Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന കമന്റ്; കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് എതിരെ കേസെടുത്തു; കേസ് എസ്എഫ്‌ഐയുടെ പരാതിയിൽ; കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദശത്തോടെ പ്രകോപനം എന്നാരോപിച്ച് കേസ്

രക്തസാക്ഷി ദിനത്തിൽ ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന കമന്റ്; കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവന് എതിരെ കേസെടുത്തു; കേസ് എസ്എഫ്‌ഐയുടെ പരാതിയിൽ; കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദശത്തോടെ പ്രകോപനം എന്നാരോപിച്ച് കേസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ട കോഴിക്കോട് എൻ..ഐ.ടി പ്രൊഫസർക്കെതിരെ പൊലീസ് കേസെടുത്തു. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവനാണ് ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റിനടിയിൽ കമന്റിട്ടത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം എന്നായിരുന്നു പ്രൊഫസറുടെ കമന്റ് .ഐ പി. സി 153 (കലാപം ഉണ്ടാക്കാൻ ഉള്ള ഉദ്ദേശത്തോടെ ഉള്ള പ്രകോപനം) പ്രകാരമാണ് കേസ് എടുത്തത്. എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം അശ്വിൻ നൽകിയ പരാതിയിലാണ് നടപടി.

നേരത്തെ കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദും നടക്കാവ് പൊലീസ് സ്റ്റേഷനിൽ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് സൂരജും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഡിവൈഎഫ്ഐ.യും അദ്ധ്യാപികയ്ക്കെതിരെ പരാതി നൽകിയിരുന്നു.

ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്നയാൾ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനിയറിങ് വിഭാഗം പ്രൊഫസർ ഷൈജ ആണ്ടവൻ 'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ' എന്ന് കമന്റ് ഇട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഷൈജ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.

അദ്ധ്യാപികയുടെ പരാമർശം അതീവ ഗൗരവതരമാണെന്ന് എസ്.എഫ്.ഐ പ്രസിഡന്റ് പി.എം. അർഷോ പറഞ്ഞു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘപരിവാറിന് അനുകൂലമായി ചിന്തിക്കുന്ന ഒരുപറ്റം തലച്ചോറുകളെ സൃഷ്ടിക്കാനുള്ള ഫാക്ടറിയാക്കി മാറ്റുക എന്ന സംഘപരിവാർ ശ്രമത്തിന് നേതൃത്വം കൊടുക്കുന്നയാളുകളാണ് ഇത്തരം മനസ്ഥിതിയുമായി മുന്നോട്ട് പോകുന്നത്. അവരെ പൊതുസമൂഹം ഇത് തള്ളിക്കളയണം.

എൻ.ഐ.ടി.യിൽ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥിയുടെ പരാതി പരിഗണിക്കുന്നത് വിവാദ പോസ്റ്റ് ഇട്ട അദ്ധ്യാപിക അധ്യക്ഷ ആയ കമ്മിറ്റിയാണ്. രാഷ്ട്രീയപരമായും നിയമപരമായും ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുമെന്നും ആർഷോ വ്യക്തമാക്കി.

ഗോഡ്‌സെ അനുകൂല പോസ്റ്റിട്ട എൻ.ഐ.ടി അദ്ധ്യാപിക ഷൈജ അണ്ടവനെത്തിരെ നടപടി വേണമെന്ന് എം.കെ. രാഘവൻ എംപിയും ആവശ്യപ്പെട്ടു. എന്റെ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാപനമായ എൻ.ഐ.ടിയിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ ഗോഡ്‌സെയുടെ പ്രവർത്തിയെ പ്രകീർത്തിച്ചുക്കൊണ്ട് മഹാത്മാ ഗാന്ധിക്കെതിരെ ഇങ്ങനെയൊരു പോസ്റ്റിട്ടത് കണ്ടപ്പോൾ നാണക്കേടു തോന്നി. ബന്ധപ്പെട്ട അധികൃതർ മാതൃകാപരമായ നടപടി സ്വീകരിക്കണം', അദ്ദേഹം എക്‌സിൽ കുറിച്ചു.

പ്രാണപ്രതിഷ്ഠാദിനത്തിൽ എൻഐടിയിൽ സംഘപരിവാർ അനുകൂല വിദ്യാർത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തിൽ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുള്ള വിദ്യാർത്ഥി സംഘർഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. എന്നാൽ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവൻ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവർ പറഞ്ഞിരുന്നു.

ഷൈജ ആണ്ടവനെ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അദ്ധ്യാപിക സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ചു. ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.

ഡിവൈഎഫ്‌ഐ പ്രസ്താവന:

'മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്‌ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണം. ഗോഡ്‌സേയെ പുകഴ്‌ത്തി കൊണ്ട് സംഘപരിവാർ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അർത്ഥത്തിൽ ഷൈജ ആണ്ടവൻ കമന്റിട്ടത്.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീര പരിവേഷം നൽകി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്.

ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അദ്ധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP