Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂന്തുറയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; പൂന്തുറയിൽ നിന്നും ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് സ്ഥിരീകരിച്ചു; പ്രദേശത്ത് വ്യാപക പരിശോധന നടത്താൻ തീരുമാനം; അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി; 10 അംഗ ദ്രുതകർമ സേനയെ വിന്യസിച്ചു; പ്രദേശത്ത് ആന്റിജൻ പരിശോധനയും ഊർജിതമായി നടത്തുന്നു; കമാൻണ്ടോകളെയും നിയോഗിച്ചു; പൂന്തുറയിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡും രംഗത്ത്

പൂന്തുറയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; പൂന്തുറയിൽ നിന്നും ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് സ്ഥിരീകരിച്ചു; പ്രദേശത്ത് വ്യാപക പരിശോധന നടത്താൻ തീരുമാനം; അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി; 10 അംഗ ദ്രുതകർമ സേനയെ വിന്യസിച്ചു; പ്രദേശത്ത് ആന്റിജൻ പരിശോധനയും ഊർജിതമായി നടത്തുന്നു; കമാൻണ്ടോകളെയും നിയോഗിച്ചു; പൂന്തുറയിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന പൂന്തുറയിൽ സ്ഥിതിഗതകൾ അതീവ ഗുരുതരം. കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പൂന്തുറയിൽനിന്ന് ശേഖരിച്ച 600 സാമ്പിളുകളിൽ 119 പേർക്കും കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന റിപ്പോർട്ടു വന്നതോടെ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലാണ്. പ്രദേശത്തെ സമൂഹവ്യാപനം നടന്നു എന്ന് ബോധ്യമായതോടെ നിയന്ത്രിക്കാൻ പാടുപെടുകയാണ് സർക്കാർ. പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും പൂന്തുറയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ ദ്വിതീയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. നിയന്ത്രണങ്ങളുടെ ഭാഗമായി പുറത്തുനിന്ന് ആളുകൾ പൂന്തുറയിലേക്ക് എത്തുന്നത് കർശനമായി തടയുകയും അതിർത്തികൾ അടച്ചിടുകയും ചെയ്യും. ഇതുകൂടാതെ, കടൽവഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും പൂന്തുറയിലെ മൂന്ന് വാർഡുകളിൽ നാളെ മുതൽ ഓരോ കുടുംബത്തിനും അഞ്ച് കിലോ വീതം സൗജന്യ റേഷൻ നൽകുമെന്നും ഇതിന് കളക്ടർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. പൂന്തുറയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൂന്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനായി തീരപ്രദേശത്ത് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

10 അംഗ ദ്രുതകർമ സേനയെയാണ് പൂന്തുറയിൽ വിന്യസിച്ചിട്ടുള്ളത്. പ്രദേശത്ത് ആന്റിജൻ പരിശോധനയും ഊർജിതമായി നടത്തുന്നുണ്ട്. വിഴിഞ്ഞം ഭാഗത്ത് മത്സ്യവിപണനവുമായി ബന്ധപ്പെട്ട യാത്രചെയ്യുന്നവരുടെ ലിസ്റ്റ് തയാറാക്കി അവരെ പരിശോധിക്കും. പൂന്തുറ, വള്ളക്കടവ് ഭാഗങ്ങളിലായി ഇന്നലെ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നും അൻപതോളം പരിശോധനാ ഫലം പോസിറ്റീവായതായാണ് സൂചന. അതേസമയം, പൂന്തുറയിൽ ഉൾപ്പടെ സ്വീകരിക്കേണ്ട ജാഗ്രതാ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ നഗരസഭയിൽ നടക്കുന്ന കക്ഷിനേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്.

ആര്യനാട് പഞ്ചായത്തിലും കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കാരോട് പഞ്ചായത്തിലെ കാക്കവിള, പുതുശ്ശേരി, പുതിയ ഉച്ചക്കട എന്നീ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ ആക്കി.

കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൂന്തുറയിൽ വളരെ കർശനമായ രീതിയിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കാൻ നിർദ്ദേശം നൽകി. ഇവിടെ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി എസ്.എ.പി കമാണ്ടന്റ് ഇൻ ചാർജ്ജ് എൽ.സോളമന്റെ നേതൃത്വത്തിൽ 25 കമാണ്ടോകളെ നിയോഗിച്ചു.

ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ.വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണർ ഐശ്വര്യ ദോംഗ്രേ എന്നിവർ പൂന്തുറയിലെ പൊലീസ് നടപടികൾക്ക് നേതൃത്വം നൽകും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദെർവേഷ് സാഹിബ് മേൽനോട്ടം വഹിക്കും. പൂന്തുറ മേഖലയിൽ സാമൂഹികഅകലം പാലിക്കുന്നതുൾപ്പെടെയുള്ള ബോധവൽകരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാർ ഉൾപ്പെടെയുള്ളവരുടെ സഹായം തേടും. ആരോഗ്യസുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളിൽ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. തിരുവനന്തപുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിർത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇക്കാര്യം തമിഴ്‌നാട് ഡി.ജി.പി ജെ.കെ ത്രിപാഠിയുമായി ഫോണിൽ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP