Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`അർഹരെ ഇങ്ങനെ അനാവശ്യമായി കയറി ഇറങ്ങുന്ന അവസ്ഥയിലേക്ക് തള്ളി വിടരുത്`; ചുവപ്പ്‌നാടകളിൽ കുടുക്കി ആരെയും ബുദ്ധിമുട്ടിക്കരുത്; നാണക്കേടുണ്ടാക്കുന്ന പരിപാടികൾ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കരുത്; ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി പിണറായി വിജയൻ

`അർഹരെ ഇങ്ങനെ അനാവശ്യമായി കയറി ഇറങ്ങുന്ന അവസ്ഥയിലേക്ക് തള്ളി വിടരുത്`; ചുവപ്പ്‌നാടകളിൽ കുടുക്കി ആരെയും ബുദ്ധിമുട്ടിക്കരുത്; നാണക്കേടുണ്ടാക്കുന്ന പരിപാടികൾ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കരുത്; ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഉദ്യോഗസ്ഥരോട് നാണക്കേടുണ്ടാക്കരുതെന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്.ഒറ്റപ്പെട്ട സംഭവങ്ങൾ ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മനസിലാക്കണം. ചുവപ്പുനാട ഒഴിവാക്കണം. അർഹരെ അനാവശ്യമായി നടത്തരുത്. സിവിൽ സർവീസിന്റെ എല്ലാ കണ്ണികളും പൊതുജനസേവനത്തിനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. നഗരസഭാധ്യക്ഷ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംഭവത്തെത്തുടർന്ന് നഗരസഭ ജീവനക്കാർക്കെതിരെ നടപടി എടുക്കുകയും പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്. ആന്തൂരിൽ സിപിഎം അനുഭാവിയായിരുന്നിട്ടും സാജൻ ആത്മഹത്യയിലേക്ക് എത്തിയത് തളിപറമ്പിൽ സിപിഎമ്മിന് ഉള്ളിൽ തന്നെ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും എന്നാണ് ഈ പ്രസ്താവനയിൽ നിന്നും മനസ്സിലാക്കേണ്ടത്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. 15 കോടി മുടക്കിയ പദ്ധതിക്കെതിരെ നഗരസഭ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതേണ്ടി വരുമെന്നു വിലയിരുത്തിയാണ് കോടതി നടപടി. ശ്യാമളക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കാൻ സാധ്യതയുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഞായറാഴ്ച വിഷയം ചർച്ചയാകുമെന്നാണ് സൂചന.

പ്രതിപക്ഷം പോലുമില്ലാത്ത കേരളത്തിലെ നഗരസഭയാണ് ആന്തൂർ. എന്തും ഏതും തീരുമാനിക്കുന്നത് സിപിഎം. കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യമാളയാണ് ചെയർമാൻ. ഇതിനിടെയാണ് പാർട്ടിയുടെ കടുത്ത അനുഭാവിയായ പ്രവാസി സാജൻ പാറയിൽ ആത്മഹത്യ ചെയ്യുന്നത്. ആന്തൂരിലും സിപിഎമ്മിൽ ഇളക്കം തട്ടുന്ന സംഭവമാണ് ഇത്. പാർട്ടിക്ക് വേണ്ടി ജീവിച്ചിട്ടും സിപിഎം ഭരിക്കുന്ന നഗരസഭയിൽ നിന്ന് സാജന് നീതി കിട്ടിയില്ല. ഇതെന്ത് രാഷ്ട്രീമെന്ന ചോദ്യം ആന്തൂരിലെ സിപിഎമ്മുകാർക്കിടയിൽ ശക്തമാണ്.

ആന്തൂർ എക്കാലവും സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ്. ഇവിടെ 28 ൽ 27 കൗൺസിലർമാരും സിപിഎം. ഒരു സീറ്റ് സിപിഐയ്ക്ക്. 28 ൽ 14 പേർ കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. പല വാർഡുകളിലും നാമനിർദ്ദേശപത്രിക കൊടുക്കാൻ പോലും യുഡിഎഫിനു ധൈര്യമില്ലാത്ത നഗരസഭയാണ് ഇത്. ഇത്തരത്തിലൊരു സ്ഥലത്താണ് സിപിഎം പ്രതിസന്ധി നേരിടുന്നത്. അതുകൊണ്ടാണ് സാജന്റെ ആത്മഹത്യയിൽ അതിവേഗ നടപടികൾ സർക്കാർ എടുത്തത്. സാജന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. എല്ലാം ഉദ്യോഗസ്ഥരുടെ പ്രശ്നമാണെന്ന് വരുത്താനാണ് ശ്രമം. ഇതിലൂടെ പ്രശ്നം ഒതുക്കാനാണ് നീക്കം. എന്നാൽ ചെയർപേഴ്സൺ ശ്യാമളായാണ് സാജന്റെ മരണത്തിന് ഉത്തരവാദിയെന്ന വാദം ഇപ്പോഴും ആന്തൂരിൽ സജീവമാണ്. ഇത് സിപിഎമ്മിന് തലവേദനയായി തുടരുകയാണ്.

അവസരം മുതലെടുക്കാൻ കോൺഗ്രസും ഉണ്ട്. ആന്തൂർ ബക്കളത്ത് പാർഥ കൺവൻഷൻ സെന്റർ ഉടമ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ.ശ്യാമള, സെക്രട്ടറി എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. സാജന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആന്തൂർ നഗരസഭ ഓഫിസിലേക്കു മാർച്ചും നടത്തി. ഇതും സിപിഎമ്മുകാർ മാത്രം നിയന്ത്രിക്കുന്ന നഗരസഭയിലെ വിചിത്ര കാഴ്ചയാണ്. ആന്തൂരിൽ അടുത്ത തെരഞ്ഞെടുപ്പിൽ അതിശക്തമായ മത്സരത്തിന് കോൺഗ്രസും എത്തും. കുടിവെള്ളം ലഭിക്കാത്തതിന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവവും ഇവിടെയുണ്ടായി. കൺവൻഷൻ സെന്ററിന് അനുമതി നൽകുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിലും യുഡിഎഫ് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും സതീശൻ പാച്ചേനി പറഞ്ഞു.

ഇതിന് പുറമെ പാർട്ടി സെക്രട്ടറി കോടിയേരിയുടെ മകൻ ബിനോയ് കോടിയേരി വിവാദവും പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുന്നു. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. ഒരു സിപിഎം നേതാവും ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് പിണറായിയുടെ പക്ഷം എന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP