Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസ സംഭാവനയെ വർഗീയവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല; അഞ്ച് കോടിയുടെ സംഭാവനയെ വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നത് നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യം; അത് അങ്ങേയറ്റം അപലപനീയമെന്ന് മുഖ്യമന്ത്രി; ബോർഡ് നടപടിക്കെതിരായ ഹർജി ഇനി പരിഗണിക്കുക ഹൈക്കോടതി ചീഫ് ജസ്റ്റിസ്; പരിഗണിക്കുന്നത് റിസീവർ ഭരണം വേണമെന്ന ആവശ്യവും; വിഷയത്തിൽ കോൺഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദമായി സംഭാവന

ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസ സംഭാവനയെ വർഗീയവൽക്കരിക്കുന്നത് അംഗീകരിക്കാനാവില്ല; അഞ്ച് കോടിയുടെ സംഭാവനയെ വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നത് നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യം; അത് അങ്ങേയറ്റം അപലപനീയമെന്ന് മുഖ്യമന്ത്രി; ബോർഡ് നടപടിക്കെതിരായ ഹർജി ഇനി പരിഗണിക്കുക ഹൈക്കോടതി ചീഫ് ജസ്റ്റിസ്; പരിഗണിക്കുന്നത് റിസീവർ ഭരണം വേണമെന്ന ആവശ്യവും; വിഷയത്തിൽ കോൺഗ്രസും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ രാഷ്ട്രീയ വിവാദമായി സംഭാവന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയ നടപടിയിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി നിയമ പോരാട്ടത്തിന്റെ വഴിയേ നീങ്ങിയപ്പോൾ പരസ്യമായി പ്രതിഷേധവുമായി അവസരം മുതലെടുക്കാൻ കോൺഗ്രസും രംഗത്തുവന്നു. അതേസമയം ഇത്തരം നടപടികളെ അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺഗ്രസ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ഒരു പൊതുകാര്യത്തിന് സംഭാവന നൽകുന്ന നിലപാടാണ് എല്ലാവരും സ്വീകരിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. അത് നമ്മുടെ നാടിന് വലിയ ആപത്തുളവാക്കുന്ന കാര്യമാണ്. ഇത്തരമൊരു ഘട്ടത്തിൽ വർഗീയമായി മുതലെടുക്കാൻ നോക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. അത് അങ്ങേയറ്റം അപലപനീയമായ കാര്യമാണ്. നമ്മുടെ പൊതുസമൂഹം അത്തരം ആളുകളെ കൃത്യമായി മനസ്സിലാക്കുക തന്നെ ചെയ്യും.

അതേസമയം ഗുരുവായൂർ ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെതിരായ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിന്റെ സാധുത കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും എന്നും ഹൈക്കോടതി അറിയിച്ചു. ദേവസ്വം ബോർഡ് ഫണ്ട് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്തമായ വിധികൾ നിലവിലുള്ള സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്.

അതേസമയം, ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവന നൽകാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. അഞ്ചു കോടി രൂപയാണ് ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. തുക തിരിച്ചുപിടിക്കണമെന്നും, അധികാര ദുർവിനിയോഗം കാട്ടിയ ദേവസ്വം ബോർഡ് പിരിച്ചുവിട്ട് റിസീവർ ഭരണം ഏപ്പെടുത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ളവർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നാണ് പ്രധാന ആരോപണം. ദേവസ്വം ഭരണഘടനയുടെ 27-ാം വകുപ്പിന്റെ പരസ്യമായ ലംഘനമാണ് ഇതെന്ന കുറ്റപ്പെടുത്തലും പുറത്തുവന്നിരുന്നു. ദേവസ്വം സ്വത്ത് അനധികൃതമായി ഉപയോഗിക്കരുതെന്ന് പല കേസുകളിലും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

അതേ സമയം, ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തിന്റേയും സ്വർണ നിക്ഷേപത്തിന്റേയും ഒരു മാസത്തെ പലിശ വരുമാനത്തിന്റെ പകുതിയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതെന്നാണ് ചെയർമാൻ അഡ്വ. കെബി മോഹൻദാസിന്റെ വിശദീകരണം. സ്ഥിരനിക്ഷേപം പിൻവലിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതെന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. ക്ഷേത്ര വരുമാനം കുറഞ്ഞെങ്കിലും ദേവസ്വത്തിന്റെ സാമ്പത്തിക ഭദ്രതയെ അത് ബാധിച്ചിട്ടില്ല. ദേവസ്വം കമ്മിഷണറുടെ അനുവാദത്തോടെ നിയമപരമായാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുരുവായൂർ ദേവസ്വം ഫണ്ട് 5 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതിനെതിരെ കോൺഗ്രസ്സും പ്രതിഷേധമായി രംഗത്ത് എത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP