Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷകൾ; നിലത്ത് വീണുരുണ്ടും ഗേറ്റ് പൂട്ടിയും പ്രാർത്ഥനാ ഗീതങ്ങൾ ഉരുവിട്ടും പ്രതിഷേധം; ഗേറ്റിന്റെ ചങ്ങല പൊളിച്ച് അകത്ത് കടന്ന് പൊലീസ്; നാടകീയ രംഗങ്ങൾക്കൊടുവിൽ പിറവം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തപ്പോൾ നടപ്പായത് നീതി പീഠത്തിന്റെ വിധിയെഴുത്ത്; രക്തച്ചൊരിച്ചിൽ ഇല്ലാതെ അനുനയത്തിന്റെ ഭാഷയിൽ സംഘർഷത്തിന് അയവ് വരുത്തി താരമായത് ജില്ലാകളക്ടർ എസ്.സുഹാസും

സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയരുതേയെന്ന കൂട്ടനിലവിളികൾ; നിയമവ്യവസ്ഥയുടെ കാല് പിടിക്കുകയാണെന്ന അപേക്ഷകൾ; നിലത്ത് വീണുരുണ്ടും ഗേറ്റ് പൂട്ടിയും പ്രാർത്ഥനാ ഗീതങ്ങൾ ഉരുവിട്ടും പ്രതിഷേധം; ഗേറ്റിന്റെ ചങ്ങല പൊളിച്ച് അകത്ത് കടന്ന് പൊലീസ്; നാടകീയ രംഗങ്ങൾക്കൊടുവിൽ പിറവം പള്ളി ജില്ലാ കളക്ടർ ഏറ്റെടുത്തപ്പോൾ നടപ്പായത് നീതി പീഠത്തിന്റെ വിധിയെഴുത്ത്; രക്തച്ചൊരിച്ചിൽ ഇല്ലാതെ അനുനയത്തിന്റെ ഭാഷയിൽ സംഘർഷത്തിന് അയവ് വരുത്തി താരമായത് ജില്ലാകളക്ടർ എസ്.സുഹാസും

മറുനാടൻ മലയാളി ബ്യൂറോ

പിറവം: 'ഞങ്ങൾ നീതി പീഠത്തോട് ആദരവ് കാണിക്കുന്നവർ തന്നെയാണ്. സ്വന്തം ഭവനത്തിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഒഴിഞ്ഞുപോകില്ലല്ലോ. ബലമായിട്ട് ഇറക്കി വിടണം. ജില്ലാഭരണകൂടവും പൊലീസ് ഓഫീസേഴ്‌സും ഞങ്ങളോട് സഹകരിക്കണം. ഞങ്ങൾ വൈദികരെ അടക്കം അറസറ്റ് ചെയ്താൽ സമാധാനമുണ്ടാകുമെന്നാണ് ഓർത്തഡോക്‌സ വിഭാഗവും കോടതികളും കരുതുന്നതെങ്കിൽ അങ്ങനെ ചെയ്‌തോളൂ. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമ വ്യവസ്ഥയുടെ കാല് പിടിക്കുകയാണ്.' പൊലീസ് സംഘം ഒഴിപ്പിക്കാൻ എത്തിയപ്പോൾ യാക്കോബായ സഭാ പ്രതിനിധികളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Stories you may Like

പള്ളിയിൽ നിന്ന് ഒഴിയില്ല. ഓർത്തഡോക്‌സ് -യാക്കോബായ തർക്കം നിലനിൽക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കും മുമ്പ് നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആരുപിൻവാങ്ങും ആരു കീഴടങ്ങും എന്നതല്ല, രക്തച്ചൊരിച്ചിൽ ഇല്ലാതെ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ കഴിയുമോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേകിച്ച് കളക്ടർ എസ്.സുഹാസിന്റെ തന്റേടത്തോടെയുള്ള ഇടപെടലും കോടതി വിധി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും യാക്കോബായ പക്ഷത്തെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ചതോടെയാണ് സംഘർഷം ഒഴിഞ്ഞത്. ഏറ്റുമുട്ടലോ, ലാത്തി വീശലോ ഇല്ലാതെ സംഘർഷം ഒഴിഞ്ഞു.

ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. തുടർ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സ്വീകരിക്കുമെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു. പള്ളിക്കുള്ളിൽ പ്രതിഷേധവുമായി ഉണ്ടായിരുന്ന മെത്രാപ്പൊലീത്തമാർ അറസ്റ്റു വരിച്ചു. കനത്ത പ്രതിഷേധം മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ്, പ്രതിഷേധമുയർത്തിയ വൈദികരെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തു നീക്കി. ജില്ലാകലക്ടർ നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു നടപടി. ഒഴിപ്പിക്കൽ പൂർത്തിയാക്കി പിറവം പള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിപ്പിക്കൽ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് റിപ്പോർട്ട് നൽകാനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

പള്ളിയിൽ നിന്ന് പുറത്താക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമൊന്നും നീതിപൂർണമല്ലെന്നായിരുന്നു വിശ്വാസികളുടെ പ്രതികരണം. ഇത് തങ്ങളുടെ പള്ളിയാണെന്നും സ്വത്തും ഭൂമിയും ഒന്നും വേണ്ട ആരാധിക്കാമൊരു സ്ഥലം മതിയെന്നും വിശ്വാസികൾ പറഞ്ഞു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് നീക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. ഇതിന്റെ പശ്ചാത്തലത്തിൽ കോടതി അനുവദിച്ച സമയം കഴിയുന്നതിന് മുമ്പ് തന്നെ ജില്ലാ ഭരണകൂടം ഉത്തരവ് നടപ്പാക്കി.പിറവം പള്ളിയുടെ താക്കോൽ നാളെ ഹൈക്കോടതിക്ക് സമർപ്പിക്കും.

കൂട്ടമണി അടിച്ച് പ്രതിഷേധം; ഗേറ്റ് മുറിച്ച് മാറ്റി പൊലീസ്

പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കില്ലെന്ന വാശിയിലായിരുന്നു യാക്കോബായ വിഭാഗം. ആരാധന നടത്താനുള്ള ഓർത്തഡോക്‌സ് സഭാംഗങ്ങളുടെ ശ്രമം യാക്കോബായ വിശ്വാസികൾ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയിരുന്നു. പള്ളിയുടെ പ്രധാന ഗേറ്റ് യാക്കോബായ സഭാംഗങ്ങൾ താഴിട്ടു പൂട്ടി പള്ളിക്കകത്തു പ്രാർത്ഥനാ യജ്ഞം നടത്തിയതോടെ പള്ളിയുടെ ഗേറ്റിനു മുന്നിൽ പന്തൽ കെട്ടി ഓർത്തഡോക്‌സ് സഭാംഗങ്ങൾ പ്രാർത്ഥന നടത്തി. പള്ളിയിൽനിന്ന് ഇറങ്ങിപ്പോകാൻ തയ്യാറല്ലെന്നും അറസ്റ്റ് വരിച്ചുകൊള്ളാമെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞു.

പള്ളിയിൽ കൂട്ടമണിയടിച്ചായിരുന്നു യാക്കോബായ വിഭാഗക്കാരുടെ പ്രതിഷേധം. അറസ്റ്റ് ചെയ്യട്ടെയെന്നും സ്വയം ഇറങ്ങില്ലെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി നിലപാട് വ്യക്തമാക്കിയിരുന്നു. ശ്രേഷ്ഠ കാതോലിക്കയും മെത്രാപ്പൊലീത്തമാരും ഉൾപ്പെടെ പള്ളിയിൽ തുടർന്നു. കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. പ്രതിഷേധത്തിന് മുന്നിൽ നിന്ന ചിലരെ നേരത്തെ അറസ്റ്റ് ചെയ്തുനീക്കി. പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് അകത്ത് കടന്നത്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ, തലേന്നു രാത്രി തന്നെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും വിശ്വാസികളും പള്ളിക്കകത്തു പ്രാർത്ഥനാ യജ്ഞം ആരംഭിച്ചിരുന്നു.

നിലത്ത് വീണുരുണ്ടും പ്രതിഷേധം

വിശ്വാസിസമൂഹത്തിന്റെ വേദന നീതിപീഠം കണ്ടില്ലെന്ന് നടിക്കരുത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ട്. ആദ്യം മെത്രാപ്പൊലീത്തമാരെ അറസ്റ്റ് ചെയ്യട്ടെയെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. വിശ്വാസികളോട് പിരിഞ്ഞു പോകേണ്ടതില്ലെന്നും വേണ്ടിവന്നാൽ അറസ്റ്റ് വരിക്കുമെന്നും മെത്രാന്മാരും പുരോഹിതരും പറഞ്ഞു. മെത്രോപൊലീത്തമാരെയും പുരോഹിതരെയും ആദ്യം അറസ്റ്റ് ചെയ്യെട്ടെ എന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. തങ്ങളുടെ ശരീരത്തിൽ ചവിട്ടിയല്ലാതെ ഓർത്തഡോക്സ് വിഭാഗത്തിന് പള്ളിയിൽ പ്രവേശിക്കാനാവില്ലെന്ന് പുരോഹിതരും വിശ്വാസികളും പറഞ്ഞു. രണ്ടായിരത്തോളം വരുന്ന കുടുംബങ്ങളും പള്ളിപരിസരത്തുണ്ടായിരുന്നു.

താരമായി സുഹാസ്; സംഘർഷത്തിൽ അയവ്

വലിയ തോതിൽ കൈവിട്ടുപോകാമായിരുന്ന സംഘർഷമാണ് കളക്ടറുടെ വരവോടെ അയഞ്ഞത്. അദ്ദേഹം യാക്കോബായ വിഭാഗത്തെ തങ്ങളുടെ പരിമിതികൾ ബോധ്യപ്പെടുത്തി. കോടതി ഉത്തരവ് പാലിക്കേണ്ടതിന്റെ ബാധ്യത അനുനയ സ്വരത്തിൽ മെത്രാപൊലീത്തമാരെ അടക്കം ധരിപ്പിച്ചു. ഇതോടെ, യാക്കോബായ വിഭാഗം അൽപം അയഞ്ഞു. പൊലീസിന്റെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണെന്നും നീതിപീഠത്തെ ധിക്കരിക്കില്ലെന്നും അവർ നിലപാട് സ്വീകരിച്ചു. ഇതോടെ എല്ലാവരും പ്രാർത്ഥനാപൂർവം അറസ്റ്റ് വരിക്കണമെന്ന നിർദ്ദേശമായി. അത് എല്ലാവരും അനുസരിക്കുകയും ചെയ്്തു. വൈദിക വിദ്യാർത്ഥികളും മറ്റും കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും കളക്ടർ ഇടപെട്ട് അവരെയും അനുനയിപ്പിച്ചു. പള്ളിക്കകത്തേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ പ്രതിഷേധക്കാർ വലിയ കോട്ട തീർത്തപ്പോൾ അത് ഭേദിക്കാൻ ഗേറ്റ് പൊളിക്കാൻ തീരുമാനിച്ചതും കോടതി വിധി നടപ്പാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഇച്ഛാശക്തി തെളിയിച്ചു.

പള്ളിക്കുള്ളിലുള്ളവരെ നാളേയ്ക്കകം ഒഴിപ്പിക്കണം

ഓർത്തഡോക്‌സ് യാക്കോബായ തർക്കം തുടരുന്ന പിറവം പള്ളിയുടെ ചുമതലയും നിയന്ത്രണവും ഏറ്റെടുത്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറോട് ഹൈക്കോടതിയുടെ നിർദ്ദേശം. പള്ളിയുടെ ഉള്ളിലുള്ളവരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനാണ് നിർദ്ദേശം.

ഇതിന് എത്ര സമയം വേണ്ടിവരുമെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചപ്പോൾ നാളെ രാവിലെയ്ക്കുള്ളിൽ ഒഴിപ്പിക്കാമെന്ന് സർക്കാർ സമ്മതിക്കുകയായിരുന്നു. അങ്ങനെയെങ്കിൽ നാളെ രാവിലെ കേസ് പരിഗണിക്കുന്നതുവരെ പള്ളിയുടെ ചുമതല കലക്ടർ ഏറ്റെടുക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. അതേസമയം, ഇതിനകം 67 പേരെ പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയതായി പൊലീസ് കോടതിയെ അറിയിച്ചു.

രാവിലെ മുതൽ നാടകീയ രംഗങ്ങൾ

സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബുധനാഴ്ച ആരാധന നടത്താനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിശ്വാസികൾ തടഞ്ഞതാണ് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചത്. രാവിലെയോടെ പൊലീസ് സംരക്ഷണത്തോടെയാണ് തോമസ് മോർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളും പള്ളിയിലെത്തിയത്. എന്നാൽ, പള്ളിയുടെ ഗേറ്റുകൾ അടച്ച് യാക്കോബായ വിഭാഗം പ്രതിരോധിക്കുകയായിരുന്നു.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ വൈദികരും നൂറുകണക്കിന് വിശ്വാസികളും രാവിലെ തന്നെ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. പിന്നീട് പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് ഒരു ഗേറ്റ് തുറന്നെങ്കിലും ഓർത്തഡോക്സ് വിഭാഗം അടഞ്ഞ ഗേറ്റിന് മുന്നിലേക്കാണ് എത്തിയത്. തുറന്ന വഴിയിലൂടെ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ തങ്ങൾ പരമ്പരാഗത വഴിയിലൂടെയാണ് വന്നത് എന്നായിരുന്നു ഓർത്തഡോക്സ് വിഭാഗത്തിന്റെ മറുപടി. തുടർന്ന് പള്ളി ഗേറ്റിന് മുന്നിൽ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സഹനപ്രാർത്ഥന തുടങ്ങി.

പിറവം പള്ളി തർക്കം

പിറവം വലിയ പള്ളിയുടെ പേരിലെ തർക്കം മലയാളികൾ കണ്ടുതുടങ്ങിയിട്ട് കാലം കുറേയായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്നമായി ഓർത്തഡോക്സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയാണ്. സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചെങ്കിലും തർക്കം തുടരുകയാണ്. പലപ്പോഴും വിധി നടപ്പിലാക്കാനാണ് ഓർത്തഡോക്സ് വൈദികർ പള്ളിയിലെത്തിയെങ്കിലും അവർക്ക് പ്രവേശിക്കാൻ സാധിച്ചില്ല.

ഈ തർക്കത്തിനൊടുവിലാണ് ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ സംസ്ഥാന സർക്കാറിനും വിമർശനം നേരിട്ടത്. യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. ഈകോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. രണ്ട് പേർ തമ്മിലെ നിയമ പ്രശ്നമായതു കൊണ്ട് തന്നെ സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടില്ല. എന്നാൽ, പൊലീസ് സാന്നിധ്യം ആവശ്യപ്പെട്ടാൽ കൊടുക്കണം. എന്നാൽ ബലപ്രയോഗത്തിന് സർക്കാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സുപ്രീം കോടതിയുടെ വിധി എല്ലാ സർക്കാരുകളും എല്ലാ സിവിൽ അധികൃതരും പൊലീസും നടപ്പാക്കേണ്ടതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 144 പ്രകാരം സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇവർ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി സഭയിലെ എല്ലാ പള്ളികൾക്കും ഒരുപോലെ ബാധകമാണ്. 

ഐതിഹ്യങ്ങൾ ഏറെയുള്ള പള്ളി

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി പള്ളി. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തർക്കം മൂക്കുന്നതും. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു. ഇത് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തിയ ദേവാലയങ്ങളിൽ ഒന്നാണ് ഈ ദേവാലയമെന്നാണ് പറയപ്പെുടുന്നത്. ആ രാജാവ് വെച്ച് ആരാദിച്ചു എന്ന് കരുതപ്പെടുന്ന തിരുപ്പിറവിയുടെ ഒരു ചിത്രം ഇന്നും പള്ളി മേൻപ്പൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ല വർഷവും ഒക്ടോബർ 8-നു കല്ലിട്ട് പെരുന്നാളിന് അത് വണക്കത്തിനായി പുറത്തെടുക്കും. പള്ളിയോടു ചേർന്നു തന്നയാണ് പിഷാരുകോവിൽ ദേവിക്ഷേത്രവും.

ഈ പള്ളിയുടെ നിർമ്മാണമാതൃകയും (നാലടി കനത്തിൽ ഭിത്തി പണിത്, ചിലപ്പോൾ ഉള്ളിൽ മണൽ നിറച്ചുള്ള നിർമ്മാണശൈലി) വളരെ അപൂർവ്വവും, പഴക്കമേറിയതുമാണ്. പുരാതന ലിപിയായ വട്ടെഴുത്തിലും, മലയാളഭാഷയുടെ തുടക്കത്തിൽ എഴുതപ്പെട്ട (തമിൾ കലർന്നുള്ള) ലിപികളും ഇവിടെ സ്ഥാപിക്കപ്പെട്ട കല്ലുകളിൽ കാണപ്പെടുന്നു. പള്ളിയിലെ പൂട്ടുകളും വളരെ പഴക്കമേറിയതാണ്. പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള കൽക്കുരിശും, പള്ളിയിലെ ഏർത്താഴും ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ആകർഷിക്കുന്നു.

മലങ്കര സഭാചരിത്രത്തിലും ഉന്നതമായ സ്ഥാനം പിറവം പള്ളിക്കുണ്ട്. ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത പള്ളികളുടെ ലിസ്റ്റിൽ പിറവം പള്ളിയുടെതും ഉണ്ട്. പിന്നീട് കൂനൻകുരിശു സത്യത്തിൽ ഈ ഇടവക സജീവമായി പങ്കെടുത്തു എന്നും ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. സുന്നഹദോസിനു ശേഷം റോമൻ ബിഷപ്പ് മെനേസിസ് സന്ദർശിച്ച 77 പള്ളികളിൽ പിറവവും ഉൾപ്പെടുന്നുവെന്നത് പള്ളിയുടെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു. 1876-ൽ നടന്ന പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിലും പിറവം പള്ളിയെ കാണുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP