Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനെ നേരിടാൻ വിദേശത്തു നിന്നും പണം സമാഹരിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; ധനസമാഹരണത്തിന് പ്രചരണം നടത്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി മോദി നേരിട്ടു ചർച്ച നടത്തി; പിഎം കെയർ ഫണ്ടിലേക്ക് സംഭാവന നൽകിയത് ബിസിസിഐയും പേടിഎമ്മും അടക്കമുള്ള വമ്പന്മാർ; ദുരന്തങ്ങളെ നേരിടാൻ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉള്ളപ്പോൾ പിഎം കെയർ എന്ന പുതിയ സ്‌കീം എന്തിന് തുടങ്ങിയെന്ന ചോദ്യമുയർത്തി തരൂരും യെച്ചൂരിയും രാമചന്ദ്രൻ ഗുഹയും അടക്കമുള്ളവർ

കോവിഡിനെ നേരിടാൻ വിദേശത്തു നിന്നും പണം സമാഹരിക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നു; ധനസമാഹരണത്തിന് പ്രചരണം നടത്താൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായി മോദി നേരിട്ടു ചർച്ച നടത്തി; പിഎം കെയർ ഫണ്ടിലേക്ക് സംഭാവന നൽകിയത് ബിസിസിഐയും പേടിഎമ്മും അടക്കമുള്ള വമ്പന്മാർ; ദുരന്തങ്ങളെ നേരിടാൻ പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസനിധി ഉള്ളപ്പോൾ പിഎം കെയർ എന്ന പുതിയ സ്‌കീം എന്തിന് തുടങ്ങിയെന്ന ചോദ്യമുയർത്തി തരൂരും യെച്ചൂരിയും രാമചന്ദ്രൻ ഗുഹയും അടക്കമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാമാരിയായി കോവിഡ് 19 മാറിയതോടെ രാജ്യം കടുത്ത ആശങ്കയിലേക്ക് നീങ്ങുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ എന്തുമാർഗ്ഗം തേടുമെന്ന ചോദ്യങ്ങൾ ശക്താണ്. ഇതുണ്ടാക്കുന്ന സാമ്പത്തിക ആഘാതം അടക്കം വരും കാല ജീവിതത്തെ വളരെ ദുഷ്‌ക്കരമാക്കുമെന്നത് ഉറപ്പാണ്. ഇതിനിടെ കോവിഡിനെ പ്രതിരോധിക്കാൻ ധനസമാഹരണം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു രംഗത്തിറങ്ങിയിട്ടുണ്ട്. പിഎം കെയർ ഫണ്ട് രൂപീകരിച്ചാണ് ഇതിലേക്ക് ഫണ്ട് ശേഖരണം തുടങ്ങിയത്.

കോവിഡിനെ നേരിടുന്നതിന് വിദേശരാജ്യങ്ങളിൽ നിന്നു സംഭാവനകൾ സമാഹരിക്കുന്നതിനായി പി.എം.കെയർ ഫണ്ട് പദ്ധതിയെക്കുറിച്ച് ഉചിതമായ പ്രചാരണം നടത്തണമെന്ന് ഇന്ത്യൻ നയതന്ത്രപ്രതിനിധികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. തിങ്കളാഴ്ച വൈകീട്ട് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്.

യാത്രാനിയന്ത്രണങ്ങൾമൂലം വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കണമെന്നും മോദി ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിന് വിദേശരാജ്യങ്ങൾ സ്വീകരിച്ച മികച്ച നടപടികൾ, നവീന പരീക്ഷണങ്ങൾ, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയവ മനസ്സിലാക്കണമെന്നും മോദി പറഞ്ഞു. കോവിഡിനെ നേരിടാൻ ജനുവരി മധ്യത്തിൽത്തന്നെ ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രോഗം മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്താതിരിക്കാനും വൻതോതിൽ വ്യാപിക്കാതിരിക്കാനുമായിരുന്നു ഇത്. അതിനായാണ് ലോകത്തെ ഏറ്റവും വലിയ അടച്ചിടൽ ഇന്ത്യ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി സാമ്പത്തികരംഗത്തെ ബാധിക്കുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത, ചരക്കുകടത്ത് തുടങ്ങിയവയെക്കുറിച്ച് അതത് രാജ്യങ്ങളിലെ സർക്കാരുമായി ചർച്ചചെയ്ത് പരിഹാരമുണ്ടാക്കണമെന്ന് നയതന്ത്രപ്രതിനിധികളോട് അദ്ദേഹം നിർദ്ദേശിച്ചു. ആഗോള രാഷ്ട്രീയം, സാമ്പത്തിക അവസ്ഥകൾ എന്നിവ രൂപപ്പെടുന്നത് സസൂക്ഷ്മം നിരീക്ഷിക്കണമെന്നും പറഞ്ഞു. ചൈന, യു.എസ്., ഇറാൻ, ഇറ്റലി, ജർമനി, നേപ്പാൾ, അഫ്ഗാനിസ്താൻ, മാലദ്വീപ്, ദക്ഷിണ കൊറിയ, യുഎ.ഇ. എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

അതേസമയം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി ഉള്ളപ്പോൾ പി എം കെയർ എന്ന പേരിൽ ഫണ്ട് എന്തിന് സ്വരൂപിക്കുന്നു എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. പി എം കെയർ എന്നത് എന്താണെന്ന ചോദ്യവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ളവർ എത്തിയിട്ടുണ്ട്. വൻ വ്യവസായികളും പൊതുമേഖല സ്ഥാപനങ്ങളും സിനിമ-കായികതാരങ്ങളുമെല്ലാം കോടികളാണ് ഇതിലേക്ക് സംഭാവന ചെയ്യുന്നത്. അതേസമയം, പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയൊരു സംവിധാനം കൊണ്ടുവന്നതെന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

പി.എം- കെയേഴ്‌സിന്റെ പ്രവർത്തനം സുതാര്യമല്ലെന്ന ആരോപണവുമായി ശശി തരൂർ എംപി രംഗത്തെത്തിയപ്പോൾ മോദിയുടെ പ്രതിച്ഛായ മുതലെടുപ്പാണ് ഇതെന്നാണ് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ അഭിപ്രായം. ഇന്ത്യക്കാരെല്ലാം ഈ വേളയിൽ പരസ്പരം 'കെയർ ചെയ്യുന്നു'ണ്ടെന്നും ഇന്ത്യ - കെയേഴ്‌സ് എന്നായിരുന്നു പേരിടേണ്ടതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.

കൊറോണക്കെതിരായ പോരാട്ടത്തിന് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാനാണ് മോദിയുടെ നേതൃത്വത്തിൽ ജങ ഇഅഞഋട (സിറ്റിസൺസ് അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ്) ഫണ്ട് രൂപവത്കരിച്ചത്. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി എന്നിവർ അംഗങ്ങളുമായ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണിത്. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയുടെ പേര് ഈ രീതിയിൽ മാറ്റുന്നതിന് പകരം പൊടുന്നനെ പുതിയ ട്രസ്റ്റ് രൂപവത്കരിച്ചതിൽ സുതാര്യത ഇല്ലെന്നാണ് തരൂർ ആരോപിക്കുന്നത്. ഈ അസാധാരണ നടപടി സംബന്ധിച്ച് ഇന്ത്യൻ ജനതയോട് വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.

ദേശീയ ദുരന്ത വേളയിലും വിഗ്രഹ സൃഷ്ടിയാണ് മോദിയുടെയും കൂട്ടരുടെയും ലക്ഷ്യമെന്ന് രാമചന്ദ്രഗുഹ ചൂണ്ടിക്കാട്ടി. പ്രതിച്ഛായ മുതലെടുപ്പാണിതെന്ന് ആരോപിച്ച അദ്ദേഹം ചില ചോദ്യങ്ങളും ഉന്നയിക്കുന്നു. പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോൾ പുതിയ ട്രസ്റ്റിന്റെ ഗുണങ്ങളെന്താണ്, ട്രസ്റ്റിന്റെ നിയമാവലി എവിടെ കിട്ടും, ഏത് നിയമത്തിന്റെ കീഴിലാണ് രജിസ്റ്റർ ചെയ്തത്, എപ്പോൾ അല്ലെങ്കിൽ എവിടെ രജിസ്‌ട്രേഷൻ നടന്നു, ലോക്ക്ഡൗണിൽ സബ് രജിസ്ട്രാർ പ്രധാനമന്ത്രിയുടെ വസതിയിൽ പോയോ അതോ പ്രധാനമന്ത്രി സബ് രജിസ്ട്രാർ ഓഫിസിൽ പോയോ, ട്രസ്റ്റിന്റെ ചെയർമാൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആണോ നരേന്ദ്ര മോദി എന്ന വ്യക്തിയാണോ, രജിസ്‌ട്രേഡ് ഓഫിസ് മേൽവിലാസം എന്താണ് എന്നൊക്കെ അദ്ദേഹം ചോദിക്കുന്നു. പി.എം- കെയേഴ്‌സിലേക്ക് സംഭാവന നൽകിയ അക്ഷയ് കാനഡ കുമാറും (ബോളിവുഡ് നടൻ അക്ഷയ് കുമാർ) ജെയ് ബി.സി.സിഐ ഷായും (അമിത് ഷായുടെ മകൻ ജെയ് ഷാ) പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയെ മറന്ന് പുതിയ ട്രസ്റ്റ് നിക്ഷേപിക്കാൻ എന്തിന് ആളുകളെ പ്രേരിപ്പിക്കുന്നു എന്നും പരിഹാസ രൂപേണ രാമചന്ദ്രഗുഹ ചോദിച്ചു. മോദി പ്രഖ്യാപിച്ചത് മുതൽ കോടികളാണ് പി.എം- കെയേഴ്‌സിലേക്ക് ഒഴുകുന്നത്. ഗൗതം അദാനി 100 കോടിയും ടാറ്റ സൺസ് - ടാറ്റ ട്രസ്റ്റ്‌സ് 1500 കോടിയും റിലയൻസ് 5 കോടിയും ജെ.എസ്.ഡബ്ല്യു 100 കോടിയും റെയിൽവേ 150 കോടിയും നടൻ അക്ഷയ് കുമാർ 25 കോടിയും നൽകുമെന്നാണ് വാഗ്ദാനം ചെയ്തത്.

പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ, ആഭ്യന്തര, ധനകാര്യ മന്ത്രിമാർ അംഗങ്ങളുമായ ട്രസ്റ്റ് രൂപവത്കരിച്ചതായി കഴിഞ്ഞ ദിവസമാണ് സർക്കാർ അറിയിച്ചത്. പുതിയ നിധിയെക്കുറിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാർച്ച് 28ന് അറിയിപ്പ് നൽകിയതിനു പിന്നാലെ, അതിലേക്ക് സംഭാവന ചെയ്യാൻ പ്രധാനമന്ത്രി ട്വിറ്റർ സന്ദേശത്തിൽ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. നിരവധി വ്യവസായികളും സിനിമ, കായികതാരങ്ങളും വൻതുക പ്രത്യേക നിധിയിൽ നിക്ഷേപിച്ചു. മോദിയുടെ അടുത്ത വ്യവസായി സുഹൃത്ത് ഗൗതം അദാനി നൽകിയത് 100 കോടി രൂപ. ടാറ്റ, റിലയൻസ്, ജെ.എസ്.ഡബ്ല്യു ഗ്രൂപ് തുടങ്ങിയവയും വൻതുക വാഗ്ദാനം ചെയ്തു. നടൻ അക്ഷയ്കുമാർ 25 കോടി നൽകി. റെയിൽവേ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 151 കോടി നൽകുന്നതായി റെയിൽവേ പ്രഖ്യാപിച്ചു. ആദ്യം സംഭാവന നൽകിയവരിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദും ഉൾപ്പെടുന്നു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കല്ല ഇവർ സംഭാവന ചെയ്തത്. 1948ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ആഹ്വാന പ്രകാരമാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധി സ്ഥാപിച്ചത്. പ്രകൃതിക്ഷോഭം, കലാപം എന്നിവക്ക് ഇരയാവുന്നവർക്കും വിദഗ്ധ ചികിത്സ ആവശ്യമുള്ള ദുർബല വിഭാഗങ്ങൾക്കും ഈ നിധിയിൽ നിന്ന് സഹായം അനുവദിക്കാറുണ്ട്. ഇതിനിടെ, പി.എം കെയേഴ്‌സ് ഫണ്ടിന്റെ പേരിൽ വ്യാജമായ യൂനിഫൈഡ് പേമന്റെ്‌സ് ഇന്റർഫേസ് (യു.പി.ഐ) ഐ.ഡി പ്രചരിപ്പിക്കുന്നതിനെതിരെ സർക്കാറും ബാങ്കുകളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP