Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ വാഹനത്തിന് അമിതവേഗതക്ക് ഒടുക്കിയ പിഴ അടച്ചില്ല; 38 തവണ പെറ്റിയടിച്ചിട്ടും ഒരു തവണപോലും കോടിയേരി മൈൻഡ് ചെയ്തില്ല; ഉമ്മൻ ചാണ്ടി നാലു തവണത്തെയും എം.എം ഹസൻ രണ്ടു തവണത്തെയും പിഴ ഒടുക്കാനുണ്ട്; നോട്ടീസ് കിട്ടിയപ്പോൾ പിഴയടച്ച് മാതൃകയായത് ഗവർണർ മാത്രം; പെൺകെണിയിൽ നിന്ന് മുക്തനായി വന്നതിന് ശേഷം മിണ്ടാപ്പൂച്ചയായ ശശീന്ദ്രന്റെ വകുപ്പിന്റെ നോട്ടീസിനോട് മുഖം തിരിച്ച് നേതാക്കന്മാർ; ഗതാഗത നിയമലംഘനത്തിന് രാഷ്ട്രീയക്കാർക്ക് ഇളവുണ്ടോ?

മുഖ്യമന്ത്രിയുടെ വാഹനത്തിന് അമിതവേഗതക്ക് ഒടുക്കിയ പിഴ അടച്ചില്ല; 38 തവണ പെറ്റിയടിച്ചിട്ടും ഒരു തവണപോലും കോടിയേരി മൈൻഡ് ചെയ്തില്ല; ഉമ്മൻ ചാണ്ടി നാലു തവണത്തെയും എം.എം ഹസൻ രണ്ടു തവണത്തെയും പിഴ ഒടുക്കാനുണ്ട്; നോട്ടീസ് കിട്ടിയപ്പോൾ പിഴയടച്ച് മാതൃകയായത് ഗവർണർ മാത്രം; പെൺകെണിയിൽ നിന്ന് മുക്തനായി വന്നതിന് ശേഷം മിണ്ടാപ്പൂച്ചയായ ശശീന്ദ്രന്റെ വകുപ്പിന്റെ നോട്ടീസിനോട് മുഖം തിരിച്ച് നേതാക്കന്മാർ; ഗതാഗത നിയമലംഘനത്തിന് രാഷ്ട്രീയക്കാർക്ക് ഇളവുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയക്കാർക്ക് ഗതാഗത നിയമലംഘനത്തിൽനിന്ന് പിഴയൊടുക്കാൻ വിമുഖത. മുഖ്യമന്ത്രിയും കോടിയേരിയും ഉമ്മൻ ചാണ്ടിയും ബിജെപി നേതാക്കളുക്കുമൊക്കെ അമിതവേഗതക്ക് പിഴ അടക്കാൻ നോട്ടീസ് കിട്ടിയിരുന്നെങ്കിലും ആരും അടക്കാറില്ല. ഒരുതവണ പിഴയിട്ടപ്പോൾ തന്നെ പണമടച്ചു ഗവർണർ മാതൃക കാട്ടിയെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയനേതാക്കൾ പിഴയടയ്ക്കാറേയില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ വാഹനം 52 തവണ നിയമം ലംഘിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വാഹനം ക്യാമറയിൽ കുടുങ്ങിയത് 38 തവണയാണ്.

പെൺകെണിക്കേസിൽ കുടുങ്ങി മന്ത്രിസ്ഥാനം പോകുകയും അത് ഒരുവിധം ഒഴിവാക്കി വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തതോടെ ഗതാഗത വകുപ്പ് കയ്യാളുന്ന എകെ ശശീന്ദ്രന് ഇപ്പോൾ മിണ്ടാട്ടമില്ല. പിണറായി അധികാരമേറ്റപ്പോൾ മന്ത്രിസ്ഥാനത്ത് എത്തിയ എൻസിപി മന്ത്രി ആദ്യകാലത്ത് പത്രക്കാരോട് നിരന്തരം ഓരോ വിഷയത്തിലും പ്രതികരിച്ചിരുന്നു.

എന്നാൽ രണ്ടാമത് മന്ത്രിയായപ്പോൾ ശരിക്കും മിണ്ടാപ്പൂച്ചയായി ശശീന്ദ്രൻ. ഇതിനിടെയാണ് ഗവർണർക്ക് ഉൾപ്പെടെ മന്ത്രിയുടെ വകുപ്പ് അമിത വേഗത്തിന് നോട്ടീസ് നൽകുന്നത്. നാട്ടിലെ സാധാരണ ജനങ്ങളെ കൃത്യമായി സമീപിക്കുകയും പിഴയടപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടേയും സിപിഎം സെക്രട്ടറിയുടേയും ഉൾപ്പെടെ വാഹനങ്ങൾ നടത്തിയ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും അതിൽ ഒരു നടപടിയുമെടുക്കാൻ കഴിയുന്നില്ല.

എന്നാൽ ഇത്തരത്തിൽ കവടിയാർ റോഡിലൂടെ ചീറിപ്പാഞ്ഞുവെന്ന് കണ്ടെത്തി ഗവർണർ പി സദാശിവത്തിന്റെ വാഹനത്തിന് പെറ്റിയടിച്ചു. അദ്ദേഹത്തിന്റെ ബെൻസിന് പെറ്റിയടിച്ച വേളയിൽ അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും സുപ്രീംകോടതി മുൻ ചീഫ്് ജസ്റ്റിസ് കൂടിയായ സദാശിവം തന്റെ വാഹനത്തിന് ചുമത്തിയ പിഴ അടച്ച് മാതൃക കാട്ടി.

സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും അമലാ പോളിനും അതുപോലെ നിരവധി പേർക്കും കേരളത്തിന് പുറത്ത് പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തതിന് നടപടി നേരിടേണ്ടിവന്നിരുന്നു. പിഴയടച്ചാണ് ഇവരിൽ മിക്കവരും കേസിൽ നിന്ന് തടിയൂരിയത്. എന്നാൽ റോഡിൽ നിയമംതെറ്റിപ്പാഞ്ഞതിന് മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്ക് എതിരെ നടപടിയുണ്ടായെങ്കിലും പിഴയടച്ചത് ഗവർണർ മാത്രം. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്ക് എതിരെയും നോട്ടീസ് ഉണ്ട്. പക്ഷേ ആരും മൈൻഡ് ചെയ്തിട്ടില്ല.

മുഖ്യമന്ത്രിയുടെ വാഹനമായ കെഎൽ 01 സിബി 7400നു കഴിഞ്ഞവർഷം ജൂൺ 28ന് അമിതവേഗതയ്ക്ക് 400 രൂപ പിഴചുമത്തിയിരുന്നു. എന്നാൽ തുക ഇതുവരെയും അടച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ കെഎൽ 01 ബിവി 1926ന് മൂന്നരവർഷത്തിനിടെ പെറ്റിയടിച്ചത് 38 തവണയാണ്. ഒരുതവണപോലും പിഴയൊടുക്കിയിട്ടില്ല. ഇതേ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മറ്റു മൂന്നുവാഹനങ്ങളുടേതും ചേർത്ത് 53 തവണയാണു പിഴയൊടുക്കാൻ നോട്ടിസ് ലഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാഹനത്തിനും മൂന്നു തവണ പിഴയൊടുക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള കെഎൽ 01 ബിഎൻ 6115 നിയമം ലംഘിച്ചത് 52 തവണയാണ്. ഇതേ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെഎൽ 01 ബിക്യു 8035 59 തവണയും കെഎൽ 01 ബിക്യു 7563 48 തവണയും കെഎൽ 01 ബിസെഡ് 2623 46 തവണയും കെഎൽ 01 ബിക്യു 8074 17 തവണയും നിയമം ലംഘിച്ചിട്ടുണ്ട്. അഞ്ചുവാഹനങ്ങൾക്കും കൂടി അടയ്ക്കാനുള്ളത് ഒരുലക്ഷത്തോളം രൂപയാണ്. മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടി നാലുതവണത്തെ പിഴയും കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ രണ്ടു തവണത്തെയും പിഴയൊടുക്കാനുണ്ട്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നിയമം ലംഘിച്ചത് 22 പ്രാവശ്യം. ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണിന്റെ ആഡംബരകാറിന് 10 തവണ നോട്ടിസ് കിട്ടിയിട്ടും അനങ്ങിയിട്ടില്ല.വിവരാവകാശ നിയമപ്രകാരം കൊടുത്ത രേഖകളിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP