Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ പിണറായി സർക്കാറിന്റെ നേട്ടങ്ങളെ പ്രസംഗത്തിൽ പുകഴ്‌ത്തി ഗവർണർ; വൈകീട്ട് രാജ്ഭവനിൽ അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തി മുഖ്യമന്ത്രിയും; തലസ്ഥാനത്ത് ഉണ്ടായിട്ടും ഗവർണറുടെ 'അറ്റ് ഹോമിൽ' പങ്കെടുക്കാതെ 'പ്രീതി നഷ്ടപ്പെട്ട' ധനമന്ത്രി കെഎൻ ബാലഗോപാൽ; റിപ്പബ്ലിക് ദിന വിരുന്നോടെ ഗവർണറും സർക്കാറും തമ്മിൽ പിണക്കം തീരുമോ?

രാവിലെ പിണറായി സർക്കാറിന്റെ നേട്ടങ്ങളെ പ്രസംഗത്തിൽ പുകഴ്‌ത്തി ഗവർണർ; വൈകീട്ട് രാജ്ഭവനിൽ അത്താഴ വിരുന്നിൽ പങ്കെടുക്കാനെത്തി മുഖ്യമന്ത്രിയും; തലസ്ഥാനത്ത് ഉണ്ടായിട്ടും ഗവർണറുടെ 'അറ്റ് ഹോമിൽ' പങ്കെടുക്കാതെ 'പ്രീതി നഷ്ടപ്പെട്ട' ധനമന്ത്രി കെഎൻ ബാലഗോപാൽ; റിപ്പബ്ലിക് ദിന വിരുന്നോടെ ഗവർണറും സർക്കാറും തമ്മിൽ പിണക്കം തീരുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ സർക്കാറും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള തർക്കങ്ങൾ റിപ്പബ്ലിക്ക് ദിനത്തിലെ അത്താഴ വിരുന്നോടു കൂടി തീരുമോ? അതോ വീണ്ടും പഴയപടി ഇരു കൂട്ടരും പരസ്പ്പരം പോരടിക്കുമോ? ഇക്കാര്യത്തിൽ എന്തു സംഭവിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ അറിയാം. കുറിച്ചു ദിവസമായി ഗവർണർ സർക്കാറുമായി നല്ല വിധത്തിലാണ് മുന്നോട്ടു പോകുന്നത്. ഇന്ന് രാവിലെ റിപ്പബ്ലിദ് ദിന പ്രസംഗത്തിൽ പിണറായി സർക്കാറിന്റെ നേട്ടങ്ങളെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു പ്രസംഗിച്ചിരുന്നു.

രാവിലെ സർക്കാറിനെ ഗവർണർ പുകഴ്‌ത്തിയോടെ വൈകീട്ടത്തെ ഗവർണറുടെ അറ്റ് ഹോം വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും എത്തി. രാജ്ഭവനിലെത്ത് മുഖ്യമന്ത്രി പിണറായി അത്താഴ വിരുന്നിൽ പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ എന്നിവരും പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായതിനാൽ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല.

അതേസമയം തലസ്ഥാനത്ത് ഉണ്ടായിട്ടും റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമിൽ പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ വിട്ടു നിന്നു. നേരത്തെ, മന്ത്രിക്ക് മേലുള്ള പ്രീതി ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഗവർണർ അസാധാരണ നടപടിയുമായി രംഗത്തെത്തിയത്. ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതുകയായിരുന്നു.

നിയമന അധികാരി എന്നനിലയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഗവർണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടർ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. കേരള സർവ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവർണറെ പ്രകോപിപ്പിച്ചത്.

മന്ത്രി കെഎൻ ബാലഗോപാൽ സത്യപ്രതിജ്ഞ ലംഘിച്ചു. ബോധപൂർവ്വം സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ദുര്ഡബലപ്പെടുത്തുകയും ചെയ്യുന്ന ഒരു മന്ത്രിക്ക് എന്റെ പ്രീതിയില്ല. കെഎൻ ബാലഗോപാലിനോട് പ്രിതി നഷ്ടമായി. ഇക്കാര്യം അർഹിക്കുന്ന ഗൗരവത്തോടെ എടുക്കുമെന്ന് ആശിക്കുന്നു. ഭരണഘടനാനുസൃതമായ നടപടിയും പ്രതീക്ഷിക്കുന്നു ഇതായിരുന്നു ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച അസാധാരണ കത്തിന്റെ ആകെത്തുക.

ബാലഗോപാലിന്റെ പ്രസംഗം ദിവാൻ ഭരണത്തെ എതിർത്ത ഇഎംഎസിന്റെ നിലപാടിന് പോലും വിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനായി നിലകൊണ്ടായാളാണ് ഇഎംഎസ് എന്നും ഗവർണർ കത്തിൽ പരാമർശിക്കുന്നുണ്ട്. മാധ്യമ വാർത്തകളുടെ വിശദാശംങ്ങൾ മുതൽ മന്ത്രിമാരായ ആർ ബിന്ദുവിനും പി രാജീവിനും എതിരായ വിമര്ശനം വരെ എഴുതിച്ചേർത്തായിരുന്നു ഗവർണറുടെ കത്ത്.

നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ നിന്നടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ക്രിസ്മസ് വിരുന്നിൽ ഗവർണറെയും ക്ഷണിച്ചിരുന്നില്ല. എന്നാൽ ഗവർണർ സർക്കാർ പോര് സമവായമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പങ്കെടുത്തും.

അതേസമയം ജനുവരി 23 ന് നടന്ന പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിവരിച്ചായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും അഭിമാനകരമായ സാമ്പത്തിക വളർച്ച സംസ്ഥാനം നേടിയെന്നും അദ്ദേഹം പറഞ്ഞു. വേർതിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനിൽക്കാൻ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. സാമൂഹിക ശാക്തീകരണത്തിൽ കേരളം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാൻ സംസ്ഥാനം പരിശ്രമിക്കുന്നു. നിക്ഷേപ സൗഹൃദ സാഹചര്യമൊരുക്കാൻ നടപടിക്രമങ്ങൾ സുഗമമാക്കിയെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ സംസ്ഥാനം മുൻപന്തിയിലാണ്. സാധാരണക്കാർക്ക് വീട് നൽകാൻ ലൈഫ് മിഷൻ പദ്ധതി തുടരും. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിച്ചു. വയോജന സംരക്ഷണത്തിൽ കേരളം രാജ്യത്ത് തന്നെ വലിയ നേട്ടമുണ്ടാക്കി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിനിടെ കേന്ദ്ര സർക്കാരിനെയും ഗവർണർ വിമർശിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP