Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

സർക്കാറിനും ഗവർണറിനും നടുക്ക് ത്രിശങ്കുവിലായി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി; ഗവർണറുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ ഡോ. ദേവേന്ദ്രകുമാർ ധോദാവത്തിന് അമാന്തമെന്ന വിമർശനം; സർക്കാറിന്റെ അനിഷ്ടം ഭയന്ന് തീരുമാനം എടുക്കാനും പറ്റുന്നില്ല; എത്രയും വേഗം കേരളം വിട്ടിൽ മതിയെന്ന നിലപാടിൽ കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചു ഉദ്യോഗസ്ഥൻ

സർക്കാറിനും ഗവർണറിനും നടുക്ക് ത്രിശങ്കുവിലായി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി; ഗവർണറുടെ നിർദ്ദേശം നടപ്പാക്കുന്നതിൽ ഡോ. ദേവേന്ദ്രകുമാർ ധോദാവത്തിന് അമാന്തമെന്ന വിമർശനം; സർക്കാറിന്റെ അനിഷ്ടം ഭയന്ന് തീരുമാനം എടുക്കാനും പറ്റുന്നില്ല; എത്രയും വേഗം കേരളം വിട്ടിൽ മതിയെന്ന നിലപാടിൽ കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചു ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാറിനും ഗവർണറിനും നടുക്കായി അകെ പെട്ട അവസ്ഥയിലാണ് ഗവർണരുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്രകുമാർ ദൊഡാവത്ത്. വിവാദ വിഷയങ്ങളിൽ ഗവർണറുടെ നിർദേശങ്ങൾ നടപ്പാക്കാൻ അദ്ദേഹം മടികാണിക്കുയാണെന്നാണ് വിമർശനം. സർക്കാരിന്റെ അനിഷ്ടം ഭയന്നാണിതെന്ന് ആരോപണം ഉയരുന്നതിനിടെ പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്.

കേരള സർവകലാശാലാ വിസി നിയമനത്തിനുള്ള സേർച് കമ്മിറ്റി രൂപീകരിച്ചു ഗവർണർ ഉത്തരവിട്ടത് ഓഗസ്റ്റ് 5നാണ്. തുടർന്നു വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം ഇറക്കണം. മുൻകാലങ്ങളിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണു വിജ്ഞാപനം ഇറക്കിയിരുന്നത്. ഇതു സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ചട്ടങ്ങളിൽ പ്രത്യേക വ്യവസ്ഥകൾ ഇല്ല. ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിജ്ഞാപനം ഇറക്കുന്നത് ഗവർണറുടെ ഓഫിസ് ആയതിനാൽ സെക്രട്ടറിയോട് വിജ്ഞാപനം ഇറക്കാൻ ഗവർണർ നിർദേശിച്ചെങ്കിലും അദ്ദേഹം തയാറായിട്ടില്ല.

സേർച് കമ്മിറ്റി കൺവീനറായ കോഴിക്കോട് ഐഐഎം ഡയറക്ടറെ വിജ്ഞാപനം ഇറക്കാൻ ചുമതലപ്പെടുത്തണം എന്നാണ് സെക്രട്ടറിയുടെ നിലപാട്. വിസി നിയമന നടപടി നീട്ടിക്കൊണ്ടു പോകാനുള്ള സർക്കാരിന്റെ സമ്മർദമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം വന്നു. സേർച് കമ്മിറ്റിയുടെ 3 മാസ കാലാവധി നവംബർ 4ന് അവസാനിക്കും. വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം ഇതുവരെ വരാത്തതിനാൽ നവംബർ 5നു ശേഷം കമ്മിറ്റി ഇല്ലാതാകും. ഇതു കണക്കിലെടുത്താണ് നവംബർ 4ന് സെനറ്റ് കൂടി പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്നു മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചത്. സേർച് കമ്മിറ്റി ഗവർണർ പിരിച്ചുവിട്ടാൽ മാത്രമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കൂ എന്ന സിപിഎം നിലപാടിനെ സഹായിക്കുന്നതാണ് ഗവർണറുടെ സെക്രട്ടറിയുടെ മെല്ലെപ്പോക്ക്.

കണ്ണൂർ സർവകലാശാലാ വിസി അനധികൃതമായി കോളജ് അനുവദിച്ചത് റദ്ദാക്കണമെന്ന പരാതിയിൽ വിസിയോടു ഗവർണർ വിശദീകരണം തേടിയപ്പോൾ തന്റെ നിലപാടിനെ ന്യായീകരിച്ചു വിസി കത്തു നൽകിയിരുന്നു. ഇതു ഗവർണറുടെ ശ്രദ്ധയിൽപെടുത്താതെ സെക്രട്ടറി തന്നെ മേൽനടപടി നിർത്തി വച്ചു പരാതിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റിക്കു മറുപടി നൽകുകയായിരുന്നു. എന്നാൽ കോളജ് അനുവദിച്ച വിസിയുടെയും സർക്കാരിന്റെയും തീരുമാനം ഹൈക്കോടതി റദ്ദാക്കി. വിസിക്കെതിരെ നിശിത വിമർശനവും രേഖപ്പെടുത്തി. ഈ ഫയലിലാണ് ഗവർണർ അറിയാതെ സെക്രട്ടറി മേൽനടപടി നിർത്തിവച്ചത്.

1993 ബാച്ച് ഐഎഎസുകാരനായ ദൊഡാവത്ത് പി. സദാശിവം ഗവർണറായിരിക്കെയാണ് രാജ്ഭവനിൽ ചുമതലയേറ്റത്. അന്ന് സെക്രട്ടറി സ്ഥാനത്തായിരുന്നു. രാജ്ഭവനിലിരിക്കവെ തന്നെയായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സ്ഥാനക്കയറ്റം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം ഗവർണറായ സദാശിവത്തിന്റെ കാലയളവിൽ നിയമപരമായി മാത്രമേ രാജ്ഭവനിൽ നിന്ന് ഇടപെടലുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു ശേഷം ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോഴും മെഡിക്കൽ ബിരുദധാരി കൂടിയായ ദൊഡാവത്ത് തുടരുകയായിരുന്നു.

രാജ്ഭവനിലെ മരപ്പട്ടിശല്യം കാരണമുള്ള അറ്റകുറ്റപ്പണി നടക്കുമ്പോൾ കോവളം കടൽത്തീരത്തെ സർക്കാർ ഗസ്റ്റ് ഹൗസ് താമസിക്കാൻ വിട്ടുനൽകണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയിരുന്നു. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരാകരിച്ചത്. തുടർന്ന് രാഷ്ട്രപതി ഉൾപ്പെടെയുള്ളവർ രാജ്ഭവനിൽ വരുമ്പോൾ താമസിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള അനന്തപുരി സ്യൂട്ടിലേക്ക് ഗവർണർ താമസം മാറ്റി.

നിലവിൽ രാജ്ഭവനിൽ ചികിത്സയ്ക്കായി ക്ലിനിക് ഉള്ളതിനാൽ പുതിയ ഒരു ഡെന്റൽ ക്ലിനിക് കൂടി ആരംഭിക്കണമെന്ന ആവശ്യവും സർക്കാർ അനുവദിച്ചില്ല. കുടംബശ്രീ വഴി രാജ്ഭവനിൽ നിയമിതരായ 20 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും സർക്കാർ തള്ളി. അതേസമയം, ഫോട്ടോഗ്രാഫർക്ക് സ്ഥിരനിയമനം ഉൾപ്പെടെ ഗവർണറുടെ ഏതാനും ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം 4 മാസം മുമ്പ് കറുത്ത ബെൻസ് ജിഎൽഇ ക്ലാസ് കാർ വാങ്ങാൻ സർക്കാർ 85.11 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ വെറും നാലുപേർ മാത്രമാണുള്ളത്. മൂന്ന് പേരെ ഗവർണർ ഒപ്പം കൊണ്ടുവന്നതാണ്. അഡി.പി.എയായ ഹരി എസ് കർത്തയെ ഗവർണർ നിയമിച്ചതാണ്. ഇവർക്കാർക്കും ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല. രണ്ടരവർഷത്തിനു ശേഷം ഗവർണർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഇവരും തിരിച്ചുപോവും. കേന്ദ്ര ടൂറിസം വകുപ്പിൽ ഡയറക്ടറായി വിരമിച്ച മലയാളി കെ.രാജ്‌മോഹനാണ് പ്രൈവറ്റ് സെക്രട്ടറി.

സംസ്ഥാന ഭരണത്തലവനായ ഗവർണറുടെ ആസ്ഥാനമായ രാജ്ഭവനിൽ 157സ്ഥിരം ജീവനക്കാരുണ്ട്. 1987ലെ ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജസ് റൂൾസ് പ്രകാരം പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് നിയമനം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ കൂട്ടാനോ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടത് സംസ്ഥാനമാണ്. ഗവർണറുടെ സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേന്ദ്രകുമാർ ദൊഡാവത്താണ്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുണ്ട്. സുരക്ഷാചുമതലയുള്ള എ.ഡി.സിയായി നാവികസേനയിലെ ലെഫ്.കമാൻഡർ മനോജ് കുമാർ, സംസ്ഥാന പൊലീസിലെ എസ്‌പി ഡോ.അരുൾ ആർ.ബി കൃഷ്ണ എന്നിവരുണ്ട്. ഇവരെ ഗവർണർ അഭിമുഖത്തിനു ശേഷം നിയമിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP