Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി; കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്; അത് സ്വാഭാവികമാണ്, എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ; ലോക് ഡൗണിന് മുന്നേ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രത്യേക പ്രതിനിധിയെ ന്യായീകരിച്ച് പിണറായി വിജയൻ; അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ലന്നും ഉപദേശം

എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി; കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്; അത് സ്വാഭാവികമാണ്, എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ; ലോക് ഡൗണിന് മുന്നേ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെ വീട്ടിലെത്തിയ പ്രത്യേക പ്രതിനിധിയെ ന്യായീകരിച്ച് പിണറായി വിജയൻ; അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ലന്നും ഉപദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് ഡൽഹിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ എ സമ്പത്ത് കേരളത്തിലേക്ക് തിരിച്ചെത്തിെന്ന വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. എ സമ്പത്തിന് ദിവ്യജ്ഞാനം ഉണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് പിണറായി വിജയന്റെ പ്രതികരണം. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് സമ്പത്ത് കേരളത്തിലേക്കുള്ള അവസാന വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചെത്തിയത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രം​ഗത്തെത്തിയത്. ഡൽഹിയിലെ മലയാളികൾക്ക് അത്യാവശ്യമുള്ള ഘട്ടത്തിൽ സ്വന്തം ജീവനും കൊണ്ട് പ്രത്യേക പ്രതിനിധി നാട്ടിലെത്തി എന്നായിരുന്നു പ്രധാന ആരോപണം.

‘ഇന്നതാണ് സംഭവിക്കുന്നത്. ഇത്രദിവസം കോവിഡ് ജനങ്ങളെ തളച്ചിടും, അപ്പോൾ ഞാൻ വേഗം തിരുവനന്തപുരത്തെത്താം എന്ന് സമ്പത്ത് വിചാരിച്ചതായി കരുതുന്നില്ല’– മുഖ്യമന്ത്രി പറഞ്ഞു. “കോവിഡ് പലരെയും പല സ്ഥലത്താക്കിയിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ രണ്ട് എസിഎസുമാർ ഇപ്പോൾ തിരുവനന്തപുരത്തില്ല. അതിന് അവരെ കുറ്റം പറയാൻ പറ്റുമോ. അവർ ഡൽഹിയിൽ കടുങ്ങി കിടക്കുകയാണ്. അത് സ്വാഭാവികമാണ്. എവിടെയാണോ കുടുങ്ങിയത് അവിടെ തുടരും എന്നുള്ളതാണ് കോവിഡിന്റെ അവസ്ഥ. അതൊരു പ്രത്യേക പ്രശ്നമായി കാണേണ്ടതില്ല.”- മുഖ്യമന്ത്രി പറഞ്ഞു.

കേരള ഹൗസിലെ കൺട്രോളറുടെയും ലെയ്സൺ ഓഫിസറുടെയും തസ്തിക ഒഴിഞ്ഞു കിടക്കുമ്പോൾ സമ്പത്തും നാട്ടിലേക്കു മടങ്ങിയത് വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കേരള ഹൗസ് ലെയ്സൺ ഓഫിസറെ സമ്പത്തിന്റെ ആവശ്യപ്രകാരമാണ് നാട്ടിലേക്കു സ്ഥലം മാറ്റിയത്. പകരം ആളെ നിയമിച്ചിട്ടില്ല. കൺട്രോളറുടെ തസ്തികയും മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ റസിഡന്റ് കമ്മിഷണർ എത്തിയിട്ട് രണ്ടു മാസമാകുന്നതേയുള്ളൂ.

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് നഴ്‌സുമാർ ഉൾപ്പെടെ നിരവധി മലയാളികൾ ദുരിതം നേരിടുമ്പോഴാണ് കേന്ദ്രത്തിൽ കേരളത്തിന്റെ ഇടപെടൽ കൂടുതൽ ക്രിയാത്മകമാക്കാനെന്നു കാട്ടി നിയമിച്ച പ്രതിനിധിയുടെ അഭാവം. കോവിഡ് ഡ്യൂട്ടിയിലുള്ള നഴ്‌സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൗസ് വിട്ടുനൽകണമെന്ന ആവശ്യം തള്ളിയത് ഡൽഹിയിലെ മലയാളികൾക്കു തിരിച്ചടിയായിരുന്നു. ഇതിൽ സമ്പത്തിന്റെ ഇടപെടൽ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തിൽ നേടിയെടുക്കാനും സംസ്ഥാനത്തിന്റെ മറ്റു ആവശ്യങ്ങൾ നിറവേറ്റാനുമാണ് പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാബിനറ്റ് റാങ്കിൽ നിയമിച്ചത്. ഡൽഹി കേരള ഹൗസിലാണ് ഓഫിസും താമസവും ഒരുക്കിയത്. കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറേക്കാൾ അധികാരങ്ങളും നൽകി. സമ്പത്തിന്റെ ആവശ്യപ്രകാരം പഴ്‌സനൽ സ്റ്റാഫിനെയും സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻഡ്, ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ് തുടങ്ങിയവരെയാണ് ഇത്തരത്തിൽ നിയമിച്ചത്. സമ്പത്തിന് യാത്ര ചെയ്ത വകയിൽ 12 ലക്ഷം രൂപ അനുവദിക്കാനും അനുമതി നൽകി. തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കും തിരിച്ചും വിമാനത്തിൽ സഞ്ചരിച്ചതിനും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തതിനുമാണ് ബത്ത നൽകിയത്. ഡൽഹിയിൽ പ്രവർത്തിക്കേണ്ട സമ്പത്ത് മിക്ക സമയത്തും കേരളത്തിലാണെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് ഈ യാത്രാബില്ലിന് അംഗീകാരം നൽകിയത്.

അതിനിടെ, സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. കോശി ജേക്കബ്സമ്പത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന് പരാതി നൽകിയിട്ടുണ്ട്. ചുമതലയിൽ നിന്നുള്ള ഒഴിഞ്ഞുമാറലും കർത്തവ്യത്തിൽ വരുത്തിയ അശ്രദ്ധയും ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി നേരിടവെയാണ് സമ്പത്തിന്റെ ഇത്തരം പ്രവൃത്തികളെന്നു പരാതിയിൽ പറയുന്നു. സമ്പത്തിന്റെ ശമ്പളം വെട്ടികുറയ്ക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോശി ജേക്കബ് ആവശ്യപ്പെട്ടിരിക്കുന്നത്.

മാർച്ച്‌ 22നുണ്ടായിരുന്ന അവാസാനത്തെ വിമാനത്തിൽ ഡൽഹിയിൽ നിന്നും സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്നും ആ സമയം ഡൽഹിയിൽ ലോക്ക് ഡൗണായിരുന്നുവെന്നും പരാതിയിൽ പറയുന്നു. സഹായമഭ്യർത്ഥിച്ച് കേരളാ ഹൗസിലേക്ക് വിളിക്കുന്ന ഡൽഹി മലയാളികളുടെ കോളുകൾ ആരും അറ്റൻഡ് ചെയ്യുന്നില്ല. വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും അടക്കം നിരവധി പേരാണ് ഡൽഹിയിലും മറ്റുമായി ദുരിതത്തിൽ കഴിയുന്നതെന്നും നാട്ടിലെത്താൻ വഴികളൊന്നുമില്ലാതെ അവർ കുടുങ്ങി കിടക്കുകയാണെന്നും പരാതിയിൽ പറയുന്നു.

ആദ്യം മുതലേ വിവാദം

എ സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം മുതൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. കേന്ദ്രവുമായുള്ള ഇടപെടലുകൾ കാര്യക്ഷമമാക്കാനാണ് സമ്പത്തിന്റെ നിയമനമെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. എന്നാൽ ഇതിനായി ഒട്ടേറെ ഉദ്യോഗസ്ഥർ ഡൽഹി കേരള ഹൗസിലുണ്ട് എന്നത് പല കോണുകളിൽ നിന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. റസിഡന്റ് കമ്മിഷണർക്കാണു കേരള ഹൗസിന്റെ ചുമതല. പിന്നെ അഡീഷനൽ റസിഡന്റ് കമ്മിഷണർ (ഇപ്പോൾ ഈ തസ്തികയിൽ ആളില്ല).

കേരള ഹൗസിന്റെ പ്രവർത്തനങ്ങൾക്ക് കൺട്രോളറുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ലെയ്സൺ ഓഫിസറുണ്ട്. സുപ്രീം കോടതിയിലെയും മറ്റും കേസുകൾക്ക് ലോ ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ. പ്രോട്ടോക്കോൾ ഓഫിസർക്കു പുറമേ വിനോദസഞ്ചാരം, ഇൻഫർമേഷൻ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർമാരുമുണ്ട്. അണ്ടർ സെക്രട്ടറി റാങ്കിലുള്ള അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കാണു വിവിധ വകുപ്പുകളുടെ ചുമതല. ഇത്രയധികം ആളുകൾ ഡൽഹിയിൽ ഉള്ളപ്പോൾ പുതിയ തസ്തിക സൃഷ്ടിച്ചത് ധൂർത്താണെന്ന ആരോപണവും ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP