Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലണ്ടനിലേക്ക് കുഞ്ഞുമുഹമ്മദും പോകും; വിഡീയോ എടുക്കുന്നതിന് രണ്ട് ലക്ഷം രൂപ നോർക്ക നൽകുന്നത് ലോകകേരള സഭ റീജിയണൽ കോൺഫറൻസിന്റെ ചീഫ് കോഓർഡിനേറ്റർക്ക്! മുഖ്യമന്ത്രിയുടെ ഈ വിദേശ യാത്രയിൽ കാശുണ്ടാക്കുന്നതും ഇഷ്ടക്കാർ തന്നെ; യുകെയിലെ 'ഏഷ്യാനെറ്റ് പ്രതിനിധി'ക്ക് വിഡിയോ കവറേജ് ചുമതല; പിണറായിയും ശിവൻകുട്ടിയും വീണാ ജോർജും രാജീവും വിമാനം കയറുമ്പോൾ

ലണ്ടനിലേക്ക് കുഞ്ഞുമുഹമ്മദും പോകും; വിഡീയോ എടുക്കുന്നതിന് രണ്ട് ലക്ഷം രൂപ നോർക്ക നൽകുന്നത് ലോകകേരള സഭ റീജിയണൽ കോൺഫറൻസിന്റെ ചീഫ് കോഓർഡിനേറ്റർക്ക്! മുഖ്യമന്ത്രിയുടെ ഈ വിദേശ യാത്രയിൽ കാശുണ്ടാക്കുന്നതും ഇഷ്ടക്കാർ തന്നെ; യുകെയിലെ 'ഏഷ്യാനെറ്റ് പ്രതിനിധി'ക്ക് വിഡിയോ കവറേജ് ചുമതല; പിണറായിയും ശിവൻകുട്ടിയും വീണാ ജോർജും രാജീവും വിമാനം കയറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ തൊഴുത്തു പണി പുരോഗമിക്കുമ്പോൾ രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്നു രാത്രി പുറപ്പെടും. ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുന്നത്. മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിൽ ഉണ്ട്.

അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്‌മാൻ എന്നിവർ അവിടെ ഒപ്പം ചേരും. തുടർന്ന് ബ്രിട്ടൻ സന്ദർശിക്കും. പ്രവാസി മലായളി ക്ഷേമനിധി ബോർഡ് അധ്യക്ഷൻ പി.ടി.കുഞ്ഞുമുഹമ്മദും ലണ്ടനിലേക്ക് പോകുന്നുണ്ട്.

വെയ്ൽസിലെ ആരോഗ്യ മേഖലയെക്കുറിച്ചു ചർച്ച നടത്തും. മന്ത്രി വീണാ ജോർജും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടാകും. ലണ്ടനിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു യുകെയിലെ സർവകലാശാലകൾ സന്ദർശിച്ചു ധാരണാപത്രം ഒപ്പുവയ്ക്കും. കേരള ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും സംഘത്തിൽ ഉണ്ടാകും.

പ്രാദേശിക വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ലണ്ടനിലും മന്ത്രി പി.രാജീവ് ഉണ്ടാകും. ഒക്ടോബർ 14നു തിരിച്ചെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും 12നു മടങ്ങുമെന്നാണു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനത്തിൽ ഇത്തവണ മാധ്യമങ്ങൾക്കായി വിഡിയോ, ഫോട്ടോ കവറേജും ഒരുക്കും. ഇതിനായി ഫിൻലൻഡ്, നോർവേ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസി മുഖേന 7 ലക്ഷം രൂപ ചെലവിട്ട് വിഡിയോ, ക്യാമറ സംഘത്തെ സർക്കാർ നിയോഗിച്ചു.

ഇതിനുള്ള ചെലവ് പബ്ലിക് റിലേഷൻസ് വകുപ്പ് വഹിക്കും. നാളെ മുതൽ 4 വരെ ഫിൻലൻഡിലും 5 മുതൽ 7 വരെ നോർവേയിലും 9 മുതൽ 12 വരെ യുകെയിലും മുഖ്യമന്ത്രി നടത്തുന്ന സന്ദർശനം ഈ സംഘം കവർ ചെയ്യും. മുൻപ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളവരോ പ്രവാസി മലയാളികളോ ആണ് വിഡിയോ പകർത്തി മാധ്യമങ്ങൾക്കു നൽകിയിരുന്നത്. യുകെയിൽ ഇതിന് കോൺട്രാക്ട് കിട്ടിയത് എസ് ശ്രീകുമാറിനാണ്. രണ്ടുലക്ഷം രൂപയാണ് വീഡിയോ ചെയ്യുന്നതിന് ശ്രീകുമാറിന് കിട്ടുക.

മുഖ്യമന്ത്രി യുകെയിൽ പങ്കെടുക്കുന്ന യുകെ-യൂറോപ്പ് ലോകകേരള സഭ റീജിയണൽ കോൺഫറൻസിന്റെ ചീഫ് കോഓർഡിനേറ്റർ ആണ് എസ് ശ്രീകുമാർ. പരിപാടി നടത്തുന്നതും അതിന്റെ ഫോട്ടോ എടുത്തു അതിന് കാശ് വാങ്ങുന്നതും ഒരേ ആൾ തന്നെ. ഏഷ്യാനെറ്റ് ന്യൂസിന്റെ യുകെയിലെ മുഖമാണ് ശ്രീകുമാർ. ട്രാവൽ ഏജൻസി കമ്പനിയും ഇയാൾക്കുണ്ട്. ഇംഗ്ലണ്ടിൽ സ്വന്തമായി പ്രാദേശിക കേബിൾ ടിവിയും മുമ്പ് നടത്തിയിരുന്നു.

സന്ദർശനം നടത്തുന്ന രാജ്യത്തെ ഇന്ത്യൻ എംബസിയാണ് ഏജൻസിയെ നൽകുന്നത് എന്നാണ് കേരള സർക്കാർ പറയുന്നത്. ഒക്ടോബർ 2 മുതൽ 4 വരെ ഫിൻലണ്ടിലും ഒക്ടോബർ 5 മുതൽ 7 വരെ നോർവേയിലും ഒക്ടോബർ 9 മുതൽ 12 വരെ യു.കെ യിലും മുഖ്യമന്ത്രി നടത്തുന്ന സന്ദർശനത്തിന് ഇവരുടെ കവറേജ് ലഭിക്കും. ഫിൻലണ്ടിൽ വീഡിയോ , ഫോട്ടോ കവറേജ് ലഭിച്ചത് സുബഹം കേശ്രീയ്ക്കാണ്. 3200 യൂറോ (2,54, 224 രൂപ)ആണ് ഇയാൾക്ക് ലഭിക്കുന്നത്. നോർവേയിൽ മൻദീപ് പ്രീയനാണ് കവറേജ് ലഭിച്ചത്. 32000 നോർവീജിയൻ ക്രോണേ ( 2, 39, 592 രൂപ ) ആണ് ഇയാൾക്ക് ലഭിക്കുന്നത്. യു.കെ യിൽ എസ്. ശ്രീകുമാറാണ് വീഡിയോ, ഫോട്ടോ കവറേജ് ചെയ്യുന്നത്. 2250 പൗണ്ട് ( 2 , 03,313 രൂപ ) യാണ് ലഭിക്കുക.

ഈ തുകകൾ ഉയരാനും സാധ്യതയുണ്ട്. വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ഈ മൂന്നുപേരും നൽകിയ കൊട്ട്വേഷൻ സർക്കാർ അംഗികരിച്ചു. ഇതിന്റെ ചെലവുകൾ പ്രസ് ഫെസിലിറ്റിസ് എന്ന ശീർഷകത്തിൽ നിന്ന് വഹിക്കും. ഇത് സംബന്ധിച്ച ഉത്തരവ് പി ആർ ഡി യിൽ നിന്നിറങ്ങി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു ആണ് ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് വിദേശ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടിക്ക് വിഡിയോ , ഫോട്ടോ കവറേജ് ചെയ്യാൻ ആളെ വയ്ക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൽ 15 തവണ മുഖ്യമന്ത്രി വിദേശസന്ദർശനം നടത്തിയപ്പോഴും , 85 തവണ മന്ത്രിമാർ നടത്തിയപ്പോഴും ഇങ്ങനെയാരു വീഡിയോ , ഫോട്ടോ ഷൂട്ട് സംവിധാനം ഇല്ലായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം ഭാര്യയും കുടുംബവും യുറോപ്പ് സന്ദർശിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP