Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണക്കിടക്കയിലും മാണിസാർ അപേക്ഷിച്ചത് 'കാരുണ്യ' പദ്ധതിയെ ഉപേക്ഷിക്കരുതെന്ന്; അന്തരിച്ച നേതാവിന്റെ സ്വപ്‌നപദ്ധതി നിഷ്‌ക്കരുണം നിർത്തലാക്കി എൽഡിഎഫ് സർക്കാർ; കെ.എം.മാണിയുടെ നിത്യസ്മാരകമെന്ന് നേതാക്കൾ അനുശോചനയോഗങ്ങളിൽ സ്മരിച്ച പദ്ധതി ഇപ്പോൾ തുലാസിൽ; ഗുരുതര രോഗങ്ങളാൽ വലയുന്ന രോഗികൾക്ക് അത്താണിയായ കാരുണ്യ എന്തിന് നിർത്തി എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി ഇടത് നേതാക്കൾ

മരണക്കിടക്കയിലും മാണിസാർ അപേക്ഷിച്ചത് 'കാരുണ്യ' പദ്ധതിയെ ഉപേക്ഷിക്കരുതെന്ന്; അന്തരിച്ച നേതാവിന്റെ സ്വപ്‌നപദ്ധതി നിഷ്‌ക്കരുണം നിർത്തലാക്കി എൽഡിഎഫ് സർക്കാർ; കെ.എം.മാണിയുടെ നിത്യസ്മാരകമെന്ന് നേതാക്കൾ അനുശോചനയോഗങ്ങളിൽ സ്മരിച്ച പദ്ധതി ഇപ്പോൾ തുലാസിൽ; ഗുരുതര രോഗങ്ങളാൽ വലയുന്ന രോഗികൾക്ക് അത്താണിയായ കാരുണ്യ എന്തിന് നിർത്തി എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി ഇടത് നേതാക്കൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നിഴലിൽ ഇടത് സർക്കാർ കാരുണ്യാ ബെനവലന്റ് ഫണ്ടിന്റെ ചിറകരിയുകയായിരുന്നോ? നിരാലംബരായ രോഗികളുടെ ഒടുവിലത്തെ ആധാരമായിരുന്ന കാരുണ്യ നിർത്തലാക്കിയതിനെ തുടർന്ന് വൻ പ്രതിഷേധമാണ് കേരളത്തിൽ ഉടലെടുത്തിരിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് സഹായമെത്തിക്കാനുള്ള കേരളത്തിലെ ഏറ്റവും ജനപ്രിയമായ പദ്ധതിയായിരുന്നു കാരുണ്യ. ലോകത്ത് ഈ രീതിയിൽ ചികിത്സാ പദ്ധതികളില്ല. കെ.എം.മാണിയുടെ സ്വപ്ന പദ്ധതി പുതിയ പദ്ധതിയുടെ നിഴലിൽ ഇടത് സർക്കാർ അവസാനിപ്പിക്കുകയായിരുന്നു എന്നാണ് ഉയരുന്ന രാഷ്ട്രീയ ആരോപണം. കെ.എം.മാണി വിടപറഞ്ഞപ്പോൾ കേരളത്തിൽ മുഴങ്ങിയ അനുശോചന യോഗങ്ങളിൽ കാരുണ്യയാണ് കെ.എം.മാണിയുടെ നിത്യസ്മാരകം എന്നാണ് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ യോഗങ്ങളിൽ നേതാക്കൾ പറഞ്ഞത്. ആ പറഞ്ഞതിന്റെ മഷിയുണങ്ങും മുൻപ് തന്നെയാണ് കാരുണ്യ പൂർണമായും പൊടുന്നനെ നിർത്തലാക്കി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കേരളം പങ്കാളിയായത്.

കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. നിരാലംബരായ രോഗികൾക്ക് രോഗികൾക്ക് പുനരുജ്ജീവനം നൽകുന്ന പദ്ധതിയാണ് അവതാളത്തിൽ. സാന്റിയാഗോ മാർട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നൽകി ലോട്ടറി കൊണ്ട് ജനങ്ങൾക്ക് സഹായമെത്തിച്ച പദ്ധതിയാണിത്.

പുതിയ ഇൻഷൂറൻസ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകിൽ ജനങ്ങൾ അടയ്ക്കണം. അല്ലെങ്കിൽ സർക്കാർ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയൻസ് കമ്പനിക്ക് സർക്കാർ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോൾ 1600 രൂപ ഒരു കുടുംബത്തിൽ നിന്നും വിഹിതം അടയ്ക്കേണ്ടതുണ്ട്. അത് സർക്കാർ കയ്യിൽ നിന്നും നൽകും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭിക്കും എന്നതാണ് കാരുണ്യയുടെ പ്രത്യേകത. ഇതുവരെ 2318 കോടി രൂപ ചെലവിട്ട് 289000 പേർക്കു കാരുണ്യ സ്‌കീമിൽ നിന്നും സർക്കാർ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിർത്തുന്നു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് രണ്ടു ദിവസം മുൻപ് കാരുണ്യ അധികൃതർ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്. എന്നാൽ കാരുണ്യ നിർത്തേണ്ട പദ്ധതി തന്നെയാണ് എന്ന തീരുമാനത്തിലാണ് ധനവകുപ്പ്. രണ്ടു പദ്ധതികൾ ഒന്നും തുടർന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിർത്തി. കേരളവും കേന്ദ്രവും കൈകോർക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

കാരുണ്യ നിർത്തിയതുകൊണ്ട് ജനങ്ങൾക്ക് ബാധ്യതയില്ല. പോളിസി പ്രീമിയം സർക്കാർ ആണ് അടയ്ക്കുക. ജനങ്ങൾ പുതിയ സ്‌കീമിൽ ചേർന്നാൽ മാത്രം മതി. എല്ലാ ആശുപത്രികളും ഈ സ്‌കീമിൽ ചേരും. ശ്രീചിത്ര ചേർന്നിട്ടില്ല. പക്ഷെ ആർസിസി ചേർന്നിട്ടുണ്ട്. ശ്രീചിത്ര കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ അതിനു കുറച്ചു താമസം വരും. ഒരു റേഷൻ കാർഡിൽ രണ്ടു ലക്ഷം രൂപ മാത്രമാണ് കാരുണ്യയിൽ അനുവദിക്കപ്പെടുന്നത്. ഇത് ഒരു ലൈഫ് ടൈമിലാണ്. ഈ സ്‌കീം എല്ലാ വർഷവും ഇൻഷൂറൻസ് ലഭിക്കും. കാരുണ്യ നിർത്തിയത് ആശുപത്രികൾ ഈ സ്‌കീം പൂർണമായി ഒഴിവാക്കാൻ വേണ്ടിയാണ്. പുതിയ സ്‌കീം എല്ലാ ആശുപത്രികളും നടപ്പിലാക്കും. പുതിയ ആരോഗ്യ പദ്ധതിയിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയുടെ നിരക്കുകൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ നിരക്കുകൾക്ക് ഏകീകരണമുണ്ട്. കാരുണ്യയിൽ അതുപോലെയായിരുന്നില്ല. സ്വകാര്യ ആശുപത്രികൾ പറയുന്നതാണ് നിരക്കായി അനുവദിച്ചിരുന്നത്. ആശുപത്രികൾക്ക് ഇനി അവർ പറയുന്ന നിരക്ക് നൽകാൻ കഴിയില്ല. സർക്കാർ നിർദ്ദേശിച്ച നിരക്ക് മാത്രമേ ഈടാക്കാൻ കഴിയൂ. ഈ ദുരിതം തത്ക്കാലത്തേക്ക് മാത്രമാണ്-മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.

പക്ഷെ കാരുണ്യ നിർത്തിയത് രാഷ്ട്രീയ ആരോപണവുമായി ഉയർത്തി പ്രക്ഷോഭ രംഗത്താണ് യുഡിഎഫ്. കേരളാ കോൺഗ്രസ് എമ്മും കാരുണ്യ പ്രശ്‌നത്തിൽ രണ്ടു സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്. കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി സർക്കാർ നിർത്തലാക്കിയതിനെതിരെ തലസ്ഥാനത്തു രണ്ടു വേദികളിലായി കേരള കോൺഗ്രസ് പി.ജെ.ജോസഫ്, ജോസ്. കെ.മാണി വിഭാഗങ്ങൾ പ്രതിഷേധിച്ചു. ജോസ്. കെ.മാണി വിഭാഗം രാവിലെ 10നു സെക്രട്ടേറിയറ്റ് നടയിലും ജോസഫ് വിഭാഗം 12നു കാരുണ്യ ബനവലന്റ് ഫണ്ട് ഓഫിസിനു മുൻപിലും ധർണ നടത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP