Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് നിയമവഴിയിൽ ബിജെപി; നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകും; വിഷയത്തിൽ ഗവർണറെ ഇടപെടീക്കാനും ശ്രമം; ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ ഗവർണറെ കാണുന്നതും വിഷയം ലൈംലൈറ്റിൽ നിർത്തുന്ന ശ്രമത്തിന്റെ ഭാഗമായി

ശബരിമലയിൽ പൊലീസ് നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ട് നിയമവഴിയിൽ ബിജെപി; നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകും; വിഷയത്തിൽ ഗവർണറെ ഇടപെടീക്കാനും ശ്രമം; ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ ഗവർണറെ കാണുന്നതും വിഷയം ലൈംലൈറ്റിൽ നിർത്തുന്ന ശ്രമത്തിന്റെ ഭാഗമായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിയമത്തിന്റെ വഴിയേ നീങ്ങി ബിജെപി. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾ നീക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി നിയമനടപടിക്ക് ഒരുങ്ങുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകും. ക്രമസമാധാനപ്രശ്‌നങ്ങളുടെ പേരിൽ തീർത്ഥാടകരുടെ അവകാശങ്ങളിൽ പൊലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹർജി നൽകുക. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാൻ അനുവദിച്ചില്ലെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉന്നയിച്ച് ബിജെപി, സംഘപരിവാർ നേതാക്കളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം പൊലീസ് നിയന്ത്രണത്തിനെതിരെ ശബരിമല കർമ സമിതി ഗവർണറെ കാണാനും പദ്ധതിയുണ്ട്. നിയന്ത്രണം ഭക്തര വലയ്ക്കുന്നു എന്നാണ് ശബരിമല കർമ സമിതിയുടെ പരാതി. രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ചായിരിക്കും കർമ സമിതിയുടെയും ഗവർണറുടെയും കൂടിക്കാഴ്ച. പ്രതിഷേധക്കാർ സംഘടിക്കാതിരിക്കാനായി സന്നിധാനത്തും പമ്പയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

സന്നിധാനവും പരിസരവും ഇതുവരെ ശാന്തവുമാണ്. കർശന പരിശോധന കടന്നുവേണം നടപന്തലിലെ ക്യൂവിലേക്ക് തീർത്ഥാടകർക്ക് കടക്കാൻ. ക്യൂവിലൂടെ തന്നെ പതിനെട്ടാം പടികടന്ന് ദർശനം നടത്തി, മാളികപ്പുറത്തും പോയിമടങ്ങണം. പ്രതിഷേധത്തിനായി കൂടാൻ ഒരു തരത്തിലും അവസരമില്ല. പമ്പ മുതൽ ക്യാമറകണ്ണുകളിലൂടെ വേണം ഓരോരുത്തരും കടന്ന് പോകാൻ. അതേസമയം സന്നിധാനത്ത് രാത്രിയിൽ കർശന സുരക്ഷ തുടരുമ്പോഴും തീർത്ഥാടകർക്ക് ഇന്നലെ വിരിവയ്ക്കാൻ പൊലീസ് അനുമതി നൽകിയിരുന്നു. നെയ്യഭിഷേകത്തിന് മുൻകൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാൻ അനുവദിച്ചത്. നട അടച്ചാൽ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുൻ നിർദ്ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീർത്ഥാടകർക്കും പൊലീസ് ഇളവ് നൽകിയിരുന്നു.

അതിനിടെ നെയ്യഭിഷേകത്തിന് തങ്ങുന്നവരെ അടക്കം പൊലീസ് സന്നിധാനത്തുനിന്ന് ഒഴിപ്പിക്കുന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. പ്രായമായ സ്ത്രീകളേയും കുട്ടികളേയും പോലും സന്നിധാനത്ത് വിശ്രമിക്കാൻ പോലും അനുവദിച്ചില്ല. ആറു കിലോമീറ്റർ നീളുന്ന കഠിനമായ മലകയറ്റത്തിന് ശേഷമാണ് ഭക്തർ സന്നിധാനത്ത് എത്തുന്നത്. അതിന് ശേഷം പതിനെട്ടാംപടി കയറാൻ വലിയ ക്യൂവും ഉണ്ടാകും. അതുകൊണ്ട് തന്നെ ദർശനം കഴിയുമ്പോൾ പ്രായമായവരും കുട്ടികളും ക്ഷീണിക്കുന്നത് പതിവാണ്. ഇതിന് വേണ്ടിയാണ് വിരിവച്ച് ഭക്തർ സന്നിധാനത്ത് വിശ്രമിക്കുന്നത്. ഇതിനാണ് യുവതി പ്രവേശനത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പൊലീസ് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഭക്തർ വലഞ്ഞു.

മനസില്ലാ മനസോടെയാണ് ഭക്തരെ പൊലീസും ഒഴുപ്പിക്കുന്നത്. മുകളിൽ നിന്നുള്ള തീരുമാനങ്ങളിൽ വിശ്വാസികളായ പൊലീസുകാരെല്ലാം അതൃപ്തരുമാണ്. ഇത്തരത്തിൽ പൊലീസിൽ അതൃപ്തി പുകയുമ്പോഴും ഭക്തരെ കർശനമായി നേരിടാനാണ് പൊലീസിന് ഡിജിപിയും മറ്റും നൽകിയിരിക്കുന്ന നിർദ്ദേശം. ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ ഇരുമുടി കെട്ടുമായി മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്തു. പട്ടികമോർച്ചാ നേതാവ് പി സുധീറിനെ സന്നിധാനത്ത് വച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും പ്രകോപനമുണ്ടാക്കാതെയാണ് അറസ്റ്റ്. ബിജെപി-ഹിന്ദു സംഘടനാ നേതാക്കളും സന്നിധാനത്ത് എത്താതിരിക്കാനാണ് ഇത്തരത്തിൽ അറസ്റ്റ്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ഭക്തരുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാൻ ആളുണ്ടാകില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

ഹരിവരാസനം പാടി 10 മണിയോടെ നടയടച്ചതിന് ശേഷമാണ് സന്നിധാനത്ത് തങ്ങുന്നവരെ പൊലീസ് ഒഴിപ്പിക്കൻ തുടങ്ങിയത്. എന്നാൽ വിരിവെക്കാൻ സ്ഥലം വേണമെന്ന് ഭക്തർ ആവശ്യപ്പെട്ടെങ്കിലും എവിടെ തങ്ങണമെന്ന് ഭക്തർക്ക് നിർദ്ദേശം നൽകിയില്ല. ഇതിനിടെ പ്രതിഷേധവുമായി ബിജെപി നേതാവ് വി വി രാജേഷും സംഘവും എത്തി. ദേവസ്വം ബോർഡ് പ്രസിഡന്റുമായും പൊലീസ് ഉദ്യോഗസ്ഥരുമായും രാജേഷ് സംസാരിച്ചു. റിപ്പോർട്ട് ചെയ്യാൻ ചാനലുകളും എത്തി. ഇതിനിടെയിലും വർഷങ്ങളായി വിരിവെക്കുന്ന സ്ഥലങ്ങളിൽ നിന്നുവരെ ഭക്തരെ ഒഴിപ്പിച്ചു. കുട്ടികളുമായെത്തിയവരെ വരെ ഒഴിപ്പിച്ചു. ഇതെല്ലാം സന്നിധാനത്ത് പതിവില്ലാത്ത പൊലീസ് ഇടപെടലായിരുന്നു.

സന്നിധാനത്ത് നിന്ന് ആരെയും ബലംപ്രയോഗിച്ച് ഒഴിപ്പിക്കില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചാണ് ബലം പ്രയോഗിച്ചില്ലെങ്കിലും സന്നിധാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വിരിവെച്ച ഭക്തരെ ഒഴിപ്പിക്കുന്നത്. ഇവരോട് താഴേക്ക് മടങ്ങിപ്പോകാനാണ് നിർദ്ദേശിച്ചത്. എന്നാൽ നിർബന്ധപൂർവ്വം അത് ചെയ്യിക്കുകയും ചെയ്തു. ആരെയും ആചാരങ്ങൾ ലംഘിക്കുന്ന തരത്തിൽ സന്നിധാനത്തുനിന്ന് ഒഴിപ്പിക്കില്ലെന്ന ഉറപ്പ് ദേവസ്വം ബോർഡ് നൽകിയിരുന്നു. ഇതും ലംഘിക്കപ്പെട്ടു. നെയ്യഭിഷേകം നടത്താനാവാതെ നിരവധി ഭക്തർക്ക് പൊലീസ് നടപടി മൂലം പമ്പയിലേക്ക് മടങ്ങേണ്ടി അവസ്ഥയുണ്ടായി. അയ്യപ്പന്മാർ വിരിവെക്കുന്ന വലിയ നടപ്പന്തലിൽ പൂർണമായും പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ആരും ഇവിടെ തങ്ങാതിരിക്കാനാണ് ഇത്.

വെള്ളിയാഴ്ച രാത്രി സന്നിധാനത്ത് എത്തിയ ഭക്തർ നെയ്യഭിഷേകം കഴിയാതെ തിരിച്ചിറങ്ങാതിരിക്കുകയും ശനിയാഴ്ച പുലർച്ചെ മുതൽ കൂടുതൽ ഭക്തർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങുകയും ചെയ്യുന്നത് തിരക്കിന് കാരണമാകും. പമ്പയിൽ നൂറുകണക്കിന് ഭക്തരേയാണ് പൊലീസ് സന്നിധാനത്തേക്ക് കയറ്റിവിടാതെ തടഞ്ഞത്. ഇവർകൂടി സന്നിധാനത്തേക്ക് എത്തുന്നതോടെ സന്നിധാനത്ത് തിരക്ക് അധികമാകും. ഇതിനൊപ്പം പ്രതിഷേധം ശക്തമാകാനും സാധ്യതയുണ്ട്. പൊലീസിനെ ആരു ചോദ്യം ചെയ്താലും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇതിലൂടെ സന്നിധാനത്ത് പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം.

നിലവിൽ രാത്രി ആരെയും മലചവിട്ടാൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. നടതുറക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കയറ്റിവിടുകയുള്ളു. ഇത് തിരക്ക് ക്രമാതീതമായി കൂടുമ്പോൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അതിനിടെ ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം ചോദിച്ച് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്നോ നാളെയോ ഹർജി നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ചന്ദ്ര ഉദയ് സിങ് ബോർഡിനു വേണ്ടി ഹാജരാകും. ഇന്നലെ പമ്പയിൽ ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. ഇത് കോടതി അംഗീകരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് നിയന്ത്രണങ്ങൾ എന്തിനാണെന്നാണ് ഉയരുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP