Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ആരംഭിച്ച് പൊലീസ്; പുറത്ത് വിട്ടത് 210 പേരുടെ ചിത്രങ്ങൾ; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സ്ത്രീകളെ തടയാനെന്ന പേരിൽ അക്രമം കാണിച്ചവർക്കെതിരെ; തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താൻ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഉത്തരവ്; ചുമത്തിയിരിക്കുന്നത് പൊലീസിനെ തടസ്സപ്പെടുത്തിയത് മുതൽ കലാപത്തിന് ഗൂഢാലോചന വരെയുള്ള വകുപ്പുകൾ; മണ്ഡല കാലത്ത് സന്നിധാനത്ത് കനത്ത നിയന്ത്രണങ്ങൾ; കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ കരിങ്കൊടി

ശബരിമലയിൽ സംഘർഷത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ആരംഭിച്ച് പൊലീസ്; പുറത്ത് വിട്ടത് 210 പേരുടെ ചിത്രങ്ങൾ; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സ്ത്രീകളെ തടയാനെന്ന പേരിൽ അക്രമം കാണിച്ചവർക്കെതിരെ; തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്താൻ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഉത്തരവ്; ചുമത്തിയിരിക്കുന്നത് പൊലീസിനെ തടസ്സപ്പെടുത്തിയത് മുതൽ കലാപത്തിന് ഗൂഢാലോചന വരെയുള്ള വകുപ്പുകൾ; മണ്ഡല കാലത്ത് സന്നിധാനത്ത് കനത്ത നിയന്ത്രണങ്ങൾ; കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ കരിങ്കൊടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ശബരിമലയിലെ വിവിധ കേസുകളിൽ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങൾക്ക് വിവരം കൈമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

210 പേരുടെ ചിത്രങ്ങളാണ് പൊലീസ് ഷെയർ ചെയ്തിരിക്കുന്നത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയും പത്തനംതിട്ടയിൽ തീർത്ഥാടനത്തിനായി എത്തിയവരുടെ വാഹനങ്ങൾ തടയുകയും മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ നശിപ്പിക്കുകയും മാധ്യമപ്രവർത്തകരെ അക്രമിക്കുകയും ചെയ്തവരെയാണ് ഇപ്പോൾ പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

പൊലീസും പ്രക്ഷോഭക്കാരും തമ്മിൽ ഒക്ടോബർ 17ന് തുലാമാസ പൂജകൾക്കായി നട തുറന്ന ദിവസം നിലയ്ക്കലിൽ സംഘർഷം ഉണ്ടാവുകയും പിന്നീട് ഈ പ്രദേശങ്ങളിൽ 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് നടയടച്ചതിന് പിന്നാലെ ഇവരെ തിരിച്ചറിയാനും നടപടി സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർക്കാൻ ശ്രമിച്ചതും പൊലീസിനെ കൃത്യനിർവ്വഹണത്തിൽ തടസ്സപ്പെടുത്തിയതും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടത്തിട്ടുള്ളത്.

മുഖ്യമന്ത്രിയെ കൊല്ലത്ത് ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു.ശബരിമല സംബന്ധിച്ച നിലപാടിനെതിരെയാണ് പ്രതിഷേധം.കൊല്ലം ഉമയനല്ലൂരാണ് കരിങ്കൊടി കാട്ടിയത്.ഇരവിപുരം ബൂത്ത് പ്രസിഡന്റ് അനിലിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറി സി.ബി പ്രതീഷ്, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗം പ്രജിത്ത്, നേതാക്കന്മാരായ ജയപ്രകാശ്, സജിത്ത്, രാജേഷ് എന്നിവർ നേതൃത്വം നൽകി

തുലാമാസ പൂജകൾക്കായി നട തുറന്നപ്പഴുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് വലിയ രീതിയിലുല്‌ള സുരക്ഷ ക്രമീകരണങ്ങളാണ് പൊലീസ് മണ്ഡലകാലത്തേക്കായി ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ശബരിമലയിൽ സംഘർഷത്തിന് നേതൃത്വം കൊടുത്തവരുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. എല്ലാ ജില്ലകൾക്കും ഇവരെ ഐഡന്റി ഫൈ ചെയ്ത് അറസ്റ്റ് ചെയ്യാൻ ഉത്തരവുണ്ട്. ഇവർക്കെതിരെ പൊലീസിന്റെ ജോലി തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു., കലാപത്തിന് ശ്രമിച്ചു, അന്യായമായി സംഘം ചേർന്നു, കലാപത്തിനുള്ള ഗൂഢാലോചന , ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്.

സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. സന്നിധാനത്ത് തീർത്ഥാടകർക്ക് ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തും. 16 മുതൽ 24 മണിക്കൂറിൽ കൂടുതൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കരുത്. ഒരുദിവസത്തിനപ്പുറം മുറികൾ വാടകയ്ക്ക് നൽകരുതെന്നും പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമുണ്ടായി. നിലയ്ക്കൽ മുതൽ തീർത്ഥാടകരെ നിയന്ത്രിക്കും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ അനുമതി തേടാനും യോഗത്തിൽ തീരുമാനമായി.നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.

അതിനിടെ ശബരിമല വിഷയം ചർച്ച ചെയ്യാൻ ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചത്. ശബരിമല വിധി നടപ്പാക്കാതിരുന്നാൽ സത്യപ്രതിജ്ഞാലംഘനമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് പറഞ്ഞു. പുനപരിശോധന ഹർജി നൽകിയാൽ അപഹാസ്യരാകും. സമരം നടത്തുന്നവർ സംസ്ഥാനത്തെ മതനിരപേക്ഷ ശക്തിക്ക് മുന്നിൽ ഒന്നുമല്ല. ശബരിമലയിൽ തങ്ങി കുഴപ്പമുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തുന്നവർ ശബരിമലയിൽ തങ്ങാവുന്ന ഭക്തരെ മാത്രമേ ഓരോ ദിവസവും അനുവദിക്കൂ. തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

സന്നിധാനത്തുണ്ടായ അക്രമങ്ങളെ കുറിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കാനും പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി. എസ്‌പിമാരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ അന്വേഷണം ഉണ്ടാകും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവർക്കെതിരെയും നടപടി ഉണ്ടാകും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സർക്കാരിനും ദേവസ്വം ബോർഡിന് ഒരാഴ്ചക്കുള്ളിൽ സമർപ്പിക്കും. പമ്പയിൽ കൂടുതൽ വനിത പൊലീസുകാരെ വിന്യസിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി.

സന്നിധാനത്ത് ബോധപൂർവ്വം ആളുകളെത്തി തങ്ങിയാണ് സംഘർഷമുണ്ടാക്കിയതെന്നാണ് നിഗമനം. അതിനാൽ സന്നിധാനത്തും പരിസരത്തും ആളുകൾ കൂടുതൽ ദിവസങ്ങൾ തങ്ങുന്നതിന് നിയന്ത്രിക്കണമെന്ന് ദേവസ്വം ബോർഡിനോടും സർക്കാറിനോടും ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. ഒരു ദിവസത്തിൽ കൂടുതൽ താമസിക്കാൻ ബോർഡോ സംഘടനകളോ ആർക്കും മുറി അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

മണ്ഡല-മകരവിളക്ക് കാലത്തെ സന്നിധാനത്തെ വനിതാ പൊലീസ് വിന്യാസത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിഷൽ വിവിധ ജില്ലകളിലായി 146 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലാകളിൽ എസ്‌പിമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചക്കുള്ളിൽ ദേവസ്വം ബോർഡിന് പൊലീസിന് റിപ്പോർട്ട് നൽകും. 29ന് വീണ്ടും ഉന്നതതലയോഗം ചേരും.

ശബരിമലയിൽ ദർശനത്തിനായി തിരുപ്പതി ക്ഷേത്ര മാതൃകയിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ശബരിമലയിലെത്തുന്നത്. ഇവർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓൺലൈൻ സംവിധാനത്തെ കുറിച്ച് നേരത്തെ ആലോചിച്ചിരുന്നതാണ്. ഒരു സമയത്ത് എത്ര ആളുകൾക്ക് പോകാം എന്ന കാര്യത്തിൽ വ്യക്തത വരുത്തും. അധിക സമയം ആർക്കും അവിടെ നിൽക്കാൻ പറ്റില്ല. ഇക്കാര്യത്തിൽ ഭക്തരുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP