Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിക്കാനെത്തിയ വാഹനത്തിന് മുന്നിൽ കയറിനിന്ന് തടഞ്ഞത് സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ; എംഎൽഎ എത്തി ചർച്ച നടത്തിയ ശേഷം മണ്ണ് മാറ്റാൻ അനുവദിക്കാമെന്ന നിർദ്ദേശവും കളക്ടർക്ക് സ്വീകാര്യമായില്ല; നടപടി നിർത്തിവെക്കാൻ ഉന്നതങ്ങളിൽ നിന്നും ഉടൻ നിർദ്ദേശമെത്തുമെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെ ബണ്ട് പൊളിച്ചുകളഞ്ഞത് കളക്ടറുടെ കർശന നിർദ്ദേശം ലഭിച്ചതോടെ

ഭൂതത്താൻകെട്ടിലെ അനധികൃത ബണ്ട് പൊളിക്കാനെത്തിയ വാഹനത്തിന് മുന്നിൽ കയറിനിന്ന് തടഞ്ഞത് സിപിഎമ്മിന്റെ ജനപ്രതിനിധികളടക്കമുള്ള നേതാക്കൾ; എംഎൽഎ എത്തി ചർച്ച നടത്തിയ ശേഷം മണ്ണ് മാറ്റാൻ അനുവദിക്കാമെന്ന നിർദ്ദേശവും കളക്ടർക്ക് സ്വീകാര്യമായില്ല; നടപടി നിർത്തിവെക്കാൻ ഉന്നതങ്ങളിൽ നിന്നും ഉടൻ നിർദ്ദേശമെത്തുമെന്ന് നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ടുപിന്നാലെ ബണ്ട് പൊളിച്ചുകളഞ്ഞത് കളക്ടറുടെ കർശന നിർദ്ദേശം ലഭിച്ചതോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ പുന്നേക്കാട് വെള്ളംകെട്ടിച്ചാലിൽ നീർച്ചാർ പ്രദേശത്തിന് കുറുകെ നിർമ്മിച്ച കൂറ്റൻ ബണ്ട് പൊളിച്ചുനീക്കി. സി പി എം ജനപ്രതിനിധികളും നേതാക്കളും നാട്ടുകാരെകൂട്ടി നടത്തിയ പ്രതിഷേധവും ചെറുത്തുനിൽപ്പും അവഗണിച്ചാണ് വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ പെരിയാർവാലി അധികൃതർ ബണ്ട് പൊളിച്ചുനീക്കിയത്. 10 അടിയോളം വീതിയിൽ 60 അടിയോളം നീളത്തിലാണ് ബണ്ട് നിർമ്മിച്ചിരുന്നത്. ബണ്ടിന് ഇരുവശങ്ങളിലും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴിലെ വനപ്രദേശമാണ്.

ചുരുക്കം താമസക്കാരൊഴിച്ചാൽ പിന്നെ ഈ ബണ്ടിന്റെ പ്രയോജനം ലഭിക്കുക അക്കരെയുള്ള ഭൂഉടമകൾക്കാണ്. വൈദീകനടക്കം ഏതാനും പേർക്ക് ഇവിടെ കൃഷി ഭൂമിയുണ്ട്. ഇവിടേയ്ക്ക് വാഹനങ്ങളെത്തിയാൽ സ്ഥലത്തിന് മൂല്യം വർദ്ധിക്കുമെന്ന തിരിച്ചറിവിൽ കൃഷിഭൂമിയുള്ളവർ ബന്ധപ്പെട്ട വകുപ്പധികൃതരുടെ മൗനസമ്മതത്തോടെ പ്രദേശവാസികളെകൂട്ടി ബണ്ട് നിർമ്മാണം പൂർത്തിയാക്കുകയായിരുന്നെന്നാണ് അറിയുന്നത്. അടുത്തിടെ ജനവാസനേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന വെള്ളംകെട്ടിച്ചാൽ ഭാഗത്ത് ആനയിറങ്ങിയിരുന്നു.നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനക്കൂട്ടത്തെ തുരത്തുന്നതറിഞ്ഞ് ആഴ്ചകൾക്ക് മുമ്പ് പ്രദേശിക ചാനൽ പ്രവർത്തകരടക്കമുള്ള ഒരു സംഘം മാധ്യമ പ്രവർത്തകരും എത്തിയിരുന്നു.

വനമേഖലയിലൂടെ ഓടിമറയുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യമെടുക്കാൻ പായുന്നതിനിടെയാണ് ചാനൽ പ്രവർത്തകർ ബണ്ട് നിർമ്മാണം ശ്രദ്ധിയിക്കുന്നത്.തൊട്ടടുത്ത ദിവസം പ്രാദേശിക ചാനലിൽ ഈ ബണ്ട് നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ടും വന്നിരുന്നു. തുടർന്ന് പത്രങ്ങളുടെ പ്രാദേശിക പേജിലും വാർത്ത ഇടം പിടിച്ചു.പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് അണക്കെ
ട്ടിന്റെ നിർച്ചാൽ പ്രദേശമായതിനാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട ജലസേചന വകുപ്പ് അധികതരുടെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥയുണ്ടായെന്നാണ് ഈ ഘട്ടത്തിൽ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.

സംഭവം മാധ്യമശ്രദ്ധയാകർഷിച്ചതോടെ പെരിയാർവാലി അധികൃതർ ബണ്ട് നിർമ്മിച്ചവർക്കെതിരെ നിയമനടപകൾ ആരംഭിച്ചിരുന്നു.ബണ്ട് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കൃഷി ഭൂമികളുടെ ഉടമസ്ഥർക്ക് നോട്ടീസ് നൽകിയതായി പെരിയാർവാലി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കളക്ടർ ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോതമംഗലം തഹസീൽദാരെ ചുമതപ്പെടുത്തുകയായിരുന്നു.നിർമ്മാണം അനധികതമാണെന്ന് ്അന്വേഷണത്തിൽ വ്യക്തമായതായി തഹസീൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകി.പിന്നാലെ ബണ്ട് പൊളിച്ചുനീക്കാൻ കളക്ടർ പെരിയാർവാലി അധികൃതർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

ഇതുപ്രകാരം ഇന്നലെ പൊളിച്ചുനീക്കൽ ആരംഭിച്ചിരുന്നു. പ്രദേശത്തെ സി പി എം ജനപ്രതിനിധികളും നാട്ടുകാരിൽ ചിലരും എതിർപ്പുമായി എത്തിയതോടെ നേരിയ സംഘർഷം ഉണ്ടായെങ്കിലും മണ്ണ് നീക്കുന്ന ജോലി തുടരുകയായിരുന്നു. ഉച്ചകഴിഞ്ഞ് കളക്ടർ എസ് സുഹാസ് സ്ഥിതിഗതികൾ വിലയിരുത്താൻ നേരിട്ടെത്തി. ഈയവസരത്തിൽ ഒപ്പമുണ്ടായിരുന്ന കോതമംഗലം ഡി എഫ് ഒ യെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ കേസ്സെടുക്കാൻ പൊലീസിനോടും ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം വേഗത്തിലാക്കാൻ പെരിയാർവാലി അധികതരോടും നിർദ്ദേശിച്ചാണ് കളക്ടർ മടങ്ങിയത്.

ഇന്ന് രാവിലെ മണ്ണ് നീക്കാൻ ജെ സി ബി യുമായി പെരിയാർവാലി അധികൃതർ എത്തിയതോടെ സംഘർഷാവസ്ഥ സംജാതവുകയായിരുന്നു. സ്ഥലത്തെത്തിയ കോതമംഗലം തഹസീൽദാർ റെയിച്ചൽ കെ വറുഗീസ് വിവരം കളക്ടറുടെ ശ്രദ്ധിയിൽപ്പെടുത്തി. പൊലീസിന്റെ സഹായത്തോടെ മണ്ണുമാറ്റൽ പൂർത്തിയാക്കാനായിരുന്നു കളക്ടറുടെ നിർദ്ദേശം. വിവരം തഹസീൽദാർ കോതമംഗലം സി ഐ യെ അറിയിച്ചതോടെ പൊലീസ് ആക്ഷൻ തുടങ്ങി. വാഹനത്തിന് മുന്നിൽക്കയറി നിന്നിരുന്ന സി പി എം ജനപ്രതിനിധികളായ സാബു വറുഗീസ്,ബിജു പി നായർ കീരംപാറ പഞ്ചായത്ത് അംഗം സിനി യാക്കോബ്ബ്, സി പി എം നേതാവ് ഇ പി രഘു തുടങ്ങിയവരെയും പ്രദേശവാസികളായ സ്ത്രീകളടക്കമുള്ളവരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

വിവരമറിഞ്ഞ് കളക്ടർ താൽക്കാലികമായി മണ്ണ് മാറ്റൽ ജോലി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടടുത്തായിരുന്നു കളക്ടറുടെ ഇടപെടൽ. അരമണിക്കൂർ പിന്നിട്ടതോടെ മണ്ണ്മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈ ഘട്ടത്തിൽ പ്രതിഷേധക്കാർ വീണ്ടും ഇരച്ചെത്തിയെങ്കിലും പൊലീസ് ശക്തമായ പ്രതിരോധം തീർത്തതിനാൽ ഇവർക്ക് മുന്നോട്ടുപോകാനായില്ല. വൈകിട്ട് 3.30 തോടെ മണ്ണ് നീക്കൽ പൂർത്തിയായി.3 അടി വഴി മാത്രമാണ് നിലവിൽ ഈ ഭാഗത്തുള്ളത്.കോതമംഗലം സി ഐ യൂനസ്, പിറവം സി ഐ ലൈജുമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മണ്ണുമാറ്റം പൂർത്തിയാകുന്നതുവരെ സംഭവസ്ഥലത്തുണ്ടായിരുന്നു.

എം എൽ എ സ്ഥലത്തെത്തിയ ശേഷം വിഷയം ചർച്ച ചെയ്യാമെന്നും തീരുമാനത്തോട് സഹകരിക്കാമെന്നും മറ്റും സി പി എം നേതാവ് സാബു വർഗീസ് മൊബൈലിൽ കളക്ടറെ അറിച്ചെങ്കിലും അദ്ദേഹം ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സംസ്ഥാന ചീഫ് സെക്രട്ടറി വിഷയത്തിൽ കളക്ടർക്ക് മെയിൽ അയച്ചെന്നും ഉടൻ മണ്ണ് മാറ്റം നിർത്താൻ ഉന്നതങ്ങളിൽ നിന്നും നിർദ്ദേശമെത്തുമെന്നും സി പി എം നേതാക്കൾ മാധ്യമങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് മണ്ണ് മാറ്റൽ പുനരാരംഭിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP