Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പു കാലത്ത് പ്രൈംടൈമിനായി കാത്തിരുന്ന് വാർത്താസമ്മേളനം വിളിച്ച പിണറായിക്ക് ഇപ്പോൾ മാധ്യമങ്ങളെ കണ്ടാൽ അലർജി! മൈക്കും സ്റ്റാന്റുമായി എത്തുന്നവർ ആക്രമികളാണെന്ന റിപ്പോർട്ടും ഫോൺകെണി വിഷയത്തിലെ കമ്മീഷൻ റിപ്പോർട്ടും മറയാക്കി മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം സജീവം; മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയും മലയാളം മാധ്യമ ലോകത്ത് തീർക്കുന്നത് കടുത്ത ആശങ്ക

തെരഞ്ഞെടുപ്പു കാലത്ത് പ്രൈംടൈമിനായി കാത്തിരുന്ന് വാർത്താസമ്മേളനം വിളിച്ച പിണറായിക്ക് ഇപ്പോൾ മാധ്യമങ്ങളെ കണ്ടാൽ അലർജി! മൈക്കും സ്റ്റാന്റുമായി എത്തുന്നവർ ആക്രമികളാണെന്ന റിപ്പോർട്ടും ഫോൺകെണി വിഷയത്തിലെ കമ്മീഷൻ റിപ്പോർട്ടും മറയാക്കി മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം സജീവം; മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് ആലോചിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയും മലയാളം മാധ്യമ ലോകത്ത് തീർക്കുന്നത് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള കാലം. പിണറായി വിജയന്റെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര സംഘടിപ്പിച്ചിരുന്നു സി.പി.എം. അന്ന് പിണറായി വിജയന് മാധ്യമങ്ങളോട് ഇത്രയ്ക്ക് ഇഷ്ടമാണോ എന്നു പോലും പലരും ചോദിച്ചിരുന്നു. അതുപോലെയായിരുന്നു പിണറായി വിജയന്റെ പെരുമാറ്റം. ചാനലുകളിലെ പ്രൈം ടൈമിൽ ലൈവ് ടെലിക്കാസ്റ്റ് ചെയ്യാനായി കാത്തു നിന്ന് വാർത്താസമ്മേളനം വിളിച്ചു പിണറായി വിജയൻ. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിയായതോടെ മാധ്യമങ്ങളെ കണ്ടാൽ മൈൻഡ് ചെയ്യാത്ത നേതാവായി അദ്ദേഹം. അതുവരെ മുഖ്യമന്ത്രിമാർ മന്ത്രിസഭായോഗ ശേഷം നടത്തിപ്പോന്ന പതിവു വാർത്താസമ്മേളനവും അവസാനിച്ചു. പ്രതികരിക്കാനുള്ള സമയത്ത് മാത്രമായി മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.

പിന്നീട് കോടതികളിൽ നിന്നും മാധ്യമ വിലക്കുണ്ടായപ്പോൾ അതു നീക്കാൻ കാര്യമായ പ്രതികരണവും പിണറായി വിജയന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതിനിടെ മാധ്യമങ്ങളോട് കടക്ക് പുറത്ത് പറയാനും മുഖ്യമന്ത്രി തയ്യാറായി. ഇതിനിടെ മാധ്യമ ഇടപെടലുകൾ കൊണ്ട് മാത്രം കേരളത്തിൽ മൂന്ന് മന്ത്രിമാർക്ക് രാജിവെക്കേണ്ടി വന്നു. ഇതിൽ തോമസ് ചാണ്ടിയുടെ രാജി മാധ്യമങ്ങൾ എഴുതി വാങ്ങി എന്നു പറയുന്നതാകും ശരി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മന്ത്രിമാർ രാജിവെക്കേണ്ടതില്ലെന്ന നിലപാട് പിണറായി വിജയനും സ്വീകരിച്ചിരുന്നു. ഗത്യന്തരമില്ലതെയാണ് മുഖ്യമന്ത്രി തന്റെ നിലപാട് മാറ്റിയത്.

ഇപ്പോൾ വീണ്ടും സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുകയാണോ എന്ന ആശങ്ക ശക്തമാകുകയാണ്. മൈക്കും സ്റ്റാൻഡുമായി എത്തുന്നവർ മുഖ്യമന്ത്രിയെ ആക്രമിച്ചേക്കാമെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയ നടപടിയാണ് സംസ്ഥാനത്ത് മാധ്യമ നിയന്ത്രണത്തിന് ഒരുങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നത്. എതിർശബ്ദങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളോട് തികഞ്ഞ അസഹിഷ്ണുതയാണ് ഇടതു സർക്കാർ വെച്ചു പുലർത്തുന്നത്. സെക്രട്ടറിയേറ്റിൽ മാധ്യമ വിലക്കേർപ്പെടുത്തിയെന്ന വാർത്ത വന്നതോടെ സിപിഐ അടക്കമുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. എന്നാൽ, സർക്കാർ നിലപാട് കടുപ്പിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ഇപ്പോഴത്തെ സംഭവവികാസങ്ങളും ചേർത്തു വായിക്കുമ്പോൾ മാധ്യമ ലോകത്ത് ആശങ്കയാണ് പുറത്തുവരുന്നത്. മാധ്യമപ്രവർത്തകർക്കിടയിൽ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവർത്തകർ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചാനലുകാരുടെ മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് തട്ടിയിരുന്നു. പിണറായി തുടർന്ന് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോർട്ട് എത്തുന്നത്.

മൈക്കുമായി സമീപിച്ച ചാനൽ പ്രവർത്തകനോടു പിണറായി മാറിനിൽക്കാൻ പറഞ്ഞതു വിവാദമായിരുന്നു. ഇതിനു പിന്നാലെയാണു മാധ്യമപ്രവർത്തകരെന്ന വ്യാജേന മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയത്. ഇതോടെ പിണറായിയുടെ സുരക്ഷ ശക്തമാക്കും. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ നാരായണനാണ് ഈ ഇന്റലിജൻസ് റിപ്പോർട്ട് വാർത്തയാക്കിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് ഇനി കടുത്ത നിയന്ത്രണങ്ങൾ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തുമെന്നാണ് സൂചന.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ, അദ്ദേഹം വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴും തിരികെക്കയറുമ്പോഴുമൊക്കെ മാധ്യമപ്രവർത്തകർ മാർഗതടസം സൃഷ്ടിക്കുന്നതു ഗുരുതര സുരക്ഷാഭീഷണിയാണെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ഉടൻ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കു കൈമാറും. റിപ്പോർട്ട് സെക്രട്ടറിക്ക് കിട്ടിയാൽ ഉടൻ നടപടിയെടുക്കും. മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയാത്ത സുരക്ഷയാകും ഉയർത്തുക. പ്രധാനമന്ത്രിക്കും മറ്റും നിലവിൽ ഇത്തരത്തിൽ സുരക്ഷാ ക്രമീകരണമുണ്ട്. ഈ മാതൃക പിണറായി വിജയന് വേണ്ടിയും നടപ്പാക്കും.

അതിനിടെ സി.പി.എം ഭരണത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അസഹിഷ്ണുത വർധിച്ച് വരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവർത്തനം കേരളത്തിൽ അസാധ്യമായിരിക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുള്ളിൽ മാധ്യമ പ്രവർത്തകരെ കയറ്റുന്നില്ല. മൂന്നാറിലെ ഹർത്താലിലും മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. കേരളത്തിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നിരിക്കുന്നകയാണ്. പൊലീസ് പൂർണ്ണമായും നിഷ്‌ക്രിയമായിരിക്കുകയാണ്. ഇത്രയും നാൾ യു ഡി എഫ് പറഞ്ഞ് കൊണ്ടിരിക്കുന്നതാണ് ഇപ്പോൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, ഇടതു മുന്നണി കൺവീനർ വൈക്കം വിശ്വനും പറയുന്നതെന്നും ചെന്നിത്തല പറയുകയുണ്ടായി.

അതിനിടെ മാധ്യമങ്ങളെ നിയന്ത്രിക്കണെന്ന സൂചന നൽകുന്നതാണ് ഫോൺകെണി വിവാദത്തിലെ ജുഢീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. ഈ റിപ്പോർട്ടിനെയും ആശങ്കയോടെയാണ് ചാനലുകൾ നോക്കിക്കാണുന്നത്. മാധ്യമ നിയന്ത്രണമെന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കാൻ സർക്കാറും ഈ റിപ്പോർട്ട് ആയുധമാക്കുമോ എന്നതാണ് ചോദ്യം. ഇതിനിടെ മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യാൻ നിയമവിദഗ്ധരുമായി ആലോചിക്കും എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് നടത്തിയ പ്രസ്താവന. ഈ പ്രസ്താവനയും മലയാളം മാധ്യമ ലോകത്തിന് ആശങ്കക്ക് ഇട നൽകുന്നതാണ്.

എന്നാൽ, സിപിഐ പതിവുപോലെ ഈ വിഷയത്തിലും വിമർശനം ഉന്നയിച്ച് രംഗത്തെത്തി കഴിഞ്ഞു. മാധ്യമവിരുദ്ധ നിയമം കൊണ്ടുവന്ന ജയ്പൂരല്ല തിരുവനന്തപുരമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പന്ന്യൻ രവീന്ദ്രനും വിഷയത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. മാധ്യമങ്ങൾ സെക്രട്ടേറിയറ്റിൽ കയറാൻ പാടില്ലെന്ന തീരുമാനമുണ്ടെങ്കിൽ അതു തെറ്റാണെന്നു പന്ന്യൻ വിമർശിച്ചു. വിമർശനങ്ങളോട് എന്താണിത്ര വിഷമം. വിമർശനങ്ങൾക്കു മുന്നിൽ ചൂളുന്നത് എന്തിനാണ്. അതിനെ സത്യാവസ്ഥ പറഞ്ഞു നേരിടുകയാണു വേണ്ടത്. സമൂഹത്തിലെ അഴുക്കുകൾ കൂടി അറിയിക്കുക മാധ്യമങ്ങളുടെ ജോലിയാണ്. വാർത്ത തരില്ല എന്നു വേണമെങ്കിൽ പറയാം. കയറാൻ പാടില്ലെന്നു പറയാൻ പാടില്ല. വിലക്കുണ്ടെങ്കിൽ അതു പുനഃപരിശോധിക്കണം. സെക്രട്ടേറിയറ്റ് പത്രക്കാർക്കു കയറാൻ പറ്റാത്ത ഇടമെന്ന് പറയുമ്പോൾ അതു വേറേ വല്ല ലോകവുമാണോ. ജവഹർലാൽ നെഹ്‌റു അന്നത്തെ പത്രങ്ങളിൽ വന്ന വിമർശനങ്ങളെ സ്വീകരിച്ചിരുന്നയാളാണ്. വിമർശനങ്ങളെ സ്വീകരിച്ചിരുന്ന എത്രയോ നേതാക്കന്മാരുണ്ടായിരുന്നെന്നും പന്ന്യൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP