Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ; ബ്രാൻഡ് ചെയ്ത പ്ലാസ്റ്റിക്കുകൾക്ക് വിലക്കില്ല; 225 ടൂറിസം മേഖലയിൽ നിന്നും പൂർണമായും പ്ലാസ്റ്റിക്കിനെ പുറംതള്ളി; ഗ്രീൻ സർട്ടിഫിക്കേഷൻ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി; നിരോധനത്തിൽ ആശങ്കയുമായി വ്യാപരികളെത്തുമ്പോൾ സർക്കാർ മാനദന്ധങ്ങൾ ഇങ്ങനെ; നിരോധിച്ചവയും വിലക്കില്ലാത്തവയും തിരിച്ചറിഞ്ഞ് ഉപയോഗിക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യാപാരികളുടെ കടുത്ത എതിർപ്പ് ഉയരുമ്പോഴും പ്ലാസ്റ്റിക് നിരോധനത്തിൽ ഉറച്ച് പിണറായി സർക്കാർ. ഇന്നുമുതൽ സംസ്ഥാനത്ത് ബ്രാൻഡഡ് അല്ലാത്ത പ്ലാസ്റ്റിക്കുകൾക്ക് വിലക്ക്.വ്യാപാരികളുടെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും നിരോധനത്തിനുള്ള തീയതി നീട്ടേണ്ടെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണു സർക്കാർ. അതേസമയം, നിരോധനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികളൊന്നും സർക്കാർ തലത്തിൽ എടുത്തിട്ടില്ല. നവംബറിൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം പുതുവത്സരദിനമായ ജനുവരി 1 മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ കർശനമായ നിയനമം കൊണ്ടുവരുമെന്നണ് വ്യക്തമാക്കിയത്.

നിയമം ലംഘിച്ചാൽ കടുത്ത പിഴയും ചുമത്തും. നവംബറിൽ ഇറക്കിയ ഉത്തരവിൽ ഭേദഗതികൾ വരുത്തി കഴിഞ്ഞ 17നു സർക്കാർ പുതിയ ഉത്തരവിറക്കിയിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനോ വ്യാപാരികളുടെ ആശങ്കകൾക്ക് മറുപടി നൽകാനോ സർക്കാർ തയാറായിട്ടില്ല. നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചെയ്യേണ്ട പരിശോധന ഉൾപ്പെടെ നടപടികളെക്കുറിച്ച് വകുപ്പുകൾക്കു പ്രത്യേക നിർദ്ദേശവും നൽകിയിട്ടില്ല.500 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ എന്നും ജ്യൂസ്, ലഘുപാനീയങ്ങളുടെ കുപ്പിക്കു നിരോധനമില്ലെന്നും പരിസ്ഥിതിവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ധാന്യങ്ങൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളൊന്നും നിരോധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇന്നു മുതൽ ഹോട്ടലുകളും റിസോർട്ടുകളും ഹൗസ് ബോട്ടുകളും ഹോം സ്റ്റേകളും ഉൾപ്പെടെ 225 ടൂറിസം സംരംഭകർ 19 ഇനം പ്ലാസ്റ്റിക് ഐറ്റങ്ങൾ ഒഴിവാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്.. 9 ടൂറിസം കേന്ദ്രങ്ങൾക്ക് 2021ൽ ഗ്രീൻ സർട്ടിഫിക്കേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.കുമരകത്തെ ആദ്യ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത ടൂറിസം കേന്ദ്രമായി ഉടൻ പ്രഖ്യാപിക്കും.

പ്ലാസ്റ്റിക് നിർമ്മിതമായ ക്യാരിബാഗുകൾ, ട്രേ, ഡിസ്‌പോസബിൾ ഗ്ലാസ്, ബോട്ടിലുകൾ, സ്‌ട്രോ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ,തെർമോകോൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, സ്പൂൺ, ജ്യൂസ് പാക്കറ്റുകൾ, പിവിസി ഫ്‌ളെക്‌സ് ഉൽപന്നങ്ങൾ, പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ തുടങ്ങിയവയെല്ലാം ഒഴിവാക്കാനുള്ള ധാരണാപത്രങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷനു കൈമാറി. ഇതോടെ 3000 മുറികൾ പ്ലാസ്റ്റിക് വിമുക്തമാകും.

നോൺ വൂവൺ ബാഗുകളുടെ സ്റ്റോക്ക് നടപടി പാടില്ലെന്ന് ഹൈക്കോടതി

പ്ലാസ്റ്റിക് നിരോധന വിജ്ഞാപനത്തിന്റെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയ നോൺ വൂവൺ ബാഗുകളുടെ സ്റ്റോക്ക് കൈവശമുണ്ടെന്ന പേരിൽ ഹർജിക്കാർക്ക് എതിരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. അതേസമയം, ഇത്തരം സാമഗ്രികൾ വിൽക്കാനോ നിർമ്മിക്കാനോ പാടില്ല. നോൺ വൂവൺ ബാഗുകളെ നിരോധനത്തിന്റെ പരിധിയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി നോൺ വൂവൺ ബാഗ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്.

പരിസ്ഥിതി സംരക്ഷണം ഉദ്ദേശിച്ചല്ലേ നടപടിയെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. ഇതു പ്ലാസ്റ്റിക് അല്ലെന്നും 100% പുനരുപയോഗിക്കാമെന്നും ഹർജിക്കാർ വാദിച്ചു. ഈ മേഖലയിൽ വൻ മുതൽമുടക്ക് ഉള്ളതാണ്. ചെറുകിട വ്യവസായം തുടങ്ങാൻ വായ്പ സബ്‌സിഡി അനുവദിച്ചിരുന്നു. കേന്ദ്ര നിയമം ബാധകമായ മേഖലയിൽ സംസ്ഥാന സർക്കാരിനു നിരോധനം ഏർപ്പെടുത്താൻ അധികാരമില്ല. സാവകാശം വേണമെന്നും വാദിച്ചു.എന്നാൽ, ഇതിൽ പ്ലാസ്റ്റിക് അടങ്ങിയതാണെന്നും മണ്ണിൽ അലിഞ്ഞു ചേരുന്നതല്ലെന്നും സർക്കാർ വാദിച്ചു. തമിഴ്‌നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ പ്ലാസ്റ്റിക് നിരോധനം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് കൈകാര്യ ചട്ടപ്രകാരം സംസ്ഥാന സർക്കാരിനു നിരോധനം ഏർപ്പെടുത്താൻ അധികാരമുണ്ടെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. ഈ വിഷയത്തിലുള്ള സമാന ഹർജികൾക്കൊപ്പം പരിഗണിക്കാൻ കേസ് മാറ്റി.

വിലക്കില്ലാത്തത്!

ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം ഉൾപ്പടെയുള്ളവയ്ക്കുള്ള നിരോധനം നീക്കിയിട്ടുണ്ട്. അളന്നുവച്ച ധാന്യങ്ങളും പയർവർഗങ്ങളും സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്കും നിരോധനമില്ല. മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം വിൽപ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവർ, കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യപരിപാലനത്തിനുള്ള പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്കും നിരോധനമില്ല. മത്സ്യം, ഇറച്ചി, ധാന്യങ്ങൾ എന്നിവ തൂക്കം നിർണയിച്ച ശേഷം വിൽപ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറിനുള്ള നിരോധനവും നീക്കിയിട്ടുണ്ട്.

പ്ലാസ്റ്റിക്കിന് പകരം?

പ്ലാസ്റ്റിക് സഞ്ചിക്കും പ്ലാസ്റ്റിക് പാത്രത്തിനുമെല്ലാം പകരം ഉപയോഗിക്കാവുന്ന വസ്തുക്കൾ വിപണിയിൽ ലഭ്യമാണെങ്കിലും അത് ആവശ്യത്തിനുണ്ടോയെന്ന കാര്യം സംശയമാണ്. എന്നാൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതോടെ അത്തരത്തിലുള്ള ബദൽ മാർഗങ്ങൾ കൂടുതൽ സജ്ജമാകും.

കുടുംബശ്രീ പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികൾ വിപണിയിലെത്തിക്കുന്നുണ്ട്. തുണിക്ക് പുറമെ ചണം, പേപ്പർ സഞ്ചികളും 3000 യൂണിറ്റുകളിൽ നിന്നായി ഉപഭോഗത്തിനെത്തും. പാള ഉപയോഗിച്ചുള്ള പാത്ര നിർമ്മാണവും വിപുലമാക്കും. പ്ലാസ്റ്റിക് വാഴയിലകൾക്കും പ്ലേറ്റുകൾക്കുമെല്ലാം പിടിവീഴുന്ന സാഹചര്യത്തിൽ പാള ഉപയോഗിച്ച് നിർമ്മിക്കുന്ന പാത്രങ്ങൾക്കും ആവശ്യക്കരുണ്ടാകും.

നിയമം ലംഘിച്ചാൽ

നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. ആദ്യം 10000 രൂപയും നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP