Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ 16 മിനിറ്റ് എടുത്തു മറുപടി നൽകിയത് ഒറ്റ ചോദ്യത്തിനു മാത്രം; മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സിപിഎം സ്വീകരിച്ചുവെന്നും ഇപ്പോൾ സൈബർ സ്‌പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നതും എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയത് എഴുതി തയ്യാറാക്കിയ മറുപടി; ലൈഫ് മിഷൻ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി തന്ത്രത്തിൽ വഴുതി മാറുമ്പോൾ

മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ 16 മിനിറ്റ് എടുത്തു മറുപടി നൽകിയത് ഒറ്റ ചോദ്യത്തിനു മാത്രം; മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സിപിഎം സ്വീകരിച്ചുവെന്നും ഇപ്പോൾ സൈബർ സ്‌പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നതും എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയത് എഴുതി തയ്യാറാക്കിയ മറുപടി; ലൈഫ് മിഷൻ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി തന്ത്രത്തിൽ വഴുതി മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറു മണിക്ക് വാർത്താ സമ്മേളനം തുടങ്ങും. ഏഴ് മണി വരെ ഇരിക്കും. എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ തന്ത്രത്തിൽ ഒഴിവാക്കും.ഇന്നലെയും ഇതു തന്നെ സംഭവിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെ സിപിഎം അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചർച്ചകൾ വല്ലാതെ തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ 16 മിനിറ്റ് എടുത്തു മറുപടി നൽകിയത് അതു സംബന്ധിച്ച ഒറ്റ ചോദ്യത്തിനു മാത്രം.

കോവിഡിനെയും മഴക്കെടുതിയെയും കുറിച്ച് അറിയാനാണു ജനങ്ങൾക്കു താൽപര്യമെന്നു പറഞ്ഞു തുടങ്ങിയ അദ്ദേഹം പക്ഷേ ആ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്കു പോലും അവസരം നൽകാതെ പത്ര സമ്മേളനം അവസാനിപ്പിച്ചു. ഇന്നലെ 6.44 വരെ അദ്ദേഹം എഴുതി തയാറാക്കിയ വിവരങ്ങൾ അറിയിച്ചു. തുടർന്ന് ചോദ്യോത്തര വേളയിൽ ആദ്യം തന്നെ മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണം സംബന്ധിച്ചു പ്രതിപക്ഷ നേതാവിന്റെ ആരോപണം ചൂണ്ടിക്കാട്ടി ചോദ്യം ഉയർന്നു. 'അതിൽ നിന്നു തന്നെ തുടങ്ങണോ' എന്നു ചിരിച്ചുകൊണ്ട് ചോദിച്ച മുഖ്യമന്ത്രി പക്ഷേ ആ ചോദ്യം പ്രതീക്ഷിച്ചു തന്നെ വിശദമായ ഉത്തരം തയാറാക്കിയാണു വന്നത്. അതായത് ചോദ്യം പ്രതീക്ഷിച്ച് ഉത്തരം എഴുതി കൊണ്ടു വന്ന പത്രസമ്മേളനം.

പ്രതിപക്ഷം നടത്തിയ അധിക്ഷേപങ്ങളുടെയും തെറ്റായ വാർത്തകളുടെയും പട്ടികയാണു പിന്നെ അദ്ദേഹം മുന്നിലുള്ള കുറിപ്പിൽ നോക്കി അവതരിപ്പിച്ചത്. ഈ വിഷയം ഇനി കൂടുതൽ നീട്ടിക്കൊണ്ടു പോകുന്നത് നല്ലതല്ലെന്നു പറഞ്ഞ് അവസാനിപ്പിച്ച മുഖ്യമന്ത്രി പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയതുമില്ല. അങ്ങനെ ലൈഫ് മിഷനെ തന്ത്രപരമായി ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി അകറ്റി നർത്തി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മാധ്യമ പ്രവർത്തകർക്കിടയിലും ഉള്ളത്.

മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സിപിഐ.എം സ്വീകരിച്ചു. ഇപ്പോൾ സൈബർ സ്‌പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി ഇങ്ങനെ

എതിരാളികളെ കൊല്ലുന്ന കാര്യം പറയുമ്പോൾ മൊയ്യാരത്ത് ശങ്കരൻ മുതൽ നടന്ന കൊലപാതകങ്ങളെ കുറിച്ച് പറയാൻ ചെറിയ സമയമൊന്നും പോരാ. അടുത്ത കാലത്ത് നടന്ന മൂന്നു കൊലപാതകങ്ങൾ ഞാൻ ഓർമിപ്പിക്കാം. തൃശ്ശൂരിലെ മധു, ലാൽജി, ഹനീഫ. ആ മൂന്നു പേരും കോൺഗ്രസുകാരാണ്. പ്രതിപക്ഷ നേതാവ് ആ പേരുകൾ ഏതെങ്കിലും ഘട്ടത്തിൽ പറയുന്നുണ്ടോ? എന്താണ് അത് മറന്നുപോയതാണോ? അത് എങ്ങനെ നടന്ന കൊലകളാണ് എന്നതിന്റെ ചരിത്രത്തിലേക്കൊന്നും ഞാനിപ്പോൾ പോകുന്നില്ല.

ഇപ്പോൾ പറയുന്നു സിപിഐ.എം ഗുണ്ടകളുടെ സൈബർ വധമെന്ന്. ഇതിൽ നേരത്തെ തന്നെ ഞാൻ നിലപാട് പറഞ്ഞിട്ടുണ്ട്. ഒരാൾക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബർ സ്‌പെയിസിലായാലും മീഡിയാ സ്‌പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളത്.

ഈയടുത്തു നടന്ന ചില സൈബർ ആക്രമണങ്ങൾ എടുക്കുമ്പോൾ ഒരു വശം മാത്രം നോക്കിയാൽ പോരല്ലോ. എല്ലാ വശവും നാം കാണണ്ടേ. ശൈലജ ടീച്ചറെ ഡാൻസറെന്ന് വിളിച്ചത് കെപിസിസി പ്രസിഡന്റാണ്. ടീച്ചർക്ക് മീഡിയ മാനിയ ആണ് എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവും. സോഷ്യൽ മീഡിയയിൽ ശൈലജ ടീച്ചറെ അപമാനിക്കാനും മോർഫ് ചെയ്യാനുമായി യുഡിഎഫ് സൈബർ ടീമുകൾ ഫേസ്‌ബുക്ക് ഗ്രൂപ്പുണ്ടാക്കി. അത്യന്തം മോശമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസമാണ് മേഴ്‌സിക്കുട്ടിയമ്മ കോൺഗ്രസിന്റെയും ലീഗിന്റെയും ഭീകരമായ സൈബർ തെറിവിളികൾക്ക് ഇരയായത്. അസഭ്യവർഷം കൊണ്ടാണ് മേഴ്‌സിക്കുട്ടിയമ്മയെ നേരിട്ടത്.

ഈ കൊറോണക്കാലത്താണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ സൈബർ ആക്രമണത്തിന് ഇരയായത്. അസഭ്യമായ വാക്കുകൾ ആ എഴുത്തുകാരനെതിരെയും പ്രയോഗിക്കപ്പെട്ടു. അതിനു നേതൃത്വം നൽകിയത് ഒരു കോൺഗ്രസ്സ് യുവ എംഎൽഎ ആയിരുന്നു.

കുറച്ചുനാളുകൾക്ക് മുൻപാണ് എഴുത്തുകാരി കെ.ആർ. മീരയെ സോഷ്യൽ മീഡിയയിൽ ഒരു യുവ കോൺഗ്രസ്സ് എംഎൽഎ അധിക്ഷേപിച്ചത്. അതിനു ശേഷം തന്റെ കീഴിലുള്ള സൈബർ ടീമിന് തെറിവിളിക്കാൻ പ്രോത്സാഹനവും നൽകി. അങ്ങേയറ്റം നിലവാരമില്ലാതെയാണ് ആ എംഎൽഎ അന്ന് മീരയെ ആക്ഷേപിച്ചത്. അധിക്ഷേപം നടത്തിയ എംഎൽഎ ഇതിനു മുൻപും ഇത്തരം നിലപാടുകൾ സ്വീകരിച്ചിരുന്നില്ലേ. ലോകം ആദരിക്കുന്ന എകെജിയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുകയും തന്റെ സംഘങ്ങൾക്ക് എകെജിയെ ആക്രമിക്കാൻ ഇട്ടു കൊടുക്കയും ചെയ്തു. ഇപ്പോഴും ആ ആക്രമണം തുടരുന്നില്ലേ. ആ നടപടിയെ വിമർശിച്ച കെപിസിസി പ്രസിഡന്റിനു തന്റെ അണികളിൽ നിന്നു തന്നെ നേരിടേണ്ടി വന്ന സൈബർ ആക്രമണം എങ്ങനെ ആയിരുന്നു.

ഫേസ്‌ബുക്കിൽ കേട്ടാലറക്കുന്ന അസഭ്യവർഷം നടത്തിയതിനാണ് ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവിനെതിരെ ഒരു വനിത ഈയടുത്തു കേസ് നൽകിയത്. ഈ തെറിയഭിഷേകം നടത്തിയ അതേ ദിവസം തന്നെ മറ്റൊരു യുവ കോൺഗ്രസ്സ് എംഎൽഎ ന്യായീകരിക്കാനിറങ്ങി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് അസഭ്യം പറഞ്ഞത് നമ്മൾ കണ്ടില്ലേ. പോസ്റ്റിൽ കമന്റിട്ട സ്ത്രീകളെയടക്കം മറുപടിയായി അസഭ്യം പറഞ്ഞു.

അതിനു രണ്ടുദിവസങ്ങൾക്ക് ശേഷമാണ് ഹനാൻ എന്ന പെൺകുട്ടി മേഴ്‌സിക്കുട്ടിയമ്മയും മീരയുമൊക്കെ നേരിട്ടതിനേക്കാൾ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികൾക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമർശിച്ചു എന്നതാണ് ചാർത്തപ്പെട്ട കുറ്റം. 'പ്രതിപക്ഷ നേതാവ് പണിതുതന്ന വീട്ടിലിരുന്ന് അതേയാളെ വിമർശിക്കാൻ നാണമില്ലേ' എന്നതിലായിരുന്നു തുടക്കം. അതു പുരോഗമിച്ച് അശ്ലീലതയിലേക്ക് നീണ്ടു. പിന്നെ അതിന്റെ പ്രവാഹമായിരുന്നു.

നിപ്പയെ തുരത്തുന്നതിനിടയിൽ നാടിനു വേണ്ടി ജീവൻ ത്യജിച്ച ലിനി സിസ്റ്ററുടെ കുടുംബത്തെ സോഷ്യൽ മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നു. ലിനിയുടെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാർച്ച് നടത്തുകയും ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് നാം കണ്ടു. കോവിഡ് പ്രതിരോധത്തിൽ സർക്കാരിനെ അഭിനന്ദിക്കുകയും അനാവശ്യ വിവാദങ്ങൾ ഉയർത്തിയ പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തതായിരുന്നു കാരണം.

മാധ്യമ പ്രവർത്തകരുടെ അവസ്ഥ

ന്യൂസ് 18ലെ ഒരു അവതാരകയെ എന്തുമാത്രം കേട്ടാൽ അറക്കുന്ന അധിക്ഷേപമാണ് ഇവർ നടത്തിയത്? ഒടുവിൽ ചാനലിന് എതിരെയും ഭീഷണി വന്നപ്പോൾ ആ അവതാരകയെ പ്രൈം ടൈം ന്യൂസിൽ നിന്നും മാറ്റി നിർത്തുന്ന അവസ്ഥ ഉണ്ടായില്ലേ.

ഏഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോൺഗ്രസ്സ് പേജിൽ തന്നെ അവർക്കെതിരെ വാർത്ത വന്നില്ലേ. ഭീഷണി മുഴക്കിയില്ലേ. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലിൽ പോയി സ്വീകരിച്ചതും നമ്മൾ കണ്ടില്ലേ?

മനോരമയിലെ ഒരു അവതാരികക്ക് എതിരെയും ഉണ്ടായില്ലേ കേട്ടാൽ അറക്കുന്ന രീതിയിലുള്ള ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ.

എത്ര മാധ്യമങ്ങൾ ഇതിനെതിരെ പ്രതിഷേധിച്ചു? എത്ര പേർ ചർച്ച നടത്തി? ഈ ഇരട്ടത്താപ്പിനെയാണ് ഞാൻ ചൂണ്ടിക്കാണിച്ചത്.

ഇങ്ങനെ അസഭ്യവർഷത്തിൽ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാർട്ടിയുടെ അണികൾ. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാർട്ടിയിലെ ജനപ്രതിനിധികളോട് എങ്കിലും മാന്യമായി സോഷ്യൽ മീഡിയയിൽ ഇടപെടാൻ പറയണം.

ഏതെല്ലാം തരത്തിലുള്ള വാർത്തകൾ

വാർത്തകളുടെ കാര്യങ്ങളിലേക്ക് പോയാൽ ഏതെല്ലാം തരത്തിലുള്ള വാർത്തകളാണ്?

സ്വർണ്ണക്കടത്തിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് സിപിഎം പ്രവർത്തകൻ ആണെന്ന് ആദ്യമായി വാർത്ത നൽകിയത് ഒരു പ്രമുഖ മാധ്യമമല്ലേ? അയാൾ ഏതു പാർട്ടിയിലാണ് നിൽക്കുന്നത് എന്ന് എല്ലാവരും കണ്ടില്ലേ.

കോടിയേരി ബാലകൃഷ്ണന്റെ കക്ഷത്തിലേക്ക് കാമറ സൂം ചെയ്ത് 'ഏലസ് കണ്ടുപിടിച്ചതും' മാധ്യമങ്ങളാണ്. എന്തായിരുന്നു അതിന്റെ സത്യാവസ്ഥ? ഒരു മെഡിക്കൽ എക്യുപ്‌മെന്റ് ശരീരത്തിലുള്ളതിനെ ചൂണ്ടികാണിച്ചുകൊണ്ടാണ് ഏലസ് എന്ന് ചിത്രീകരിക്കാൻ ശ്രമം നടന്നത്.

ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ഒരു കോൺഗ്രസ്സ് വനിതാ നേതാവിന്റെ മുടി സിപിഎം പ്രവർത്തകർ മുറിച്ചു എന്ന വാർത്ത ഒന്നാം പേജിൽ ഇട്ടത്. അവർ സ്വയം മുടി മുറിച്ചതാണെന്നു പിന്നീട് ബോധ്യപ്പെട്ടില്ലേ? തിരുത്തിയോ? മാപ്പുപറഞ്ഞോ?

കഴിഞ്ഞ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ അന്നല്ലേ കെവിൻ വധക്കേസിൽ ഇടതുപക്ഷ പ്രവർത്തകർക്ക് പങ്കെന്ന് രാവിലെ മുതൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിളിച്ചുപറഞ്ഞത് ഒടുക്കം എന്തായി?

കോൺഗ്രസ്സിലെ ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമായി ഉടലെടുത്ത ഐ.എസ് ആർ.ഒ. ചാരക്കേസിൽ നമ്പി നാരായൺ എന്ന പ്രമുഖ ശാസ്ത്രജ്ഞനെ വേട്ടയാടി, കേസിൽ അദ്ദേഹത്തെ വെറുതെ വിട്ട കോടതി സർക്കാരിനോട് നഷ്ടപരിഹാരം കൊടുക്കാൻ പറഞ്ഞു. അദ്ദേഹം ഇന്നലെ ഒരു മാധ്യമത്തിൽ പറഞ്ഞത് നിങ്ങളും കേട്ട് കാണുമല്ലോ.

ഈ കാര്യം കൂടുതലായി നീട്ടിക്കൊണ്ടു പോകുന്നതല്ല നല്ലത്. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് നമുക്ക് ഇന്നത്തെ ഘട്ടത്തിൽ യോജിച്ചു ചെയ്യാനുള്ള കാര്യങ്ങൾ എന്താണ് എന്നത് പൊതുവിൽ പറഞ്ഞുകൊണ്ട് നിർത്താം. അതുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ ചോദിക്കുന്ന നിലയും സ്വീകരിക്കാം. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നൽകാം. അതായിരിക്കും നല്ലത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP