Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

കാലടി പ്രദേശത്തു പ്രത്യേക ആയുധനിയന്ത്രണം; കറിക്കത്തി മുതൽ പപ്പടം കുത്തി വരെ പൊലീസ് നിരീക്ഷിക്കുന്നു; അക്രമങ്ങളും കൊലപാതകവും അരങ്ങു തകർത്തപ്പോൾ പൊലീസിന്റെ പുതിയ മുൻകരുതൽ

കാലടി പ്രദേശത്തു പ്രത്യേക ആയുധനിയന്ത്രണം; കറിക്കത്തി മുതൽ പപ്പടം കുത്തി വരെ പൊലീസ് നിരീക്ഷിക്കുന്നു; അക്രമങ്ങളും കൊലപാതകവും അരങ്ങു തകർത്തപ്പോൾ പൊലീസിന്റെ പുതിയ മുൻകരുതൽ

പ്രകാശ് ചന്ദ്രശേഖർ

കാലടി: കറിക്കത്തിക്കു രൂപമാറ്റം വരുത്തിയാലോ വലിപ്പം കൂട്ടിയാലോ പൊല്ലാപ്പാവും. വാക്കത്തിയുടെ കാര്യത്തിലും അങ്ങനെ തന്നെ. ഇളക്കുകമ്പി, ചുറ്റിക, ആണി പറിക്കാനുള്ള ലിവറുകൾ എന്നിവയുൾപ്പെടെയുള്ള പണിയായുധങ്ങൾ പണിക്കാരുടേതെന്ന് സാക്ഷ്യപ്പെടുത്തിയില്ലെങ്കിൽ പിടിവീഴും. അക്രമപ്രവർത്തനങ്ങൾക്ക് തടയിടാൻ കാലടി പൊലീസ് ആവിഷ്‌കരിച്ചിട്ടുള്ള ആയുധനിയന്ത്രണത്തിന്റെ ചിട്ടവട്ടം ഏതാണ്ടിങ്ങനെയെന്നാണ് സൂചന. സ്റ്റേഷൻ പരിധിയിൽ വ്യാപകമായിരിക്കുന്ന അക്രമപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് ലക്ഷ്യമിട്ടാണ് പൊലീസ് ഈ അസാധാരണ നടപടിക്കൊരുങ്ങുന്നത്.

ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ സമീപിക്കുന്നതിനാണ് ഉന്നത പൊലീസ് നേതൃത്വത്തിന്റെ നീക്കം. ഇക്കാര്യത്തിൽ നടപടികൾ പൂർത്തിയായി വരുന്നതായി എസ് ഐ നോബിൾ മാനുവൽ അറിയിച്ചു. കളക്ടറുടെ ഉത്തരവ് പ്രാബല്യത്തിലായാൽ നിശ്ചിത അളവിലും രൂപത്തിലും അളവിലും അല്ലാത്ത പണിയായുധങ്ങൾ, വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കറിക്കത്തി, വാക്കത്തി, അരിവാൾ എന്നുവേണ്ട പപ്പടംകുത്തി പോലും പൊലീസ് റെയ്ഡ് നടത്തി പിടികൂടുന്ന സാഹചര്യമുണ്ടാവുമെന്നാണ് അറിയുന്നത്.

Stories you may Like

ഗുണ്ടാസംഘങ്ങൾ വൻതോതിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയം. വടിവാൾ , വിവിധ തരം കത്തികൾ, ഇടിക്കട്ട എന്നിവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതകത്തിൽ പണിയായുധങ്ങളുപയോഗിച്ചെന്നും അക്രപരമ്പരകളുണ്ടായതും കണക്കിലെടുത്താണ് പൊലീസ് ഇത്തരത്തിലൊരു നീക്കം ആരംഭിച്ചിട്ടുള്ളത്.

കഴിഞ്ഞ 26-ന് രാവിലെ ഏഴു മണിയോടെ കാറിലെത്തിയ ഗുണ്ടാസംഘം സ്‌കൂട്ടർ യാത്രികനായിരുന്ന കാലടി കൈപ്പട്ടൂർ ഇഞ്ചക്ക കവലയിൽ ഇഞ്ചക്ക വീട്ടിൽ ദേവസിക്കുട്ടിയുടെ മകൻ സനലി (33) നെ കാലടി പുത്തൻകാവ് റോഡിൽ സംസ്‌കൃത സർവകലാശാലാ ലേഡീസ് ഹോസ്റ്റലിനു സമീപം നടുറോഡിലിട്ട് വെട്ടിയും കുത്തിയും മാരകമായി പരുക്കേൽപ്പിച്ചിരുന്നു.

നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ ഇയാൾ മരണമടഞ്ഞു. അത്യസന്ന നിലയിലായിരുന്ന സനൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഡോക്ടർക്ക് നൽകിയ വിവരങ്ങളിൽ നിന്നാണ് സംഭവത്തിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. ഇതിന് പിന്നാലെയാണ് മഞ്ഞപ്രയിൽ യുവാവിന് നേരെ ഗുണ്ടാആക്രമണമുണ്ടായതായി വാർത്ത പുറത്തുവന്നത്.

അയ്യമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട'് അജീഷിനാണ് വെട്ടേറ്റത്. ഇയാൾ അങ്കമാലി എൽ എഫ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളായ രണ്ടുപേരെ പൊലീസ് ഉടൻ വലയിലാക്കി. സംഭവത്തിന്റെ ചുരുൾ നിവർന്നപ്പോൾ പൊലീസ് അന്തംവിട്ടു. പ്രതികളിലൊരാളായ സോമിക്ക് നിലവിലുള്ളത് 16 ക്രിമിനൽ കേസ്സുകൾ. മറ്റൊരു പ്രതിയായ സ്റ്റാന്റിനെതിരെ 3 ക്രിമിനൽ കേസ്സുകളുണ്ട്. വെട്ടുകൊണ്ട അജീഷും കേസ്സിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ഇയാൾക്കെതിരെ ആറ് അടിപിടിക്കേസ്സുകൾ നിലവിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

നെടുമ്പാശ്ശേരിയിൽ മണ്ണടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഒരാളുടെ കൈവെട്ടിമാറ്റിയ സംഭവത്തിൽ ഇവർ മൂവരും പ്രതികളായിരുന്നു. ഇതിനുശേഷം ഇവർ തമ്മിൽ തല്ലിപ്പിരിഞ്ഞ് വിവിധ ഗുണ്ടാസംഘങ്ങളിലേക്ക് ചേക്കേറി. കഴിഞ്ഞ മാസം 28-ന് രാത്രി എട്ടുമണിയോടെ രണ്ടു ബൈക്കുകളിൽ എത്തിയ ആറംഗസംഘം മഞ്ഞപ്രയിലെ മാർക്കറ്റിനു സമീപം വച്ച് അനീഷിനെ വടിവാളിന് വെട്ടുകയായിരുെന്നന്നാണ് പുറത്തായ വിവരം. രക്തം വാർന്ന് അവശനിലയിലായ ഇയാളെ നാട്ടുകാർ തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷപെട്ടത്.

കാലടിയിൽ അരുംകൊല നടന്നതിന്റെ ഞെട്ടൽ മാറുംമുമ്പേ നടന്ന ഈ വടിവാൾ ആക്രമണം പ്രദേശവാസികളെ വല്ലാതെ പരിഭ്രാന്തിയിലാക്കിയിരുന്നു. എന്തും സംഭവിക്കാവുന്ന സ്ഥിതിവിശേഷം രൂപം കൊണ്ടത് പൊലീസിനും തലവേദനയായി. ഇതേത്തുടർന്നു കാലടി കൊലപാതകത്തിന്റെ അന്വേഷണത്തിന് നേതൃത്വം നൽകാൻ റൂറൽ എസ് പി ഉണ്ണിരാജ നേരിട്ടെത്തി കാലടിയിൽ ക്യാമ്പ് ചെയ്ത് അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. ഇതിന് ഗുണമുണ്ടാവുകയും ചെയ്തു.

തൊട്ടടുത്ത ദിവസങ്ങളിൽ കൊലക്ക് സഹായിച്ച ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊലയിൽ നേരിട്ടുപങ്കാളികളായ കൊടുംകുറ്റവാളികളെ കണ്ടെത്താൻ പൊലീസ് സംസ്ഥാനം അപ്പാടെ അരിച്ചുപെറുക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിൽ മംഗലാപുരത്തെ ഒളിസങ്കേത്തിൽ നിന്നും കൃത്യം നിർവ്വഹിച്ച നാൽവർ സംഘത്തെ കണ്ടെത്തിയത് എസ് പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ കണക്കെടുപ്പിൽ അടിപിടിക്കേസ്സിൽ ഉൾപ്പെട്ടിട്ടുള്ള 70-ഓളം സ്ഥിരം കുറ്റവാളികളുണ്ടെന്നാണ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒട്ടുമിക്കവർക്കെതിരെയും ഗുണ്ടാആക്ട് പ്രയോഗിക്കാനും അണിയറയിൽ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവരിലേറെപ്പേരെയും ഈ നിയമപ്രകാരം അകത്താക്കുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP