Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുഎപിഎ നടപ്പാക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ല; പൊലീസ് ചാർജ്ജു ചെയ്ത ഉടനെ പ്രാബല്യത്തിൽ വരില്ല; കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ പരിശോധിച്ച ശേഷം സർക്കാർ നിലപാട് വ്യക്തമാക്കും; യുഎപിഎയെ കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല; അടുത്ത കാലത്ത് പാർലമെന്റിൽ ഭേദഗതികൾ വന്നപ്പോൾ ബിജെപിയോടൊപ്പം കോൺഗ്രസും അതിനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു; പൊലീസ് നിലപാടിനെ തള്ളിപ്പറഞ്ഞ് പാർട്ടിയു രംഗത്തുവന്നതോടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

യുഎപിഎ നടപ്പാക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ല; പൊലീസ് ചാർജ്ജു ചെയ്ത ഉടനെ പ്രാബല്യത്തിൽ വരില്ല; കോഴിക്കോട് വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയതിൽ പരിശോധിച്ച ശേഷം സർക്കാർ നിലപാട് വ്യക്തമാക്കും; യുഎപിഎയെ കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല; അടുത്ത കാലത്ത് പാർലമെന്റിൽ ഭേദഗതികൾ വന്നപ്പോൾ ബിജെപിയോടൊപ്പം കോൺഗ്രസും അതിനെ അനുകൂലിക്കുന്ന നിലപാടിലായിരുന്നു; പൊലീസ് നിലപാടിനെ തള്ളിപ്പറഞ്ഞ് പാർട്ടിയു രംഗത്തുവന്നതോടെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട്ട് സിപിഎം പ്രവർത്തകരായ വിദ്യാർത്ഥികൾക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ നിയമം ചുമത്തിയ സംഭവത്തിൽ പൊലീസിനെ തള്ളിപ്പറഞ്ഞ് സിപിഎം രംഗത്തെത്തിയതിന് പിന്നാലെ നിലപാട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യു.എ.പി.എ നിയമം നടപ്പാക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതു പരിശോധിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. 'യു.എ.പി.എയെക്കുറിച്ചു പറയാൻ കോൺഗ്രസിന് അവകാശമില്ല. യു.എ.പി.എയുടെ കാര്യത്തിൽ അടുത്തകാലത്ത് പാർലമെന്റിൽ ഭേദഗതികൾ വന്നപ്പോൾ നാം കണ്ടത്, ബിജെപിയോടൊപ്പം കോൺഗ്രസും അതിനെ അനുകൂലിക്കുന്നതായിരുന്നു. എന്നാൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ സംസ്ഥാന സർക്കാരിനോ അത്തരത്തിലൊരു നിയമം നിലനിൽക്കുന്നതിനോടു യോജിപ്പില്ല. ഇവിടെയുണ്ടായിട്ടുള്ളത്, രണ്ടു ചെറുപ്പക്കാരെ പൊലീസുകാർ കസ്റ്റഡിയിലെടുത്തത്. അതിൽ ഒരാളുടെ മാതാപിതാക്കൾ എന്നെ വന്നു കണ്ടിരുന്നു. എന്താണെന്നു പരിശോധിക്കട്ടെയെന്ന് അപ്പോൾത്തന്നെ ഞാൻ അവരോടു പറഞ്ഞിരുന്നു.- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യു.എ.പി.എ പൊലീസ് ചാർജ് ചെയ്ത ഉടനെ പ്രാബല്യത്തിൽ വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പരിശോധന നടക്കണം. അതിനുപുറമേ ജസ്റ്റിസ് ഗോപിനാഥൻ ചെയർമാനായിട്ടുള്ള ഒരു കമ്മീഷനുണ്ട്. ആ കമ്മീഷന്റെ പരിശോധനയും നടക്കണം.'- അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വദേശികളും സിപിഐ.എം പ്രവർത്തകരുമായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സിപിഐ.എമ്മിനുള്ളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണു നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്.

അതേസമയം കോഴിക്കോട് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് യുഎപി.എ ചുമത്തിയ നടപടി എൽഡിഎഫ് സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. അറസ്റ്റു ചെയ്യപ്പെട്ട ചെറുപ്പക്കാർക്ക് നേരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. കേന്ദ്രസർക്കാർ ഈ നിയമം പാസ്സാക്കുമ്പോൾ അതിനെ നിശിതമായി എതിർത്ത പാർട്ടി സിപിഎം ആയിരുന്നു.

ഈ സംഭവത്തിലാകട്ടെ യുഎപിഎ ചുമത്താനിടയായത് സംബന്ധിച്ച് പൊലീസ് അധികൃതരിൽ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പൊലീസ് യുഎപിഎ നിയമം നടപ്പിലാക്കാൻ ശ്രമിച്ച സന്ദർഭങ്ങളിലെല്ലാം സർക്കാർ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. എൽഡിഎഫ് ഭരണത്തിൽ ഒരു നിരപരാധിക്കും നേരെ യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് എൽഡിഎഫ് സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. - സിപിഎം വ്യക്തമാക്കുകയുണ്ടായി.

അതേസമയം വിദ്യാർത്ഥികളെ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തിൽ മാവോയിസ്റ്റ് തിയറിയിൽ ഉറച്ചു പൊലീസ്. കേസുമായി ബന്ധപ്പെട്ട് പന്തീരാങ്കാവ് സ്റ്റേഷനിൽ ഉന്നതതല യോഗം ചേർന്ന ശേഷമാണ് പൊലീസ് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചത്. സിറ്റി പോലസ് കമ്മീഷണർ എ വി ജോർജ്ജ് പന്തീരങ്കാവ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ രണ്ട് പ്രതികളിൽ ഒരാളെ അഞ്ച് വർഷമായി നിരീക്ഷിക്കുന്നതായി പൊലീസ് പറയുന്നു. മെമ്മറി കാർഡ്, ലാപ്ടോപ് ഉൾപ്പെടെയുള്ള തെളിവുകളുണ്ടെന്നും ഇത് പരിശോധിച്ച ശേഷമാകും കൂടുതൽ നടപടിയെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകിയേക്കില്ല എന്നാണ് വിവരം. പ്രതികൾ തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകുന്നെന്ന് പൊലീസ് പറയുന്നു.

കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സർക്കാർ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവർ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്.

പിടിയിലായത് നഗരത്തിൽ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയവരാണെന്നാണ് പൊലീസിന്റെ വിശദീകരണം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണിയായി ഇവർ പ്രവർത്തിച്ചു. മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുണ്ടെന്നും പൊലീസ് പറയുന്നു. ഓടി രക്ഷപ്പെട്ട മൂന്നാമത്തെയാൾ കോഴിക്കോട് സ്വദേശിയാണെന്നും ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ പേരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP