Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്മി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് രാജി വയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതെ വന്നപ്പോൾ; കൈരളിയിലെ അവതാരികയ്ക്ക് വേണ്ടി ഇതിൽ കൂടുതൽ നാറേണ്ടതില്ലെന്ന് പിണറായി; രാജി വച്ചില്ലെങ്കിൽ പട്ടികജാതി പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യത

ലക്ഷ്മി നായർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് രാജി വയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും സമ്മതിക്കാതെ വന്നപ്പോൾ; കൈരളിയിലെ അവതാരികയ്ക്ക് വേണ്ടി ഇതിൽ കൂടുതൽ നാറേണ്ടതില്ലെന്ന് പിണറായി; രാജി വച്ചില്ലെങ്കിൽ പട്ടികജാതി പീഡനക്കേസിൽ അറസ്റ്റ് ചെയ്യാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരംന്മ ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ പേരൂർക്കട ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേസെടുത്തത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമെന്ന് സൂചന. ലോ അക്കാദമിയുടെ പ്രിൻസിപ്പൽ പദവിയിൽ നിന്നും ലക്ഷ്മി നായരെ മാറ്റണമെന്ന് അക്കാദമി ചെയർമാൻ നാരായണൻ നായരോട് സിപിഐ(എം) ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലക്ഷ്മി നായർ വഴങ്ങുന്നില്ലെന്ന പ്രതികരണമാണ് നാരായണൻ നായർ നടത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരമൊരു ചർച്ച നടത്തിയത്. മകളുടെ രാജി ചോദിച്ച് വാങ്ങിക്കണമെന്നായിരുന്നു നാരായണൻ നായരോട് കോടിയേരി ആവശ്യപ്പെട്ടത്. ഇത് തള്ളിയതോടെ കടുത്ത നിലപാടിലേക്ക് സർക്കാർ മാറുകയാണ്.

ഈ സാഹചര്യത്തിലാണ് ലക്ഷ്മി നായർക്കെതിരെ കേസ് എടുക്കുന്നത്. സർക്കാർ പറഞ്ഞാൽ കേൾക്കാത്തവരോട് ഒരു കരുണയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കൈരളി ടിവിയിലെ അവതാരികയായ ലക്ഷ്മി നായരെ സിപിഐ(എം) സഹയാത്രികയായി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മി നായർക്കെതിരെ അയഞ്ഞ നിലപാട് സർക്കാർ തുടക്കത്തിൽ സ്വീകരിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതു കൊണ്ടാണ് രാജി വയ്ക്കാൻ ലക്ഷ്മി നായരോട് സിപിഐ(എം) നിർദ്ദേശിച്ചത്. ഇത് തള്ളിയതോടെ അവരെ സംരക്ഷിക്കേണ്ട ബാധ്യത സിപിഎമ്മിനോ സർക്കാരിനോ ഇല്ലെന്ന നിലപാടിൽ പിണറായി എത്തുകയായിരുന്നു.

ദലിത് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ദലിത് വിദ്യാർത്ഥിയെ ലക്ഷ്മി നായരുടെ ഹോട്ടലിൽ പണിയെടുപ്പിച്ചതായി വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. പരാതി പരിഗണിച്ചു രണ്ടു ദിവസം മുൻപാണു കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് ഇന്നാണ് സംഭവിച്ചതെന്നാണ് മറുനാടന് ലഭിച്ച വിവരം. കേസെടുത്തെങ്കിൽ തന്നെ അത് പുറം ലോകത്ത് അറിയിക്കാതെ പ്രശ്‌നം ഒതുക്കി തീർക്കാനും ശ്രമിച്ചു. അതേസമയം, ലോ അക്കാദമി സമരം ഉടൻ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പരിഹാരം കാണാൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനു മുഖ്യമന്ത്രി നിർദ്ദേശം നൽകി. രാഷ്ട്രീയഭേദമെന്യേ വിദ്യാർത്ഥി സമരം ശക്തമായ സാഹചര്യത്തിൽ അടിയന്തരമായി പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് സർക്കാർ. ഈ ചർച്ചയിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് മാനേജ്‌മെന്റിനെ സർക്കാർ അറിയിക്കും. സമരം ഒത്തുതീർന്നിലെങ്കിൽ ഉടൻ അറസ്റ്റും ചെയ്‌തേക്കും.

സമരത്തെ നേരിടാൻ മാനേജ്മെന്റും സമരം ശക്തമാക്കാൻ വിദ്യാർത്ഥികളും തയ്യാറെടുക്കുന്നതിനിടയിലാണ് പൊലീസ് കേസും വന്നിരിക്കുന്നത്. അതിനിടയിൽ പ്രശ്നം പരിഹരിക്കുന്നതിനായി വിദ്യാഭ്യാസമന്ത്രിയെ സിപിഐ(എം) ചുമതല ഏൽപ്പിച്ചു. കേസ് എടുത്തതോടെ ലക്ഷ്മി നായർ രാജി വയ്ക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അങ്ങനെ രാജി വച്ചാൽ കേസ് പിൻവലിക്കാനുള്ള സാഹചര്യവും ഒരുക്കും. പരാതിക്കാരിയെ കൊണ്ട് പരാതി പിൻവലിച്ചാകും കേസ് ഒതുക്കി തീർക്കുക. ഇല്ലാത്ത പക്ഷം നിയമ നടപടി തുടരും. ജാമ്യമില്ലാ വകുപ്പായതിനാൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് ജയിലിലും അടയ്ക്കും. സർക്കാരിന് വഴങ്ങിയില്ലെങ്കിൽ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് പിണറായി വിജയൻ. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മധ്യസ്ഥതയ്ക്കായി പ്രശ്‌നത്തിൽ ഇടപെടിക്കാൻ ശ്രമിച്ചതും പിണറായിയെ ചൊടിപ്പിച്ചിട്ടുണ്ട്.

പ്രശ്നത്തിൽ ലക്ഷ്മീനായർക്ക് പിന്തുണയുമായി മാനേജ്മെന്റ് രംഗത്തെത്തിയിരുന്നു. എന്തു പ്രശ്നമുണ്ടായാലും കോളേജ് തുറക്കാനും പഠനം പുനരാരംഭിക്കാനും മാനേജ്മെന്റ് തയ്യാറെടുക്കുകയും ഇക്കാര്യത്തിനായി വേണ്ടി വന്നാൽ പൊലീസ് സംരക്ഷണ തേടാനും കോടതിയിൽ പോകുന്ന കാര്യവും പരിഗണിക്കാനുമായിരുന്നു തീരുമാനം. പ്രിൻസിപ്പലിനെ മാറ്റണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം നടപ്പാക്കാനാകില്ലെന്നും അത് നടപ്പാക്കിയാൽ സർക്കാർ മറ്റ് ആവശ്യങ്ങൾ ഉന്നയിക്കുമെന്നുമാണ് മാനേജ്മെന്റ് പറയുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ക്ളാസ്സുകൾ പുനരാരംഭിക്കാനാണ് നീക്കം എന്നാൽ ലക്ഷ്മീനായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയില്ലെന്ന് വന്നതോടെ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥികളും. വിദ്യാർത്ഥികളാരും ക്ളാസ്സിൽ കയറില്ല എന്ന നിലപാട് എടുത്തതായി നേതാക്കളും പറയുന്നു. ഈ സാഹചര്യത്തിലാണ് കേസിലൂടെ മാനേജ്‌മെന്റിനെ സർക്കാർ സമ്മർദ്ദത്തിലാക്കുന്നത്.

കേസിൽ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയാൽ അവരെ സസ്‌പെണ്ട് ചെയ്യേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ടാകും. കോളേജുമായി ബന്ധപ്പെട്ട കേസാണിതെന്നതും ഇതിന് കാരണമാകും. എന്നിട്ടും മാനേജ്‌മെന്റ് ലക്ഷ്മി നായരെ മാറ്റിയില്ലെങ്കിൽ സർവ്വകലാശാലയ്ക്ക് നടപടിയെടുക്കാനാകുമെന്നും വിലയിരുത്തുന്നു. അതിനിടെ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ അക്കാദമി സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി സമരം ശക്തമാക്കും. ഉപസമിതി റിപ്പോർട്ട് വന്നിട്ടും രാജിവയ്ക്കില്ലെന്ന ലക്ഷ്മി നായരുടെ തീരുമാനം മാനേജ്മെന്റിന്റെ ധാർഷ്ട്യമാണ് വെളിവാക്കുന്നത്. സിൻഡിക്കേറ്റും മാനേജ്മെന്റും തമ്മിലുള്ള ഒത്തുക്കളി അവസാനിപ്പിക്കുന്നതിനും കോളേജ് ഏറ്റെടുക്കാനും സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എബിവിപി ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർവകലാശാലയ്ക്ക് ബാധ്യതയുണ്ട്. റവന്യു മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നീതി പൂർവ്വമായ തീരുമാനം എടുക്കേണ്ടതാണ്. എബിവിപി സമരം സംസ്ഥാന വ്യാപകമായി ശക്തമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസമന്ത്രിയുടേയും റവന്യൂ മന്ത്രിയുടെയും വീടുകൾക്കു മുന്നിൽ എബിവിപി 48 മണിക്കൂർ ഉപവാസ സമരം ആരംഭിച്ചു. തൃശൂർ കാന്നാട്ടുകരയിലുള്ള വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്കു മുന്നിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണും ജില്ലാ കൺവീനർ രമ്യയും കാസർക്കോട് റവന്യൂ മന്ത്രിയുടെ വസതിക്കു മുന്നിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജിലും ജില്ലാ കൺവീനർ പ്രണവും നിരാഹരം തുടങ്ങി. ലക്ഷ്മി നായർ രാജിവയ്ക്കുന്നതുവരെയും കോളേജ് സർക്കാർ ഏറ്റെടുക്കുന്നതുവരെയും സമരം തുടരുമെന്നു സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP