Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗീതു എന്ന വനിതാ പൊലീസുകാരി മുളക് അരച്ച് ഒഴിച്ചത് ശാലിനിയുടെ രഹസ്യ ഭാഗത്ത്; രാജ്കുമാറിന്റെ കണ്ണിൽ പച്ചമുളക് തേച്ചത് എസ്‌ഐ; വരുന്ന പൊലീസുകാരെല്ലാം തല്ലി; ഒമ്പത് പൊലീസുകാർ ചേർന്ന് പീഡിപ്പിച്ചതുകൊല്ലാൻ വേണ്ടി തന്നെ; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ശാലിനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ചോര മരവിക്കുന്ന പൊലീസ് ക്രൂരതകൾ

ഗീതു എന്ന വനിതാ പൊലീസുകാരി മുളക് അരച്ച് ഒഴിച്ചത് ശാലിനിയുടെ രഹസ്യ ഭാഗത്ത്; രാജ്കുമാറിന്റെ കണ്ണിൽ പച്ചമുളക് തേച്ചത് എസ്‌ഐ; വരുന്ന പൊലീസുകാരെല്ലാം തല്ലി; ഒമ്പത് പൊലീസുകാർ ചേർന്ന് പീഡിപ്പിച്ചതുകൊല്ലാൻ വേണ്ടി തന്നെ; നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി ശാലിനി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ചോര മരവിക്കുന്ന പൊലീസ് ക്രൂരതകൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന ക്രൂരതകൾ തുറന്ന് പറഞ്ഞ് നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. കൊല്ലപ്പെട്ട രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരിൽ നിന്നുണ്ടായതെന്ന് ശാലിനി പറഞ്ഞു. ഒമ്പത് പൊലീസുകാരാണ് മർദ്ദിച്ചത്. പൊലീസുകാരുടേതുകൊല്ലാൻ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. തന്നെ മർദ്ദിച്ച പൊലീസുകാരുടെ പേരുകൾ അറിയില്ല. പക്ഷേ ഈ പൊലീസുകാരെ കണ്ടാൽ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേർത്തു.

'വനിതാ പൊലീസുകാരായ ഗീതു, റസിയ എന്നിവർ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു' ശാലിനി വെളിപ്പെടുത്തി. 'വരുന്ന പൊലീസുകാരെല്ലാവരും രാജ്കുമാറിനെ തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാർ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണിൽ എസ്‌ഐ പച്ചമുളക് ഞെരടി' ശാലിനി വ്യക്തമാക്കി.

തങ്ങൾ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്‌പിയുടെയും ഡിവൈഎസ്‌പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്‌പിക്കും ഡിവൈഎസ്‌പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയർലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.

ഹരിതാ ഫിനാൻസിയേഴ്സിൽ രാജ് കുമാറാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും രാജ് കുമാറിന്റെ കൈയിൽ ക്യാഷർമാർ പണം ഏൽപ്പിച്ചിരുന്നുവെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. കിട്ടിയ പണം അത്രയും ഹതിതാ ഫിനാൻസിനു വേണ്ടി തന്നെ നിക്ഷേപിച്ചുവെന്നും ശാലിനി പറഞ്ഞു.

പണം നാസറിനെ ഏൽപ്പിച്ചിരിക്കുന്നുവെന്നാണ് രാജ് കുമാർ പറഞ്ഞതെന്നും നാസറിനെ താൻ കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു. രാജുവിനെ താൻ കണ്ടിട്ടുണ്ടെന്നും രാജു നാസറിനെ ഗുണ്ടയെന്ന പേരിലാണ് പരിചയപ്പെട്ടതെന്നും ശാലിനി പറഞ്ഞു.

തന്റെ അറിവിൽ പതിനഞ്ച് ലക്ഷം രൂപയാണ് പിരിച്ചെടുത്തിരിക്കുന്നതെന്നും പണം കുമളിയിലേക്ക് കൊണ്ടുപോയ ശേഷം എങ്ങോട്ട് പോയെന്ന് അറിയില്ലെന്നും കുമളിയിൽ നിന്ന് പണം എങ്ങോട്ട് പോയെന്ന് പ്രതികരിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്നും ശാലിനി പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് രാജ് കുമാറിന്റെ കയ്യിൽ പണം ഉണ്ടായിരുന്നുവെന്നും എഴുതപതിനായിരം രൂപക്ക് മുകളിലുള്ള തുകയുണ്ടായിരുന്നുവെന്നും ശാലിനി പറഞ്ഞു.

പണത്തിന് വേണ്ടിയാണ് ക്രൂരമായ മർദ്ദനമുണ്ടായതെന്നും ശാലിനി സൂചിപ്പിച്ചു. ഷുക്കൂർ എന്ന പൊലീസുകാരൻ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്‌ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശാലിനി പറഞ്ഞു.

നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മർദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാൽ, പൊലീസുകാരുടെ മർദ്ദനം കൊല്ലാൻ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു.

ഇക്കഴിഞ്ഞ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ്ജയിലിൽ മരിച്ചത്. രാജ്കുമാറിന് കസ്റ്റഡി മർദ്ദനം ഏറ്റിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. അതിനിടെ, രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന പൊലീസുകാർക്ക് ഹരിതാ ഫിനാൻസുമായുള്ള ബന്ധവും അന്വേഷിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്ന പൊലീസുകാരും ഹരിതാ ഫിനാൻസുമായുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പിയുടേ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

രണ്ടാം പ്രതി ശാലിനിയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സംഘത്തിന്റെ തീരുമാനം. ശാലിനിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. അതേസമയം, ചോദ്യം ചെയ്യലിന് ജൂലൈ 10 ന് തൊടുപുഴ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തണമെന്നാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

രാജ്കുമാറിന് ചികിത്സ ലഭ്യമാക്കുന്നതിൽ ജയിൽ ജീവനക്കാർക്ക് വീഴ്‌ച്ചപറ്റിയെന്ന് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരുടെ നിർണ്ണായക മൊഴി പുറത്തുവന്നു. സ്‌കാനിങ് എക്സ്റേ പരിശോധനക്ക് നിർദ്ദേശിച്ചെങ്കിലും ഇവ ചെയ്യാതെ മടങ്ങിയെന്നാണ് വിശദീകരണം. മർദ്ദനത്തിൽ അവശനായി എത്തിച്ച രാജ്കുമാറിന് ചികിത്സ ലഭ്യമാക്കാതെ ജയിൽ അധികൃതർ മടങ്ങിയതായും മൊഴിയിലുണ്ട്. ഒപി ടിക്കറ്റെടുത്ത ശേഷം ചടങ്ങിന് ഡോക്ടറെ കണ്ട് ജയിൽ ഉദ്യോഗസ്ഥർ തിരികെ പോയി. രാജ്കുമാറിനെ പരിശോധിച്ച യുറോളജി വിഭാഗത്തിലെ റസിഡന്റ് ഡോക്ടറുടേതാണ് മൊഴി. ജൂൺ പത്തൊൻപത്, ഇരുപത് തീയതികളിൽ രാജ്കുമാറിനെ ചികിത്സയ്ക്കെത്തിച്ചെന്നായിരുന്നു പീരുമേട് ജയിൽ അധികൃതരുടെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP