Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന

പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ സന്ദർശനം പ്രോസ്‌റ്റേറ്റ് ക്യാൻസറുമായി ബന്ധപ്പെട്ട ചികിൽസയ്‌ക്കെന്ന് സൂചന. ചെന്നൈ അപ്പോളോ ആശുപത്രിയിലെ വിദഗ്ദാഭിപ്രായം പരിഗണിച്ചാണ് മയോ ക്ലീനിക്കിലേക്ക് ചികിൽസ മാറ്റിയത്. വൈറോളജി ഇന്റസ്റ്റിറ്റിയൂട്ടിലെ അവാർഡ് വാങ്ങാനായി കഴിഞ്ഞ മാസം പിണറായി അമേരിക്കയിലെത്തിയിരുന്നു. അന്നായിരുന്നു ഇക്കാര്യത്തിലെ ചികിൽസയ്ക്ക് മയോ ക്ലീനിക്കിൽ തുടങ്ങിയത്. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിൽസയ്ക്കാണ് സാധ്യത തേടുന്നത്. അതുണ്ടായാൽ മുഖ്യമന്ത്രിക്ക് ഉടൻ മടങ്ങിയെത്താനാകും. അല്ലെങ്കിൽ കുറഞ്ഞത് മൂന്നാഴ്ച അമേരിക്കയിൽ തുടരേണ്ടി വരും.

മുഖ്യമന്ത്രി പിണറായി വിജയൻ ചികിൽസയ്ക്കായി കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെത്തിയത്. ഉച്ചയ്ക്ക് രണ്ടേമുക്കാലിന് എമിറേറ്റ്‌സ് വിമാനത്തിൽ ന്യൂയോർക്കിലെത്തിയ അദേഹം ചികിൽസയ്ക്കായി മിനിയപ്പലിസിലെ മയോക്ലിനിക്കിലേക്ക് നേരെ പോവുകയായിരുന്നു. ഭാര്യ കമല മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. കഴിഞ്ഞമാസം 19ന് അമേരിക്കയിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പ്രളയക്കെടുതി കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കുകയായിരുന്നു. പ്രോസ്റ്റേറ്റിൽ ചെറിയ പ്രശ്‌നങ്ങളേ മുഖ്യമന്ത്രിക്കുള്ളൂവെന്നാണ് ലഭിക്കുന്ന സൂചന. അതീവ രഹസ്യ സ്വഭാവത്തിലാണ് മയോ ക്ലീനിക്കിൽ ചികിൽസ തുടരുന്നത്. സിനിമാ നടൻ പൃഥ്വിരാജിന്റെ അമ്മാവനും ഡോക്ടറുമായ എംവി പിള്ളയാണ് എല്ലാ സഹായവുമായി പിണറായിക്കും ഭാര്യയ്ക്കുമൊപ്പമുള്ളത്.

നേരത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പിണറായി വിദഗ്ധ ചികിൽസ നേടിയിരുന്നു. ഏറെ നാളായി അപ്പോളയിൽ ചികിൽസയിലായിരുന്ന പിണറായിയെ അവിടുത്തെ ഡോക്ടർമാരാണ് മയോ ക്ലീനിക്കിലെ ചികിൽസയെ കുറിച്ച് അറിയിച്ചത്. പ്രോസ്‌റ്റേറ്റ് ക്യാൻസറിന് ഏറ്റവും മികച്ച ചികിൽസയുള്ളത് ഇവിടെയാണ്. ഈ ഉപദേശം ഏറ്റെടുത്താണ് കഴിഞ്ഞ മാസം പിണറായി അമേരിക്കയിലെത്തിയത്. എം വി പിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിൽ മയോ ക്ലീനിക്കിലെത്തുകയും ചെയ്തു. തുടർന്നാണ് വിദഗ്ധ ചികിൽസ മയോ ക്ലീനിക്കിലാക്കാൻ തീരുമാനിച്ചത്. പാർട്ടിക്കുള്ളിലെ പ്രധാന നേതാക്കളുമായും സംസാരിച്ചു. അതിന് ശേഷമായിരുന്നു അമേരിക്കൻ യാത്ര.

അതിനിടെ മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും ഇതുവരെയുള്ളതുപോലെ തന്നെ തുടരുമെന്നും മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർക്കാർ നിയമിച്ചിട്ടുണ്ട്. നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നാൽ അതിനു തടസമുണ്ടാകില്ല. ലോകത്താകമാനമുള്ള മലയാളികളിൽനിന്നും സഹായം ലഭിക്കുന്നതിനായി വിദേശത്തേക്ക് പോകുന്നതാണ് ഗുണകരമെന്നു സർക്കാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു വിദേശസഹായത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയ്ക്കായി യു.എസിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിവരും വരെ മന്ത്രിസഭായോഗങ്ങളിൽ മന്ത്രി ഇ.പി. ജയരാജനായിരിക്കും അധ്യക്ഷത വഹിക്കുക. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ചുമതല പകരം ആർക്കും നൽകിയിട്ടില്ല.

പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ഞായറാഴ്ച പുലർച്ചെ 4.30 നാണു മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി യു.എസിലേക്കു പുറപ്പെട്ടത്. രഹസ്യമായിട്ടായിരുന്നു യാത്രക്കുള്ള തീരുമാനമെടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്നു പേർക്ക് മാത്രമാണ് യാത്രിയുടെ വിവരങ്ങൾ അറിയാമായിരുന്നത്. അതീവ രഹസ്യമായി മാധ്യമങ്ങൾക്കൊന്നും ദൃശ്യം ലഭിക്കാതിരിക്കാനുള്ള മുൻകരുതലെടുത്തായിരുന്നു പിണറായിയുടെ യാത്ര. ചികിൽസയുടെ വിശദാംശങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കാനാണ് തീരുമാനം. പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനും വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ യാത്രയാക്കാനുണ്ടായിരുന്നു.

ഇന്നലെ മുതൽ മൂന്നാഴ്ചത്തേക്കുള്ള യാത്രയ്ക്കാണ് അനുമതിയെന്നു പൊതുഭരണവകുപ്പിന്റെ (പൊളിറ്റിക്കൽ) ഉത്തരവിൽ വ്യക്തമാക്കുന്നു. മുഴുവൻ ചെലവും സർക്കാർ വഹിക്കും. മെഡിക്കൽ ചെക്കപ്പിനും തുടർന്നുള്ള ചികിത്സയ്ക്കുമായാണു യാത്രയെന്നും ഉത്തരവിലുണ്ട്. മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗികമായി ഒരു വിവരവും സർക്കാർ നേരത്തേ നൽകിയിരുന്നില്ല. ഇന്നാണ് അദ്ദേഹം യാത്ര പുറപ്പെടുകയെന്നാണു നേരത്തേ പ്രചരിച്ചത് എന്നതിനാൽ മാധ്യമങ്ങളും ഉണ്ടായില്ല. പൊതുഭരണ വകുപ്പിന്റെ ഉത്തരവു പുറത്തിറക്കിയത് ഈ മാസം ഒന്നിനു മാത്രവും. സ്ഥലത്തില്ലെങ്കിലും മുഖ്യമന്ത്രിയോടു കൂടിയാലോചിച്ചു കാര്യങ്ങൾ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.ചട്ടപ്രകാരം ചുമതല കൈമാറേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ ഒരാളെ നിയോഗിച്ചാൽ മതിയെന്നുമാണു വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കിയത്. മന്ത്രിമാരായ കേന്ദ്രകമ്മിറ്റിയംഗങ്ങളിൽ മുതിർന്നയാളെന്ന നിലയിലാണു ജയരാജന് ആ ഉത്തരവാദിത്തം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP