Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദനയ്ക്ക് തിങ്കളാഴ്ച ശസ്ത്രക്രിയ; വലതുകാലിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി അനഘയും; വലതു കൈ ഒടിഞ്ഞതോടെ നിസ്സഹായനായി കൂലിപ്പണിക്കാരനായ അനീഷും കുടുംബവും; പൂച്ചാക്കാലിലെ കാർ അപകടത്തിൽ നിന്ന് ഞെട്ടൽ മാറാതെ അപകടത്തിന് ഇരയായ വിദ്യാർത്ഥികളും കുടുംബവും; ചികിത്സയ്ക്ക് വഴിമുട്ടി കുടുംബം ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് വൈകിയ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

പൂച്ചാക്കൽ: മദ്യലഹരിയിൽ നിയന്ത്രണം വിട്ട കാർ മൂന്ന് വിദ്യാർത്ഥികളേയും ഒരു യുവാവിനേയും ഇടിച്ച് തെറിപ്പിച്ച വീഡിയോ ലോകം മുഴുവനും നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്. ജീവിക്കാൻ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്കു മേലാണ് ആ കാർ പാഞ്ഞു കയറിയത്. കഴിഞ്ഞ ദിവസം കാർ ഇടിച്ചു തെറിപ്പിച്ച 4 പെൺകുട്ടികളുടെയും കുടുംബങ്ങൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നവരാണ്. അതിനു മീതെയാണ് അപകടമുണ്ടാക്കുന്ന പ്രയാസങ്ങൾ.

2 കാലിനും ഒടിവുമായി എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന സാഗിയുടെ പിതാവ് പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് അയ്യങ്കേരി സാബുവിനു പെയിന്റിങ് ജോലിയാണ്. അമ്മ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്. സാഗിയുടെ സഹോദരി അഞ്ജന നഴ്‌സിങ് കോഴ്‌സ് പൂർത്തിയാക്കി 3 മാസമായി ഹൈദരാബാദിൽ പരിശീലനത്തിലാണ്. സാഗിയുടെ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷത്തോളം രൂപ കടം വാങ്ങിയും സ്വർണം പണയം വച്ചുമാണു കണ്ടെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞു സാഗി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. 

സാബുവിന്റെ കുടുംബം വീടുവയ്ക്കാനും അഞ്ജനയുടെ പഠനത്തിനും എടുത്ത വായ്പകൾ ബാധ്യതയായി നിൽക്കുന്നു. 10 സെന്റ് സ്ഥലം ചേർത്തല കാർഡ് ബാങ്കിൽ 15 വർഷത്തേക്ക് ഈടുവച്ചാണ് 2013ൽ വീടുപണിക്ക് 6 ലക്ഷം വായ്പയെടുത്തത്. മാസം 11,000 രൂപ തിരിച്ചടവുണ്ട്. അഞ്ജനയുടെ പഠനത്തിന് പൂച്ചാക്കൽ എസ്‌ബിഐയിൽനിന്ന് 2 ലക്ഷം രൂപ വായ്പയെടുത്തത് അടുത്തമാസം മുതൽ അടയ്ക്കണം.

ചന്ദനയ്ക്ക് തിങ്കളാഴ്ച ശസ്ത്രക്രിയ

എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചന്ദന ചികിത്സയിലുള്ളത്. പിതാവ് പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബു തയ്യൽ തൊഴിലാളിയാണ്. ചന്ദനയുടെ ഇടതു തുടയെല്ലിനു തിങ്കളാഴ്ച ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുകയാണ്. മാതാവ് ഷീല വീട്ടമ്മ.ചികിത്സാച്ചെലവു വഹിക്കാമെന്ന് ആരോഗ്യ വകുപ്പിൽനിന്ന് അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം കാലിന് ഇടാനുള്ള സ്റ്റീൽ റോഡ് നൽകാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചെന്നും ചന്ദ്രബാബു പറഞ്ഞു. വീടു വയ്ക്കാനും മൂത്ത 2 പെൺമക്കളുടെ വിവാഹത്തിനുമായി പൂച്ചാക്കൽ സഹകരണ ബാങ്കിൽ നിന്ന് 2013ൽ എടുത്ത 4 ലക്ഷം രൂപ പലിശ ഉൾപ്പെടെ ഇപ്പോൾ 8 ലക്ഷത്തിന്റെ ബാധ്യതയായി. മാസം 11,000 രൂപ തിരിച്ചടയ്ക്കണം. അതിനു പോലും കുടുംബം പ്രയാസത്തിലാണ്. അതിനിടെയാണ് അപകടം.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് ഉരുവംകുളം ചന്ദ്രന്റെ മകൾ അനഘയ്ക്ക് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 2 ലക്ഷത്തോളം രൂപയാണ് ഇതുവരെയുള്ള ചെലവ്. അതിൽ 40,000 രൂപ അടച്ചു. ചെത്തുതൊഴിലാളിയാണ് ചന്ദ്രൻ. ഭാര്യ വൽസല എരമല്ലൂർ ഖാദി സ്പിന്നിങ് മിൽ തൊഴിലാളി. വീടു വയ്ക്കാൻ കടം വാങ്ങിയ 3 ലക്ഷത്തോളം രൂപ ഇപ്പോഴും ബാധ്യതയായി നിൽക്കുന്നു. സ്വർണം പണയം വച്ചും കടം വാങ്ങിയുമാണ് ആശുപത്രി ചെലവുകൾ നടത്തുന്നത്. അനഘയ്ക്ക് ഡോക്ടർമാർ ഒന്നര മാസം വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

കാർ ആദ്യം ഇടിച്ചു വീഴ്‌ത്തിയ പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് മാനാശേരി അനീഷും പ്രതിസന്ധിയിലാണ്. വലതുകൈ ഒടിഞ്ഞു. കൽപ്പണിക്കാരനാണ് അനീഷ്. ഇനി മാസങ്ങളോളം ജോലി ചെയ്യാൻ കഴിയില്ല. ഭാര്യ ബിനി പൂച്ചാക്കലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്നു. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമ്മാണജോലി തീർന്നിട്ടില്ല. 4 വയസ്സുള്ള മകൻ വേദവിനും അപകടത്തിൽ പരുക്കേറ്റിരുന്നു. അനീഷിന്റെ തണലിലാണ് മാതാവ് ഉൾപ്പെടെയുള്ള കുടുംബം. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയിട്ടും അർച്ചനയുടെ മനസ്സിലെ ഭീതി മാഞ്ഞിട്ടില്ല. മൂന്ന് വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിച്ചതിനു ശേഷം പാഞ്ഞെത്തിയ കാറാണ് തൈക്കാട്ടുശേരി മുരുക്കുംതറ വീട്ടിൽ അനിരുദ്ധന്റെ മകൾ പി.എസ്.അർച്ചനയെയും ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൽ നിന്ന് തെറിച്ചു റോഡിൽ തലയിടിച്ചുവീണു.കാർ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഫോണിൽ കണ്ടിരുന്നതായി അർച്ചന പറയുന്നു. കാൽമുട്ടിന്റെ പൊട്ടലിനു ശസ്ത്രക്രിയ നടത്തിയ ശേഷം എറണാകുളം ലൂർദ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടാണ് അർച്ചന തൈക്കാട്ടുശേരിയിലെ വീട്ടിലെത്തിയത്.

തലയിടിച്ച് റോഡിൽ വീണതിനെത്തുടർന്ന് തലയ്ക്കും ശരീരത്തിനും ഇപ്പോഴും വേദനയുണ്ട്. തുടർ പരിശോധനയ്ക്കായി അടുത്ത വ്യാഴാഴ്ച ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.3 മാസം വിശ്രമമാണു ഡോക്ടർമാർ നിർദ്ദേശിച്ചത്. സർക്കാൻ നിർദ്ദേശമുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ ചെലവുണ്ടായില്ലെന്ന് അനിരുദ്ധൻ പറഞ്ഞു. അനിരുദ്ധന് മേസ്തിരിപ്പണിയാണ്. ഭാര്യ ഷിനിമോൾ കൊച്ചിൻ ഷിപ്യാർഡിൽ കരാർ ജോലിക്കാരി. കുടുംബത്തിന് ഒരു ലക്ഷത്തോളം രൂപ കടമുണ്ട്.

പൂച്ചാക്കൽ കാർ അപകടം ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു

പൂച്ചാക്കൽ (ആലപ്പുഴ): അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ച വിദ്യാർത്ഥിനികളുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു. ഇതു സംബന്ധിച്ചുള്ള സർക്കാർ അറിയിപ്പ് കുട്ടികളെ ചികിത്സിക്കുന്ന കൊച്ചിയിലെ ആശുപത്രികളിൽ ഇന്നലെ ലഭിച്ചു. ചികിത്സയ്ക്കു ചെലവായ തുക കുടുംബങ്ങൾക്കു തിരികെ നൽകുമെന്ന് ആശുപത്രികളുടെ അധികൃതർ കുട്ടികളുടെ ബന്ധുക്കളെ അറിയിച്ചു.

പാണാവള്ളി പഞ്ചായത്ത് 15ാം വാർഡ് ഉരുവംകുളം ചന്ദ്രന്റെ മകൾ അനഘ, പാണാവള്ളി പഞ്ചായത്ത് 16ാം വാർഡിൽ കോണത്തേഴത്ത് ചന്ദ്രബാബുവിന്റെ മകൾ ചന്ദന, പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് അയ്യങ്കേരി സാബുവിന്റെ മകൾ സാഗി, തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് മുരുക്കുംതറ അനിരുദ്ധന്റെ മകൾ അർച്ചന എന്നിവർക്കാണു സർക്കാർ സഹായം.ചെലവു സർക്കാർ ഏറ്റെടുക്കണമെന്ന് എ.എം.ആരിഫ് എംപി മന്ത്രി കെ.കെ.ശൈലജയോടും ഷാനിമോൾ ഉസ്മാൻ എംഎൽഎ മുഖ്യമന്ത്രിയോടും അഭ്യർത്ഥിച്ചിരുന്നു. ചെലവു സർക്കാർ വഹിക്കുമെന്ന് എംപി ആശുപത്രി സന്ദർശിച്ചു കുട്ടികളുടെ ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP