Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; ഇത്തരത്തിലുള്ള ഒരു നിയമവും കേരളത്തിൽ നടപ്പാക്കില്ല; ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും; ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്; നമുക്ക് മതരാഷ്ട്രമായ പാക്കിസ്ഥാൻ അല്ല വേണ്ടത്'; കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

'പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; ഇത്തരത്തിലുള്ള ഒരു നിയമവും കേരളത്തിൽ നടപ്പാക്കില്ല; ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും; ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്; നമുക്ക് മതരാഷ്ട്രമായ പാക്കിസ്ഥാൻ അല്ല വേണ്ടത്';  കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരത്തിലുള്ള ഒരു നിയമവും കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കരിനിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യും. രാജ്യത്തിന്റെ ഭരണഘടനയുടെ അടിത്തറ തന്നെ മതേതരത്വമാണ് എന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര ഗവൺമെന്റ് സൃഷ്ടിക്കുന്നത് മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേർതിരിവാണ്.ഇന്ത്യാ വിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് മതരാഷ്ട്രമായ പാക്കിസ്ഥാൻ അല്ല വേണ്ടത്; മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് ജീവിക്കാൻ താൽപര്യം എന്നു പറഞ്ഞ് ഇങ്ങോട്ട് കടന്നുവന്ന അനേകായിരം മുസ്ലിം സഹോദരങ്ങൾ ജീവിക്കുന്ന നാടാണ് നമ്മുടേത്.- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ മതാടിസ്ഥാനത്തിലുള്ള രാഷ്ട്രമായി വിഭജിക്കുക എന്ന സവർക്കറുടെയും ഗോൾവാൾക്കറുടെയും മോഹമാണ് കേന്ദ്ര ഗവൺമെന്റ് പൗരത്വ ഭേദഗതി നിയമത്തിലൂടെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്്. മതനിരപേക്ഷതയാണ് നമ്മുടെ നാടിന്റെ ഔന്നത്യം. അതുവിട്ട് മതരാഷ്ട്രമായ പാക്കിസ്ഥാനോട് നമ്മളെത്തന്നെ ഉപമിക്കുകയും അവിടെ നടക്കുന്നതുപോലെ ഇവിടെയും വേണമെന്ന് ശഠിക്കുകയും ചെയ്യുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്. വ്യത്യസ്ത ജാതി-മത-വംശങ്ങളിൽ പെട്ട ആളുകൾ ഐക്യത്തോടെ സഹവർത്തിക്കുന്ന നാട് എന്നതാണ് ഇന്ത്യയുടെ സാർവദേശീയ ഖ്യാതി.അത് തകർക്കാനും കലാപ കലുഷിതമായ മതരാഷ്ട്രങ്ങളുടെ ദുർഗതിയിലേക്ക് രാജ്യത്തെ നയിക്കാനുമുള്ളതാണ് പൗരത്വ ഭേദഗതി നിയമം. ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിത്.

കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരൻ എന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അത് ഭരണഘടനാ ദത്തമാണ്.ആ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സംസ്ഥാന ഗവൺമെന്റിന്റെ നയം. സവർക്കർ തുടങ്ങിവെച്ച് ഗോൾവാൾക്കറിന്റെ വിചാരധാരയിലൂടെ വളർത്തിയെടുത്ത ഹിന്ദുരാഷ്ട്രം എന്ന അജണ്ട പ്രാവർത്തികമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്.

നമ്മുടെ ഭരണഘടനയാണ് എല്ലാ ഇന്ത്യക്കാർക്കും ഇന്ത്യൻ പൗരത്വം ഉറപ്പുവരുത്തുന്നത്. ആ ഭരണഘടന രൂപപ്പെട്ടത് സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന വിവിധ ചിന്താഗതികളെയും സമരങ്ങളെയും ഒക്കെ സ്വാംശീകരിച്ച പുരോഗമന മൂല്യങ്ങളിൽ അധിഷ്ഠിതമായാണ്.മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ സംസ്‌കാരത്തിന്റെയോ ലിംഗത്തിന്റെയോ തൊഴിലിന്റെയോ ഭേദവിചാരങ്ങളില്ലാതെ ഇന്ത്യക്കാരായ എല്ലാവർക്കും ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന ഒന്നാണ് ഇന്ത്യൻ പൗരത്വം. ആ ഉറപ്പ് ലംഘിക്കുന്നതാണ് കേന്ദ്രം പാസാക്കിയെടുത്തിരിക്കുന്ന പൗരത്വ ഭേദഗതി ബിൽ. രാജ്യത്തിന്റെ സമ്പദ്ഘടനപരിതാപകരമായ നിലയിലാണ് എന്ന് വ്യക്തമാക്കുന്ന പഠനങ്ങളും കണക്കുകളും പുറത്തുവന്നിട്ടുണ്ട്. അത്തരം ഗുരുതര പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് വർഗീയശക്തികൾ ഭിന്നിപ്പിക്കുന്ന നടപടികളിലേക്ക് തിരിയുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ഹിറ്റ്ലർ ജർമനിയിലുമൊക്കെ വിജയകരമായി പരീക്ഷിച്ച തന്ത്രമാണത്.അവയ്ക്ക് വലിയ ആയുസ്സുണ്ടാവില്ല എന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നിയമഭേദഗതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധവും രോഷവും നൽകുന്ന സൂചനയും അതുതന്നെയാണ്.ഇത്തരം ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP