജ്യം നൽകാവുന്ന ഉന്നതമായ സ്വീകരണമാണ് നൽകിയത്. വേർതിരിവ് പാടില്ല. എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിലൂടെയാണ് ദൈവത്തെ മഹത്വപ്പെടുത്തേണ്ടത്. അതിനാൽ എല്ലാ രൂപത്തിലുമുള്ള അതിക്രമങ്ങളെ സംശയാതീതമായി ഒരു നിമിഷം പോലും പാഴാക്കാതെ അപലപിക്കണം. നമ്മൾ ഒരുമിച്ചു നിന്നാൽ നല്ല ഭാവി കെട്ടിപ്പടുക്കാം. അല്ലെങ്കിൽ ഭാവിയേ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിലും സംസ്‌കാരങ്ങൾക്കിടയിലും മതങ്ങൾ പാലങ്ങൾ പണിയാതെ പറ്റില്ല. നമുക്കൊരുമിച്ച് ഭാവി രൂപപ്പെടുത്താം. അതല്ലാതെ മറ്റൊരു പ്രതിവിധിയുമില്ലെന്ന് പോപ്പ് പറഞ്ഞു.

അതിക്രമങ്ങളും വിദ്യാഭ്യാസവും വിപരീത ദിശയിൽ ചരിക്കുന്നവയാണ്. സാഹോദര്യത്തിന്റെ ശത്രു താൻപോരിമയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകൾക്കും ഇതു ഭീഷണിയാണ്. സ്വാതന്ത്ര്യമില്ലെങ്കിൽ നമ്മൾ മനുഷ്യകുലത്തിലെ അംഗങ്ങളാവില്ല. അടിമകളായിരിക്കും. ഈ സ്വാതന്ത്ര്യത്തിന്റെ ഭാഗം തന്നെയാണ് മത സ്വാതന്ത്ര്യം. എന്നാൽ ഇത് ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം മാത്രമല്ല. മറ്റുള്ളവരെ സ്വന്തം സഹോദരീ സഹോദരന്മാരായി കാണാനാകുന്നതു കൂടിയാണ്. ഇങ്ങനെ അല്ലാതായാൽ ദൈവത്തിന്റെ പേരിലായാലും ഒരു മനുഷ്യപ്രസ്ഥാനങ്ങൾക്കും നിലനിൽക്കാനാവില്ല. അന്യരോടുള്ള കരുതലാണ് സംവാദത്തിന്റെ ഹൃദയം.

ഇതാകട്ടെ ഉദ്ദേശ്യശുദ്ധിയിലെ ആത്മാർഥതയിലാണ് നിലകൊള്ളുന്നത്. ഉള്ളിൽ ഒന്നു കരുതിയിട്ട് പുറമേ മറ്റൊന്നു കാണിക്കുന്നത് ശരിയല്ല. ഹൃദയങ്ങളിൽ നിന്നുള്ള പ്രാർത്ഥന സാഹോദര്യം നിലനിർത്തും. ഭാവിയിലും സാഹോദര്യം നിലനിൽക്കണമെങ്കിൽ പരസ്പരം കരുതലോടെ പ്രാർത്ഥിക്കണം. ദൈവമില്ലാതെ ഒന്നും സാധ്യമല്ല. ദൈവമുണ്ടെങ്കിൽ എല്ലാം ശുഭകരമാവും. ഏതു ആചാരങ്ങളുമായിക്കൊള്ളട്ടെ, ദൈവഹിതത്തോടു പൂർണമായി യോജിക്കണം. അങ്ങനെയായാൽ എല്ലാവരെയും സഹോദരരായി കാണാം. അങ്ങനെ നാനാത്വത്തിൽ ഏകത്വം കണ്ടെത്താനാകുമെന്നും മാർപാപ്പ പറഞ്ഞു.

'മരുഭൂമിയായിരുന്ന ഇവിടം രാഷ്ട്രത്തലവന്മാരുടെ ദീർഘവീക്ഷണവും പാടവവും കൊണ്ട് സമ്പന്നവും താമസയോഗ്യവുമായി. വിവിധ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും അടുക്കാൻ പ്രതിബന്ധമായി നിന്ന മരുഭൂമി ഇന്ന് അവയുടെ സംഗമഭൂമിയായി. കുറച്ചു ദിനങ്ങൾ കൊണ്ടല്ല ഇവ ഫലഭൂയിഷ്ഠമായത്. ഇനിയും കാലങ്ങളോളം ഇതു നിലനിൽക്കും. മണലും അംബരചുംബികളും ഒന്നിക്കുന്ന ഇവിടം വികസനത്തിന്റെ ഇടമായി, കിഴക്കും പടിഞ്ഞാറും തെക്കും വടക്കും സന്ധിക്കുന്ന ഭൂമിയാകും. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ചപ്പാടുകൾക്ക് മാത്രമാണ് നിലനിൽപ്പുള്ളത്. എല്ലാവരെയും ഉൾക്കൊള്ളാത്ത വികസനത്തിന് ഭാവി മാനവസമൂഹത്തെ രൂപപ്പെടുത്താനാവില്ല. വൻ ജോലി സാധ്യതകൾ സൃഷ്ടിച്ചതിലൂടെ ഇവിടം വിവിധ മത, സാംസ്‌കാരിക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ അഭയകേന്ദ്രമായി. ആത്മീയ പക്വത വളർത്താൻ വിവിധ മതസ്ഥർക്ക് ആരാധനാ ഇടങ്ങളും ഇവിടെ നൽകി. ഈ വഴിയേ തന്നെ മുന്നോട്ടു പോകാൻ യുഎഇയിലെ ഭരണാധികാരികൾക്ക് കഴിയട്ടെ.'-പോപ്പ് ആശിർവദിച്ചു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരു സ്വീകരിച്ച ഫ്രാൻസിസ് മാർപാപ്പ, അബുദാബി കിരീടാവകാശിക്കു സമ്മാനിച്ചത് വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ഉപഹാരം തന്നെ. 1219 ൽ വിശുദ്ധ ഫ്രാൻസിസ് ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമീലുമായി കൂടിക്കാഴ്ച നടത്തിയത് ആലേഖനം ചെയ്ത ചിത്രം. അന്നത്തെ സന്ദർശനത്തിന്റെ എണ്ണൂറാം വാർഷികമാണിപ്പോൾ. അതിന്റെ ഓർമയ്ക്കായി കൂടിയായിരുന്നു ഈ സന്ദർശനം. 'എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റണേ' എന്ന വിശുദ്ധന്റെ പ്രാർത്ഥനയാണ് മാർപാപ്പ സന്ദർശന പ്രമേയമായി സ്വീകരിച്ചതും.

പോപ് രചിച്ചത് പുതു ചരിത്രം

ഭാവി തലമുറയ്ക്കുള്ള നല്ലതും സത്യസന്ധവുമായ മാർഗരേഖയായി വിശേഷിപ്പിച്ച മാനവസാഹോദര്യ ഉടമ്പടി ഈജിപ്തിലെ അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്്മദ് അൽ തയ്യിബുമായി മാർപ്പാപ്പ ഒപ്പുവെച്ചത് സന്ദർശനത്തിലെ പ്രധാന ഏടായി. എല്ലാ വിഭാഗം ജനങ്ങളും തമ്മിൽ സാഹോദര്യ ബന്ധം വളർത്തിയെടുക്കുന്നതു പ്രോത്സാഹിപ്പിക്കാനും സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമൂഹത്തിലെ അങ്ങേയറ്റം ദദരിദ്രരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉടമ്പടി. ഫൗണ്ടേഴ്‌സ് മെമോറിയലിൽ നടന്ന ചടങ്ങിൽ ഉടമ്പടി ഒപ്പുവച്ചതോടെ സാഹോദര്യത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് ഇരുവരും വ്യക്തമാക്കി.

അബുദബി എമിറേറ്റ്‌സ് പാലസിൽ മാനവ സാഹോദര്യ സമ്മേളനത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് മാർപ്പാപ്പ എത്തിയത്. ഫൗണ്ടേഴ്‌സ് മെമോറിയലിൽ, മാവന സാഹോദര്യ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ പ്രസംഗത്തിൽ യെമൻ, സിറിയ, ഇറാഖ്, ലിബിയ എന്നിവടങ്ങളിലെ സംഘർഷങ്ങളിലെ ഇരകളെകുറിച്ച് അദ്ദേഹം പരാമർശിച്ചു.

ആയുധ പന്തയവും മറ്റുള്ളവർക്ക് ഹാനികരമായ നയങ്ങളും സമാധാനം കൊണ്ടുവരില്ല. യുദ്ധം ദുരിതമല്ലാതെ മറ്റൊന്നും ഉണ്ടാക്കില്ലെന്നും ആയുധങ്ങൾ മരണമല്ലാതെ മറ്റൊന്നും കൊണ്ടുവരിലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു സംഘർശവും നിരാകരിക്കുക എന്ന അടിയന്തര കർത്തവ്യത്തെ മതങ്ങൾ നിരാകരിക്കരുത്. വിദ്യാഭ്യാസം, നീതി, ഉൾക്കൊള്ളൽ, സാർവലൗകിക അവകാശങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ സഹവർത്തിത്വമാണ് സമാധാനത്തിന്റെ വിത്തുകളെന്നും അത് പ്രോത്സാഹിപ്പിക്കുന്നതിൽ ലോക മതങ്ങൾക്ക് ഉത്തരവദിത്വമുണ്ടെന്നും മാർപ്പാപ്പ വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി അബുദാബിയിൽ വ്യോമസേനാ ജെറ്റ് വിമാനങ്ങളുടെ അഭ്യാസ പ്രകടനമുണ്ടായിരുന്നു. വത്തിക്കാന്റെ പേപ്പൽ പതാകയുടെ നിറത്തിലുള്ള മഞ്ഞയും വെള്ളയും പുകച്ചുരുളുകൾ പുറത്തുവിട്ടാണ് വിമാനങ്ങൾ പറന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP