Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വി എസ് സർക്കാരിന്റെ ശോഭ കെടുത്തിയ ശ്രീമതി ഇഫക്ട് പിണറായി സർക്കാരിലേക്കും പകരുന്നു; അന്ന് വിവാദമായത് മരുമകളെ അമ്മായിഅമ്മയുടെ പേഴ്‌സണൽ സ്റ്റാഫാക്കിയപ്പോൾ; ഇപ്പോൾ മകനെ തിരുകികയറ്റിയത് അമ്മാവന്റെ വകുപ്പിലെ ഉന്നതപദവിയിൽ : കണ്ണൂരിലെ 'നമ്പ്യാർ' നേതാക്കളുടെ ബന്ധു സ്‌നേഹം സിപിഎമ്മിന് വിനയാകുമ്പോൾ..

വി എസ് സർക്കാരിന്റെ ശോഭ കെടുത്തിയ ശ്രീമതി ഇഫക്ട് പിണറായി സർക്കാരിലേക്കും പകരുന്നു; അന്ന് വിവാദമായത് മരുമകളെ അമ്മായിഅമ്മയുടെ പേഴ്‌സണൽ സ്റ്റാഫാക്കിയപ്പോൾ; ഇപ്പോൾ മകനെ തിരുകികയറ്റിയത് അമ്മാവന്റെ വകുപ്പിലെ ഉന്നതപദവിയിൽ : കണ്ണൂരിലെ 'നമ്പ്യാർ' നേതാക്കളുടെ ബന്ധു സ്‌നേഹം സിപിഎമ്മിന് വിനയാകുമ്പോൾ..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ സർക്കാരിൽ ആരോഗ്യമന്ത്രിയായിരിക്കെ ശ്രീമതിയുടെ പേഴ്‌സണൽ സ്റ്റാഫിൽ സ്വന്തം മരുമകളെ നിയമിച്ചത് വൻ വിവാദമായിരുന്നു. ശ്രീമതിയുടെ മകൻ സുധീറിന്റെ ഭാര്യ ധന്യ എം. നായരെയാണ് അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചത്. പുതിയ സർക്കാരിന്റെ കാലത്ത് സുധീർ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസ് ലിമിറ്റഡിന്റെ എംഡിയാകുന്നു. കഴിഞ്ഞ സർക്കാരിൽ ധന്യയെ നിയമിച്ചത് ശ്രീമതിയെങ്കിൽ സുധീറനെ നിയമിക്കുന്നത് സഹോദരി ഭർത്താവും വ്യവസായ മന്ത്രിയുമായ ഇപി ജയരാജനാണ്. അങ്ങനെ പിണറായിയുടെ ഭരണകാലത്തും ശ്രീമതിയുടെ കുടുംബം നിയമന വിവാദത്തിൽ എത്തുകയാണ്.

കെഎസ്‌ഐഇ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്) വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് കീഴിലെ പ്രധാന സ്ഥാപനമാണ്. മന്ത്രി പ്രത്യേക താല്പര്യമെടുത്താണ് അദ്ദേഹത്തിന്റെ ബന്ധുവായ സുധീർ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയാണ് പി.കെ. ശ്രീമതി. വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.കെ. ശ്രീമതി, മകൻ സുധീർ നമ്പ്യാരുടെ ഭാര്യ ധന്യ.എം. നായരെ പേഴ്‌സണൽ സ്റ്റാഫിലെടുത്തത് ഓർമിപ്പിക്കുന്ന വിവാദം. ശ്രീമതി തന്റെ അഡിഷണൽ പിഎ ആയിട്ടാണ് ധന്യയെ അന്ന് നിയമിച്ചത്. പാർട്ടിക്കുള്ളിലെ ഒരു വിഭാഗം അന്ന് എതിർത്തു. പൊതു സമൂഹത്തിലും ശ്രീമതിയുടെ നടപടി അവമതിപ്പുണ്ടാക്കി. മുൻ കോൺഗ്രസ് മന്ത്രിമാർ മക്കളെയും ബന്ധുക്കളെയും നിയമിച്ചത് ചൂണ്ടിക്കാട്ടി ശ്രീമതി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ധന്യയെ ഒഴിവാക്കേണ്ടിവന്നു.

ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെ സുധീർ നമ്പ്യാരും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകളുടെ വിതരണ കമ്പനിയുണ്ടാക്കിയതും വിവാദമായിരുന്നു. സുധീർ നമ്പ്യാരെ പ്രധാനപ്പെട്ട സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാക്കുക വഴി പി.കെ. ശ്രീമതി ചെയ്തത് ജയരാജനും ആവർത്തിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കണ്ണൂർ എംപിയായ ശ്രീമതിയുടെ മകന്റെ നിയമനം ഇതിനോടകെ തന്നെ സിപിഎമ്മിൽ വലിയ ചർച്ചയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി എംകെ ദാമോധരനെ നിയമിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കരുതെന്ന് പാർട്ടി നിർദ്ദേശിക്കുകയും ചെയ്തു. അതിന് വിരുദ്ധമാണ് സുധീർ നമ്പ്യാരെ വ്യവസായ വകുപ്പിന് കീഴിലെ സുപ്രധാന സ്ഥാപനത്തിൽ എംഡിയാക്കിയത്.

പാർട്ടി പ്രവർത്തകരെയോ ഭരണ പരിചയമുള്ള പാർട്ടി അനുഭാവികളെയോ ആണ് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിക്കുന്നത്. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് അംഗീകാരവും സഹായവും ആയിരുന്നു. അടുത്ത ബന്ധുക്കളെയോ കുടുംബാംഗങ്ങളെയോ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ സാധാരണ എടുക്കാറില്ല. എന്നാൽ ആരോഗ്യ മന്ത്രിയായിരിക്കെ പി.കെ ശ്രീമതി കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചു. തന്റെ മകന്റെ ഭാര്യയെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിച്ചുകൊണ്ടാണ് മന്ത്രി കീഴ് വഴക്കം ലംഘിച്ചത്. പരമരഹസ്യമായിരുന്നു നിയമനം. നേരത്തെ മന്ത്രിയുടെ ഓഫീസിലെ ക്ലർക്കായിരുന്നു ധന്യ. ഇവർ മന്ത്രിയുടെ മരുമകളായതുകൊണ്ട് ഓഫീസിലേക്ക് സാധാരണ വരാറിയിരുന്നു. അതുകൊണ്ട് തന്നെ ധന്യയെ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ധന്യയെ പേഴ്‌സണൽ പ്രെമോഷൻ നൽകിയതോടെ ഒരു വിഭാഗം സിപിഐ(എം) പ്രവർത്തകർ തന്നെ വിവാദം മൂർച്ഛിച്ചു.

ആരോഗ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ ശ്രീമതി ടീച്ചർ ഏക മകൻ സുധീറിന്റെ ഭാര്യ ധന്യ എം.നായരെ തന്റെ പേഴ്‌സണൽ സ്റ്റാഫിൽ ക്ലാർക്കായി നിയമിച്ചു. പിന്നീട് മരുമകളെ പേഴ്‌സണൽ അസിസ്റ്റന്റാക്കി കൊണ്ട് പ്രമോഷനും നൽകി. പതിനേഴായിരം രൂപയാണ് ശമ്പളം. രണ്ടു വർഷത്തെ സർവീസ് പൂർത്തിയാക്കിയാൽ പെൻഷന് അർഹത നേടും. ഇതിനുള്ള തന്ത്രമാണ് നടന്നത്. മകന്റെ ഭാര്യയാണെന്ന കാര്യം മറച്ചുവച്ചാണ് ധന്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചത്. ഔദ്യോഗിക രേഖയിൽ ധന്യയുടെ വിലാസം ആരാധനാ ഹൗസ്, തളാപ്പ്, കണ്ണൂർ എന്നായിരുന്നു. ഇത് ധന്യയുടെ സ്വന്തം വീട്ടിലെ വിലാസമായിരുന്നു. മന്ത്രി ശ്രീമതിയുടെ വീട് പഴയങ്ങാടി നെരുവമ്പ്രത്തും. സാധാരണ സിപിഐ(എം) മന്ത്രിമാർ പേഴ്‌സണൽ സ്റ്റാഫിൽ പാർട്ടി നിർദ്ദേശിക്കുന്ന സജീവപ്രവർത്തകരെയാണ് നിയമിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു അന്ന് നിയമനം വിവാദമായത്.

ഔദ്യോഗിക വസതിയായ സാനഡുവിൽ ഭർത്താവിനോടും മകനോടുമൊപ്പമാണ് ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ താമസിച്ചിരുന്നത്. മകന്റെ ഭാര്യ ധന്യയുടെ താമസവും ഇവിടെ തന്നെ. പാർട്ടി പ്രവർത്തനവുമായി കാര്യമായി ബന്ധങ്ങളൊന്നുമില്ലാത്ത മകന്റെ ഭാര്യയെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിച്ചതിൽ ശ്രീമതിക്കെതിരേ പാർട്ടിക്കുള്ളിലും പുറത്തും ശക്തമായ എതിർപ്പ് ഉയർന്നു. ഇത് പ്രതിപക്ഷവും ആയുധമാക്കി. ഇതിന് ശേഷമായിരുന്നു ഒഴിവാക്കൽ. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, പാലക്കാട് എന്നിവിടിങ്ങളിൽ കെഎസ്‌ഐഇ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ കോംപ്ലക്‌സുകളുടെ നടത്തിപ്പ് ചുമതല വഹിക്കുന്നതും കേരള സോപ്പ്‌സിന്റെ ഉടമസ്ഥതയും കെഎസ്‌ഐഇയ്ക്കാണ്.

2012-13 സാമ്പത്തിക വർഷത്തിൽ ഏഴ് കോടി രൂപ ലാഭത്തിലായിരുന്ന സ്ഥാപനം 2014-15ൽ നാലരക്കോടിയുടെ നഷ്ടം രേഖപ്പെടുത്തി. 2015-16 വർഷത്തിൽ പക്ഷേ പതിനേഴര ലക്ഷം രൂപയാണ് സ്ഥാപനത്തിന്റെ ലാഭം. അങ്ങനെ ലാഭത്തിലേക്ക് പോകുന്ന സ്ഥാപനത്തെ സുധീർ നമ്പ്യാരുടെ കൈയിലെത്തിക്കുന്നതാണ് പുതിയ വിവാദത്തിന് കാരണം. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ശ്രീമതി. സിപിഎമ്മിൽ കണ്ണൂർ ലോബിയുടെ പ്രധാനി. നിലവിൽ ഇ പി ജയരാജനാണ് കണ്ണൂർ സിപിഎമ്മിൽ ഒന്നാമൻ. ശ്രീമതിയെ കണ്ണൂർ ലോക്‌സഭയിൽ മത്സരിപ്പിച്ചതും ജയിപ്പിച്ചതും ഇപി ജയരാജന്റെ ഇടപെടലുകളുടെ കൂടി ഫലമായിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ച് ശ്രീമതി പാർലമെന്റിലെത്തി.

ഇതോടെ അവർ കേരള രാഷ്ട്രീയത്തിൽ നിന്ന് മാറുകയും ചെയ്തു. ലോക്‌സഭയിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ നിയമസഭയിലേക്ക് ശ്രീമതി മത്സരിക്കാൻ സാധ്യതയുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP