Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ച മറയ്ക്കാൻ കേന്ദ്രത്തെ പഴിപറയാൻ സംസ്ഥാന സർക്കാറിന്റെ നീക്കം; പൊലീസ് മെഡൽ നിഷേധിച്ചത് രാഷ്ട്രീയ വൈരം തീർക്കാനെന്നും പ്രചരണം; തീയ്യതി അവസാനിക്കും മുമ്പേ ലിസ്റ്റ് നൽകിയെന്ന് ആഭ്യന്തര സെക്രട്ടറി; രാജ്യത്താകെ ഇത്തവണ പൊലീസ് മെഡലിന് അർഹരായത് 777 ഉദ്യോഗസ്ഥർ

ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ച മറയ്ക്കാൻ കേന്ദ്രത്തെ പഴിപറയാൻ സംസ്ഥാന സർക്കാറിന്റെ നീക്കം; പൊലീസ് മെഡൽ നിഷേധിച്ചത് രാഷ്ട്രീയ വൈരം തീർക്കാനെന്നും പ്രചരണം; തീയ്യതി അവസാനിക്കും മുമ്പേ ലിസ്റ്റ് നൽകിയെന്ന് ആഭ്യന്തര സെക്രട്ടറി; രാജ്യത്താകെ ഇത്തവണ പൊലീസ് മെഡലിന് അർഹരായത് 777 ഉദ്യോഗസ്ഥർ

ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ മികച്ച പൊലീസുകാർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നഷ്ടമാക്കിയ സംഭവത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി തടിതപ്പാൻ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രമം. മെഡൽ പട്ടിക തയാറാക്കുന്നതിൽ വീഴ്ച വരുത്തിയില്ലെന്നും സമയത്തുതന്നെ അയച്ചുകൊടുത്തിരുന്നുമെന്ന വാദമാണ് ആഭ്യന്തരവകുപ്പ് നിരത്തുന്നത്. ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥർമാർക്കിടയിലെ ചേരിപ്പോരാണ് സംസ്ഥാനത്തിന് ഈ വർഷം മെഡൽ നഷ്ടമാക്കിയതെന്ന ആരോപണം ശക്തമായതിനിടെയാണ് ആഭ്യന്തരവകുപ്പ് പിടിച്ചുനിൽക്കാനുള്ള വിശദീകരണവുമായി രംഗത്തെത്തിയത്.

റിപ്പബ്ലിക് ദിനത്തിൽ മെഡലിന് അർഹരായവരുടെ പട്ടിക ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയപ്പോൾ കേരളത്തിൽനിന്ന് ഒറ്റ പൊലീസ് ഉദ്യോഗസ്ഥർപോലും ഇടംപിടിച്ചിട്ടില്ല. മെഡലിന് അർഹരായ 777 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിന്റെ പേരേ പട്ടികയിൽ ഇല്ല. ധീരതയ്ക്കുള്ള മെഡലിന് 100 ഉം രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിന് 80ഉം സ്തുത്യർഹ സേവനത്തിന് 597 ഉം പൊലീസ് ഉദ്യോഗസ്ഥരാണ് അർഹരായത്. അതേസമയം ഒഡീഷയിലെ മലയാളി ഡിഐജി എസ്. ഷൈനി മെഡലിന് അർഹയായി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലെത്തിനിൽക്കുന്ന ഉത്തർപ്രദേശിലേക്കാണ് ഏറ്റവും കൂടുതൽ മെഡലുകൾ പോയിരിക്കുന്നത്. വിശിഷ്ട സേവനത്തിന് ഏഴും രാഷ്ട്രപതിയുടെ മെഡലിന് അഞ്ചും സ്തുത്യർഹസേവനത്തിന് 72 ഉം അടക്കം 84 മെഡലുകളാണ് ഉത്തർപ്രദേശിനു ലഭിച്ചത്.

ഐഎഎസ്- ഐപിഎസ് പടലപ്പിണക്കവും സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയുമാണ് കേരളത്തിന് മെഡൽ നഷ്ടമാക്കിയതെന്ന് ആരോപിക്കപ്പെടുന്നു. കേന്ദ്രത്തിന് അയച്ചുകൊടുക്കേണ്ട മെഡൽ പട്ടിക തയാറാക്കുന്നതിനായി ഒന്ന് ഒരുമിച്ചിരിക്കാനുള്ള മനസുപോലും ഇല്ലാത്ത വിധത്തിലുള്ള പടലപ്പിണക്കമാണ് കേരളത്തിന്റെ എക്സിക്യൂട്ടീവ് മേധാവികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. ഇതുമൂലം മെഡൽപട്ടിക തയാറാക്കുന്നത് വൈകുകയായിരുന്നു. മറ്റു സംസ്ഥാനങ്ങൾ അയച്ച പട്ടികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായിരുന്ന പശ്ചാത്തലത്തിൽ കേരളത്തിന്റെ പട്ടിക കേന്ദ്രം പരിഗണിച്ചില്ല.

സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് സംസ്ഥാന പൊലീസിലെ വിശിഷ്ട സേവനത്തിന് അർഹരായവരുടെ പട്ടിക തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ, വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ഒക്ടോബറിലായിരുന്നു കേന്ദ്രത്തിന് മെഡലിന് അർഹരായവരുടെ പട്ടിക അയച്ചുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരിക്കാനുള്ള മടികൊണ്ട് ചീഫ് സെക്രട്ടറി വിജയാനന്ദന് യോഗം നീട്ടിക്കൊണ്ടുപോയതോടെ മെഡൽ പട്ടിക സമയത്തു തയാറാക്കാനായില്ല.

ഒക്ടോബറിൽ കേരളം പട്ടിക സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിക്കുകയും തീയതി നീട്ടി നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് മെഡൽ പട്ടിക തയാറാക്കാനായി ഉന്നതതല സമിതി യോഗം ചേരണമെന്ന് ആഭ്യന്തരവകുപ്പ് ചീഫ് സെക്രട്ടറി വിജയനാനന്ദിന് കർശന നിർദ്ദേശം നല്കി. തുടർന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ യോഗം ചേർന്നാണു പട്ടിക തയാറാക്കിയത്. സമിതി അംഗമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അസൗകര്യം ചൂണ്ടിക്കാട്ടി പങ്കെടുക്കാൻ തയാറായില്ല.

പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഓൺലൈൻ വഴി കേരളം പട്ടിക നൽകിയതെന്നു കണ്ടെത്തിയിട്ടുണ്ട്. തുടർന്ന്, സൂഷ്മ പരിശോധന പൂർത്തിയായ സാഹചര്യത്തിൽ ഇനി പട്ടിക പരിഗണിക്കാൻ കഴിയില്ലെന്നു കേന്ദ്രം കേരളത്തെ അറിയിക്കുകയായിരുന്നു. പട്ടിക ഒരു മാസം മുമ്പെങ്കിലും കേന്ദ്രസർക്കാരിന് അയച്ചു കൊടുത്താൽ മാത്രമേ വിശദ പരിശോധന നടത്തിയ കേന്ദ്രത്തിന് അന്തിമ പട്ടിക തയാറാക്കാൻ കഴിയുകയുള്ളൂ. ഇതിനാൽ കേരളം സമർപ്പിച്ച പട്ടിക കേന്ദ്രം തള്ളുകയായിരുന്നു.

അതേസമയം, മെഡലിന് പരിഗണിക്കേണ്ടവരുടെ പട്ടിക കൃത്യസമയത്തു തന്നെ കേന്ദ്രസർക്കാരിന് അയച്ചുവെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഡിസംബർ 31 ന് മുൻപായി ആയിരുന്നു പട്ടിക കൈമാറേണ്ടിയിരുന്നതെന്നും അതിന് മുൻപായി ഉന്നതതല സമിതി യോഗം ചേർന്ന് പട്ടിക തയ്യാറാക്കി അയച്ചിരുന്നുവെന്നും ആഭ്യന്തര ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് അറിയിച്ചത്. ഡിജിപി ലോക്‌നാഥ് ബഹ്‌റ നൽകിയ 50 പേരുടെ പട്ടികയിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ അർഹരായവർക്ക് മുൻ വർഷത്തെപ്പോലെ ഇക്കൊല്ലവും റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

മെഡൽ നേടിയവരിൽ കേരളത്തിൽ നിന്നുള്ള പൊലീസുകാരെ കേന്ദ്രം മനപ്പൂർവ്വം തഴഞ്ഞുവെന്നാണ് കേരളം വാദിക്കുന്നത്. കേന്ദ്രം രാഷ്ട്രീയ വൈരം തീർക്കുകയാണെന്നതടക്കമുള്ള വാദവും സംസ്ഥാനം ഉയർത്തുന്നു. ഏതായാലും രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കാനുള്ള മികച്ച പൊലീസ്, ഫയർഫോഴ്സ്, ജയിൽ ഉദ്യോഗസ്ഥരുടെ അവസരമാണ് നഷ്ടമായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP