Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ

സങ്കടം പറയാൻ വന്ന വയോധികയോട് കയർത്ത് മുഖ്യമന്ത്രി; കൈതട്ടിമാറ്റി.. ഇരിക്കവിടെ പോയി..ഇരിക്കവിടെ എന്ന് കയർക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? സംഭവം കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ; ആവശ്യങ്ങൾ ആദ്യം ചിരിച്ചുകൊണ്ടുകേൾക്കുന്ന പിണറായി പ്രകോപിതനായത് കൈവിടാതെ സംസാരം തുടർന്നപ്പോൾ; വയോധികയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് പൊലീസ് ഭാഷ്യം; സോഷ്യൽ മീഡിയയിലെ വിമർശനം കാര്യമറിയാതെയെന്ന് വാദം; വിവാദം ഇങ്ങനെ

മറുനാടൻ ബ്യൂറോ

കണ്ണൂർ: യോഗത്തിനിടെ, തന്റെ അരികിലേക്ക് വന്ന സ്ത്രീയോട് മുഖ്യമന്ത്രി കയർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മുഖ്യമന്ത്രിയുടെ അരകിൽ ചെല്ലുന്ന സ്ത്രീ കൈപിടിച്ച് ചില കാര്യങ്ങൾ സംസാരിക്കുന്നു. പിണറായി വിജയൻ അവരുടെ ആവശ്യങ്ങൾ ചിരിച്ചുകൊണ്ടുകേൾക്കുന്നു. അതിനിടെ സ്ത്രീ പ്രകോപിതയായി എന്തൊക്കെയോ പറയുന്നു. മുഖ്യമന്ത്രി കൈവിടാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ അതനുസരിക്കാതെ കൈവിടാതെ സംസാരം തുടരുന്നു. പ്രകോപനപരമായി മുഖ്യമന്ത്രിയുടെ നേരേ കൈകൾ കൊണ്ടുവരുന്നു. ഇതോടെ മുഖ്യമന്ത്രി കൈതട്ടി മാറ്റി ഇരിക്കവിടെ ..പോയി ഇരിക്കവിടെ എന്ന് ദേഷ്യപ്പെടുന്നു. ഇതോടെ മാധ്യമപ്രവർത്തകർക്ക് നേരേ മുഖ്യമന്ത്രി കടക്കുപുറത്ത് എന്ന് ആജഞാപിച്ചത് പോലെ സ്ത്രീക്ക് നേരേയും കയർത്തു എന്ന രീതിയിലും സോഷ്യൽ മീഡിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, മുഖ്യമന്ത്രിയെ സമീപിച്ച വയോധികയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.

ഇക്കഴിഞ്ഞ പ്രളയത്തിൽ രക്ഷകരായ സേനാവിഭാഗങ്ങളേയും സന്നദ്ധ പ്രവർത്തകരേയും ആദരിക്കാൻ സംഘടിപ്പിച്ച കണ്ണൂർ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് വയോധികയുടെ അസ്വാഭാവിക പ്രകടനം. മുഖ്യമന്ത്രി വേദിയിലെത്തിയതോടെ സദസ്സിലിരിക്കുകയായിരുന്ന വയോധിക വേദിയിൽ കയറി മുഖ്യമന്ത്രിക്ക് കൈ നൽകി. അവരുടെ കരം പിടിച്ചു കൊണ്ടു തന്നെ സൗമ്യമായി സംസാരിച്ച മുഖ്യമന്ത്രി കാര്യം മനസ്സിലായതോടെ സദസ്സിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു. അനുനയപൂർവ്വം പറഞ്ഞതനുസരിക്കാൻ അവർ തയ്യാറായില്ല. അതോടെ അനുനയം പാലിക്കുന്നത് വിലപ്പോവില്ലെന്ന് കണ്ട മുഖ്യമന്ത്രി പിണറായി ബോധപൂർവ്വം അവർക്കു നേരെ ക്ഷോഭിച്ചു.

അവരോടുള്ള സഹാനുഭൂതി മറന്നല്ല മുഖ്യമന്ത്രി ക്ഷോഭിച്ചതെന്ന് കണ്ടുനിന്നവർക്ക് വ്യക്തമായിരുന്നു. എന്നിട്ടും സ്ത്രീക്ക് യാതൊരു ഭാവവ്യത്യസമുണ്ടായിരുന്നില്ല. അവർ ശബ്ദമുയർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതോടെ സുരക്ഷാ ചുമതലയുള പൊലീസുകാർ അവരെ സ്ഥലത്തു നിന്നും മാറ്റുകയും ചടങ്ങ് അവസാനിച്ചപ്പോൾ തന്ത്രത്തിൽ വാഹനത്തിൽ കയറ്റുകയും ചെയ്തു. ചടങ്ങിൽ പങ്കെടുത്ത വ്യവസായ മന്ത്രി ഇ.പി. ജയരാജനും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മറ്റും അവരെ ശാന്തയാക്കി തിരികെ അയക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സംഭവ ശേഷം മുഖ്യമന്ത്രിക്ക് വിഷമമുണ്ടാവുകയും മറ്റുള്ളവർ ചേർന്ന് സമാധാനിപ്പിക്കുകയുമായിരുന്നു.

'വീണ്ടും പിണറായിയുടെ രൗദ്രഭാവം. സങ്കടമുണർത്തിക്കാൻ ശ്രമിച്ച മുത്തശ്ശിയെ ശകാരിച്ച് ആട്ടിയിറക്കി. സിപിഎം നേതാക്കൾ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പാർട്ടി നിർദ്ദേശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സംഭവം' എന്ന രീതിയിലും ചില മാധ്യമങ്ങൾ വിമർശനം ഉന്നയിച്ചു. അതേസമയം, മുഖ്യമന്ത്രിയെ ന്യായീകരിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. 'സ്ത്രീ മാത്രമല്ല, മുഖ്യമന്ത്രിയും പ്രായമായ മനുഷ്യനാണ്. ആ സ്ത്രീക്ക് മാനസികാസ്വസ്ഥത ഉണ്ടാവാം. അല്ലെങ്കിൽ ആരെങ്കിലും ആ സ്ത്രീയെ പറഞ്ഞയച്ചതാവാം. ഏതായാലും അവിടെ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമാണ്. അതിൽ കൂടുതലൊന്നുമില്ല.' ചില പോസ്റ്റുകൾ ഇങ്ങനെ.

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ യുവാക്കളെല്ലാം തന്നെ മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ജീവൻ വരെ പണയപ്പെടുത്തിയാണ് യുവാക്കൾ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാനായി ഇറങ്ങി പുറപ്പെട്ടത്. ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. പൊലീസും അഗ്‌നിശമന സേനയും ഉൾപ്പെടെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വന്തം സേനയെന്ന് വിളിക്കാവുന്ന മത്സ്യത്തൊഴിലാളികളെ ഈ ഘട്ടത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല.

പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപയും സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപയും ഉൾപ്പെടെ പത്ത് ലക്ഷം രൂപയാണ് എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ ധനസായം നൽകാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിവിധ സേനാവിഭാഗങ്ങൾ, വകുപ്പുകൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ സന്നദ്ധ പ്രവർത്തകർ ചടങ്ങിലെത്തിയിരുന്നു. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ രാഗേഷ് എംപി, എംഎ‍ൽഎമാരായ സി. കൃഷ്ണൻ, ടി.വി രാജേഷ്, ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടർ ടി.വി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP