Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിലപ്പോഴൊക്കെ ആ അച്ഛൻ പൊലീസ് ഇൻസ്‌പെക്ടറെ ദയനീയമായി തോൽപ്പിച്ചു കളയാറുണ്ട്; 'മകളെ നീയെന്നെ തിരിച്ചറിയുന്നുണ്ടോ? പെരുമണ്ണിൽ 10 കുരുന്നുകളുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന് 13 വയസ് തികയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

ചിലപ്പോഴൊക്കെ ആ അച്ഛൻ പൊലീസ് ഇൻസ്‌പെക്ടറെ ദയനീയമായി തോൽപ്പിച്ചു കളയാറുണ്ട്; 'മകളെ നീയെന്നെ തിരിച്ചറിയുന്നുണ്ടോ? പെരുമണ്ണിൽ 10 കുരുന്നുകളുടെ ജീവൻ പൊലിഞ്ഞ ദുരന്തത്തിന് 13 വയസ് തികയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുന്നു

അനീഷ് കുമാർ

കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച പെരുമണ്ണിലെ വാഹനദുരന്തത്തിന് ഇന്ന് 13 വയസ്. അപകടത്തിൽ പൊലിഞ്ഞ കുരുന്നുകളുടെ ഓർമകളെ തൊട്ടുണർത്തി കൊണ്ടുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. വർഷങ്ങൾക്കു ശേഷം ആ ദുരന്തഭൂമിയിലുടെ യാത്ര ചെയ്തതിന്റെ അനുഭവമാണ് രാജപുരം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ ബാബു പെരിങ്ങോത്ത് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിച്ചത്.

2008 ഡിസംബർ നാലിനാണ് കണ്ണുർ ജില്ലയിലെ പെരുമണ്ണിൽ സ്‌കൂൾ വിട്ടുവീട്ടിലേക്ക് മടങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ദേഹത്തേക്ക് ജീപ്പു പാഞ്ഞുകയറിയത്. പത്തു കുഞ്ഞുങ്ങൾക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. സംഭവസമയത്ത് ഇരിക്കൂർ എസ് ഐയായിരുന്നു ബാബു പെരിങ്ങോത്ത്. ദുരന്തത്തിന് സാക്ഷിയാവുക മാത്രമല്ല മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയായിരുന്നു അദ്ദേഹം. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി പെരുമണ്ണ് വഴി കടന്നു പോയപ്പോൾ വീണ്ടുമുണർന്ന ഓർമ്മകളാണ് തന്റെ ഫെയ്‌സ് ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചത്.

പോസ്റ്റിൽ നിന്ന്

ഇന്ന് ഒരു കേസ് അന്വേഷണത്തിനായി തളിപ്പറമ്പ് വഴി ഇരിട്ടിയിൽ പോയിരുന്നു പോകുന്ന വഴിയിൽ വണ്ടി നിർത്തി ഞാൻ വഴിയരികിലെ ഒരു ഫ്‌ളവർ സ്റ്റാളിൽ കയറി. നിരത്തി വെച്ച പനിനീർ പുക്കൾക്കിടയിൽ പരതുമ്പോൾ കടക്കാരൻ മൂന്ന് നാല് പനിനീർ പൂക്കൾ നീട്ടി. അതു വാങ്ങാതെ ഞാൻ രണ്ടു ചെമ്പനീർ മൊട്ടുകൾ വാങ്ങി. എന്തിനാണ് അതു വാങ്ങിയതെന്ന് വണ്ടിയിലുണ്ടായിരുന്ന പൊലീസുകാരോ പ്രതിയോ ചോദിച്ചില്ലെങ്കിലും അവർ അതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

വണ്ടി ഇരിക്കൂർ കഴിഞ്ഞ് പെരുമണ്ണിൽ എത്തി. പെരുമണ്ണ് ഔദ്യോഗിക ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സ്ഥലപ്പേര്. പെരുമണ്ണിലെ റോഡ് സൈഡിലുള്ള സ്മൃതികുടീരത്തിനു മുൻപിൽ വണ്ടി നിർത്തി ഞാൻ ഇറങ്ങി. വർഷങ്ങൾക്കു മുൻപ് ഒരു വൈകിട്ട് സ്‌കൂൾ വിട്ട് പുസ്തക സഞ്ചിയും ചോറ്റുപാത്രവുമായി റോഡരികിലൂടെ കളി ചിരികളുമായി നടന്നു വരുന്ന കുരുന്നുകളുടെ മേലേക്ക് പാഞ്ഞുവന്ന വാഹനം ഒരു നിമിഷം കൊണ്ട് അവരെ ഈ ലോകത്തു നിന്ന് മായ്ച്ചു കളഞ്ഞു. സ്മൃതികുടീരത്തിനുള്ളിൽ പത്തു കുരുന്നുകൾ ശാന്തമായി ഉറങ്ങുന്നു അടുത്തടുത്തായി.

അവിടെ ഒരു ബോർഡ് വെച്ചിട്ടുണ്ട്. ശബ്ദം ഉണ്ടാക്കരുത് 'കുട്ടികൾ ഉറങ്ങുകയാണ് 'അവരെ ശല്യപ്പെടുത്തരുത് 'അവർ ഉണരുന്ന വരെ നമുക്ക് കാത്തിരിക്കാം ഒരു നാടിന്റെ കണ്ണീർ വറ്റിച്ചെഴുതിയ വാക്കുകൾ. അവരിൽ ഒരു കുട്ടിയുടെ ഇൻക്വിസ്റ്റ് ഞാനാണ് നടത്തിയത്. ഞാൻ അവളുടെ കല്ലറയിൽ പതിയെ തൊട്ടു (മകളെ നീയെന്നെ തിരിച്ചറിയുന്നുണ്ടോ?)

ആരോ കത്തിച്ചു വെച്ച ചന്ദനത്തിരികൾ കത്തി തീരാറായിരിക്കുന്നു. ഞാൻ ശബ്ദമുണ്ടാക്കാതെ ചെമ്പനീർ മൊട്ടുകൾ അവിടെ വെച്ചുപ്രിയപ്പെട്ട കുഞ്ഞോമനകളെ നിങ്ങളുടെ സ്വപ്നങ്ങളും കളിതമാശകളും കുപ്പിച്ചില്ല് ചിതറും പോലെയുള്ള ചിരികളും അലിഞ്ഞു തീരാത്ത ഈ മണ്ണു കടന്നു പോകുമ്പോൾ എങ്ങനെയാണ് നെഞ്ച് പിടക്കാതിരിക്കുന്നത്.

ഉറക്കം കുടിയൊഴിഞ്ഞ കണ്ണുകളോടെ ഈ അസമയത്ത് ഞാൻ ഇതു കുറിക്കുമ്പോൾ രാജപുരം പൊലീസ് സ്റ്റേഷനിൽ നിന്നും 44 കിലോമീറ്റർ അകലെ വിദ്യാനഗറിലുള്ള ക്വാർട്ടേഴ്‌സിൽ എന്റെ 11 വയസുള്ള മകനും ആറു വയസുള്ള മകളും അവരുടെ അമ്മയോട് ചേർന്ന് ഒരു പുതപ്പിനുള്ളിൽ കിടന്നുറങ്ങുന്നുണ്ടാവും.

എനിക്ക് ബോധ്യമുണ്ട് ഞാൻ ഒരു പൊലിസ് ഇൻസ്‌പെക്ടറാണ. പക്ഷെ ഞാൻ ഒരു അച്ഛനും കൂടിയാണ. ചിലപ്പോഴൊക്കെ ആ അച്ഛൻ പൊലീസ് ഇൻസ്‌പെക്ടറെ ദയനീയമായി തോൽപ്പിച്ചു കളയാറുണ്ട്.

പതിമൂന്ന് വർഷം മുമ്പ് ഇതേ ഡിസംബർ 4ന് വൈകുന്നേരം 4 മണിക്കാണ് നാടിനെ തീരാ ദുഃഖത്തിലായ്ത്തിയ ആ അപകടം നടക്കുന്നത്. പെരുമണ്ണ് നാരായണ വിലാസം എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ സ്‌കൂൾ വിട്ട് റോഡിന്റെ വലതു ഭാഗത്തുകൂടെ വരിവരിയായി വീട്ടിലേക്ക് നടന്നു പോകുമ്പോയാണ് പിറകു വശത്തുനിന്നു വന്ന ടെമ്പോ ട്രാക്സ് ക്രൂയിസർ വാഹനം കുട്ടികളെ ഇടിച്ചുവീഴ്‌ത്തിയത്. പിറക് ഭാഗത്തായി നടന്ന കുട്ടികളാണ് അപകടത്തിൽ മരിച്ചത്. പന്ത്രണ്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു.ഒമ്പത് കുട്ടികൾ സംഭവ ദിവസവും ഒരു കുട്ടി ഒമ്പതാം ദിവസവുമാണ് മരിച്ചത്.

പെരുമണ്ണ് പടിയൂർ കുംഭത്തി ഹൗസിലെ രമേശന്റെ മക്കളായ അഖിന (ഏഴ്), അനുശ്രീ, ചിറ്റയിൽ ഹൗസിൽ സുരേന്ദ്രന്റെ മകൾ സാന്ദ്ര സുരേന്ദ്രൻ (എട്ട്), കുംഭത്തി ഹൗസിൽ നാരായണന്റെ മകൾ കാവ്യ (എട്ട്), കൃഷ്ണാലയത്തിൽ കുട്ടന്റെ മകൾ നന്ദന (ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകൾ മിഥുന (അഞ്ച്), ബാറുകുന്നുമ്മൽ ഹൗസിൽ മോഹനന്റെ മകൾ സോന (എട്ട്), സറീന മൻസിലിൽ ഇബ്രാഹിമിന്റെ മകൾ സി.വി.എൻ റംഷാന (എട്ട്), സജീവന്റെ മകൾ സഞ്ജന (അഞ്ച്), ബാറുകുന്നുമ്മൽ വീട്ടിൽ വിജയന്റെ മകൻ വൈഷ്ണവ് (ഏഴ്) എന്നിവരാണ് മരിച്ചത്.എ.അതുൽ, കെ.അഭിനന്ദ്, കെ.അഭിഷേക്, പി.സ്നേഹ, പി.പി സന്ദേഷ്ണ, പി.മേഘ, കെ.വർഷ, എം.വി പ്രിയങ്ക, എം ടി അശ്വിൻ, എം ടി അജയ്, പൂജാലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെല്ലാം ഇന്ന് സുഖം പ്രാപിച്ചിരിക്കുന്നു.

നാടിനെയാകെ നടുക്കിയ പെരുമണ്ണ് ദുരന്തം നടന്നിട്ട് പതിനാലാം വർഷത്തിലേക്ക് കടക്കുമ്പോഴും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകളുമായി തേങ്ങലടങ്ങാത്ത മനസ്സുമായി കഴിയുകയാണ് ഒരു നാട് മുഴുവനും. അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ സംസ്‌കാര ചടങ്ങുകൾക്ക് സംസ്ഥാന പാതയോരത്ത് സൗജന്യമായി സ്ഥലം നൽകുകയും അതേ സ്ഥലത്ത് സ്മൃതിമണ്ഡപം പണിയുന്നതിന് സമ്മതിക്കുകയും ചെയ്ത കൃഷ്ണവാര്യരുടെ വിയോഗവും ഓർമ പുതുക്കൽ വേളയിൽ നൊമ്പരമായി മാറുകയാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP