Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202102Thursday

ദേവികയെന്ന കുട്ടിയെ ഓർത്ത് അഭിമാനം; അവളുടെ ശ്രുതിമധുരമായ ആലാപനം ഏകഭാരതം ശ്രേഷ്ടഭാരതത്തിന്റെ അന്തസത്ത ശക്തിപ്പെടുത്തുന്നു; ഹിമാചൽ ഗാനം പാടി വൈറലായ ദേവികയെ അഭിനന്ദിച്ച് മലയാളത്തിൽ ട്വിറ്റുമായി മോദി; ഗാനം വൈറലായതോടെ ഹിമാചൽ മുഖ്യമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രിയുടേയും ആശംസ; സോഷ്യൽ മീഡിയയിൽ താരമായി ഒൻപതാം ക്ലാസുകാരി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:  ഗാനം ആലപിച്ച മലയാളി പെൺകുട്ടിക്ക് പ്രധാനമന്ത്രിയുടെ അനുമോദനം. ദേവിക അഭിമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മലയാളത്തിലാണു പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്. ദേവികയുടെ ആലാപനം 'ഏകഭാരതം ശ്രേഷ്ഠഭാരതത്തിന്റെ' അന്തഃസത്ത ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

.തിരുവനന്തപുരം തിരുമല സ്വദേശിനിയാണ് ഒൻപതാം ക്ലാസുകാരി എസ്.എസ്.ദേവിക. ഹിമാചൽ പ്രദേശിന്റെ തനത് നാടോടി ഗാനം അതിമനോഹരമായി പാടിയാണ് ദേവിക ദേശീയശ്രദ്ധ നേടിയത്. 'ചംപാ കിത്തനി ദൂർ' എന്ന ഗാനം പാടിയ ദേവികയെ ഹിമാചലിലേക്ക് മുഖ്യമന്ത്രി ജയ്‌റാം ഠാക്കുർ ക്ഷണിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ 40 ലക്ഷത്തിലേറെപ്പേരാണ് ദേവികയുടെ ഗാനം ആസ്വദിച്ചത്.

ഹിമാചലി ഗാനം പാടി കേട്ടവരുടെയെല്ലാം മനം കവർന്ന കുട്ടി മലയാളി ഗായികയ്ക്ക് പ്രശംസയുമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ രംഗത്തെത്തിയിരുന്നു.
 ദേവിക പാടിയ 'മായേനീ മേരീയ...' എന്ന ഗാനമാണ് ഒടുവിൽ മുഖ്യമന്ത്രിയുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഹിമാചലിലെ ഈ നാടോടി ഗാനത്തിന്റെ മറുനാടൻ പതിപ്പ് അവിടുത്തെ ഗായകരുടെയും സംഗീതസംവിധായകരുടെയും എല്ലാം അഭിനന്ദനങ്ങൾക്കും വഴിവച്ചിരുന്നു.

ആദ്യ കേൾവിയിൽ തന്നെ ഈ പാട്ട് ഇഷ്ടപ്പെട്ട ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ആ ഇഷ്ടം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഓരോ വരിയിലും കുഞ്ഞുദേവികയെ പ്രകീർത്തിച്ചു കൊണ്ടായിരുന്നു ജയ്‌റാം താക്കൂറിന്റെ അഭിനന്ദനം. 

ഹിമാചൽപ്രദേശ് മുഖ്യമന്ത്രി കുറിച്ചത് ഇങ്ങനെ:-

'ഇവൾ കേരളത്തിന്റെ മകൾ ദേവിക. സ്വരമധുരമായ ശബ്ദത്തിൽ ഹിമാചലി ഗാനം ആലപിച്ച് ഹിമാചൽപ്രദേശിന്റെ മഹത്വം വർധിപ്പിച്ചിരിക്കുന്നു. ആ മകളെ ഞാൻ അഭിനന്ദിക്കുന്നു. ആ ശബ്ദത്തിൽ ഒരു പ്രത്യേക മാന്ത്രികതയുണ്ട്. ഈ സ്വരം ഇനിയും ഉയർന്നുയർന്ന് ലോകം മുഴുവൻ വ്യാപിക്കട്ടെ. ഈ ശബ്ദത്തെ ലോകം മുഴുവൻ അംഗീകരിക്കാനിടയാകട്ടെയെന്ന് ഞാൻ ഹിമാചലിലെ ദേവീ ദേവന്മാരോട് പ്രാർത്ഥിക്കുന്നു. ഹിമാചൽ പ്രദേശിലേയ്ക്കു വരുവാനും ഇവിടുത്തെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കുവാുനും ദേവികയെ ഞാൻ ക്ഷണിക്കുകയാണ്. താങ്കൾ തീർച്ചയായും ഇവിടെ വരണം. ദേവഭൂമിയിൽ നിന്നും ദേവികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു'.

വിവിധ സംസ്ഥാനങ്ങളിലെ സംസ്‌കാരങ്ങളെക്കുറിച്ചു കുട്ടികൾക്ക് അറിവു പകരാനായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പഠനത്തിന്റെ ഭാഗമായാണ് ദേവിക പാട്ടു പഠിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപി എസ്.ആർ.ദേവിയാണ് പാട്ട് നിർദ്ദേശിച്ചത്. ഹിമാചൽപ്രദേശിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടിരുന്ന കാലത്താണ് അവിടുത്തുകാരുടെ പാരമ്പര്യത്തിന്റെ ഭാഗമായ ഈ ഗാനം ദേവി ടീച്ചറുടെ മനസ്സിൽ കയറിക്കൂടിയത്. പാട്ട് യൂട്യൂബിൽ തിരഞ്ഞു കണ്ടെത്തിയതിനു ശേഷം ദേവിക അത് പഠിച്ചു പാടി.

അമ്മ സംഗീത, വിഡിയോ റെക്കോർഡ് ചെയ്ത് ടീച്ചറിന് അയച്ചു കൊടുക്കുകയും അവർ അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ക്ഷണനേരം കൊണ്ടു ശ്രദ്ധിക്കപ്പെട്ട പാട്ടിനു പിന്നിലെ സ്വരത്തെ തേടിയുള്ള ചർച്ചകളായിരുന്നു പിന്നീട് സമൂഹമാധ്യമലോകത്ത്. സ്വതസിദ്ധമായ ആലാപനം കേട്ടവരെല്ലാം കണ്ണും മനസ്സും നിറഞ്ഞ് ദേവികയ്ക്ക് ആശംസകൾ നേരുകയാണിപ്പോൾ. ഒരുപക്ഷേ പാട്ട് ഇത്രയേറെ ഹൃദയങ്ങളിൽ നിറഞ്ഞൊഴുകുമെന്ന് ദേവിക പോലും കരുതിക്കാണില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP