Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമിക്രോൺ വകഭേദം: വിദേശ യാത്രാ നിയന്ത്രണം നീക്കിയ നടപടി പിൻവലിച്ചേക്കും; രാജ്യാന്തര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിൽ പുനരാലോചന; ജാഗ്രത കടുപ്പിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി

ഒമിക്രോൺ വകഭേദം: വിദേശ യാത്രാ നിയന്ത്രണം നീക്കിയ നടപടി പിൻവലിച്ചേക്കും; രാജ്യാന്തര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിൽ പുനരാലോചന; ജാഗ്രത കടുപ്പിക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഒമിക്രോൺ വകഭേദം വിവിധ ലോകരാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യാന്തര യാത്ര നിയന്ത്രണങ്ങൾ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തിൽ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികൾസ്വീകരിക്കണമെന്നും നരേന്ദ്ര മോദി നിർദേശിച്ചു. ഒമിക്രോൺ വൈറസിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാൻ കോവിഡ് വാക്‌സീൻ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്.

കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്‌ളാദേശ്, മൗറീഷ്യസ്, സിംബാബ്‌വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

പുതിയ വകഭേദമായ ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങൾ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസ് നിർത്തിവെക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.

ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിന്റെ ഒമിക്രോൺ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തത്. വാക്‌സിനേഷൻ തീർക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കുമെന്ന റിപ്പോർട്ടുകളടക്കം യോഗത്തിൽ ചർച്ചയായി. സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, പരിശോധന കൂട്ടണമെന്നും കേന്ദ്രം നേരത്തെ നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്‌സിനേഷൻ തോതും പ്രധാനമന്ത്രി വിലയിരുത്തി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ അന്താരാഷ്ട യാത്രാ വിലക്ക് നീക്കിയ സാഹചര്യം യോഗം വിലയിരുത്തി.പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളിൽ നിന്നു ഉയരുന്നുണ്ട്.

ഡിസംബർ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാൽ തുടർ സാഹചര്യം നിർണ്ണായകമാകും. അതേ സമയം വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും , പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് ഉൾപ്പടെയുള്ള നിരവധി സംസ്ഥാനങ്ങൾ ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്.

നിരീക്ഷണവും ജാഗ്രതയും മുംബൈ കോർപ്പറേഷൻ ശക്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്നവർക്ക് ക്വാറന്റിൻ നിർബന്ധമാക്കി മുംബൈ കോർപ്പറേഷൻ. പോസിറ്റീവായാൽ ജീനോം സീക്വൻസിങ് നടത്തും.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം തീവ്ര വ്യാപനശേഷിയുള്ളതെന്ന് കണ്ടെത്തിയതോടെ ആഫ്രിക്കയിലേക്കുള്ള വിമാനസർവീസുകൾ വിവിധ ലോകരാജ്യങ്ങൾ നിർത്തിയിരുന്നു. അൻപതിൽ താഴെ ആളുകളിൽ മാത്രമാണ് സ്ഥിരീകരിച്ചതെങ്കിലും പുതിയ വൈറസ് ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടർന്നിരിക്കാമെന്ന് വിദഗ്ദ്ധർ കരുതുന്നു.

നവംബർ 24-ന് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസാണ് ഒമിക്രോൺ എന്ന പേരിൽ അറിയപ്പെടുന്നത്. 'ആശങ്കയുണ്ടാക്കുന്ന വകഭേദമായി' അംഗീകരിച്ചുകൊണ്ട് ഗ്രീക്ക് അക്ഷരമാലയിലെ പേരാണ് ലോകാരോഗ്യ സംഘടന ഈ വൈറസിന് നൽകിയത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വൈറസിനെ ഇതുവരെയുള്ളതിൽ ഏറ്റവും ആശങ്കപ്പെടുത്തുന്ന കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്നും ഇതിനകം വൈറസ് എത്തിയത് ബെൽജിയം , ഇസ്രയേൽ , ഹോംഗ് കോങ്ങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ്. എന്നാൽ തിരിച്ചറിയപ്പെടാതെ പല രാജ്യങ്ങളിലും വൈറസ് എത്തിയിരിക്കാമെന്നാണ് നിഗമനം. ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പകർച്ച ശേഷിയുള്ളതാണ് വൈറസ് എന്നതാണ് ഭീതി പടരാൻ കാരണം. വാക്‌സീനുകളെ മറികടക്കടക്കാൻ പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നും സംശയമുണ്ട്.

യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ചതിനാൽ ഒരിക്കൽ രോഗം വന്നവർക്ക് വീണ്ടും രോഗം വരാനും സാധ്യതയേറെയാണ്. പടിഞ്ഞാറൻ യൂറോപ്പിലെ ബെൽജിയത്തിലാണ് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്തോടെ യൂറോപ്പ് ഒന്നടങ്കം ഭീതിയിലായി. ഈ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മുൻകരുതലിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ ആഫ്രിക്കയിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തി. അമേരിക്ക,ജപ്പാൻ, സിംഗപ്പൂർ, യുഎഇ , ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ എല്ലാം ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി. രോഗബാധയുടെ പേരിൽ ഒറ്റപ്പെടുത്തരുതെന്നും വ്യോമഗതാഗതം തടയരുതെന്നും ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യർത്ഥിച്ചു. അനാവശ്യ ഭീതിയിൽ വിവേചനമില്ലാത്ത വിലക്ക് പാടില്ലെന്ന് ലോകാരോഗ്യ സംഘടനയും അഭ്യർത്ഥിച്ചു.

ലോക വ്യാപാര സംഘടന ജനീവയിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനവും ഇതോടെ അനിശ്ചിതത്വത്തിലായി. നിലവിൽ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യൻ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. കേന്ദ്രസർക്കാർ അനുമതി ലഭിച്ച ശേഷമേ പര്യടനത്തിൽ തീരുമാനമുണ്ടാവൂ എന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങി. വിവിധ കായിക മത്സരങ്ങൾക്കായി ആഫ്രിക്കയിൽ ഉള്ള കായികതാരങ്ങളോട് അടിയന്തിരമായി മടങ്ങിയെത്തി ക്വറന്റീനിൽ പ്രവേശിക്കാൻ മാതൃ രാജ്യങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP