Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗവാസ്‌കർ അടികൊണ്ടപ്പോൾ നേതാക്കൾ നിന്നത് എഡിജിപിക്കൊപ്പം; പോസ്റ്റൽ ബാലറ്റിലും ബലിയാടായത് സാധാരണക്കാർ; യൂണിവേഴ്‌സിറ്റി കോളേജിലെ ഗുണ്ടകളുടെ അടികൊണ്ടിട്ടും നടപടിയും സസ്‌പെൻഷനും പൊലീസുകാർക്ക്; പാർട്ടിയും പൊലീസും തമ്മിൽ പ്രശ്‌നമായാൽ അസോസിയേഷന്റെ നിൽപ്പ് പാർട്ടിക്കൊപ്പം; മുഖ്യമന്ത്രിയും സിപിഎമ്മും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സസ്‌പെൻഷനിലുള്ള പൊലീസ് സഹകരണ സംഘത്തിൽ അജിത് നേടിയത് മിന്നും വിജയം; പൊലീസും ഇടതിനെ കൈവിടുമ്പോൾ

ഗവാസ്‌കർ അടികൊണ്ടപ്പോൾ നേതാക്കൾ നിന്നത് എഡിജിപിക്കൊപ്പം; പോസ്റ്റൽ ബാലറ്റിലും ബലിയാടായത് സാധാരണക്കാർ; യൂണിവേഴ്‌സിറ്റി കോളേജിലെ ഗുണ്ടകളുടെ അടികൊണ്ടിട്ടും നടപടിയും സസ്‌പെൻഷനും പൊലീസുകാർക്ക്; പാർട്ടിയും പൊലീസും തമ്മിൽ പ്രശ്‌നമായാൽ അസോസിയേഷന്റെ നിൽപ്പ് പാർട്ടിക്കൊപ്പം; മുഖ്യമന്ത്രിയും സിപിഎമ്മും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സസ്‌പെൻഷനിലുള്ള പൊലീസ് സഹകരണ സംഘത്തിൽ അജിത് നേടിയത് മിന്നും വിജയം; പൊലീസും ഇടതിനെ കൈവിടുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം പൊലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎം അനുകൂല പാനലിനേറ്റ കനത്ത പരാജയം സിപിഎമ്മിൽ പുകയുന്നു. യുഡിഎഫ് ഭരണം വന്നാലും ഇടത് ഭരണം വന്നാലും പൊലീസ് സഹകരണ സംഘത്തിൽ വിജയമുണ്ടാകുക ഇടത് പാനലിനാണ് എന്നിരിക്കെയാണ് ഇപ്പോൾ ഇടത് ഭരണത്തിൽ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ വൻ തോൽവി ഇടത് പാനലിനു ഏറ്റുവാങ്ങേണ്ടി വന്നത്.

ശബരിമല പ്രശ്‌നത്തിന്റെ പേരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന അവസ്ഥ പാർട്ടിക്ക് മുന്നിൽ നിലനിൽക്കയാണ് പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ ഭരണാനുകൂല സംഘടനയുടെ കൂട്ടത്തോൽവിയും വരുന്നത്. സിപിഎമ്മിലെ ഇന്ത്യയിലെ തന്നെ ഏറ്റവും ഉന്നത നേതാവായ പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കവേയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് കീഴെയുള്ള പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഇടത് പാനലിനു നിന്ന സീറ്റിൽ മുഴുവൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ശബരിമല, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പൊലീസ് പോസ്റ്റൽ ബാലറ്റ് പ്രശ്‌നം, പൊലീസുകാർക്ക് പൊലീസിൽ നിന്നും നീതിയില്ലാത്ത അവസ്ഥ, പാർട്ടിക്കാരും പൊലീസും തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ സംരക്ഷണത്തിന്റെ കവചവുമായി പൊലീസ് അസോസിയേഷൻ പാർട്ടിക്ക് ഒപ്പം നിലയിറപ്പിക്കുക തുടങ്ങിയ പൊലീസിലെ അമർഷത്തിന്റെയും നീതികേടിന്റെതും പ്രതിഫലനമാണ് ഇടത് പാനലിന്റെ കൂട്ടത്തോൽവിക്ക് വഴിവെച്ചത് എന്നാണ് പൊലീസിനുള്ളിൽ നിന്നും വിരൽ ചൂണ്ടപ്പെടുന്നത്.

ആകെ പോൾ ചെയ്ത 4100 വോട്ടിന്റെ 60 ശതമാനത്തോളം വോട്ടുകൾ നേടിയാണ് യുഡിഎഫ് പാനൽ വിജയിച്ചത്. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി. എസ് ബൈജു ഉൾപ്പെടെ ഭരണാനുകൂല സംഘടനയിലെ മുഴുവൻ പേരും പരാജയപ്പെട്ടത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടികൂടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വന്ന പൊലീസ് സഹകരണ സംഘത്തിലെ കൂട്ടത്തോൽവി തലസ്ഥാനത്തെ സിപിഎമ്മിൽ ചർച്ചാ വിഷയമാണ്. നേരത്തെ ഗവാസ്‌കർ എന്ന പൊലീസുകാരന് എഡിഡിപി സുദേഷ് കുമാറിന്റെ മകളിൽ നിന്ന് അടി കിട്ടിയിരുന്നു. ഈ വിഷയത്തിലും ഗവാസ്‌കറിനൊപ്പം പൊലീസ് അസോസിയേഷൻ നിന്നിരുന്നില്ല. ഇതും പൊലീസുകാർക്കിടയിൽ വലിയ അമർഷമായി മാറി. ഇതെല്ലാമാണ് പൊലീസ് സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമായത്.

ഒരിക്കലും യുഡിഎഫ് വിജയ പ്രതീക്ഷ പുലർത്തിയിരുന്നില്ല. എന്നാൽ ഘടകങ്ങളെല്ലാം ഭരണവിരുദ്ധ വികാരത്തിന് ഒപ്പമായപ്പോൾ ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ പരാജയപ്പെടുത്തി കേരള പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായ ജി.ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനൽ നേടിയത് വൻ വിജയമായിരുന്നു. ഇടത് ഭരണം വന്നപ്പോൾ പൊലീസ് അസോസിയേഷൻ ഭരണസമിതി പിരിച്ചു വിടുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന ജി.ആർ അജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിനു മധുരിക്കുന്ന വിജയമാണ് ഇപ്പോൾ കൈവന്നത്. പിരിച്ചുവിടപ്പെട്ട അതേ പാനൽ തന്നെയാണ് ഇപ്പോൾ വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നത്. ഇതും സിപിഎമ്മിനും മുഖ്യമന്ത്രിക്കും നാണക്കേടാണ്.

അജിത്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘം അധികാരത്തിൽ വന്നപ്പോൾ പൊലീസുകാർ സഹകരണസംഘം വഴി അനുഭവിച്ചിരുന്ന സകല ആനുകൂല്യങ്ങളും ഇടത് അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണത്തിൽ പൊലീസുകാർക്ക് നഷ്ടമായിരുന്നു. പൊലീസുകാർക്ക് പൊലീസിൽ നിന്നും നീതി ലഭിക്കാത്ത അവസ്ഥ വരുക, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റുകൾ പിടിച്ചു പറിച്ച രീതിയിൽ കവർന്നെടുക്കപ്പെട്ടത്, ശബരിമല പ്രശ്‌നത്തിൽ ഭക്തരോട് അനുഭാവം കാണിച്ചു എന്ന പേരിൽ ശിക്ഷണ നടപടികൾ നേരിട്ടത് തുടങ്ങി ഇടത് സർക്കാർ ഭരണത്തിൽ കൈപ്പേറിയ അനുഭവങ്ങളാണ് പൊലീസുകാർക്ക് നേരിടേണ്ടി വന്നത്. പിണറായി സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തത്.

18 പൊലീസ് ഉദ്യോഗസ്ഥരാണ് 2017-ൽ മാത്രം ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതൽ പൊലീസുകാർക്ക് ശിക്ഷണ നടപടികൾ നേരിട്ടതും ഇതേ സർക്കാരിന്റെ കാലയളവിൽ തന്നെയാണ്. അന്യായമായ ശിക്ഷണ നടപടികളാണ് ഇവ എന്നാണ് പൊലീസുകാർ തന്നെ മറുനാടൻ മലയാളിയോട് പറഞ്ഞത്. ശബരിമല പ്രശ്‌നത്തിൽ ഒട്ടനവധി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ വന്നിട്ടുണ്ട്. കേസും വന്നു. സസ്പെൻഷനും വന്നു. സർവീസിൽ നിന്ന് മാറ്റപ്പെടുന്ന അവസ്ഥയും വന്നു. ശബരിമല പ്രശ്‌നത്തിൽ സ്വതന്ത്രമായ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ഈ നടപടികൾ വന്നത്. ഇതെല്ലാം പൊലീസുകാർക്ക് മുന്നിലുണ്ടായിരുന്നു. സിഐമാർക്ക് പോലും പൊലീസിൽ നീതി കിട്ടാത്ത അവസ്ഥ, നീതി നിഷേധിക്കപ്പെട്ടതിനെ തുടർന്നുള്ള കൊച്ചി സെൻട്രൽ സിഐ നവാസിന്റെ ഒളിച്ചോട്ടം തുടങ്ങിയ പ്രശ്‌നങ്ങളും പൊലീസിൽ പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ആകെത്തുകയാണ് പൊലീസ് സഹകരണസംഘം വോട്ടെടുപ്പിലും പ്രതിഫലിച്ചത്. .

പൊലീസുകാർക്ക് നേരെ നടപടി വന്നപ്പോൾ നടപടി വന്ന പൊലീസുകാർക്ക് വേണ്ടി ചെറുവിരൽ അനക്കാതെ പാർട്ടിക്കാരെ സഹായിക്കുന്ന സമീപനമാണ് നിലവിലെ പൊലീസ് അസോസിയേഷൻ കാണിച്ചത്. ഇതിൽ പൊലീസുകാർക്ക് ശക്തമായ അമർഷമുണ്ടായിരുന്നു. പാർട്ടിക്കാർ പൊലീസുകാരെ ആക്രമിച്ചപ്പോൾ നീതി പാർട്ടിക്കായി. നിലവിലെ പൊലീസ് അസോസിയേഷന്റെ നിലപാടുകൾ അതുകൊണ്ട് തന്നെ പൊലീസുകാരിൽ കനത്ത എതിർപ്പിനു വഴിവെച്ചിരുന്നു. പാളയത്ത് എസ്എഫ്‌ഐക്കാർ പൊലീസിനെ ആക്രമിച്ചപ്പോൾ കേസ് വന്നത് പൊലീസിന് നേർക്ക്. അടികൊണ്ട പൊലീസുകാരന് സസ്പെൻഷനും. പൂന്തുറ പൊലീസ് സ്റ്റേഷനിൽ ഗ്രെഡ് എസ്‌ഐയെ പാർട്ടിക്കാർ ആക്രമിച്ചപ്പോൾ സസ്പെൻഷൻ വന്നത് ഗ്രെഡ് എസ്‌ഐയ്ക്ക്. പൊലീസിനും മീതെ പാർട്ടിക്കാർക്ക് സംരക്ഷണവുമായി പൊലീസ് അസോസിയേഷൻ നീങ്ങിയതോടെ പൊലീസുകാർക്കിടയിൽ രൂപപ്പെട്ട അമർഷമാണ് സിപിഎം അനുകൂല യൂണിയന്റെ പരാജയത്തിന് കാരണമായത്.

ഈ ഘട്ടത്തിൽ തന്നെയാണ് തിരുവനന്തപുരത്ത് സഹകരണ സംഘം തിരഞ്ഞെടുപ്പും വരുന്നത്. പരാജയം രുചിക്കുന്ന അവസ്ഥ വരുമെന്ന് തിരിച്ചറിഞ്ഞപ്പോൾ അടവുകൾ പലതും ഇടത് അനുകൂല യൂണിയൻ നേതാക്കൾ പയറ്റിയെങ്കിലും ഒന്നും വിജയം കണ്ടില്ല. അതിനായിരുന്നു തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് കാർഡുകൾ ഏർപ്പെടുത്തിയത്. ഈ കാർഡുകൾ പക്ഷെ ഭരണാനുകൂല സംഘടനാ അനുയായികൾക്ക് മാത്രമാണ് ലഭിച്ചത്. ഇപ്പോൾ അധികാരത്തിൽ വന്ന അജിത്തിന്റെ നേതൃത്വവുമായി അടുപ്പമുള്ള പലർക്കും വോട്ടു ചെയ്യാനുള്ള കാർഡ് ലഭിച്ചില്ല. ഇത് സംഘർഷവും സൃഷ്ടിച്ചിരുന്നു. ഇത് ഹൈക്കോടതിയിൽ എത്തുകയും ചെയ്തു. ഹൈക്കോടതി നിരീക്ഷണത്തിലാണ് പിന്നെ ഈ കാർഡുകൾ വിതരണം ചെയ്തത്. 6900 മെമ്പർമാരുള്ളപ്പോൾ 4200 പേരാണ് കാർഡ് കൈപ്പറ്റിയത്. നാലായിരത്തോളം പേർ വോട്ടു ചെയ്യാനും വന്നു. ഇതിൽ അറുപത് ശതമാനം വോട്ടുകളും യുഡിഎഫ് അനുകൂല പാനലിനു ലഭിച്ചു.

സംസ്ഥാനത്ത് ഇടതുമുന്നണി അധികാരമേറ്റയുടൻ പൊലീസ് സഹകരണസംഘം പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 2017-ൽ അധികാരമുപയോഗിച്ച് നിലവിലെ ഭരണ സമിതിയെ സർക്കാർ പുറത്താക്കുകയായിരുന്നു. അതിനുശേഷം അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണത്തിൽ തുടരുകയായിരുന്നു പൊലീസ് സഹകരണസംഘം. നിലവിലെ സമിതി പിരിച്ചുവിടപ്പെട്ടാൽ ചട്ടമനുസരിച്ച് ആറുമാസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് നടത്തണ്ടതാണ്. എന്നാൽ ഒന്നരവർഷം അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണത്തിൽ തുടർന്ന ശേഷമാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടത്തിയത്. ഈ തെരഞ്ഞെടുപ്പിലാണ് ഭരണാനുകൂല സംഘടന കനത്ത തോൽവി ഏറ്റുവാങ്ങിയത്. കേരള പൊലീസിൽ നിലനിൽക്കുന്ന കടുത്ത അസ്വസ്ഥത തന്നെയാണ് സിപിഎം പാനലിനു തിരിച്ചടിയായത്.

1979-ൽനിലവിൽ വന്ന പൊലീസ് സഹകരണ സംഘത്തിൽ 2013 വരെ ഇടത് ഭരണമാണ് നിലനിന്നത്. 2013 ലാണ് ഇപ്പോൾ യുഡിഎഫ് അനുകൂല പാനലിനെ നയിച്ച അജിത്തിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ ഭരണം വരുന്നത്. അധികാരത്തിൽ വന്നപ്പോൾ രണ്ടു വർഷം കൊണ്ട് തന്നെ സഹകരണ സംഘത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. നന്ദാവനത്തിൽ പുതിയ നാല് നില കെട്ടിടം തന്നെ ഈ ഭരണസമിതി പണിതുയർത്തി. 2016-ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ യുഡിഎഫ് ഭരണ സമിതിയെ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. സഹകരണവകുപ്പ് ഉപയോഗിച്ചാണ് ഭരണസമിതിയെ പിടിച്ചു കെട്ടാനുള്ള നീക്കങ്ങൾ വന്നത്. 2017- ഡിസംബർ അവസാനം സാങ്കേതിക കാര്യങ്ങൾ നിരത്തി ഇടത് സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടു.

തുടർന്നാണ് അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണം വന്നത്. അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണത്തിന് പക്ഷെ അവസാനമായപ്പോൾ പതിവ് തെറ്റിച്ച് വീണ്ടും യുഡിഎഫ് അനുകൂല ഭരണമെത്തുകയാണ് പൊലീസ് സഹകരണ സംഘത്തിൽ. ഇത് പക്ഷെ തലസ്ഥാനത്തെ സിപിഎമ്മിനും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കും ഏറ്റ തിരിച്ചടി തന്നെയാണ്. ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ശബരിമല തന്നെയാണ് എന്നത് മുഖ്യമന്ത്രിയെ ഉൾപ്പെടെ അസ്വസ്ഥമാക്കാൻ പര്യാപ്തവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP