Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എവിടെയും എപ്പോഴും ഏതുനേരത്തും വരാൻ റെഡി; എവിടെ ജോലിക്ക് വന്നാലും അവിടം ക്ലീനാക്കിയേ മടങ്ങൂ; 1306 അടി ഉയരത്തിലുള്ള വെട്ടുമലയിൽ നിന്ന് മൂന്ന് കോടിയുടെ കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ച് മടങ്ങിയെത്തിയത് ഭവാനി പുഴ നീന്തിക്കടന്ന്; ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ അകത്താക്കിയത് വെറും 12 മണിക്കൂറിൽ; കഞ്ചാവ്-മദ്യ-പെൺവാണിഭ മാഫിയകളെ വിറപ്പിച്ച് അട്ടപ്പാടിയെ ക്ലീനാക്കിയ സ്മാർട്ട് എഎസ്‌പി സുജിത് ദാസിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ?

എവിടെയും എപ്പോഴും ഏതുനേരത്തും വരാൻ റെഡി; എവിടെ ജോലിക്ക് വന്നാലും അവിടം ക്ലീനാക്കിയേ മടങ്ങൂ; 1306 അടി ഉയരത്തിലുള്ള വെട്ടുമലയിൽ നിന്ന് മൂന്ന് കോടിയുടെ കഞ്ചാവ് ചെടികൾ തീയിട്ട് നശിപ്പിച്ച് മടങ്ങിയെത്തിയത് ഭവാനി പുഴ നീന്തിക്കടന്ന്; ആദിവാസി ബാലികയെ കൂട്ടമാനഭംഗം ചെയ്ത കേസിലെ പ്രതികളെ അകത്താക്കിയത് വെറും 12 മണിക്കൂറിൽ; കഞ്ചാവ്-മദ്യ-പെൺവാണിഭ മാഫിയകളെ വിറപ്പിച്ച് അട്ടപ്പാടിയെ ക്ലീനാക്കിയ സ്മാർട്ട് എഎസ്‌പി സുജിത് ദാസിന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയോ?

മറുനാടൻ മലയാളി ബ്യൂറോ

അട്ടപ്പാടി: കഞ്ചാവ്-മദ്യ-ചന്ദന-പെൺവാണിഭ മാഫിയകളെ കിടുകിടാ വിറപ്പിച്ച യുവ ഐപിഎസ് ഓഫീസർ സുജിത് ദാസിന് അപ്രതീക്ഷിത സ്ഥലംമാറ്റം. അഗളി എഎസ്‌പി സ്ഥാനത്ത് നിന്നാണ് സുജിത് ദാസിനെ മാറ്റിയത്. പുതിയ പോസ്റ്റിങ് തലസ്്ഥാനത്ത് നെടുമങ്ങാട് എഎസ്‌പി.യായി. 'ഞാൻ ഒരുസ്ഥലത്ത് ജോലിക്ക് വന്നാൽ അവിടം ക്ലീനാക്കിയേ മടങ്ങാറുള്ളു...നാടിന് വേണ്ടി ചെയ്യാവുന്നതെല്ലാം എത്രയും വേഗം, നീതി വൈകാതെ ചെയ്യുക..അതാണ് എന്റെ നയം', സുജിത് ദാസ് തന്റെ കൂട്ടുകാരോട് സ്ഥിരം പറയാറുള്ള വാചകം.

അട്ടപ്പാടിയിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ വാഴില്ലെന്നാണ് ആദിവാസി സാമൂഹിക ക്ഷേമപ്രവർത്തകർ പറയുന്നത്. അഗളി സബ്ഡിവിഷനിൽ എഎസ്‌പി ആയി ജോയിൻ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട്, അതായതത്, 4 മാസവും 15 ദിവസവും കൊണ്ട് അട്ടപ്പാടിയുടെ ഹൃദയം കീഴടക്കി സുജിത് ദാസ്. അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ വനം കഞ്ചാവ് -മദ്യ മാഫിയ സന്തോഷിക്കുമ്പോൾ, പാവപ്പെട്ട ആദിവാസികളും അവർക്ക് വേണ്ടി ജീവിതം അർപ്പിച്ച സാമൂഹിക പ്രവർത്തകരും കരച്ചിലിന്റെ വക്കിലാണ്. അട്ടപ്പാടിയിലെ ഉൾവനങ്ങളിലായി കഞ്ചാവ് മാഫിയ നട്ടുവളർത്തിയ കഞ്ചാവ് തോട്ടങ്ങൾ മൂന്ന് ഘട്ടങ്ങളിലായി 17 ഓളം ഏക്കർ സ്ഥലത്തെ കഞ്ചാവ് തോട്ടമാണ് സുജിത് ദാസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചത്. നശിപ്പിച്ച കഞ്ചാവ് ചെടികൾ വിപണിയിൽ ഏകദേശം മൂന്നരക്കോടിയിലധികം വിലവരുന്നതാണ്. സുജിത് ദാസിന്റെ സ്ഥലംമാറ്റത്തിന് പിന്നിൽ കഞ്ചാവ്- മദ്യ- ചന്ദനമാഫിയകളുടെ സമ്മർദ്ദഫലമായുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആരോപണം.

ആദിവാസികളുടെ രക്ഷകൻ

അഗളി എഎസ്‌പി എന്ന നിലയിൽ ആദിവാസികളുടെ പൊതുപ്രശ്‌നങ്ങളിലെല്ലാം സുജിത് ദാസ് ഇടപെട്ടിരുന്നു. വിശപ്പ് തീർക്കാൻ അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരുസംഘം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തോടെയാണ് എഎസ്‌പിയായി സുജിത് ദാസിനെ അഗളിയിലേക്ക് നിയോഗിച്ചത്. നേരത്തെ ഇവിടെ ഡിവൈഎസ്‌പിക്കായിരുന്നു ചുമതല. 16 പേർ പിടിയിലായ മധുകൊലക്കേസിന്റെ അന്വേഷണച്ചുമതലയും സുജിത് ദാസിനായിരുന്നു.

അട്ടപ്പാടി ഊരുകളിലെ യുവാക്കളുടെ കായിക വളർച്ചയ്ക്ക് വേണ്ടി 38 ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിലൂടെയാണ് സുജിത് ദാസ് അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ ടൂർണമെന്റിൽ നിന്ന് തിരഞ്ഞെടുത്ത ഇരുപതോളം യുവപ്രതിഭകളെ പരിശീലിപ്പിക്കുകയും മികച്ച താരങ്ങളെ വാർത്തെടുക്കുകയും ചെയ്തു. അട്ടപ്പാടിയിലെ മുഴുവൻ ഊരുകളിലും സന്ദർശിക്കാൻ സമയം കണ്ടെത്തുന്ന ഈ ഉദ്യോഗസ്ഥൻ നാട്ടുകാർക്ക് ദൈവത്തെ പോലെയായിരുന്നു.

ഊരുകളിലെ ആവശ്യങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നിർദ്ദേശങ്ങൾ നൽകാനും സുജിത് ദാസ് ശ്രദ്ധിച്ചിരുന്നു. സ്വർണ ഗദ്ദ, ഇടവാണി, മേലെ ഭൂതിയാർ, താഴെ ഭൂതിയാർ, മൂലകൊമ്പ്, ഉമ്മത്താംപടി, മേലെ ചൂട്ടറ, താഴെ ചൂട്ടറ എന്നീ ഊരുകളെയെല്ലാം ഒന്നിച്ച് കൂട്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് പൊതു അദാലത്ത് നടത്തി. ഈ ഊരുകളുടെ പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ പൊതു അദാലത്തുകൊണ്ട് കഴിഞ്ഞു.

കഞ്ചാവ് മാഫിയയുടെ പേടിസ്വപ്‌നം

എവിടെയും, എപ്പോഴും, ഏതുസമയത്തും എത്താൻ സുജിത് ദാസ് റെഡി. അത് ആദിവാസികളുടെ പ്രശ്‌നത്തിലായാലും കഞ്ചാവ് -മദ്യ -പെൺവാണിഭ-ചന്ദന മാഫിയയ്ക്ക് കടിഞ്ഞാണിടാനായാലും സുജിത് മുൻപന്തിയിലുണ്ടാവും. യുവ പൊലീസുകാരെ ഉൾപ്പെടുത്തി ക്രൈം ഡിറ്റക്ഷൻസ് ക്വാഡ് രൂപീകരിക്കുകയായിരുന്നു ആദ്യനടപടി. കുറ്റകൃത്യങ്ങൾ തടയാനും പ്രതികളെ പെട്ടെന്ന് പിടികൂടാനും, പ്രമാദമായ പീഡനക്കേസിലെ പ്രതികളെ പിടികൂടാനും ഓപ്പറേഷനുകൾ.

കഴിഞ്ഞ മാസം, അട്ടപ്പാടി വനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് രണ്ടു കോടിയോളം രൂപയുടെ കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. ആനവായ് വനമേഖലയിലെ മേലെ തുടുക്കി ഊരിലെ ആദിവാസികളുടെ കൃഷിയിടത്തിനു സമീപം കാടിനകത്ത് 25 സെന്റ് സ്ഥലത്താണു വിളവെടുപ്പിനു പാകമായ 1200 കഞ്ചാവു ചെടികൾ കണ്ടെത്തിയത്. വെട്ടുമല എന്നറിയപ്പെടുന്ന ഇവിടെ 50 തടങ്ങളിൽ 25 മുതൽ 30 വരെ ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു. ആറു മാസം വളർച്ചയെത്തിയ ചെടികൾക്ക് എട്ടടി വരെ ഉയരമുണ്ടായിരുന്നു.

സുജിത് ദാസും എഎസ്‌പിയുടെ സ്‌ക്വാഡും തണ്ടർബോൾട്ടുമാണു കഞ്ചാവു കണ്ടെത്തി നശിപ്പിച്ചത്. ആറിനു പുലർച്ചെ മൂന്നരയോടെ ഇടവാണി മല വഴി വനത്തിൽ പ്രവേശിച്ച സംഘം ഓടക്കടവ്, ദുഡുമുട്ടി, പട്ടിപ്പനചോല, ചിന്നക്കടവ്, എല്ലകണ്ടിമല, ഗലസി വഴി ദുർഘടമായ വനപാതയിലൂടെ 12 കിലോമീറ്റർ കാൽനടയായെത്തിയാണു തോട്ടം കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1306 അടി ഉയരത്തിലാണു വെട്ടുമല. ചെടികൾ വെട്ടി തീയിട്ടു നശിപ്പിച്ചു താഴെ തൊടുക്കി വഴി ഭവാനിപ്പുഴ നീന്തികടന്നാണു സംഘം തിരിച്ചെത്തിയത്. നേരത്തെ മാവോയിസ്റ്റുകൾ അഗ്‌നിക്കിരയാക്കിയ താഴെ തൊടുക്കി ഫോറസ്റ്റ് ക്യാംപ് ഷെഡിന്റെ പരിധിയിലാണു വെട്ടുമല. ഒരു മാസത്തിനിടെ അഗളി എഎസ്‌പിയും സംഘവും അട്ടപ്പാടി വനത്തിലെ കുള്ളാട്, സത്യകല്ല് എന്നിവിടങ്ങളിൽ നിന്നും 6000 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റെയ്ഡിന്റെ ഭാഗമായുള്ള പട്രോളിങ്ങിനിടയിലാണു പൊലീസ് കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചത്.

പീഡനക്കേസിലെ പ്രതികളെ അകത്താക്കിയത് 12 മണിക്കൂറിൽ

പീഡനകേസിലെ 11 പ്രതികളെ 12 മണിക്കൂർ കൊണ്ടാണ് സുജിത് ദാസും സംഘവും പിടികൂടിയത്. അട്ടപ്പാടിയിൽ 12 കാരി ആദിവാസി പെൺകുട്ടി കൂട്ടലൈംഗിക ചൂഷണത്തിന് വിധേയയായ സംഭവത്തിനു പിന്നിൽ സെക്സ് റാക്കറ്റിന്റെ കൈകൾ ഉണ്ടോയെന്ന സംശയം ഉയർന്നിരുന്നു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18-കാരിയോടൊപ്പം മറ്റ് രണ്ട് പെൺകുട്ടികളും ഒപ്പം ഉണ്ടായിരുന്നു. കേസന്വേഷണത്തിന്റെ ചുമതലയേറ്റ സുജിത് ദാസ് പരാതി കിട്ടി രണ്ടുദിവസത്തിനുള്ളിൽ കാണാതായ കുട്ടിയെ കണ്ടെത്തി.12 പ്രതികളെയും 12 മണിക്കൂറിനുള്ളിൽ പിടികൂടി. ആറ് കേസുകളാണ് ഈ സംഭവത്തിൽ ചുമത്തിയത്.

സെക്‌സ് റാക്കറ്റിന് കടിഞ്ഞാണിടാനുള്ള തീവ്രയത്‌നത്തിനിടയാണ് സുജിത് ദാസിനെ തേടി സ്ഥലംമാറ്റം എത്തിയത്. മദ്യലോബിക്കും പേടിസ്വപ്‌നമായിരുന്നു ഈ യുവ ഐപിഎസ് ഓഫീസർ. അട്ടപ്പാടിയിൽ 36 കേസുകളിലായി 391 ലിറ്റർ മദ്യം പിടികൂടിയിട്ടുണ്ട്. 44 പ്രതികളെയും 24 വാഹനങ്ങളും പിടികൂടാനും സാധിച്ചിട്ടുണ്ട്. 30 കിലോ ചന്ദനവും 13.500 കിലോ കഞ്ചാവും പിടികൂടി വലിയൊരു ശുദ്ധീകരണത്തിലായിരുന്നു സുജിത് ദാസ്. ഏറ്റവുമൊടുവിൽ മാവോയിസ്റ്റുകളുടെ പിന്നാലെയായിരുന്നു ഓട്ടം.

സ്ഥലം മാറ്റം രാഷ്ട്രീയ നീക്കമോ?

സുജിത് ദാസിന്റെ സ്ഥലംമാറ്റം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ആദിവാസി സാമൂഹിക ക്ഷേമ പ്രവർത്തകർ ആരോപിക്കുന്നത്. ആദിവാസികൾക്ക് നീതി കിട്ടാൻ ഇത്തരം ഉദ്യോഗസ്ഥർ ആവശ്യമാണെന്ന് ട്രൈബൽ സോഷ്യൽ വർക്കറായ ശിവാനി പറഞ്ഞു. നാലുമാസം കൊണ്ട് ആട്ടപ്പാടിയെ ശുദ്ധീകരിച്ച ഈ ഉദ്യോഗസ്ഥനെ മാറ്റിയത് രാഷ്ട്രീയ നീക്കമാണെന്നും അവർ ആരോപിച്ചു. കുറച്ചുനാൾ കൂടി എഎസ്‌പി സുജിത് ദാസ് ഇവിടെയുണ്ടായിരുന്നെങ്കിൽ, അട്ടപ്പാടി രക്ഷപ്പെട്ടേനെയെന്ന് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകേഷ് പറഞ്ഞു.

സുജിത് ദാസിനെ മടക്കിക്കൊണ്ടുവരണമെന്നാണ് ഇവരെല്ലാംെ ഏകസ്വരത്തിൽ ആവശ്യപ്പെടുന്നത്. എഎസ്‌പിയായി സുജിത് ദാസ് ചുമതലയേറ്റ്ത് മുതൽ കഞ്ചാവ് വേട്ടയ്ക്കും മറ്റും മുൻയെടുക്കുന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഈർഷ്യ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരാൾ ചെയ്യുമ്പോഴുള്ള ഈർഷ്യ. ഏതായാലും അട്ടപ്പാടിയെ ലഹരിമുക്തമാക്കാനും, പെൺവാണിഭത്തിൽ നിന്ന് രക്ഷിക്കാനും തുറന്ന പോരാട്ടം നയിച്ച നിർഭയനായ ഉദ്യോഗസ്ഥനെ പടികടത്തുന്നതിൽ മാഫിയകൾ തൽക്കാലംവിജയിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP