Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ?; കുട്ടിയെ പരിശോധിക്കാൻ എന്തവകാശം?; കാക്കി, കാക്കിയെ സഹായിക്കുന്നു'; സർക്കാർ കേസ് മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നും ഹൈക്കോടതി; പരസ്യ വിചാരണയിൽ കുട്ടിയോടും കുടുംബത്തോടും മാപ്പ് അപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

'യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാണോ?; കുട്ടിയെ പരിശോധിക്കാൻ എന്തവകാശം?; കാക്കി, കാക്കിയെ സഹായിക്കുന്നു'; സർക്കാർ കേസ് മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നും ഹൈക്കോടതി; പരസ്യ വിചാരണയിൽ കുട്ടിയോടും കുടുംബത്തോടും മാപ്പ് അപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യവിചാരണ നടത്തിയ സംഭവത്തിൽ പൊലീസിനും സർക്കാരിനുമെതിരെ അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് എന്തിനെന്നാണെന്നുമാണ് കോടതി ചോദിച്ചു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോർട്ട് നൽകിയ ഡിജിപിയെയും കോടതി വിമർശിച്ചു. കാക്കി കാക്കിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പല കേസുകളിലും ഇത് കാണുന്നുണ്ട്. യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ എന്നും കേസ് പരിഗണിച്ച വേളയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേസ് വീണ്ടും പരിഗണിക്കാൻ ഈ മാസം 15ലേക്ക് മാറ്റി.

കോടതിക്ക് മുമ്പാകെ സമർപ്പിച്ച നടപടി റിപ്പോർട്ട് പൂർണമല്ലെന്നും വിമർശിച്ചു. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം. അതിനിടെ കേസിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി. തനിക്കും മൂന്ന് കുട്ടികളുണ്ട്, പെൺകുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകൻ മുഖാന്തിരം കോടതിയെ അറിയിച്ചത്. മാപ്പപേക്ഷയെ സ്വാഗതം ചെയ്ത കോടതി, മാപ്പപേക്ഷ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കുട്ടിയും കുടുംബവുമാണെന്നും വ്യക്തമാക്കി.

കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കേസ് പരിഗണിക്കവേ വിമർശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കുമെന്ന് കോടതി ചോദിച്ചു. പെൺകുട്ടി പൊലീസുകാരിയെ ആന്റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്‌കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവം കുട്ടിയിൽ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാർത്ഥ്യമാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയെ പരിശോധിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിനോട് അടുത്ത പോസ്റ്റിംഗിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ നിർദ്ദേശം നൽകി.

ആരോപണവിധേയയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ ബിഹേവിയറൽ ട്രെയിനിങ്ങിന് അയച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. റിപ്പോർട്ടിലെ ചില കാര്യങ്ങളിൽ പിശകുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾ കൂടിയതുകൗണ്ടാണ് പെൺകുട്ടി കരഞ്ഞത് എന്ന വാദം ശരിയല്ല, പൊലീസുദ്യോഗസ്ഥയുടെ മോശം പെരുമാറ്റം കൊണ്ടുകൂടിയാണ് കുട്ടി കരഞ്ഞത്. ദൃശ്യങ്ങളിൽ കാണുന്നതും സർക്കാർ റിപ്പോർട്ടിൽ പറയുന്നതും തമ്മിൽ പൊരുത്തക്കേട് ഉണ്ട്. ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് പൂർണ്ണമല്ലെന്നും കോടതി നിരീക്ഷിച്ചു.

കുട്ടിയുടെ മൊഴിയടക്കമുള്ള റിപ്പോർട്ട് പരിശോധിച്ച കോടതി പെൺകുട്ടി പറഞ്ഞത് നുണയല്ലെന്ന നിഗമനത്തിലാണ്. കുട്ടിയെ അപമാനിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് സർക്കാർ വാദിക്കുന്നു. കുട്ടിക്ക് അനുകൂലം ആയി സംസ്ഥാന സർകാർ എന്ത് നടപടി സ്വീകരിക്കും എന്ന് കോടതി തിരിച്ചു ചോദിച്ചു. എന്ത് നടപടിയെടുക്കാൻ പറ്റുമെന്നതിൽ ഡിജിപിയുമായി ആലോചിച്ച് തീരുമാനിക്കമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കുട്ടിയെ പരിശോധിക്കണമെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ നിലപാട് കാടത്തമെന്ന് പറഞ്ഞ കോടതി കാക്കി കാക്കിയെ സഹായിക്കുന്ന അവസ്ഥയാണെന്ന് കുറ്റപ്പെടുത്തി. ഈ കേസിൽ മാത്രമല്ല പല കേസുകളിലും താൻ ഇത് കണ്ടിട്ടുണ്ടെന്ന് പൊലീസ് നിലപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണം. കുട്ടിയെ പരിശോധിക്കാൻ പൊലീസുദ്യോഗസ്ഥക്ക് എന്താണ് അവകാശമാണ് ? യൂണിഫോമിട്ടാൽ എന്തും ചെയ്യാമെന്നാമെന്നാണോ കരുതുന്നതെന്ന് കോടതി ചോദിച്ചു. കുട്ടിക്ക് നഷ്ടപരിഹാരം നൽകുന്നതും ആലോചിക്കാവുന്നതാണ് എന്ന് കോടതി പറഞ്ഞു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോട് ഹൈക്കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. റിപ്പോർട്ടിൽ പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിച്ച് കൊണ്ടുള്ള പരാമർശങ്ങളാണ് കോടതിയെ ചൊടിപ്പിച്ചത്.

കാക്കി കാക്കിയെ രക്ഷിക്കാൻ വ്യഗ്രത കാണിക്കുന്നതാണ് പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശി കൊണ്ടുള്ള റിപ്പോർട്ടെന്ന് കോടതി വിമർശിച്ചു. കുട്ടിക്ക് ഉണ്ടായ മാനഹാനി പരിഹരിക്കാൻ സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്ന് കോടതി ചോദിച്ചു. സർക്കാർ ഇടപെട്ടില്ലെങ്കിൽ കോടതി ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

കുട്ടി അനുഭവിച്ച മാനസിക പ്രശ്നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കുട്ടിയും പിതാവും ഹൈക്കോടതിയിൽ ഹർജി നൽകിയത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സർക്കാരിന്റ നിലപാട് ശ്രദ്ധേയമാകും.

കുട്ടിയെ കൗൺസിലിങ് ചെയ്ത ഡോക്ടറോടും വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറെ കൊണ്ട് കുട്ടിയെ കൗൺസിലിങ് നടത്തി അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി ഇന്ന് ഉത്തരവിടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP