Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവഗണിച്ചു പിഎം കെയറിലേക്ക് ഒഴുകി എത്തിയത് ശതകോടികളുടെ സംഭാവനകൾ; സിഎജി ഓഡിറ്റിങ് ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്; കോവിഡ് കാലത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു പബ്ലിസിറ്റി നൽകി കോടികൾ സ്വരൂപിച്ച പി എം കെയേഴ്‌സിനെ കുറിച്ച് പൗരന് ചോദിക്കാൻ പാടില്ലെന്ന നയത്തിനെതിരെ ഉയരുന്നത് കടുത്ത വിമർശനം; പി എം കെയേഴ്‌സ് ആരെ കൊഴിപ്പിക്കാൻ?

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവഗണിച്ചു പിഎം കെയറിലേക്ക് ഒഴുകി എത്തിയത് ശതകോടികളുടെ സംഭാവനകൾ; സിഎജി ഓഡിറ്റിങ് ഇല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വിവരാവകാശ നിയമത്തിന്റെ പരിധിയിലും വരില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്; കോവിഡ് കാലത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചു പബ്ലിസിറ്റി നൽകി കോടികൾ സ്വരൂപിച്ച പി എം കെയേഴ്‌സിനെ കുറിച്ച് പൗരന് ചോദിക്കാൻ പാടില്ലെന്ന നയത്തിനെതിരെ ഉയരുന്നത് കടുത്ത വിമർശനം; പി എം കെയേഴ്‌സ് ആരെ കൊഴിപ്പിക്കാൻ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ വേണ്ടി രാജ്യം കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചപ്പോൾ നാനാ കോണുകളിൽ നിന്നും പ്രതിസന്ധിയിൽ സഹായം വാഗ്ദാനം ചെയ്തു കൊണ്ട് ആളുകളെത്തി. ഇവരൊക്കെ പൊതുവേ പണം നൽകേണ്ടിയിരുന്നത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായിരുന്നു. എന്നാൽ. ഇതിനിടെയാണ് പി എം കെയേഴ്‌സ് ഫണ്ട് എന്ന പേരിൽ ഒരു ട്രസ്റ്റിന് രൂപം കൊടുത്ത് ഇതിലേക്ക് കോർപ്പറേറ്റുകൾ അടക്കം കോടികൾ ഒഴുക്കിയതും. സർക്കാർ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചു പബ്ലിസിറ്റി നൽകുകയും ചെയ്തു. എന്നാൽ, പി എം കെയേഴ്‌സ് ഒട്ടും സുതാര്യമല്ലെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്.

കോവിഡ് പ്രതിരോധത്തിനായി രൂപവത്കരിച്ച പി.എം. കെയേഴ്സ് ഫണ്ട് വിവരാവകാശനിയമത്തിന്റെ പരിധിയിലും വരില്ലെന്ന വിവരമാണ് ഒടുവിലായി പുറത്തുവന്നത്. ഈ നിധി പൊതുസ്ഥാപനമല്ലെന്ന് നിയമവിദ്യാർത്ഥിയുടെ വിവരാവകാശ അപേക്ഷ തള്ളിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ബെംഗളൂരുവിലെ ഒരു വിദ്യാർത്ഥിനിയാണ് ഏപ്രിലിൽ അപേക്ഷ നൽകിയത്. പി.എം. കെയേഴ്സിലെ വിവരങ്ങൾ ചോദിച്ചായിരുന്നു അപേക്ഷ. ഫണ്ട് കൈകാര്യംചെയ്യുന്ന ട്രസ്റ്റിന്റെ കരാർപത്രവും മറ്റു സർക്കാർഉത്തരവുകളും അപേക്ഷക ആവശ്യപ്പെട്ടു. വിവരാവകാശനിയമത്തിലെ വകുപ്പ് രണ്ട് എച്ചിൽ വരുന്ന പൊതുസ്ഥാപനമല്ല പി.എം.കെയേഴ്സ് നിധി. കൂടാതെ, ഈ നിധിയുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങൾ പി.എം.കെയേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വിവരാവകാശനിയമമനുസരിച്ച് സർക്കാർ സഹായധനമുള്ള എല്ലാ സംഘടനകളും സ്ഥാപനങ്ങളും പൊതുസ്ഥാപനം എന്ന നിർവചനത്തിൽ വരും. പി.എം. കെയേഴ്സിനെക്കുറിച്ചുള്ള അപേക്ഷ തള്ളിയതിനെതിരേ ഹർജി നൽകുമെന്ന് വിദ്യാർത്ഥിനി അറിയിച്ചു. 2020 എപ്രിൽ ഒന്നിന് സമർപ്പിച്ച അപേക്ഷയിൽ തേജ പി.എം കെയറിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇതുമായി ബന്ധപ്പട്ട സർക്കാർ ഉത്തരവുകളുടെ പകർപ്പിനും തേജ ആവശ്യപ്പെട്ടിരുന്നു. മെയ് 29നാണ് തേജയ്ക്ക് പി.എം കെയർ ഒരു പൊതുസ്ഥാപനമല്ലെന്നും അതിനാൽ ഇത് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമുള്ള മറുപടി ലഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.ഐയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടിയിൽ അപ്പീലിന് പോകുമെന്ന് തേജ പ്രതികരിച്ചു. പി.എം.കെയർ പൊതുസ്ഥാപനമല്ലെങ്കിൽ പിന്നെ എന്താണെന്നും അവർ ചോദിച്ചു. പി.എം.കെയർ പൊതു സ്ഥാപനമല്ല എന്ന് വ്യക്തമാക്കുന്നതോട് കൂടി ഇതിന് യാതൊരു സുതാര്യതയും ഇല്ലെന്നാണ് സർക്കാർ പറയുന്നതെന്നും തേജ പ്രതികരിക്കച്ചു. നേരത്തെ പിഎം കെയറിന് സിഎജി ഓഡിറ്റിങ് ഇല്ലെന്ന വിമർശനവും ഉയർന്നിരുന്നു. ചാരിറ്റി ഓർഗനൈസേഷൻ ആയതു കൊണ്ടാണ് കെയേഴ്സ് ഫണ്ടിൽ ഓഡിറ്റ് ആവശ്യമില്ലാത്തത് എന്ന് ഒരു സി.എ.ജി ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയർപേഴ്സണും മുതിർന്ന കാബിനറ്റ് അംഗങ്ങൾ ട്രസ്റ്റിയുമായി മാർച്ച് 28നാണ് പി.എം കെയേഴ്സ് എന്ന പുതിയ ട്രസ്റ്റ് രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനിൽക്കെയാണ് പുതിയൊരു ട്രസ്റ്റിന് സർക്കാർ രൂപം നൽകിയിരുന്നത്. ഇത് വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ട്രസ്റ്റികൾ ആവശ്യപ്പെട്ടാൽ അല്ലാതെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനാകില്ല. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ അടിസ്ഥാനപ്പെടുത്തിയാണ് കെയേഴ്സ് ഫണ്ട്.

1948ൽ രൂപീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സി.എ.ജി ഓഡിറ്റ് നടത്താറില്ല. എന്നാൽ സി.എ.ജിക്ക് ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിക്കാം. വ്യക്തികൾ, കോർപറേറ്റുകൾ, വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ തുടങ്ങിയ നിരവധി പേർ പി.എം കെയേഴ്സിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. വൻ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായികതാരങ്ങളുമെല്ലാം കോടികളാണ് പി എം കെയേഴ്‌സിലേക്ക് സംഭാവന ചെയ്തിരുന്നത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുന്നിരുന്നു.

പി.എം- കെയേഴ്‌സിന്റെ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂർ എംപി രംഗത്തെത്തിയപ്പോൾ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം. ഇന്ത്യക്കാരെല്ലാം ഈ വേളയിൽ പരസ്പരം 'കെയർ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്‌സ് എന്നായിരുന്നു പേരിടേണ്ടതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തിൽ PM - CARES (സിറ്റിസൺസ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയിൽ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതിൽ സുതാര്യത ഇല്ലെന്നാണ് തരൂർ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യൻ ജനതയോട് വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂർ വ്യക്തമാക്കിയിരുന്നു.

ഗൗതം അദാനി 100 കോടിയും ടാറ്റ സൺസ് - ടാറ്റ ട്രസ്റ്റ്‌സ് 1500 കോടിയും റിലയൻസ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയിൽവേ 150 കോടിയും നടൻ അക്ഷയ് കുമാർ 25 കോടിയും നൽകിയിരുന്നു. റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 151 കോടി നൽകുന്നതായി റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ആദ്യം സംഭാവന നൽകിയവരിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉൾപ്പെടുന്നു. പി.എം കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ വച്ച് ഒരുവർഷത്തേക്ക് സംഭാവന ചെയ്യാൻ ആരംഭിച്ചെന്ന് സംയുക്തസോ മേധാവി ജനറൽ ബിപിൻ റാവത്ത് അറിയിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായാണ് പി.എം കെയേഴ്സ് ഫണ്ട് ആരംഭിച്ചത്.സൈന്യത്തിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിൻ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം.ശമ്പളത്തിൽ നിന്ന് പി.എം. കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് ബിപിൻ റാവത്ത് കത്തെഴുതിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP