Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ജനങ്ങൾ ഇന്ന് തുടക്കം കുറിച്ചത് വലിയ യുദ്ധത്തിന്റെ വിജയത്തിന്; മാരക വൈറസിനെ നേരിടാൻ ഇന്ത്യൻ ജനത പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നത് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച്; വൈകിട്ട് അഞ്ച് മണിക്ക് കരഘോഷത്തോടെ നന്ദി അറിയിച്ചത് ആരോ​ഗ്യ പ്രവർത്തകർക്കും; കൊവിഡ് 19നെ തുരത്താൻ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുക തങ്കലിപികളാൽ; ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയും

ജനങ്ങൾ ഇന്ന് തുടക്കം കുറിച്ചത് വലിയ യുദ്ധത്തിന്റെ വിജയത്തിന്; മാരക വൈറസിനെ നേരിടാൻ ഇന്ത്യൻ ജനത പ്രധാനമന്ത്രിക്ക് പിന്നിൽ അണിനിരന്നത് എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച്; വൈകിട്ട് അഞ്ച് മണിക്ക് കരഘോഷത്തോടെ നന്ദി അറിയിച്ചത് ആരോ​ഗ്യ പ്രവർത്തകർക്കും; കൊവിഡ് 19നെ തുരത്താൻ നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുക തങ്കലിപികളാൽ; ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങൾ ഒരു വലിയ യുദ്ധത്തിന്റെ വിജയത്തിന് തുടക്കം കുറിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് 19നെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച എല്ലാ ജനങ്ങൾക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചു. കൊറോണ വിരുദ്ധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന എല്ലാ അവശ്യ സേവന പ്രവർത്തകർക്കും ആദരമർപ്പിച്ചവർക്ക് അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടിയ ഓരോരുത്തരേയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ പ്രവർത്തകരോടുള്ള നന്ദി അറിയിക്കൽ മാത്രമല്ല ഒരു വലിയ യുദ്ധത്തിന്റെ വിജയത്തിന് തുടക്കം കുറിക്കുക കൂടിയാണ് ഇന്ന് ജനങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ ആചരിക്കുന്ന ജനതാ കർഫ്യു ജനങ്ങൾ പൂർണ മനസോടെയാണ് ഏറ്റെടുത്തത്. ജനങ്ങൾ പൂർണമായും പൊതു ഇടങ്ങളിൽ എത്താതെ വീടുകളിൽ കഴിഞ്ഞു. ആളുകൾ തമ്മിലുള്ള സമ്പർക്കും കുറയ്ക്കുന്നതിനും വൈറസ് വ്യാപിക്കുന്നത് മന്ദഗതിയിലുമാക്കാനുള്ള പ്രതിരോധ നടപടിയാണ് സാമൂഹിക അകലം. ഒരു നീണ്ട പോരാട്ടത്തിന്റെ തുടക്കമാണ് ജനതാ കർഫ്യൂ എന്നും അദ്ദേഹം വ്യക്തമാക്കി. നാം തീരുമാനിച്ചാൽ നമുക്കൊരുമിച്ച് ഈ വെല്ലുവിളിയെ നേരിടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് വൈറസ് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാത്രിയാണ് ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവർ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങൾ വലിയ ആവേശത്തോടെയാണ് കർഫ്യൂ ഏറ്റെടുത്തത്. രാജ്യത്തെ മഹാന​ഗരങ്ങളും ചെറു പട്ടണങ്ങളും ​ഗ്രാമങ്ങളുമെല്ലാം ഇന്ന് വിജനമായി. വാഹനങ്ങൾ ഒന്നും തെരുവിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു.

വൈകിട്ട് അഞ്ച് മണിയോടെ തപ്പുകൊട്ടിയും തകിലുകൊട്ടിയും തളിക തട്ടിയും കയ്യടിച്ചും ഇന്ത്യൻ ജനത ആരോഗ്യപ്രവർത്തകർക്കുള്ള നന്ദി അറിയിച്ചത്. വീടുകൾക്കുമുന്നിലും ഫ്ലാറ്റുകളിലെ ബാൽക്കണികളിലും അണിനിരന്നാണ് ജനങ്ങൾ കൈയടിക്കുകയും മണിമുഴക്കുകയും പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കുകയും ചെയ്തത്. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. വീടുകൾക്കുപുറമെ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ അണിചേർന്നു.

ഒഴിഞ്ഞുകിടക്കുന്ന റോഡുകളും അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഒരാളു പോലുമില്ലാത്ത റയിൽവേ പ്ലാറ്റ് ഫോമുകളുമാണ് ഇന്നത്തെ കേരളത്തിന്റെ ചിത്രം. കോവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി ജനം ചിന്തിച്ചതോടെ ജനതാ കർഫ്യൂ നാടിന്റെ സ്വയം പ്രതിരോധമായി. ഹർത്താൽ ദിനത്തിൽ തലങ്ങും വിലങ്ങു പായുന്ന ഇരുചക്രവാഹനങ്ങൾ പോലും വളരെ വിരളമായേ തെരുവിലുണ്ടായുള്ളൂ.

തിരക്കേറിയ നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ആളില്ലാ നഗരങ്ങളായി. തമ്പാനൂർ റയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലുണ്ടായിരുന്നത് ആർപിഎഫും ആരോഗ്യപ്രവർത്തകരും മാത്രം. ഓട്ടോറിക്ഷകളും ടാക്സികളും പൂർണമായും യാത്രകൾ ഒഴിവാക്കി. എല്ലാവരും വീടുകളിലേക്ക് ഒതുങ്ങിയപ്പോഴും വീടുകളില്ലാത്ത ചിലർക്ക് തെരുവുകളിൽ തന്നെ കഴിയേണ്ടിവന്നു.

അതേസമയം, സംസ്ഥാനത്ത് ജനതാ കർഫ്യൂ നീ‍ട്ടി. രാത്രി 9 മണിക്ക് ശേഷം ആരും കൂട്ടമായി പുറത്തിറങ്ങരുതെന്നും നിർദ്ദേശം. സൂപ്പർമാർക്കറ്റുകളിൽ അടക്കം കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. ജനത കർഫ്യു ആചരിക്കുന്നതിന്റെ ഭാഗമായി രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറിയാണ് അറിയിച്ചത്. നിർദ്ദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ 9 ജില്ലകളും കർശന നിയന്ത്രണത്തിലാണ്. ജില്ലകളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കാൻ സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP