Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

അമ്മയുടെ സ്വത്ത് തട്ടിയെടുക്കാൻ ജയകുമാർ സഹോദരങ്ങളെ അകറ്റിയത് കോടതി ഉത്തരവിന്റെ പേര് പറഞ്ഞ്; ഭക്ഷണവും മരുന്നും കിട്ടാതെ അവശയായ വൃദ്ധ നിലവിളിച്ചത് ശരീരത്തിൽ പുഴുവരിച്ച വേദന സഹിക്കാനാകാതെ; മകൻ പൂട്ടിയിട്ട അമ്മയെ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് മോചിപ്പിച്ചത് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും ഉറച്ച നിലപാടിനൊടുവിൽ

അമ്മയുടെ സ്വത്ത് തട്ടിയെടുക്കാൻ ജയകുമാർ സഹോദരങ്ങളെ അകറ്റിയത് കോടതി ഉത്തരവിന്റെ പേര് പറഞ്ഞ്; ഭക്ഷണവും മരുന്നും കിട്ടാതെ അവശയായ വൃദ്ധ നിലവിളിച്ചത് ശരീരത്തിൽ പുഴുവരിച്ച വേദന സഹിക്കാനാകാതെ; മകൻ പൂട്ടിയിട്ട അമ്മയെ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് മോചിപ്പിച്ചത് ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും ഉറച്ച നിലപാടിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

ബാലരാമപുരം: സ്വത്ത് തട്ടിയെടുക്കാൻ ഭക്ഷണവും ചികിത്സയും നൽകാതെ മകൻ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരുന്ന ബാലരാമപുരം റസൽപുരം ശാന്തിപുരം പേരകത്ത് വീട്ടിൽ ലളിത സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ. വ്യാഴാഴ്‌ച്ച രാത്രിയിലാണ് 75കാരിയായ വൃദ്ധയെ ബാലരാമപുരം പൊലീസ് മോചിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലളിതയുടെ ഇളയ മകൻ ജയകുമാറാണ് അമ്മയെ മാസങ്ങളായി മറ്റ് മക്കളെയോ ബന്ധുക്കളെയോ നാട്ടുകാരെയോ കാണാൻ അനുവദിക്കാതെ വീടിനുള്ളിൽ പൂട്ടിയിട്ടിരുന്നത്.

ലളിതയുടെ പേരിലുണ്ടായിരുന്ന 30 സെന്റ് സ്ഥലവും വീടും ബാങ്ക് അക്കൗണ്ടിലുള്ള 14 ലക്ഷം രൂപയും ജയകുമാർ സ്വന്തമാക്കുകയായിരുന്നു. സ്വത്ത് കൈക്കലാക്കിയത് മറ്റ് മക്കൾ അറിയാതിരിക്കാൻ സഹോദരങ്ങളെ പോലും വീട്ടിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്വത്ത് നാല് മക്കൾക്കുമായി വീതിച്ചുനൽകണമെന്നായിരുന്നു ലളിതയുടെ ആഗ്രഹം. ഇതറിയാവുന്ന ജയകുമാർ സഹോദരങ്ങളോ ബന്ധുക്കളോ വീട്ടിൽ കയറാൻ പാടില്ലെന്ന് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.

അമ്മയെ കാണണം എന്ന സഹോദരങ്ങളുടെ ആവശ്യം പോലും ജയകുമാർ അനുവദിച്ചില്ല. അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ബന്ധുക്കളെ കാണിക്കാൻ മാസങ്ങൾക്ക് മുമ്പ് ജയകുമാർ തന്നെ ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങളും ഇതിനിടെ പുറത്തായി. നടക്കാൻ പോലും വയ്യാത്ത അമ്മയെ നിർബന്ധിച്ച് വീടിനുള്ളിലും പുറത്തും നടത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണിതിൽ. ഇതിനിടയിൽ ഇരുന്നുപോയ അമ്മയെ ശകാരിക്കുന്നുമുണ്ട്. അമ്മ ഭക്ഷണം കഴിക്കാതിരിക്കാൻ അടുക്കള പൂട്ടിയിടുന്നതും കാണാം.

കുടിവെള്ളം പോലും ലഭിക്കാതെ അവശനിലയിൽ പുഴുവരിച്ച നിലയിലായിരുന്നു ലളിത. ഇവരുടെ നിലവിളി കേട്ട് സമീപവാസികൾ അറിയിച്ചതനുസരിച്ച് വ്യാഴാഴ്ച വൈകിട്ട് മറ്റ് രണ്ട് പെൺമക്കളും മറ്റൊരു മകനും നാട്ടുകാരും വീടിന് മുന്നിലെത്തി ലളിതയെ വീടിന് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വഴങ്ങിയില്ല. ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ എത്തിയെങ്കിലും നിലപാടിൽ മാറ്റമുണ്ടായില്ല.

തുടർന്ന് രാത്രിയോടെ പൊലീസെത്തി ജയകുമാറുമായി സംസാരിച്ചു. മറ്റൊരു മക്കളെയും വീട്ടിനുള്ളിൽ പ്രവേശിപ്പിക്കരുത് എന്ന കോടതി ഉത്തരവ് നിലവിലുണ്ട് എന്നായിരുന്നു ജയകുമാറിന്റെ നിലപാട്. എന്നാൽ ഉത്തരവിന്റെ കോപ്പി ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. ഇതിനിടെ അമ്മയെ താൻ ശനിയാഴ്ച നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിൽ ഹാജരാക്കാമെന്നും പൊലീസും നാട്ടുകാരും പിരിഞ്ഞുപോകണമെന്നും ജയകുമാർ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് പൊലീസ് പിന്തിരിയാൻ ശ്രമിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, വാർഡ് അംഗങ്ങളായ ആർ.കെ. ബിന്ദു, ഐ.കെ. സുപ്രിയ, ജി.ജയകുമാർ എന്നിവർ ഇവരെ മോചിപ്പിക്കും വരെ വീടിന് മുന്നിൽ സത്യഗ്രഹം കിടക്കുമെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസിന് ബലപ്രയോഗം നടത്തേണ്ടി വന്നു. ജയകുമാർ വഴങ്ങാതെ വന്നതോടെ ഇൻസ്‌പെക്ടർ ജി. ബിനുവിന്റെ നേതൃത്വത്തിലാണു പൊലീസ് വീടിനുള്ളിൽ കടന്നത്. പൊലീസ് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. അവശനിലയിലായ ലളിത ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.

അറസ്റ്റ് ചെയ്ത ജയകുമാറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതു വിവാദമായിട്ടുണ്ട്. സംഭവം വാർത്തയായതോടെ സബ് കലക്ടർ ഇതുസംബന്ധിച്ച് ബാലരാമപുരം പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം ഇയാൾക്കെതിരെ സ്വമേധയാ നടപടി എടുക്കുമെന്ന് അറിയിച്ചതായി ബാലരാമപുരം പൊലീസ് അറിയിച്ചു. മറ്റ് മക്കൾക്കുകൂടി അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

ലളിതയുടെ ഭർത്താവ് ശിവാനന്ദൻ നേരത്തേ മരിച്ചതാണ്. ഇവരുടെ നാലു മക്കളിൽ ഇളയവനാണ് ജയകുമാർ. ജയകുമാറടക്കം എല്ലാ മക്കളും മാറിത്താമസിക്കുകയാണ്. ലളിത ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇളയ മകൻ ദിവസവും വന്നു പോവുകയായിരുന്നു. ഇതിനിടയിലാണ് മറ്റു മൂന്നു മക്കൾക്ക് കൂടി അവകാശപ്പെട്ട സ്വത്തിന്റെ അവകാശി താനാണെന്നു രേഖയുണ്ടാക്കിയതും മറ്റ് മക്കൾ കയറാതിരിക്കാൻ വീട് പൂട്ടിയിട്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP