Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു എന്ന് പറഞ്ഞത് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ; ജലീൽ വെടിയുതിർത്തിരുന്നില്ല എന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പറഞ്ഞത് വിഴുങ്ങി പൊലീസ്; വെടിയുതിർത്തത് സിപി ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ചന്ദ്രു എന്ന് പുതിയ വാദം; വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന വാദങ്ങൾക്ക് ശക്തി പകർന്ന് കേരള പൊലീസിന്റെ മൊഴിമാറ്റം

പൊലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു എന്ന് പറഞ്ഞത് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ; ജലീൽ വെടിയുതിർത്തിരുന്നില്ല എന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പറഞ്ഞത് വിഴുങ്ങി പൊലീസ്; വെടിയുതിർത്തത് സിപി ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ചന്ദ്രു എന്ന് പുതിയ വാദം; വൈത്തിരിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന വാദങ്ങൾക്ക് ശക്തി പകർന്ന് കേരള പൊലീസിന്റെ മൊഴിമാറ്റം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാവോയിസ്റ്റ് സിപി ജലീൽ കൊലപ്പെട്ടത് ഏറ്റുമുട്ടലിനിടെ തന്നെയെന്ന് പൊലീസ്. എന്നാൽ, ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ജലീലിന് ഒപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ചന്ദ്രുവാണ് പൊലീസിന് നേരെ വെടിയുതിർത്തതെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇത് പൊലീസിന്റെ മുൻ നിലപാടിന് തികച്ചും വ്യത്യസ്തമാണ്. മാവോയിസ്റ്റുകൾ വെടിവെച്ചപ്പോഴാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്ന് അന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. സായുധപൊലീസ് സംഘത്തെ കണ്ടപ്പോൾ മാവോവാദികളാണ് ആദ്യം വെടിയുതിർത്തതെന്നാണ് കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായയും വിശദീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഈ നിലപാടുകളെ പാടെ നിരാകരിച്ചാണ് ജലീലിനൊപ്പമുണ്ടായിരുന്ന ചന്ദ്രുവാണ് വെടിയുതിർത്തതെന്ന് പൊലീസ് വിശദീകരിക്കുന്നത്.

മാവോവാദികൾക്കുനേരെ പൊലീസ് വെടിവെച്ചത്  ആത്മരക്ഷയ്ക്കു വേണ്ടിയാണെന്നായിരുന്നു ഐ.ജി. ബൽറാംകുമാർ ഉപാധ്യായ അന്ന് പറഞ്ഞത്. പൊലീസിനെ കണ്ടപ്പോൾ മാവോവാദികളായ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികൾ അതിന് തയ്യാറാവാതെ വെടിവെച്ചു. ആത്മരക്ഷയ്ക്കായി പൊലീസ് തിരിച്ചു വെടിവെച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ജലീലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.-അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ജലീൽ കൊല്ലപ്പെട്ടതിൽ പൊലീസിനെ കുരുക്കിലാക്കി ഫൊറൻസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജലീൽ വെടിയുതിർത്തിരുന്നില്ല എന്നാണ് ഫൊറൻസിക് പരിശോധനാ ഫലം. പൊലീസ് പരിശോധനയ്ക്ക് അയച്ച തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് കണ്ടെത്തൽ. ജലീലിന്റെ വലതുകൈയിലും വെടിമരുന്നിന്റെ അംശമില്ല. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന ആരോപണങ്ങൾ വീണ്ടും ഉയർന്നത്.

2019 മാർച്ച് ആറിന് വയനാട്ടിലെ വൈത്തിരിയിലെ ഉപവൻ എന്ന സ്വകാര്യ റിസോർട്ടിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്നാണ് ജലീൽ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വിശദീകരണം. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ഉടമയോടു പണം ആവശ്യപ്പെട്ടുവെന്നും ഇതു വാക്കുതർക്കത്തിൽ കലാശിച്ചുവെന്നും വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളെ നേരിടുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.

ജലീലിന്റെ തോക്കിന്റെ ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെടിവെപ്പിൽ വൈത്തിരി സർക്കിൾ ഇൻസ്‌പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി. എ.കെ. 47 പോലുള്ള തോക്കുപയോഗിച്ചാണ് മാവോവാദികൾ പൊലീസിനുനേരെ വെടിയുതിർത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കൊല്ലപ്പെട്ട ജലീലിന്റെ കൈയിൽനിന്ന് നാടൻ തോക്കാണ് കണ്ടെടുത്തത്. ഇത് സംശയത്തിനിടയാക്കുന്നതായി മനുഷ്യാവകാശപ്രവർത്തകർ ആരോപിക്കുന്നു.

റിസോർട്ടിൽ ഏറ്റുമുട്ടലുണ്ടായെന്നും പൊലീസ് തിരിച്ചു വെടിവച്ചുവെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകൾ റിസോർട്ടിൽ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ചന്ദ്രുവാണ് പൊലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിലാണ് ജലീലിന് വെടിയേറ്റത്. സ്ഥലപരിശോധനയിൽ ലഭിച്ച തിരകളിൽ പൊലീസിന്റ തോക്കിൽ ഉപയോഗിക്കാത്ത വെടിയുണ്ട ലഭിച്ചിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചപ്പോൾ ഉണ്ടായതാണ്. ഇയാളുടെ രക്തസാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എകെ 47 തോക്കിന്റെ തിരകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ചന്ദ്രു പൊലീസിന് നേരെ വെടിവച്ചതിന് സാക്ഷികളുണ്ട് എന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ലക്കിടിയിലെ സ്വകാര്യ റിസോർട്ടായ 'ഉപവനി'ൽ മാവോവാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 50,000 രൂപയും ഭക്ഷണവും ആവശ്യപ്പെട്ടാണ് മുഖംമറച്ച രണ്ടു മാവോവാദികൾ റിസോർട്ടിലെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരവരെ ഏറ്റുമുട്ടൽ നീണ്ടു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഒരാൾ കൊല്ലപ്പെട്ടതായും ബുധനാഴ്ച രാത്രിതന്നെ സംശയമുണ്ടായിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെയാണ് ജലീലാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. മറ്റൊരു നേതാവായ വേൽമുരുകനാണ് പരിക്കേറ്റതായി സംശയമുള്ളതെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്.

മാവോയിസ്റ്റ് ജലീലിനെ അടക്കം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് എല്ലാവരെയും വെടിവെച്ച് കൊല്ലാൻ സർക്കാരിന് അധികാരം നൽകിയതാരാണ്? മജിസ്റ്റീരിയൽ അന്വേഷണം കൊണ്ട് കേസ് തെളിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ. മാവോയിസ്റ്റ് കബനി, നാടുകാണി ദളങ്ങളിലെ പ്രവർത്തകനും പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമി ഡോക്യുമെന്റേഷൻ എക്‌സ്പർട്ടുമാണ് കൊല്ലപ്പെട്ട ജലീൽ. ജലീലിന് 26 വയസ്സെന്ന് ബന്ധുക്കൾ പറയുമ്പോൾ പൊലീസ് രേഖകളിൽ പ്രായം 41 ആണ്. തണ്ടർബോൾട്ടിന്റെ മാവോവാദിവേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യ മലയാളിയാണ് ഇയാൾ. നിലമ്പൂർ കരുളായി വനത്തിൽ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ട ഏറ്റുമുട്ടൽനടന്ന സമയത്ത് സംഭവസ്ഥലത്ത് ജലീൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീൽ.

2018 ഡിസംബറിലാണ് ഓപ്പറേഷൻ അനാകോണ്ട എന്ന പേരിൽ മാവോയിസ്റ്റുകൾക്കെതിരായ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ഒരു വർഷമായി വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ നടപടികൾ ആരംഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് സി പി ജലീൽ കൊല്ലപ്പെട്ടങ്കിലും നടപടികൾ ഇനിയും തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളിൽ കേരള പൊലീസും തണ്ടർബോൾട്ടും ആന്റി നക്സൽ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്. മുമ്പും വെടിവെപ്പുണ്ടായിട്ടുണ്ടെങ്കിലും ആളപയാമുണ്ടായിരുന്നില്ല.
സിപി ജലീൽ, വ്യാജ ഏറ്റുമുട്ടൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP