Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചതച്ചാൽ മതി..ഇടിക്കണ്ട എന്ന് എസ് ഐ; കസേരയിൽ ഇരുന്ന് കുനിച്ച് നിർത്തി കഴുത്തിൽ വിരലുകൾ അമർത്തി മർദ്ദന വീരൻ; ബൈക്കിന്റെ മിറർ പൊട്ടിയതിലെ വാക്കേറ്റത്തിൽ പക്ഷം പിടിച്ച് യുവാവിനെ തല്ലി ചതച്ച് നേമം പൊലീസ്; മുഖ്യമന്ത്രിയും ഡിജിപിയും അറിയാൻ കാക്കിക്കുള്ളിലെ ക്രുരതയുടെ കഥ

ചതച്ചാൽ മതി..ഇടിക്കണ്ട എന്ന് എസ് ഐ; കസേരയിൽ ഇരുന്ന് കുനിച്ച് നിർത്തി കഴുത്തിൽ വിരലുകൾ അമർത്തി മർദ്ദന വീരൻ; ബൈക്കിന്റെ മിറർ പൊട്ടിയതിലെ വാക്കേറ്റത്തിൽ പക്ഷം പിടിച്ച് യുവാവിനെ തല്ലി ചതച്ച് നേമം പൊലീസ്; മുഖ്യമന്ത്രിയും ഡിജിപിയും അറിയാൻ കാക്കിക്കുള്ളിലെ ക്രുരതയുടെ കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: ബൈക്ക് സ്റ്റാൻഡിട്ടപ്പോൾ അടുത്തിരുന്ന ബൈക്കിന്റെ മിറർ പൊട്ടിയതിലെ വാക്കേറ്റം പൊലീസ് സ്റ്റേഷനിൽ പരാതിയായപ്പോൾ യുവാവിന് നേരെ ക്രൂരമായ പൊലീസ് മർദ്ദനം. തിരുവനന്തപുരം നേമം സ്വദേശിയായ ശ്രീജിത് എന്ന പ്രേംകുമാറിനാണ് നേമം പൊലീസിൽ നിന്ന് മൂന്നാംമുറ അനുഭവിക്കേണ്ടി വന്നത്.മർദ്ദനത്തിൽ നട്ടെല്ലിനും പുറത്തു കഴുത്തിനും ചതവും കടുത്ത വേദനയും കാരണം ശ്രീജിത്തിനെ ഇപ്പോൾ ജനറൽ ആശുപത്രിയിലെ രണ്ടാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു കുറ്റവും ചെയ്യാത്ത തനിക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച നേമം പൊലീസിനെതിരെ സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ് ശ്രീജിത്ത്

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. നേമം എസ്ഐ സമ്പത്ത്, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ശ്രീജിത് മറുനാടനോട് പറഞ്ഞു.ഗൾഫിൽ നിന്നും അമ്മയുടെ ശസ്ത്രക്രിയ പ്രമാണിച്ചാണ് ശ്രീജിത് നാട്ടിലെത്തിയത്. ശ്രീജിത്തിനെ മർദ്ദിക്കുന്നത് കണ്ട് അലറിക്കരഞ്ഞ ഭാര്യ സുവിതയെയും പൊലീസ് വിരട്ടുകയായിരുന്നു. എസ്ഐയുടെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്നും ശ്രീജിത് പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രാവച്ചമ്പലത്തെ ഒരു സീഡി ഷോപ്പിൽ സീഡി എടുക്കാൻ പോയതായിരുന്നു ശ്രീജിത്. കടയുടെ മുൻ വശത്ത് തന്റെ എഫ് ഇസഡ് ബൈക്ക് സ്റ്റാൻഡ് ഇട്ട് വച്ച ശേഷം കടയുടെ ഉള്ളിലേക്ക് പോകാൻ നോക്കുകയായിന്നു അപ്പോഴാണ് ശരിക്കും സ്റ്റാൻഡ് വീഴാത്തതിനാൽ ബൈക്ക് തൊട്ടടുത്തിരുന്ന യൂണിക്കോൺ ബൈക്കിലേക്ക് മറിയുകയായിരുന്നു. ഇത് നിലത്ത് വീണ് ഒരു മിറർ പൊട്ടുകയും ചെയ്തു. ഉടൻ തന്നെ സിഡി ഷോപ്പിൽ നിന്നും അസഭ്യ വർഷം നടത്തികൊണ്ട് ഒരു യുവാവ് പുറത്തേക്ക് വന്ന് ശ്രീജിത്തിനോട് രോഷാകുലനാവുകയും എവിടെനോക്കിയാടാ വണ്ടി കൊണ്ട് വെക്കുന്നത് എന്നും ചോദിച്ചപ്പോൾ സ്റ്റാന്റ് നേരെ വീണില്ല എന്ന മറുപടി കേട്ടിട്ടും വീണ്ടും ഇയാൾ തെറി വിളിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പരസ്പരം ഉന്തും തള്ളുമാവുകയും ചെയ്തപ്പോൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിലുണ്ടായിരുന്നവർ വന്ന് പിടിച്ച് മാറ്റുകയായിരുന്നു.

നിസ്സാരമായ ഒരു കാര്യത്തിനാണോ അടികൂടുന്നത് മിറർ പൊട്ടിയത് പകരം വേറെ വച്ചാൽ പോരെ എന്ന് അവിടെയുണ്ടായിരുന്നവർ ചോദിച്ച സമയത്ത് നിന്നെ കാണിച്ച് തരാമെടാ എന്ന് പറഞ്ഞ് യുവാവ് ശ്രീജിത്തിന്റെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ചെയ്തു. പിന്നീട് ശ്രീജിത് വീട്ടിലെത്തി കുടുംബ സമേതമിരിക്കുമ്പോൾ വൈകുന്നേരം ആറര മണി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ രണ്ട് പൊലീസുകാർ എത്തി ശ്രീജിത്തിന്റെ വീട് ഏതാണെന്ന് സമീപത്ത് തിരക്കുന്നത് കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി നോക്കുകയായിരുന്നു.

കൈയിൽ തന്റെ കുഞ്ഞിനെയും കളിപ്പിച്ച് നിന്ന ശ്രീജിത്തിനോട് കുഞ്ഞിനെ നിലത്ത് വെക്കെടാ എന്ന് അലറികൊണ്ട് ആക്രോശിക്കുകയായിരുന്നു. ഉടൻ തന്നെ വരണം നമുക്ക് സ്റ്റേഷനിലേക്ക് പോണം എന്ന് പറഞ്ഞത് കേട്ട് ശ്രീജിത്തിന്റെ അമ്മ പൊലീസിനോട് തന്റെ മകനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാനും വേണ്ടി എന്ത് തെറ്റാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ എന്താ ചെയ്തത് എന്ന് നീ കണ്ടോ എന്നായിരുന്നു സിപിഒ അരുൺ ശ്രീജിത്തിന്റെ അമ്മ ലതികയോട് ചോദിച്ചത്.

ഉടൻ തന്നെ വിടാമെന്നും പറഞ്ഞ് കൈയിലും തോളിലുമായി പിടിച്ച് കൊണ്ട് പോകാൻ നേരത്ത് ചെരുപ്പിട്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അതൊന്നും വേണ്ട എന്ന് പറഞ്ഞ് പിടിച്ച് വലിച്ച് കൊണ്ട് പോവുകയായിരുന്നു. ഇതെല്ലാം കണ്ട് ഭയന്ന് നിന്ന ഭാര്യയോടും അമ്മയോടും കുട്ടികളോടും പേടിക്കണ്ട എന്ന് പറഞ്ഞ് ശ്രീജിത് പൊലീസിനൊപ്പം പോവുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ട് പോയി കർട്ടൻ ഇട്ട് കതക് അകത്ത് നിന്നും പൂട്ടിയ ശേഷം എസ്ഐ പൊലീസുകാരെ അകത്തേക്ക് വിളിച്ച് തുടങ്ങിക്കോ ചതച്ചാൽ മതി, ഇടിക്കണ്ട അറിയാമല്ലോ അല്ലെ എന്ന് ചോദിക്കുകയായിരുന്നു. കസേരയിൽ ഇരുന്ന ശേഷം ശ്രീജിത്തിനെ അതിനടിയിൽ കുനിച്ച് നിർത്തി കഴുത്തിൽ വിരലുകൾ അമർത്തി മർദ്ദിക്കുകയായിരുന്നു.

ഇതിനിടയിൽ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പുറത്ത് വന്നപ്പോൾ ആ പയ്യനെ മർദ്ദിക്കുന്നുണ്ട് എന്ന് പുറത്ത് നിന്ന ചിലർ പറഞ്ഞത് കേട്ട് ഓടി അകത്തേക്ക് പോവുകയായിരുന്നു. അമ്മയെ കണ്ട ശ്രീജിത് തന്നെ ഇവിടെ ഇടിച്ച് കൊല്ലാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പുറത്തേക്ക് വരാൻ ശ്രമിച്ചപ്പോൾ അമ്മയോട് പരാതി പറയുന്നോടാ എന്നായി പൊലീസിന്റെ ചോദ്യം. ശ്രീജിത്തിന്റെ കരച്ചിൽ കേട്ട് നിലവിളിച്ച ഭാര്യയോട് ഇവിടെ കിടന്ന് ഷോ കാണിച്ചാൽ എല്ലാത്തിനേം പിടിച്ച് റിമാൻഡ് ചെയ്യും എന്നായി ഭീഷണി. പിന്നീട് പരാതി നൽകിയ യുവാവ് സ്റ്റേഷനിലെത്തിയ ശേഷം രണ്ട് പേരോടും സംസാരിച്ച് വിട്ടയക്കുകയായിരുന്നു. ജംങ്ങ്ഷനിൽ വച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ നിനക്കെതിരെയാ മൊഴി നൽകിയത്, കൂടുതൽ വിളഞ്ഞാൽ 5 സാക്ഷികൾ എന്നത് പത്താക്കി മാറ്റാൻ എനിക്ക് അറിയാം എന്നായിരുന്നു എസ്ഐ പറഞ്ഞതെന്നും ശ്രീജിത് പറഞ്ഞു.

അബുദാബിയിൽ എമിറേറ്റ്സ് കാർ പെയിന്റിങ്ങ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ശ്രീജിത്ത്. അമ്മ ലതികയുടെ ശസ്ത്രക്രിയയ്ക്കായാണ് നാട്ടിലെത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി കുടുംബത്തോടൊപ്പം നാട്ടിൽ കഴിയുകയാണ്. ഗൾഫിൽ ജോലി ചെയ്യുന്ന തനിക്കെതിരെ ഇന്നു വരെ നാട്ടിലോ വിദേശത്തോ ഒരു പെറ്റിക്കേസ് പോലും ചാർജ് ചെയ്യപെട്ടിട്ടില്ലെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും ശ്രീജിത്ത് പറയുന്നു. കമ്മീഷണർക്ക് നൽകിയ പരാതി വിശദമായി അന്വേഷിക്കുന്നതിന് വേണ്ടി നേമം സർക്കിൾ ഇൻസ്പെക്ടർക്ക് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP