Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

ഉംപുൻ താണ്ഡവമാടിയ പശ്ചിമ ബംഗാളിൽ മരണം 72 കഴിഞ്ഞു; ദുരന്തബാധിത പ്രദേശങ്ങൾ നാളെ പ്രധാനമന്ത്രി സന്ദർശിക്കും; ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുക മമതയ്ക്കൊപ്പം ഹെലികോപ്റ്റർ മാർഗം; ഇരു സംസ്ഥാനങ്ങളിലുമായി മാറ്റിപാർപ്പിച്ചത് ഏഴ് ലക്ഷത്തോളം ആളുകളെ; വെള്ളത്തിൽ മുങ്ങി കൊൽക്കത്ത വിമാനത്താവളം; ബംഗ്ലാദേശിലും കനത്ത നാശനഷ്ടം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് സന്ദർശനം. മുഖ്യമന്ത്രി മമതാ ബാനർജിക്കൊപ്പം ഹെലികോപ്റ്ററിൽ ചുഴലിക്കാറ്റ് ബാധിത മേഖല വീക്ഷിച്ച് നാശനഷ്ടം വിലയിരുത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിൽ 72 മരണമാണ് റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനം സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിനൊപ്പം ചുഴലിക്കാറ്റ് നാശംവിതച്ച ഒഡീഷയും പ്രധാനമന്ത്രി സന്ദർശിച്ചേക്കും.

സന്ദർശനത്തിനായി പ്രധാനമന്ത്രി വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെത്തുമെന്നാണ് സൂചന. സന്ദർശനത്തിൽ പശ്ചിമ ബംഗാളിന് ദുരിതാശ്വാസ സഹായം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ബംഗാളിലെ കിഴക്കൻ മദിനിപുർ ജില്ലയിലെ ദിഗ തീരത്ത് ബുധനാഴ്ച 2.30നാണ് ഉംപുൻ ആഞ്ഞടിക്കാൻ തുടങ്ങിയത്.

മണിക്കൂറിൽ 160-170 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച് 190 വരെ വേഗമാർജിച്ച ചുഴലിക്കാറ്റ് തീരദേശപ്രദേശങ്ങളിലെ മരങ്ങളും വൈദ്യുതത്തൂണുകളും പിഴുതെറിഞ്ഞു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകർന്നു.ഒഡിഷ തീരത്തും വൻനാശം സംഭവിച്ചു. ഇരു സംസ്ഥാനത്തുമായി ഏഴുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളമടക്കം വെള്ളത്തിൽ മുങ്ങിയിരുന്നു.

അതേസമയം ഉംപുൻ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു.കൊൽക്കത്തയുടെ വടക്ക് - വടക്ക് കിഴക്ക് ദിശയിൽ നീങ്ങി ബംഗ്ലാദേശിൽ വീശാൻ തുടങ്ങിയ ഉംപുൻ തീവ്ര ന്യൂനമർദമായി മാറി. ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലുമായി ഇരുപതിലധികം പേർ മരിച്ചു. നാളെ വൈകിട്ടോടെ ഉംപുന്റെ സ്വാധീനം പൂർണമായും ഇല്ലാതാകും.

ഇന്നലെ രാത്രി ഒഡീഷയുടെ വടക്കൻ മേഖലയിലും ബംഗാളിന്റെ തെക്കും ഉംപുൻ താണ്ഡവമാടുകയായിരുന്നു.വാർത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി ബന്ധവും തകരാറിലായി. കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി. റൺവേയും വിമാനങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡും വെള്ളത്തിൽ മുങ്ങി. ബംഗാളിലും ഒഡീഷയിലുമായി ഏഴുലക്ഷത്തോളം പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചത്.

ബംഗ്ലാദേശിൽ 24 ലക്ഷം പേരെ ഒഴിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് ഉംപുൻ കരതൊട്ടത്.ഉംപുൻ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അടിയന്തരമായി സഹായങ്ങൾ ലഭ്യമാക്കണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. ഉംപുൻ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 വരെ മഴ തുടരും. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ഉംപുൻ ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള ആഭ്യന്തര അന്താരഷ്ട്ര വ്യോമഗതാഗതത്തേയും ഇനിയുള്ള നാൾ ബാധിച്ചേക്കും.ഉംപുൻ ചുഴലികാറ്റിന്റെ ആറുമണിക്കൂർ നീണ്ട സംഹാര താണ്ഡവത്തിൽ കോൽക്കത്ത വിമാനത്താവളത്തിൽ വെള്ളം കയറി. റൺവേയിൽ വെള്ളം നിറയുകയും വിമാനങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെല്ലാം താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. നിലവിൽ കാർഗോ വിമാനങ്ങളും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള വിമാനങ്ങളും മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.മണിക്കൂറിൽ 190 കിലോമീറ്റർ വേഗത്തിലാണ് പശ്ചിമബംഗാളിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP