Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നത ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യർ; ഇല്ലെന്ന് തിരുത്തി പറഞ്ഞ മുഖ്യമന്ത്രി 'വുമൺ ഇൻ സിനിമാ കളക്റ്റീവ്' നേതാക്കളെ കണ്ടതോടെ നിലപാട് മാറ്റി; ഏത് ഉന്നതനായാലും രക്ഷപെടില്ലെന്ന് തറപ്പിച്ച് പറഞ്ഞ ഒടുവിൽ വാക്കു പാലിച്ചു; ദിലീപിന്റെ അറസ്റ്റിൽ താരമായി പിണറായി

ഉന്നത ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു വാര്യർ; ഇല്ലെന്ന് തിരുത്തി പറഞ്ഞ മുഖ്യമന്ത്രി 'വുമൺ ഇൻ സിനിമാ കളക്റ്റീവ്' നേതാക്കളെ കണ്ടതോടെ നിലപാട് മാറ്റി; ഏത് ഉന്നതനായാലും രക്ഷപെടില്ലെന്ന് തറപ്പിച്ച് പറഞ്ഞ ഒടുവിൽ വാക്കു പാലിച്ചു; ദിലീപിന്റെ അറസ്റ്റിൽ താരമായി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച ദിവസം അമ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ താരങ്ങൾ ഇതിനെ അപലപിക്കാൻ വേണ്ടി ഒരു യോഗം ചേർന്നിരുന്നു. അന്നത്തെ യോഗത്തിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ഉന്നത ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞത് ഒരേയൊരു താരമായിരുന്നു. അത് ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാര്യർ ആയിരുന്നു. എന്നാൽ അന്നാരും കരുതിയില്ല, ദിലീപായിരുന്നു ഈ ഗൂഢാലോചനക്ക് പിന്നിലെന്ന്. എന്നാൽ മഞ്ജു വാര്യർ പറഞ്ഞ കാര്യങ്ങൾ അച്ചട്ടാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നത്. ദിലീപിനെ അറസ്റ്റു ചെയ്തതോടെ മഞജുവിന്റെ വാക്കുൾ ശരിയായി വന്നു.

മഞ്ജു വാര്യയുടെ ഗൂഢാലോചന പരാമർശത്തോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. നടിക്ക് പൂർണപിന്തുണ പ്രഖ്യാപിച്ച് കൂടെനിന്ന മഞ്ജുവിന്റെ വിജയം കൂടിയാണ് ദിലീപിന്റെ അറസ്റ്റ്. താരസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് വനിതാ സംഘടനയുണ്ടാക്കിയതും മുഖ്യമന്ത്രിയെ കണ്ടതുമെല്ലാം ആക്രമണത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ വേണ്ടിയായിരുന്നു. ഒടുവിൽ ഗൂഢാലോചന കുറ്റത്തിന് ദിലീപിന്റെ കയ്യിൽ വിലങ്ങ് വീഴുമ്പോൾ മഞ്ജുവിന്റെ പോരാട്ടം കൂടിയാണ് ഫലപ്രാപ്തിയിലെത്തുന്നത്.

എന്നാൽ, ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യത്തെ അഭിപ്രായം കേസിൽ യാതൊരു ഗൂഢാലോചന ഇല്ലെന്നുമായിരുന്നു. ഈ പരാമർശത്തിന് അദ്ദേഹം തന്നെ ഒരുപാട് പഴി കേൾക്കേണ്ടിയും വന്നു. ഇതിനിടെയാണ് സിനിമാ മേഖലയിലെ പുതിയ സ്ത്രീ കൂട്ടയ്മയായ 'വുമൺ ഇൻ സിനിമാ കളക്റ്റീവ്' മുഖ്യമന്ത്രിയെ കാണാൻ എത്തിയത് ഇതോടെയാണ് മുഖ്യമന്ത്രി നിലപാട് മാറിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.

ആദ്യം മുതലെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കേസന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ ഇക്കാര്യം മുഖ്യമന്ത്രി വീണ്ടും ഓർമ്മിപ്പിച്ചിരുന്നു. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് പിണറായി സ്വന്തം ഫേസ്‌ബുക്ക് പേജിലും ഇത് കുറിച്ചിരുന്നു. പിണറായി കേരളീയ സമൂഹത്തിന് കൃത്യമായ സൂചനയാണ് നൽകിയതെന്ന് വ്യക്തമാകുകയാണ് ദിലീപിന്റെ അറസ്റ്റിലൂടെ. മാത്രമല്ല സ്ത്രീകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും ശിക്ഷ ഉറപ്പാക്കുമെന്ന പ്രഖ്യാപനം കൂടിയാണ് മലയാള സിനിമയിലെ ഉന്നതന്റെ കയ്യിൽ വിലങ്ങ് വീഴുന്നതിലൂടെ നടപ്പാകുന്നത്.

പ്രാഥമിക അന്വേഷണം നടക്കുന്ന ഘട്ടത്തിൽ തന്നെ ദിലീപിന്റെ പങ്ക് സംബന്ധിച്ചുള്ള വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പ്രതി ശക്തനായതുകൊണ്ടു തന്നെ ഇതുസംബന്ധിച്ച വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രിയെയും അന്വേഷണസംഘം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതി അറസ്‌റ്റെന്നായിരുന്നു പിണറായി കൈക്കൊണ്ടത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർണമായും രഹസ്യമായി വെക്കാനും ആഭ്യന്തവകുപ്പ് തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ഗൂഢാലോചനയില്ല എന്ന പ്രഖ്യാപനം പിണറായി വിജയൻ നടത്തിയത്.

ഡിജിപി സ്ഥാനത്തേക്ക് സെൻകുമാർ എത്തിയപ്പോൾ അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സെൻകുമാർ അറിയാതിരിക്കാനും ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചു. കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകൾ പോലും ഡിജിപിക്ക് കാണാൻ സാധിക്കാത്തവിധം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തി. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തുന്നത് വരെ രക്ഷപ്പെട്ടെന്ന ആശ്വാസത്തിലായിരുന്നു ദിലീപ്. എന്നാൽ, പൊലീസിന്റെ നീക്കം പോലും അറിയാതെ ദൈവങ്ങളെ വിളിച്ചു കഴിഞ്ഞ ജനപ്രിയ നായകന് രക്ഷപെടാൻ സാധിച്ചില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP