Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം; അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരം; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമെന്നും പ്രധാനമന്ത്രി; പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക്; ശ്രേഷ്ഠ ഭാരതത്തിന് മാർഗ്ഗദർശി ചെങ്കോൽ എന്ന് പ്രഖ്യാപനം

പുതിയ പാർലമെന്റ് മന്ദിരം ഭാരതത്തിന്റെ വികസനയാത്രയിലെ അനശ്വര മുഹൂർത്തം; അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരം; സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമെന്നും പ്രധാനമന്ത്രി; പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക്; ശ്രേഷ്ഠ ഭാരതത്തിന് മാർഗ്ഗദർശി ചെങ്കോൽ എന്ന് പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ വികസനയാത്രയിലെ അനശ്വര മുഹൂർത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരം. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണത്. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരമാണ് യാഥാർത്ഥ്യമായതെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പുതിയ പാർലമെന്റ് മന്ദിരം ഓരോ ഭാരതീയന്റെയും അഭിമാനമാണ്. ഇത് ഒരു മന്ദിരം മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണ്. സ്വാശ്രയ ഇന്ത്യയുടെ സൂര്യോദയത്തിന് ഈ മന്ദിരം സാക്ഷിയാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആത്മനിർഭർ ഭാരതത്തിന്റെ പുതിയ സൂര്യോദയത്തിന്റെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

ലോകം ബഹുമാനത്തോടെ ഇന്ത്യയെ ഉറ്റുനോക്കുന്നു. രാജ്യം മുന്നോട്ട് പോയാൽ ലോകവും പുരോഗമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളുടെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശവുമാണ് പുതിയ മന്ദിരമെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരതത്തിന്റെ സൂര്യോദയമാണ് പുതിയ മന്ദിരം. ആധുനികതയും പാരമ്പര്യവും ചേരുന്ന മന്ദിരം. പവിത്രമായ ചെങ്കോലിന്റെ മഹത്വം വീണ്ടെടുക്കാൻ സാധിച്ചു. മാധ്യമങ്ങളിൽ ചെങ്കോലുമായി ബന്ധപ്പെട്ട പല വ്യാഖ്യാനങ്ങളും വന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാനില്ല. പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചുകേൾപ്പിച്ചു. ഈ നിമിഷം സുവർണലിപികളാൽ എഴുതപ്പെടുമെന്ന് രാഷ്ട്രപതിയും പുതിയ മന്ദിരം അടിമത്തമില്ലാത്ത മനസ്സിന്റെ അടയാളപ്പെടുത്തലെന്ന് ഉപരാഷ്ട്രപതിയും സന്ദേശത്തിൽ അറിയിച്ചു.

സമ്മേളനത്തിൽ പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചു. 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരം രാവിലെ പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ചിരുന്നു. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയതോടെയാണ് ഉദ്ഘാടനത്തിന്റെ ഒന്നാംഘട്ട ചടങ്ങുകൾ ആരംഭിച്ചത്. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി എത്തിച്ചേർന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു പാർലമെന്റിൽ രണ്ടാം ഘട്ട ചടങ്ങുകൾക്ക് തുടക്കമായത്. പുതിയ പാർലമെന്റിനെക്കുറിച്ചുള്ള ഹ്രസ്വ ചിത്രവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു.

ഹർഷാരവത്തോടെയും മോദി, മോദി മുദ്രാവാക്യം വിളികളോടെയുമാണ് ബിജെപി എംപിമാർ പാർലമെന്റിനുള്ളിലേക്ക് പ്രധാനമന്ത്രിയെ വരവേറ്റത്. വി.ഡി സവർക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷമാണ് മോദി ലോക്സഭയിലേക്ക് പ്രവേശിച്ചത്. പാർലമെന്റ് അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങിനെത്തിയിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രണ്ടര വർഷത്തിനുള്ളിൽ പുതിയ ആധുനിക രീതിയിലുള്ള പാർലമെന്റ് മന്ദിരം നിർമ്മിച്ചത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പുതിയ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് പറഞ്ഞു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദേശവും അദ്ദേഹം സഭയിൽ വായിച്ചു. പാർലമെന്റിന് മുന്നിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട ചടങ്ങുകൾ രാവിലെ നടന്നിരുന്നു. രാവിലെ 7.30 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങുകളുടെ ഭാഗമായ ഹോമം, പൂജ എന്നിവ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. ലോക്സഭാ സ്പീക്കർ ഓം ബിർലയും പൂജയിൽ പങ്കെടുത്തു. തുടർന്ന് സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് നടന്നതെന്ന് സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പാർലമെന്റിനകത്ത് ലോക്‌സഭാസ്പീക്കറുടെ ഇരിപ്പിടത്തിനുസമീപം സ്ഥാപിച്ചു.

പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. തുടർന്ന് പ്രധാനമന്ത്രി നിലവിളക്ക് തെളിയിക്കുകയും ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിൽ പങ്കെടുത്ത തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. തുടർന്ന് സർവമത പ്രാർത്ഥനയും നടന്നു.

1200 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാർലമെന്റ് കെട്ടിടമാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിച്ചത്. അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ പ്രധാനമന്ത്രി തന്നെ സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഫലകം അനാച്ഛാദനം ചെയ്ത് പാർലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

അതേസമയം, കോൺഗ്രസും ഇടത് പക്ഷവും, ആംആദ്മി പാർട്ടിയുമടക്കം 21 കക്ഷികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാർലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ച് തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്‌മണസംഘവുമായി പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന സമാജ് വാദി പാർട്ടി വിമർശിച്ചു

എന്ത് പാടില്ലെന്നാണോ ഭരണഘടന പറയുന്നത് അത് നടന്നുവെന്ന് മോദിയും സന്ന്യാസിമാരുമായുള്ള ചിത്രം പങ്കുവച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. പാർലമെന്റിനെ ശവപ്പെട്ടിയോട് ഉപമിച്ച് ആർജെഡി രൂക്ഷ വിമർശനം ഉയർത്തി.അതേ സമയം ചെങ്കോലിനെ അനുകൂലിച്ചും, എതിർത്തുമുള്ള വാദങ്ങളെ അംഗീകരിച്ച ശശി തരൂർ എം പി വർത്തമാനകാല മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാൻ ചെങ്കോലിനെ സ്വീകരിക്കാമെന്ന് ട്വീറ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP