Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗികാതിക്രമ പരാതി പൊലീസിന് കൈമാറുമെന്ന നിലപാടിൽ ജനറൽ സെക്രട്ടറി; പാർട്ടിയെ വെട്ടിലാക്കിയത് ശരിയായില്ലെന്ന് പ്രകാശ് കാരാട്ട്; പിണറായി വന്ന ശേഷമേ തീരുമാനം എടുക്കൂവെന്ന് കോടിയേരി; അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുയർത്തി കേരളാ ഘടത്തെ മുൾമുനയിൽ നിർത്താൻ യെച്ചൂരി; വിഎസിന്റെ നിലപാട് നിർണ്ണായകം; എംഎൽഎയുടെ രാജിക്കായി ഷൊർണ്ണൂരിൽ പ്രതിഷേധം ശക്തം; പ്രതിരോധിക്കാൻ ആവാതെ സിപിഎം

ലൈംഗികാതിക്രമ പരാതി പൊലീസിന് കൈമാറുമെന്ന നിലപാടിൽ ജനറൽ സെക്രട്ടറി; പാർട്ടിയെ വെട്ടിലാക്കിയത് ശരിയായില്ലെന്ന് പ്രകാശ് കാരാട്ട്; പിണറായി വന്ന ശേഷമേ തീരുമാനം എടുക്കൂവെന്ന് കോടിയേരി; അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുയർത്തി കേരളാ ഘടത്തെ മുൾമുനയിൽ നിർത്താൻ യെച്ചൂരി; വിഎസിന്റെ നിലപാട് നിർണ്ണായകം; എംഎൽഎയുടെ രാജിക്കായി ഷൊർണ്ണൂരിൽ പ്രതിഷേധം ശക്തം; പ്രതിരോധിക്കാൻ ആവാതെ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരായ പീഡന പരാതിയിൽ ഉറച്ച നിലപാട് എടുത്ത് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതിക്കാരിയായ ഡിവൈഎഫ്ഐ നേതാവ് സീതാറാം യെച്ചൂരിക്ക് ഇമെയിൽ മുഖേനെയാണ് പരാതി അയച്ചുകൊടുത്തത്. ഇതോടൊപ്പം എംഎൽഎയുടെ അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുമുണ്ടെന്നാണ് സൂചന. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ ശശിയെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാണ് യെച്ചൂരിയുടെ പക്ഷം. ശശിയുടെ രാജി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തോട് യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലാണെന്നും അതിന് ശേഷം മാത്രമേ തീരുമാനം എടുക്കാനാകൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സ്ത്രീ പീഡന പരാതിയും തെളിവും ആയതിനാൽ നിയമപരമായ ബാധ്യത ഒഴിവാക്കാൻ പൊലീസിന് നൽകേണ്ടി വരുമെന്ന് സൂചനയും കോടിയേരിക്ക് യെച്ചൂരി നൽകിയിട്ടുണ്ട്.

അതിനിടെ ശശിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി രംഗത്ത് വന്നു. ഇത് ലൈംഗികാതിക്രമ പരാതിയാണെന്നും യെച്ചൂരി വിശദീരിച്ചു. പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയിട്ടുണ്ടെന്നും തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പരാതി ലഭിച്ചാൽ അതേക്കുറിച്ച് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. നേതൃത്വത്തിന് തിങ്കളാഴ്ച തന്നെ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചിരുന്നു. ഇതേ പ്രതികരണമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും നടത്തിയത്. ഈ സാഹചര്യത്തിലാണ് പരാതിക്കാര്യം ജനറൽ സെക്രട്ടറി തന്നെ സ്ഥിരീകരിച്ചത്. മണ്ണാർക്കാട് പാർട്ടി ഓഫീസിലെ പീഡനമായതു കൊണ്ട് തന്നെ യെച്ചൂരി പരാതി കേരളാ പൊലീസിന് കൈമാറാനാണ് സാധ്യത. അതുണ്ടായാൽ പാർട്ടി ആകെ പ്രതിസന്ധിയിലാകും.

കോൺഗ്രസ് എംഎൽഎ എം വിൻസന്റിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ അതിശക്തമായ നടപടി എടുത്തിരുന്നു. സ്ത്രീ പീഡന പരാതി കിട്ടിയാൽ അത് പൊലീസിനെ അറിയിക്കുന്നതാണ് കീഴ് വഴക്കം. ഇത് ലംഘിച്ചുവെന്ന ആരോപണം ഉയർന്നപ്പോൾ കന്യാസ്തീയുടെ പരാതിയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ പോലും പൊലീസ് ചോദ്യം ചെയ്തിരുന്നു. ജലന്ധർ ബിഷപ്പിനെതിരായ ആരോപണം കർദിനാൾ മുക്കിയെന്ന പരാതിയെ തുടർന്നാണ് ഇത്. അതുകൊണ്ട് തന്നെ ശശിക്കെതിരായ പരാതി പൊലീസിൽ ഏൽപ്പിക്കേണ്ട ബാധ്യതയുണ്ടെന്നാണ് യെച്ചൂരിയുടെ പക്ഷം. സ്ത്രീ സുരക്ഷ ദേശീയ തലത്തിൽ ചർച്ച ചെയ്യുന്ന പാർട്ടിയെന്ന നിലയിൽ സിപിഎമ്മിന് ചില സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് യെച്ചൂരി നിലപാട് എടുക്കുന്നു. ഇത് കാരാട്ട് പക്ഷത്തിനും വെല്ലുവിളിയാണ്.

യെച്ചൂരിക്ക് ലഭിച്ച പരാതിയിൽ താൻ സിപിഎം ജില്ലാ-സംസ്ഥാന നേതാക്കൾക്ക് പരാതി കൊടുത്തിരുന്നുവെന്ന് യുവതി വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും പരാതി കൊടുത്തതായി പറയുന്നു. ഇതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. വൃന്ദാ കാരാട്ടും പരാതി മുക്കിയെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഘടവും കാരാട്ടും സീതാറാം യെച്ചൂരിയുടെ വിരുദ്ധ പക്ഷത്താണ്. ഈ രണ്ടു കൂട്ടരുടേയും എതിർപ്പ് അവഗണിച്ചാണ് യെച്ചൂരി അധ്യക്ഷനായത്. അതുകൊണ്ട് തന്നെ പിണറായി-കോടിയേരി-കാരാട്ട് പക്ഷങ്ങളെ വെട്ടാനുള്ള ആയുധമായി യെച്ചൂരി ശശിക്കെതിരായ ആരോപണത്തെ ഉപയോഗിക്കുകയെന്നാണ് ആക്ഷേപം. ഡിവൈഎഫ് ഐ നേതാവിന്റെ പരാതി പരിഹരിക്കാനുള്ള ഒത്തുതീർപ്പ് ശ്രമങ്ങളെ പോലും അട്ടിമറിച്ചാണ് യെച്ചൂരി പരാതി പുറത്തു വിട്ടതെന്ന് കാരാട്ട് പക്ഷം ആരോപിക്കുന്നു. ഇത് കേരളത്തിൽ പാർട്ടിയെ ദുർബലമാക്കുമെന്നും കാരാട്ട് പറയുന്നു. അങ്ങനെ പുതിയ വിവാദത്തിലേക്ക് കാര്യങ്ങൾ എത്തുന്നു.

അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

ഷൊർണ്ണൂരിൽ ശശിക്കെതിരെ പ്രതിഷേധം ശക്തമാണ്. കോൺഗ്രസും ബിജെപിയും സംഭവം ഏറ്റെടുത്തു. എംഎൽഎയുടെ കോലം കത്തിക്കലുമായി പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപിയും കോൺഗ്രസും. ശശിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.

സഹപ്രവർത്തകയെ പീഡിപ്പിച്ച എംഎ‍ൽഎ രാജിവെക്കണം. ഡിവൈഎഫ്ഐ ഇരയോടൊപ്പമാണോ, പീഡകനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്നു. ഡിവൈഎഫ് ഐയും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ യെച്ചൂരിക്കൊപ്പം ചേർന്ന നിലപാടാകും വി എസ് എടുക്കുകയെന്നും വ്യക്തമാണ്. അതിനിടെ വിഎസിനോട് പരസ്യ പ്രതിഷേധം അരുതെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിണ്ട്.

അതിനിടെ തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ശശി പ്രതികരിച്ചു. പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകർക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനീചമായ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം.

രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി തവണ പരീക്ഷണങ്ങൾ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാൽ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

ശശിക്കെതിരെ നടപടി വേണമെന്ന് റിയാസ്, പരാതി കിട്ടിയില്ലെന്ന് സ്വരാജും

പി.കെ.ശശി എംഎൽഎയ്‌ക്കെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എന്നിവരാണ് എകെജി സെന്ററിലെത്തി കോടിയേരിയെ കണ്ടത്.

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതിയാണ് എംഎൽഎയ്‌ക്കെതിരേ പരാതി ഉന്നയിച്ചത്. യുവതിയുടെ പരാതി ഡിവൈഎഫ്‌ഐക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്വരാജ് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം സിപിഎം നേതൃത്വത്തെ അറിയിക്കാനാണ് ഡിവൈഎഫ്‌ഐ നേതാക്കൾ എകെജി സെന്ററിൽ എത്തി കോടിയേരിയെ കണ്ടത്.

ശശിക്കെതിരെ നടപടി എടുക്കുന്നതാണ് നല്ലതെന്ന് റിയാസ് നിലപാട് എടുത്തതായാണ് സൂചന. എന്നാൽ പാലക്കാട്ടെ പിണറായി പക്ഷത്തെ പ്രമുഖനാണ് ശശി. അതുകൊണ്ട് തന്നെ ആരും ശശിക്കെതിരെ പരസ്യ നിലപാട് എടുക്കുകയില്ല.

പരാതി ഡിജിപിക്ക് കൈമാറണമെന്ന് ബിജെപി

പി.കെ., ശശി എംഎൽഎയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംപി ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പരാതി കേന്ദ്ര നേതൃത്വം ഡിജിപിക്ക് കൈമാറമായിരുന്നു. പാർട്ടി അന്വേഷണം മാത്രം മതിയെങ്കിൽ ബിഷപ്പിനെതിരായ കേസ് സഭ അന്വേഷിച്ചാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു.

എന്നാൽ പാലക്കാട് സിപിഎമ്മിൽ ഒരു മാസത്തിലേറെയായി ഈ വിഷയം പുകഞ്ഞു തുടങ്ങിയിരുന്നുവെന്നാണ് സൂചന. ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഇക്കാര്യം ചർച്ചയാവും എന്നാണ് സൂചന. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആവർത്തിക്കുന്‌പോഴും വിഷയത്തിൽ സിപിഎം ജില്ലാ ഘടകവും എംഎൽഎയും ഒരേ പോലെ പ്രതിരോധത്തിലാണ്. വനിത അംഗം അടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കേണ്ടതെന്നാണ് അവൈലബിൾ പിബിയുടെ തീരുമാനം. സ്വാഭാവികമായും പി.കെ.ശ്രീമതി ഈ സമിതിയിലുണ്ടാവും എന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP