Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു

സ്‌കൂട്ടർ തള്ളിക്കൊണ്ടു പോയ യുവാവിനോട് പൊലീസ് ഹെൽമറ്റ് വയ്ക്കാത്തതിന് പെറ്റി അടിച്ചു; ഡിജിലോക്കറിലെ ലൈസൻസ് കാണിച്ചപ്പോൾ അംഗീകരിക്കാതെ എസ്ഐ; യുവാവിനെ മർദിച്ചുവെന്ന് മെഡിക്കൽ റിപ്പോർട്ട്: മുൻവൈരാഗ്യം തീർക്കാൻ നോക്കിയ കോയിപ്രം പൊലീസ് പുലിവാൽ പിടിച്ചു

ശ്രീലാൽ വാസുദേവൻ

കോഴഞ്ചേരി: മുൻവൈരാഗ്യം തീർക്കാൻ യുവാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കോയിപ്രം പൊലീസ് ഊരാക്കുടുക്കിൽ. യുവാവിനെ നിസാര കാരണം പറഞ്ഞ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിൽ യുവാവിന് മർദനമേറ്റെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതോടെയാണ് പൊലീസ് പുലിവാൽ പിടിച്ചത്. ഡിജിറ്റൽ തെളിവും പൊലീസിന് എതിരാണ്.പുല്ലാട് കിഴക്കേടത്ത് കമ്യൂണിക്കേഷൻസിലെ മൊബൈൽ ടെക്നീഷ്യൻ നിധിൻ ജോണിയോടാണ് പൊലീസ് പക പോക്കാൻ ശ്രമിച്ചത്.

ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിച്ചുവെന്ന കുറ്റത്തിനാണ് പൊലീസ് നിധിനെ സമീപിച്ചത്. തുടർ നടപടിക്കായി ലൈസൻസ് ചോദിച്ചു. ഫോണിലുള്ള ഡിജിലോക്കർ ആപ്പ് തുറന്ന് ലൈസൻസ് കാണിച്ചു കൊടുത്തെങ്കിലും അത് സ്വീകാര്യമല്ലെന്നായിരുന്നു എസ്ഐ അനൂപിന്റെ വാദം. ഇതോടെ വാക്കേറ്റമായി. തുടർന്ന് നിധിനെകസ്റ്റഡിയിൽ എടുത്തു.

കോയിപ്രം സ്റ്റേഷനിലെത്തിച്ച നിധിനെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. മെഡിക്കൽ എടുക്കുന്നതിനായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസ് തന്നെ മർദിച്ചുവെന്ന് ഡോക്ടറോട് നിധിൻ പറഞ്ഞു. മർദനമേറ്റ പാടുകൾ കാണിക്കുകയും ഇത് മെഡിക്കൽ രേഖയിൽ എഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടർ മെഡിക്കൽ രേഖയിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം ഉള്ളതായി എഴുതി.

ഈ മെഡിക്കൽ രേഖ കണ്ട എസ്ഐ കൂടെപ്പോയ പൊലീസുകാരോട് കയർക്കുയും ചെയ്തു. ഇതിനിടെ നിധിൻ ജോലി ചെയ്യുന്ന കിഴക്കേടത്ത് മൊബൈൽ ഷോപ്പിന്റെ ഉടമ ജോർജ് തോമസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസിനെ ശരിക്കും കുടുക്കാൻ പോന്നതായിരുന്നു. ദൃശ്യത്തിൽ നിധിൻ റോഡിന്റെ ഒരു വശത്ത് നിന്ന് മറ്റൊരു വശത്തേക്ക് വാഹനം നീക്കി വയ്ക്കുന്നത് മാത്രമേ കാണുന്നുള്ളു. പിന്നെ എപ്പോഴാണ് അലക്ഷ്യമായി വാഹനം ഓടിച്ചതെന്നോ ഇതിന് പൊലീസിന് എന്ത് തെളിവാണ് ഉള്ളതെന്നോ വ്യക്തമാക്കുന്നില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം നടന്നത്.

മൂന്നര വർഷമായി ഈ മൊബൈൽ ഷോപ്പിലാണ് ആലുവ സ്വദേശിയായ നിധിൻ ജോലി ചെയ്യുന്നത്. പൊലീസിന്റെ പല തരത്തിലുള്ള കേസ് അന്വേഷണത്തിനും കവലയിലെ സിസിടിവി ദൃശ്യങ്ങൾ പകർത്തി നൽകുന്നത് നിധിനാണ്. ലോക് ഡൗൺ കാലത്താണ് നിധിനും പൊലീസുമായുള്ള പ്രശ്്നങ്ങളുടെ തുടക്കം. പകുതി പേപ്പറിൽ സത്യവാങ് മൂലം എഴുതി പുറത്തിറങ്ങിയ നിധിനെ പൊലീസ് ഏറെ നേരം പിടിച്ചു നിർത്തുകയും പരിഹസിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇതേ വലിപ്പത്തിലുള്ള സത്യവാങ്മൂലവുമായി വന്ന മറ്റൊരാളെ കടത്തി വിട്ടത് നിധിൻ ചോദ്യം ചെയ്തു. ഇതേ തുടർന്നുണ്ടായ തർക്കമാണ് ചില പൊലീസുകാരും നിധിനുമായി വൈരാഗ്യം ഉണ്ടാകുന്നതിന് ഇടയാക്കിയത്. പിന്നീട് ക്വാറന്റൈൻ ലംഘിച്ചെന്നാരോപിച്ച് നിധിനെതിരെ കേസെടുക്കാൻ ശ്രമം നടന്നെങ്കിലും അടുത്ത വീട്ടിലെ ആളിനാണ് കോവിഡ് പോസിറ്റീവായതെന്ന് ബോധ്യപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ഹെൽമറ്റില്ലാത്തതിന്റെ പേരിൽ തുടങ്ങിയ തർക്കം വലിയ കേസിലേക്കെത്തിയത്. പൊലീസിലെ ഒരു വിഭാഗം നിഥിന് അനുകൂലമാണ്. ലോക്ഡൗൺ കാലത്ത് ഉൾപ്പെടെ പൊലീസുകാരുടെ മൊബൈൽ ഫോണുകൾ ശരിയാക്കാൻ ഏത് സമയത്തും നിധിനെ സമീപിക്കാറുണ്ട്. എന്തായാലും സിസി ടിവി ദൃശ്യങ്ങളും ശബ്ദരേഖകളും ഉൾപ്പെടെ ഇപ്പോൾ പൊലീസിന് എതിരേ പരാതി നൽകിയിരിക്കുകയാണ് നിധിൻ. സിപിഎം അംഗം കൂടിയായ കട ഉടമ ജോർജ് തോമസ് പാർട്ടി മേൽ ഘടകത്തെയും വിവരം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP