Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രാഥമിക വിജിലൻസ് ക്ലിയറൻസിനുള്ള അപേക്ഷ പോലും നൽകിയില്ല; ഭരണം നിഷ്‌ക്രിയമെന്ന് തോന്നിക്കുന്ന സാഹചര്യം ഉണ്ടാക്കിയതിൽ പിണറായി ക്ഷുഭിതൻ; ആഭ്യന്തര സെക്രട്ടറി സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് നളിനി നെറ്റോ; മംഗളം പറഞ്ഞത് ശരിയില്ലെന്ന് എഴുതിയ മനോരമയ്ക്ക് ചമ്മലും

പ്രാഥമിക വിജിലൻസ് ക്ലിയറൻസിനുള്ള അപേക്ഷ പോലും നൽകിയില്ല; ഭരണം നിഷ്‌ക്രിയമെന്ന് തോന്നിക്കുന്ന സാഹചര്യം ഉണ്ടാക്കിയതിൽ പിണറായി ക്ഷുഭിതൻ; ആഭ്യന്തര സെക്രട്ടറി സ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് നളിനി നെറ്റോ; മംഗളം പറഞ്ഞത് ശരിയില്ലെന്ന് എഴുതിയ മനോരമയ്ക്ക് ചമ്മലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനു മെഡൽ ലഭിക്കാനുള്ള അവസരം സംസ്ഥാന പൊലീസിലെ മികച്ച ഉദ്യോഗസ്ഥർക്ക് നഷ്ടമാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലം തന്നെ. ഇതിന് വേണ്ടിയുള്ള ഒരു നടപടിക്രമവും സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിരുന്നില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം ചേരുന്നതിന് വേണ്ടി അടിസ്ഥാന നടപടികളൊന്നും നടന്നിരുന്നില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഉദ്യോഗസ്ഥരെ ശുപാർശ ചെയ്യുന്നതിന് മുമ്പ് വിജിലൻസ് പരിശോധനയും മറ്റ് കാര്യങ്ങളും പൂർത്തിയാക്കണം. എന്നാൽ ഇതൊന്നും നടന്നില്ല. അവസാന നിമിഷം ചില ഉദ്യോഗസ്ഥരുടെ പേര് ഓൺലൈൻ അപ്ലോഡ് ചെയ്യുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കേരളത്തിന് ഇത്തവണ പൊലീസ് മെഡൽ നഷ്ടമാകുന്നത്.

അതിനിടെ ഈ വിഷയം പുതിയ തർക്കങ്ങൾക്കും കാരണമാവുകയാണ്. എല്ലാത്തിനും കാരണം ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയാണെന്ന തരത്തിൽ ചിലർ പ്രചരണം നടത്തുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ നളിനി നെറ്റോ ഇതോടെ കടുത്ത നിലപാടിലേക്കും എത്തുകയാണ്. ആഭ്യന്തര സെക്രട്ടറിയുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നളിനി നെറ്റോ ആവശ്യപ്പെടുമെന്നാണ് സൂചന. നേരത്തെ ഐ എ എസ്-ഐപിഎസ് തർക്കത്തിലും നളിനി നെറ്റോയാണ് മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചതെന്നും കാര്യങ്ങൾ ജേക്കബ് തോമസിന് അനുകൂലമാക്കിയതെന്നും മുതിർന്ന ഐ എ എസുകാർ ആരോപണം ഉന്നയിച്ചിരുന്നു. എല്ലാ കുറ്റവും തന്റെ മേൽ ചാരാനുള്ള ശ്രമം അനുവദിക്കില്ലെന്നാണ് നളിനി നെറ്റോയുടെ നിലപാട്. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന്റെ ഫയൽ നീക്കം തുടങ്ങേണ്ടത് ചീഫ് സെക്രട്ടറിയുടെ അടുത്തു നിന്നാണ്. അതുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.

എന്നാൽ ഈ വിവാദത്തിൽ മുഖ്യമന്ത്രി ക്ഷുഭിതനാണ്. സർക്കാരിന്റെ പ്രതിച്ഛായക്ക് ഈ വിവാദവും കാരണമായെന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന തരത്തിലെ ഔദ്യോഗിക വിശദീകരണം ആഭ്യന്തര വകുപ്പ് ഇറക്കിയതെന്നാണ് സൂചന. ഏതായാലും ആഭ്യന്തര വകുപ്പ് ഒഴിയാനുള്ള നളിനി നെറ്റോയുടെ നിർദ്ദേശം മുഖ്യമന്ത്രി അംഗീകരിക്കില്ലെന്നും സൂചനയുണ്ട്. അതിനിടെ ഈ വിഷയം മാദ്ധ്യമങ്ങൾ തമ്മിലുള്ള തർക്കത്തിനും വഴി വയ്ക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പേ പൊലീസ് മെഡൽ കേരളത്തിൽ ആർക്കും കിട്ടില്ലെന്നും പട്ടിക കൈമാറിയില്ലെന്നും മംഗളത്തിനായി നാരായണൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത ശരിയില്ലെന്ന തരത്തിൽ മനോരമയും പ്രചരിപ്പിച്ചു. ഇപ്പോൾ മെഡൽ ആർക്കും കിട്ടിയില്ല. ഇതോടെ ഫെയ്സ് ബുക്കിലൂടെ പ്രതികരണവുമായി നാരായണനുമെത്തി. കിട്ടാത്ത മുന്തിരി പുളിക്കും.ഈ വാർത്ത ഒൻപത് ദിവസം മുൻപ് മീഗളം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നു വരുത്തി തീർക്കനായിരുന്നു ഒരു മാദ്ധ്യമ്മ സുഹൃത്തിന്റെ നീക്കം. അദേഹത്തിനു വേണ്ടി ഈ വാർത്ത വീണ്ടും സമർപ്പിക്കുന്നുവെന്ന് ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ ഒളിയമ്പ് മനോരമയ്ക്ക് നേരെയാണെന്നാണ് സൂചന.

അതിനിടെ കേരളത്തിൽ വീഴ്ചയുണ്ടായെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു. ഡിസംബർ 11നായിരുന്നു പട്ടിക നൽകേണ്ടിയിരുന്നത്. എന്നാൽ ഡിസംബർ 30നാണ് കേരളം നൽകിയത്. വേണ്ട യോഗമൊന്നും ചേരാതെയായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയ്ക്കൊപ്പം ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടും നൽകണം. എന്നാൽ ഇത് കേരളം ചെയ്തില്ല. ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് വിജിലൻസിന്റെ റിപ്പോർട്ടും മറ്റും അനിവാര്യതയാണ്. ഇതൊന്നും തയ്യാറാക്കുകയോ തേടുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാകും കേരളത്തിന് മെഡൽ ലഭിക്കാത്തതെന്നാണ് സൂചന. അതിനിടെ ഇതിന് മുമ്പും കേരളത്തിന് പൊലീസ് മെഡൽ കിട്ടാത്ത വർഷങ്ങളുണ്ടായിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങൾക്കും ഇത്തവണയും പൊലീസ് മെഡൽ കിട്ടില്ല. അങ്ങനെ എല്ലാവർക്കും കൊടുക്കുന്നതല്ല മെഡലെന്നും ഇദ്ദേഹം മറുനാടനോട് പ്രതികരിച്ചു.

എന്നാൽ ഉന്നതഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് ഈ സാഹചര്യം ഉണ്ടാക്കിയതെന്ന വിലയിരുത്തലും സജീവമാണ്. സംസ്ഥാന സർക്കാരിന്റെ പ്രശ്നമാണ് ഇതിന് കാരണമെന്ന വിലയിരുത്തൽ പ്രതിപക്ഷത്തിനുമുണ്ട്. കേന്ദ്രത്തിന് അയച്ചുകൊടുക്കേണ്ട മെഡൽ പട്ടിക തയാറാക്കുന്നതിനായി ഒന്ന് ഒരുമിച്ചിരിക്കാനുള്ള മനസുപോലും ഇല്ലാത്ത വിധത്തിലുള്ള പടലപ്പിണക്കമാണ് കേരളത്തിന്റെ എക്‌സിക്യൂട്ടീവ് മേധാവികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം വൈകി തയാറാക്കിയ മെഡൽ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നതും വസ്തുതയാണ്. ഇതൊക്കെ ആഭ്യന്തര സെക്രട്ടറിയുടെ പ്രശ്നമാക്കി മാറ്റാനാണ് ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിൽ ഒരു വിഭാഗം ശ്രമിക്കുന്നത്.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ചേരിപ്പോരും സ്ഥിതി ഗതികൾ രൂക്ഷമാക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് സംസ്ഥാന പൊലീസിലെ വിശിഷ്ട സേവനത്തിന് അർഹരായവരുടെ പട്ടിക തയാറാക്കേണ്ടിയിരുന്നത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ഈ യോഗം ഇത്തവണ ചേർന്നതേ ഇല്ലെന്നതാണ് വസ്തുത. ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരിക്കാനുള്ള മടികൊണ്ട് ചീഫ് സെക്രട്ടറി വിജയാനന്ദന് യോഗം നീട്ടിക്കൊണ്ടുപോയതോടെ മെഡൽ പട്ടിക സമയത്തു തയാറാക്കാനായില്ലെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

കേരളം പട്ടിക സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിക്കുകയും തീയതി നീട്ടി നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഉന്നതതല സമിതി യോഗം ചേരണമെന്ന് ചീഫ് സെക്രട്ടറി വിജയനാനന്ദിന് കർശന നിർദ്ദേശം സർക്കാർ നല്കുന്നത്. തുടർന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ യോഗം ചേർന്നു പട്ടിക തയാറാക്കി. സമിതി അംഗമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അസൗകര്യം ചൂണ്ടിക്കാട്ടി പങ്കെടുക്കാൻ തയാറായില്ലെന്നും പറയുന്നു. എന്നാൽ ഈ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് തന്നെ വിജിലൻസിന്റെ ക്ലിയറൻസ് വാങ്ങണം. അത് ഇത്തവണ ഉണ്ടായില്ലെന്നാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുകൊണ്ടാണ് വൈകി എത്തിയ പട്ടിക പോലും കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞത്.

പട്ടിക ഒരു മാസം മുമ്പെങ്കിലും കേന്ദ്രസർക്കാരിന് അയച്ചു കൊടുത്താൽ മാത്രമേ വിശദ പരിശോധന നടത്തിയ കേന്ദ്രത്തിന് അന്തിമ പട്ടിക തയാറാക്കാൻ കഴിയുകയുള്ളൂ. എന്നാൽ, സംസ്ഥാനം ഓൺലൈനായി പട്ടിക അയച്ചതു ഡിസംബറിനു ശേഷമാണെന്നാണു കണ്ടെത്തൽ. ഇതിനാൽ കേരളം സമർപ്പിച്ച പട്ടിക കേന്ദ്രം തള്ളുകയായിരുന്നു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കേണ്ട മികച്ച പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ ഉദ്യോഗസ്ഥരുടെ അവസരമാണ് ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്. അതിനിടെ മുതിർന്ന എസ് പി റാങ്കിലെ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇത് വിജിലൻസിന്റെ പരിശോധനയ്ക്ക് എത്തുമെന്നാണ് സൂചന.

റിപ്പബ്ലിക് ദിനത്തിൽ മെഡലിന് അർഹരായവരുടെ പട്ടിക ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയപ്പോൾ കേരളത്തിൽനിന്ന് ഒറ്റ പൊലീസ് ഉദ്യോഗസ്ഥർപോലും ഇടംപിടിച്ചിട്ടില്ല. മെഡലിന് അർഹരായ 777 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ പേരേ പട്ടികയിൽ ഇല്ല. ധീരതയ്ക്കുള്ള മെഡലിന് 100 ഉം രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് 80ഉം സ്തുത്യർഹ സേവനത്തിന് 597 ഉം പൊലീസ് ഉദ്യോഗസ്ഥരാണ് അർഹരായത്. അതേസമയം ഒഡീഷയിലെ മലയാളി ഡിഐജി എസ്. ഷൈനി മെഡലിന് അർഹയായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലെത്തിനിൽക്കുന്ന ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ മെഡലുകൾ പോയിരിക്കുന്നത്. വിശിഷ്ട സേവനത്തിന് ഏഴും രാഷ്ട്രപതിയുടെ മെഡലിന് അഞ്ചും സ്തുത്യർഹസേവനത്തിന് 72 ഉം അടക്കം 84 മെഡലുകളാണ് ഉത്തർപ്രദേശിനു ലഭിച്ചത്. ഇതോടെയാണ് കേരളത്തിൽ വിവാദങ്ങൾ തുടങ്ങിയത്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ വിവിധ ചേരികളിലായി. പരസ്പരം പഴിചാരലും തുടങ്ങി. ഇതിനിടെ എല്ലാം കേന്ദ്രത്തിന്റെ കുഴപ്പമാണെന്ന് ആഭ്യന്തര സെക്രട്ടറിക്ക് വിശദീകരിക്കേണ്ടിയും വന്നു. പ്രതിപക്ഷത്തിന് സർക്കാരിനെ വിമർശിക്കാൻ വടി കൊടുക്കാതിരിക്കാൻ വേണ്ടി മാത്രമായിരുന്നു ഇത്.

മെഡൽ നേടിയവരിൽ കേരളത്തിൽ നിന്നുള്ള പൊലീസുകാരെ കേന്ദ്രം മനപ്പൂർവ്വം തഴഞ്ഞുവെന്നാണ് കേരളം വാദിക്കുന്നത്. കേന്ദ്രം രാഷ്ട്രീയ വൈരം തീർക്കുകയാണെന്നതടക്കമുള്ള വാദവും സംസ്ഥാനം ഉയർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP