Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ

നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും; പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിൽ ഗോവിന്ദൻ; പിണറായിസത്തിന് വീണ്ടും കാലിടറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയത് കുറച്ച അവസ്ഥ പെട്രോൾ-ഡീസൽ സെസിനും വേണ്ടി വന്നേക്കും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കാൻ സർക്കാരിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ സെസ് പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ്. സിപിഎമ്മിനോട് ആലോചിക്കാതെ എടുത്ത തീരുമാനമാണ് ഇതെന്നാണ് ഗോവിന്ദൻ പറയുന്നത്. സെസ് കുറയ്ക്കാനോ പൂർണമായ പിൻവലിക്കാനോ ഉള്ള സാധ്യത ശക്തമായി. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം. എന്നാൽ പൂർണ്ണമായും പിൻവലിക്കാനും സാധ്യതയുണ്ട്.

വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്‌നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി. ധനമന്ത്രിയെ എംവി ഗോവിന്ദൻ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ ലോബിയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെ രൂക്ഷമായ പ്രതിഷേധവും പരിഹാസവുമാണു നിറയുന്നത്. ന്യായീകരണത്തിനു സിപിഎം പ്രവർത്തകർ കാര്യമായി രംഗത്തിറങ്ങിയിട്ടുമില്ല. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇന്ധന സെസിനെ ന്യായീകരിക്കാൻ തയാറായില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നിലയിൽ എം വിഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഈ മാസം തുടങ്ങാനിരിക്കുകയാണ്. ജാഥ കേന്ദ്ര നയങ്ങൾക്കെതിരെയാണെങ്കിലും സംസ്ഥാന ബജറ്റ് വഴിയുണ്ടാകുന്ന ഇന്ധനവിലക്കയറ്റം ജാഥയെ പ്രതിരോധത്തിലാക്കുമെന്ന് ആശങ്കയുണ്ട്. ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരപ്രഖ്യാപനങ്ങളും എം വിഗോവിന്ദൻ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നാണു വിവരം. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് പാർട്ടി നിർദ്ദേശ പ്രകാരം തിരുത്തേണ്ടി വരുന്നത് ചരിത്രത്തിൽ ആദ്യമാകും. പാർട്ടിയോട് ആലോചിക്കാതെയുള്ള തീരുമാനം തിരുത്തിക്കുമെന്ന വാശിയിലാണ് ഗോവിന്ദൻ. അങ്ങനെ സിപിഎമ്മിൽ പിണറായിസത്തിന് വീണ്ടും കാലിടറുകയാണ്. പൊതുമേഖലാ സ്ഥാപന പെൻഷൻ പ്രായം ഉയർത്തലും ഗോവിന്ദന്റെ ഇടപെടലിലാണ് പൊളിഞ്ഞത്. അന്ന് തന്നെ നയപരമായ വിഷയങ്ങളിൽ പാർട്ടിയിലെ ചർച്ച അനിവാര്യമാണെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പാർട്ടി അറിയാതെ സെസ് ചുമത്തിയതാണ് ഗോവിന്ദന്റെ പ്രതിഷേധത്തിന് കാരണം.

നികുതി നിർദ്ദേശങ്ങൾക്ക് അനുകൂലമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തക്കുറിപ്പ് ഇറക്കിയെങ്കിലും സിപിഐയും തീരുമാനത്തെ അനുകൂലിക്കുന്നില്ല. സിപിഎം കേന്ദ്ര നേതൃത്വവും ഇടഞ്ഞാണ് നിൽക്കുന്നത്. സെസിനെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് 'കേരള നേതാക്കളോടു ചോദിക്കൂ' എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിർദ്ദേശം. സെസ് ഏർപ്പെടുത്തുന്നതിനു മുൻപു തന്നെ കേരളത്തിലെ പെട്രോൾ വില തൊട്ടപ്പുറത്ത് കർണാടകയിലേതിനേക്കാൾ 6 രൂപ കൂടുതലാണ്; ഡീസൽ വില 9 രൂപയോളവും. ദേശീയ തലത്തിൽ ബിജെപിയുടെ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ സിപിഎം എടുത്തുപയോഗിക്കുന്ന ആയുധമാണ് ഇന്ധന വിലവർദ്ധനവ്. അതുകൊണ്ട് തന്നെ പിണറായി സർക്കാരിന്റെ തീരുമാനം സിപിഎം ദേശീയ നേതൃത്വത്തിനും അംഗീകരിക്കാൻ കഴിയുന്നില്ല.

അതിനിടെ ഇന്ധന വിലവർധനയ്‌ക്കെതിരായ സമരപരിപാടികൾ ചർച്ച ചെയ്യാൻ നാളെ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ചേരുമെന്നു മുന്നണി കൺവീനർ എം.എം.ഹസൻ അറിയിച്ചു. കോൺഗ്രസ് ഇന്നലെ കരിദിനമാചരിച്ചു. മഹിളാ കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ പൗരവിചാരണ ജാഥയും നടത്തി. കോൺഗ്രസ് മറ്റന്നാൾ കലക്ടറേറ്റുകൾ ഉപരോധിക്കും. നാളെ നിയമസഭയ്ക്കകത്തും പ്രതിഷേധം ശക്തമാകും. കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കൗൺസിലും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്തു.

ബജറ്റ് ചർച്ചയിൽ തിരുത്തലുണ്ടാകുമെന്ന സൂചനയാണ് സിപിഎം. നേതാക്കളും നൽകുന്നത്. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ഇക്കാര്യം പരസ്യമായി പറയുകയുംചെയ്തു. പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയത് ജനങ്ങളെ ബാധിക്കുന്ന തീരുമാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP