Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവരോടാണ്.. നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ'; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ നിരോധനാജ്ഞ നടപ്പാക്കേണ്ടി വരും; ആരാധനാലയങ്ങൾക്കെതിരെയും കർശന നടപടി; കാസർകോട്ടെ കോവിഡ് ബാധിതന്റെ മറുപടികളിൽ ദുരൂഹത; ഇതിൽ അന്വേഷണം നടത്തും, കടുത്ത നടപടി സ്വീകരിക്കും; ഇത്തരക്കാരുടെ വാദം അവതരിപ്പിക്കാൻ മാധ്യമങ്ങൾ ഇടം നൽകരുത്; കോവിഡ് ജാഗ്രതക്കിടെ അനുസരണക്കേടു കാണിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ചു മുഖ്യമന്ത്രി

'ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല, അവരോടാണ്.. നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ'; ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ നിരോധനാജ്ഞ നടപ്പാക്കേണ്ടി വരും; ആരാധനാലയങ്ങൾക്കെതിരെയും കർശന നടപടി; കാസർകോട്ടെ കോവിഡ് ബാധിതന്റെ മറുപടികളിൽ ദുരൂഹത; ഇതിൽ അന്വേഷണം നടത്തും, കടുത്ത നടപടി സ്വീകരിക്കും; ഇത്തരക്കാരുടെ വാദം അവതരിപ്പിക്കാൻ മാധ്യമങ്ങൾ ഇടം നൽകരുത്; കോവിഡ് ജാഗ്രതക്കിടെ അനുസരണക്കേടു കാണിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ചു മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരും സർക്കാറിന്റെ ജാഗ്രതാ നിർദ്ദേശം പാലിക്കത്തവർക്കുമെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരാധനാലയങ്ങളിൽ വലിയ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് മത നേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടാവുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുഭാഗത്ത് ആൾക്കൂട്ടമൊഴിവാക്കലുകളൊക്കെ നടക്കുമ്പോൾ തന്നെ മറുഭാഗത്ത് ഇതിനെയൊക്കെ നിരാകരിക്കുന്ന സാഹചര്യമാണ്. നേരത്തെ പറഞ്ഞതിന് വ്യത്യസ്തമായി ചില ആരാധനാലയങ്ങളിൽ ആയിരക്കണക്കിനാളുകൾ എത്തി. ഉത്സവ ആൾക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങൾ ഉണ്ടാവരുതെന്ന് ഈ ഘട്ടത്തിൽ ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പാലിക്കാതിരുന്നാൽ വേറൊരു മാർഗവും സർക്കാരിന് മുന്നിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്നത് സർക്കാർ പറയുന്ന രീതിയിലോ അതിലപ്പുറമോ ഉള്ള നിയന്ത്രണങ്ങൾ നാട്ടിലുണ്ടാകണമെന്നാണ്. പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടയുള്ള കർക്കശ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സർക്കാരിന്റെ ആകെയുള്ള രക്ഷയെകരുതിയുള്ളതാണെന്നും യാതൊരു വിട്ടുവീഴ്ചയും സർക്കാർ നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് കോവിഡ് 19 ബാധിച്ചയാളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങൾ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രിയും ആവർത്തിച്ചു. കാസർകോട് നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മൾ അനുഭവിച്ചതാണ്. രോഗ ബാധിതൻ തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിക്കുകയായിരുന്നു. ഇയാൾ സഞ്ചരിച്ച റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചു. സിസി ടിവിയുടെയും സഹ യാത്രികരുടെയും സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്. നിരവധി തവണ കൗൺസിലിങ് നടത്തി ഡോക്ടർമാർ വിവരങ്ങൾ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളിൽ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനിൽക്കുന്നു. കൂടുതൽ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തിൽ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാൻ പൂർണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടർ തന്നെ വ്യക്കമാക്കി. ഇത്തരക്കാർ സമൂഹത്തിന് തന്നെയാണ് ആപത്തുണ്ടാക്കുന്നത്. ഇങ്ങനെയുള്ളവർക്ക് കർശന നടപടി സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണം. സർക്കാർ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിന് വിപത്ത് പകർന്നു നൽകുന്നവർ അവർ ഉന്നയിക്കുന്ന തെറ്റായ വാദങ്ങൾ പ്രചരിപ്പിക്കരുത്. അത് നമ്മുടെ പൊതുവായ മുന്നേറ്റത്തിനും താതപര്യത്തിനും വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചേർന്ന് പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർ, സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ സന്നദ്ധസംഘടനകൾ എന്നിവരുടെ പ്രവർത്തനങ്ങളെ മാനിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് എരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്ന് ജില്ലാ ഭരണകൂടം പുറത്തുവിട്ടിരുന്നു. ഇയാൾ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ മാർച്ച് 11 മുതൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മാർച്ച് 19 വരെയുള്ള ദിവസങ്ങളിലെ റൂട്ട് മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. ചില വിവരങ്ങൾ രോഗി വെളിപ്പെടുത്തിയിരുന്നില്ല, ഈ വിവരങ്ങൾ ഇല്ലാതെയാണ് റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്.മുപ്പതിലധികം സ്ഥലങ്ങളിൽ കൊവിഡ് ബാധിതൻ സന്ദർശിച്ചതായി റൂട്ട് മാപ്പ് പറയുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നും 12 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ കാസർകോടും മൂന്ന് പേർ കണ്ണൂരും മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്തുകൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗൾഫിൽ നിന്ന് വന്നവരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 53013 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 52285 പേർ വീടുകളിൽ നിരീക്ഷണത്തിലും 228 ആശുപത്രിയിൽ നിരീക്ഷണത്തിലുമാണ്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3716 സാംപിളുകൾ പരിശോധനക്കയച്ചതിൽ 2566 സാംപിളുകൾ നെഗറ്റീവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP