Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രമൺ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായി

രമൺ ശ്രീവാസ്തവയ്‌ക്കെതിരായ ആരോപണം മാധ്യമ സിൻഡികേറ്റിന്റേത്; ആ പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വരുന്നു; പൊലീസും ഫയർഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ല; ഐസക്കും താനും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് മനസ്സിൽ വച്ചാൽ മതി; ശ്രീവാസ്തവയെ കൈവിടാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവക്കെതിരെ നിരവധി ആരോപണങ്ങൾ ഉയരുമ്പോഴും വിശ്വസ്തനെ കൈവിടാതെ പിണറായി വിജയൻ. കെ.എസ്.എഫ്.ഇയിൽ നടന്ന പരിശോധനയിൽ രമൺ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും ഫയർഫോഴ്സും ജയിലും അടക്കം ആഭ്യന്തര വകുപ്പിൽ നേരിട്ട് ഇടപെടാൻ ശ്രീവാസ്തവക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരും അദ്ദേഹത്തെ റിപ്പോർട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിർദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജിലൻസ് റെയ്ഡിനെ ചൊല്ലി താനും ഐസക്കും ആനത്തലവട്ടം ആനന്ദനുമായി ഭിന്നതയില്ല.ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ നടക്കില്ല. അത് മനസിൽവച്ചാൽ മതിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ കെ.എസ്.എഫ്.ഇ ശാഖകളിൽ വിജിലൻസ് നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ അറിവോടെയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ തന്നെ വലിയ എതിർപ്പ് രൂപപ്പെട്ടുവരുന്നതിനിടയിലാണ് പരിശോധന നടത്തിയത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ അറിവോടെയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത്.

എന്നാൽ പരിശോധനയുടെ വിവരങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിപിഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും വിജിലൻസ് പരിശോധനയെക്കുറിച്ച് അറിയുന്നത്. ഇരുവരും കൂടിയാലോചിച്ച ശേഷം പരിശോധന നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിന് മുൻപ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമൺ ശ്രീവാസ്തവ. ഇപ്പോഴും അതേ പദവിയിൽ തന്നെ ശ്രീവാസ്തവ തുടരുന്നുണ്ടെന്നാണ് സ്ഥാപനത്തിന്റെ വൈബ് സൈറ്റ് വ്യക്തമാക്കുന്നത്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലൻസ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. വിജിലൻസ് നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടേണ്ടെന്നും അതിന് നിയമവകുപ്പുണ്ടെന്നുമായിരുന്നു കെ.എസ്.എഫ്.ഇയിൽ നടന്ന റെയ്ഡിനു പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം. റെയ്ഡിനു പിന്നാൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർത്തി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിനെ ചൊല്ലി നേരത്തെയും പാർട്ടിയിൽ ഭിന്നസ്വരങ്ങൾ ഉയർന്നിരുന്നു. പാർട്ടി അംഗങ്ങൾകൂടിയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത് രമൺ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. ഏറെ വിവാദമായ പൊലീസ് ഭേദഗതി ആക്ടിന്റെ കരട് രേഖ തയ്യാറാക്കിയതും രമൺ ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. ഇതോടെയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വിവാദവും പുറത്തുവന്നത്. എന്നാൽ, ഈ വിവാദത്തിലും വിശ്വസ്തനെ പിന്തുണക്കുകയാണ് പിണറായി വിജയൻ.

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തുന്നതാണ് ഇത്തരം പരിശോധന. ഏതെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോർട്ട് ശരിയാണ് എന്ന കണ്ടാൽ യൂണിറ്റ് മേധാവികൾ സോഴ്സ് റിപ്പോർട്ട് തയ്യാറാക്കും. എന്നിട്ട് ആ റേഞ്ചിന്റെ പൊലീസ് സൂപ്രണ്ട് വഴി മിന്നൽ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലൻസ് ആസ്ഥാനത്തേക്ക് അയക്കും. വിജിലൻസ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കിൽ മിന്നൽ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നൽകും ഇതാണ് രീതി. മിന്നൽ പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതിയും തേടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിന്നൽ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുള്ള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലൻസ് ഉദ്യോഗസ്ഥനും ചേർന്ന് ജോയിന്റ് മഹസ്സർ തയ്യാറാക്കും അതിൽ ഈ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളിൽ വിജിലൻസിന്റെ ഉദ്യോഗസ്ഥൻ തുടർപരിശോധനകൾ നടത്തി റിപ്പോർട്ട് വിജിലൻസ് ആസ്ഥാനത്ത് സമർപ്പിക്കും . മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകളിൽ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരേ ഇന്റേണൽ ഓഡിറ്റ്, ഇന്റേണൽ വിജിലൻസ് എൻക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കിൽ വിജിലൻസ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നൽ പരിശോധന കഴിഞ്ഞ് അവർ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാർശയോടെ സർക്കാരിന് നൽകുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP